തൃശ്ശൂരിൽ തിരഞ്ഞെടുപ്പ് മുൻകൂട്ടി ആരംഭിച്ചിരിക്കെ ബി.ജെ.പിക്കും സുരേഷ് ഗോപിക്കുമെതിരെ ചോദ്യങ്ങൾ ഉന്നയിച്ച് തൃശ്ശൂര്‍ അതിരൂപത. തിരഞ്ഞെടുപ്പില്‍ മണിപ്പൂര്‍ മറക്കില്ലെന്നാണ് അതിരൂപത മുഖപത്രം ‘കത്തോലിക്കാസഭ’യുടെ ലേഖനത്തിൽ
ഓർമ്മപ്പെടുത്തുന്നത്. മണിപ്പുരിലും യു.പി.യിലും കാര്യങ്ങള്‍ നോക്കാന്‍ ആണുങ്ങള് ഉണ്ടെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന മുഖപത്രം ഇഴകീറി പരിശോധിക്കുന്നുണ്ട്.
മണിപ്പുര്‍ കലാപത്തിലെ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യ ബോധമുള്ളവര്‍ക്ക് മനസിലാകും. മണിപ്പുർ കത്തിയപ്പോൾ ഈ ആണുങ്ങള് എന്തെടുക്കുകയായിരുന്നെന്ന് പ്രധാനമന്ത്രിയോടോ പാർട്ടി കേന്ദ്രനേതൃത്വത്തോടോ ചോദിക്കാന്‍ ഇവർക്ക് ആണത്തമുണ്ടായിരുന്നോ എന്ന് ജനങ്ങൾ ചോദിക്കുന്നു എന്ന് മുഖപത്രം ഓർമ്മപ്പെടുത്തുന്നു.
സ്വന്തം പാർട്ടിക്ക് തൃശ്ശൂരിൽ പറ്റിയ ‘ആണുങ്ങൾ’ ഇല്ലാത്തതുകൊണ്ടാണോ ഇദ്ദേഹം ജില്ലയിൽ ആണാകാൻ വരുന്നതെന്ന ചോദ്യം അദ്ദേഹത്തിന്റെ പാർട്ടിയിൽ തന്നെ നേരത്തെ കൗതുകമുയർത്തിയിട്ടുണ്ടെന്നും മുഖപത്രം ഉദ്ദരിക്കുന്നുണ്ട്.
കരുവന്നൂർ പദയാത്രയ്ക്കിടെയായിരുന്നു സുരേഷ് ഗോപിയുടെ വിവാദമായ പരാമർശം. ഇതിനെതിരെ, മണിപ്പുര്‍ കലാപം ജനാധിപത്യബോധമുള്ളവര്‍ക്ക് അത്രവേഗം മറക്കാന്‍ പറ്റുന്നതല്ല. അതിനാല്‍ വിഷയം മറച്ചുപിടിച്ചുള്ള വോട്ടുതേടലിനെതിരെ ജനങ്ങള്‍ ജാഗരൂകരാണെന്ന് ഓർമ്മപ്പെടുത്തുന്നുണ്ട്.
തിരഞ്ഞെടുപ്പിന് മുമ്പ് മതതീവ്രവാദികള്‍ എത്ര ചമഞ്ഞാലും തിരിച്ചറിയാനുള്ള വിവേകം ജനങ്ങള്‍ കാണിക്കാറുണ്ടെന്ന ഓർമ്മപ്പെടുത്തൽ കൂടി ഇതോടൊപ്പം നടത്തുന്നുണ്ട്.


