കൊറോണയ്ക്ക് ശേഷം തകർന്ന് അടിഞ്ഞു പോയ ബോളിവുഡിന് പ്രതീക്ഷ നൽകിയത് ഷരൂഖ് ഖാൻ ചിത്രങ്ങളാണ്. ശാപ മോചനം നൽകി എന്നാണ് സംവിധായകൻ അനുരാഗ് കശ്യപ് ഇതിനെ വിശേഷിപ്പിക്കുന്നതും.
“ഈ വർഷത്തെ ഏറ്റവും അവിസ്മരണീയ നിമിഷം പത്താൻ ശാപം തകർത്തതു തന്നെയാണ് . ബോളിവുഡിൽ ഒരു ശാപമുണ്ടായിരുന്നു, ഷാരൂഖ് ഖാൻ വന്ന്, ‘ ഹടാവോ ഇസ്‌കോ’ (അത് നീക്കം ചെയ്യുക) എന്ന് പറഞ്ഞ് അത് അങ്ങ് നീക്കി. അതായിരുന്നു നിർണായക നിമിഷം,” അനുരാഗ് പറഞ്ഞു.
കോടികൾ ചെലവിട്ട് നിർമ്മിച്ച സൂപ്പർ സ്റ്റാർ ചിത്രങ്ങൾ പോലും വെള്ളിത്തിരയിൽ കൂപ്പുകുത്തിയ സാഹചര്യമായിരുന്നു ബോളിവുഡിൽ. എന്നാൽ ഈ വർഷം എത്തിയ രണ്ട് ഷാരൂഖ് ചിത്രങ്ങൾ വമ്പൻ വിജയങ്ങളാണ് ബോളിവുഡിന് സമ്മാനിച്ചത്. 1000 കോടിക്ക് മുകളിലാണ് ഈ ചിത്രങ്ങൾ ആഗോള ബോക്‌സ് ഓഫീസിൽ നിന്ന് നേടിയത്.കഴിഞ്ഞ ദിവസം ബോളിവുഡ് നടനും സംവിധായകനുമായ അനുരാഗ് കശ്യപ് ആണ് ബോളിവുഡിന്റെ ശാപം നീക്കിയതിന്റെ ക്രെഡിറ്റ് ഷാരൂഖിനു നൽകിയത്.
ഈ വർഷത്തെ, ബോളിവുഡ് ബോക്‌സ് ഓഫീസ് പ്രകടനങ്ങളെ കുറിച്ച് അനുരാഗ് കശ്യപ് പിങ്ക്‌വില്ലയുമായുള്ള അഭിമുഖത്തിൽ സംസാരിച്ചിരുന്നു, “ഇത് വളരെ നല്ല ഒരു കാര്യമാണ്. വിതരണക്കാരും, സ്റ്റുഡിയോകളും എല്ലാവരും സന്തുഷ്ടരാണ്. ബോളിവുഡിന്റെ ശാപം നീങ്ങി, ഇത് വളരെ നല്ല വാർത്തയാണ്. അവർ സന്തുഷ്ടരായിരിക്കുമ്പോൾ, എന്റെ പ്രോജക്റ്റുകൾ പച്ചപിടിക്കുമെന്ന് എനിക്കറിയാം.” എന്നായിരുന്നു തുടർന്നുള്ള വാക്കുകൾ.

പത്താനെ കൂടാതെ, ഈ വർഷം പുറത്തിറങ്ങിയ ജവാൻ, ഗദർ 2, റോക്കി ഔർ റാണി കി പ്രേം കഹാനി, 12-ത് ഫെയിൽ, ഹിറ്റുകളും ബോക്സ് ഓഫീസിൽ നേട്ടമുണ്ടാക്കി.
അനുരാഗ് കശ്യപ് തന്റെ വരാനിരിക്കുന്ന കെന്നഡി എന്ന ചിത്രത്തിന്റെ പ്രൊമോഷനുകളുടെ തിരക്കിലാണ്. രാഹുൽ ഭട്ടും സണ്ണി ലിയോണും അഭിനയിച്ച ഈ ഹിന്ദി ത്രില്ലർ ചിത്രം, കാൻസ് 2023 ചലച്ചിത്ര മേളയിലെ പ്രദർശനത്തിൽ നിറഞ്ഞ കയ്യടി നേടിയിരുന്നു.