ജനതാദൾ എസ് നെ കേരളത്തിലെ എൽഡിഎഫ് മുന്നണിയിൽ നിന്നും പുറത്താക്കുമോ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബിജെപി മുന്നണിയിൽ ചേർന്ന ജെഡിഎസിനെ പുറത്താക്കാൻ എൽഡിഎഫ് തയാറാകുമോയെന്ന് ആരാഞ്ഞ സതീശന്‍ സിപിഐഎമ്മിൻ്റെ സംഘപരിവാർ വിരുദ്ധതയിലെ ഇരട്ടത്താപ്പാണ് ഇതെന്ന് അഭിപ്രായപ്പെട്ടു.
ബിജെപി വിരുദ്ധ കോൺഗ്രസ് ഇതര മുന്നണിയെന്ന ആശയം ദേശീയ സമ്മേളനത്തിൽ പ്രഖ്യാപിച്ച പാർട്ടിയാണ് ജെഡിഎസ്. ഇന്ന് അവർ എൻഡിഎയുടെ ഭാഗമാണ്. കേരളത്തിൽ എൽഡിഎഫിനൊപ്പവും. ബിജെപി വിരുദ്ധതയിൽ വാചക കസർത്ത് നടത്തുന്ന സിപിഐഎമ്മിനും ഇടത് മുന്നണിക്കും ഇപ്പോൾ എന്ത് പറയാനുണ്ട് എന്നാണ് വി ഡി സതീശൻ്റെ ചോദ്യം.
ജെഡിഎസ് പ്രതിനിധി പിണറായി വിജയൻ മന്ത്രിസഭയിൽ അംഗമാണ്. ബിജെപി വിരുദ്ധ നിലപാടിൽ എന്തെങ്കിലും ആത്മാർഥതയുണ്ടെങ്കിൽ ജെഡിഎസിനെ മുന്നണിയിൽ നിന്ന് പുറത്താക്കാൻ സിപിഐഎം തയാറാകണം. രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ ബിജെപിക്കെതിരെ “ഇൻഡ്യ” എന്ന വിശാല പ്ലാറ്റ്ഫോമിൽ നിൽക്കുമ്പോൾ അതിനൊപ്പം ചേരാൻ കേരളത്തിലെ സിപിഐഎമ്മിന് താത്പര്യമില്ല. ലാവ്ലിൻ, സ്വർണക്കടത്ത്, മാസപ്പടിയും ഉൾപ്പെടെയുള്ള അഴിമതികളിലെ ഒത്തുതീർപ്പും സംഘപരിവാറിനോടുള്ള വിധേയത്വവും ഭയവുമാണ് ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുന്നതിൽ നിന്നും സിപിഐഎനെ അകറ്റുന്നകത്. ഇക്കര്യത്തിൽ നിലപാട് എടുക്കാൻ ദേശീയ നേതൃത്വത്തെ വിലക്കാൻ പിണറായിയുടെ കേരള ഘടകത്തെ പ്രേരിപ്പിക്കുന്നത് അതേ ഭയമാണെന്നും വി ഡി സതീശൻ വിമർശിച്ചു.
ജെഡിഎസ് സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് ദേശീയ നേതൃത്വം ബിജെപി ബന്ധത്തിലേക്ക് പോയതെന്ന് സംശയിക്കണം. ഒരു മാസമായി ഇതു സംബന്ധിച്ച വാർത്തകൾ പുറത്ത് വന്നിട്ടും ദേശീയ നേതൃത്വത്തെ തിരുത്താനുള്ള ഒരു സമ്മർദ്ദവും കേരള ഘടകത്തിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. ജെഡിഎസും സിപിഐഎമ്മും എൽഡിഎഫും കേരളത്തിലെ ജനങ്ങളോട് രാഷ്ട്രീയ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ജെഡിഎസിന് നാല് സീറ്റുകളാണ് ബിജെപി ഉറപ്പ് നൽകിയിരിക്കുന്നത്. നേരത്തെ ബിജെപി അഖിലേന്ത്യാ അധ്യക്ഷൻ ജെപി നദ്ദയുമായും കുമാരസ്വാമി കൂടിക്കാഴ്ച നടത്തിയിരുന്നു.