Friday, February 20, 2026

ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് തടയാനാവില്ല, 2024 ൽ തിരഞ്ഞെടുപ്പ് നടത്തണമെന്നും സുപ്രീം കോടതി

ജമ്മു കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടി തടയാനാവില്ലെന്ന് സുപ്രീംകോടതി. രാഷ്ട്രപതി ഭരണസമയത്ത് പാര്‍ലമെൻ്റിന് തീരുമാനം എടുക്കാന്‍ അധികാരമുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഭരണഘടനയുടെ 370-ാം അനുച്ഛേദം താത്കാലിക വ്യവസ്ഥയാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദചൂഢ് നിരീക്ഷിച്ചു. ജമ്മു കശ്മീരില്‍ 2024 സെപ്റ്റംബര്‍ 30-നകം തിരഞ്ഞെടുപ്പ് നടത്തണമെന്നും സംസ്ഥാന പദവി എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു.

ജമ്മു-കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ രാഷ്ട്രപതിയുടെ വിജ്ഞാനം ശരിവെക്കുന്ന വിധി പ്രസ്താവത്തിലാണ് കോടതി നിർദേശം. പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 താൽക്കാലികമെന്നും മറ്റു സംസ്ഥാനങ്ങൾക്കില്ലാത്ത പരമാധികാരം കശ്മീരിനില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഭരണഘടനയുടെ 370ാം വകുപ്പ് കേന്ദ്ര സർക്കാർ എടുത്തുകളഞ്ഞതിനെതിരെ സമർപ്പിച്ച ഹരജികളിലാണ് കോടതി വിധി പറഞ്ഞത്.

ജമ്മു-കശ്മീരിന് പ്രത്യേകപദവി നല്‍കിയിരുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദം റദ്ദാക്കിയതില്‍ 16 ദിവസം വാദം കേട്ടശേഷമാണ് വിധി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചാണ് വിധി പറയുന്നത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബി.ആര്‍. ഗവായ്, സൂര്യ കാന്ത് എന്നിവരടങ്ങിയതാണ് അഞ്ചംഗ ഭരണഘടനാബെഞ്ച്.

നിയമസഭ പിരിച്ചു വിട്ടതിൽ ഇടപെടാനാവില്ല

നിയമസഭ പിരിച്ചുവിട്ടതിൽ ഇടപെടുന്നില്ല. ജമ്മു-കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. ഭരണഘടനഭേദഗതികൾ വരുത്താൻ കേന്ദ്ര സർക്കാറിന് അധികാരമുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. രാഷ്ട്രപതിയുടെ തീരുമാനം ഭരണഘടനപരമോ, 370ാം അനുച്ഛേദം സ്ഥിരമോ താൽക്കാലികമോ, നിയമസഭാ പിരിച്ചുവിട്ടത് നിയമപരമോ, രണ്ടായി വിഭജിച്ചത് ശരിയോ എന്നീ വിഷയങ്ങളാണ് കോടതി പരിശോധിച്ചത്.

മുന്ന് വിധികൾ, രണ്ട് ജഡ്ജിമാർ പ്രത്യേക വിധി നൽകി

മൂന്ന് വിധികളാണ് ഉണ്ടായത്. രണ്ട് ജഡ്ജിമാര്‍ പ്രത്യേക വിധികളെഴുതി. ആദ്യവിധി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റേതാണ്. ബി.ആര്‍. ഗവായ്, സൂര്യകാന്ത് എന്നിവരാണ് ഈ വിധിയോട് യോജിച്ചത്.

സഞ്ജയ് കിഷന്‍ കൗളും സഞ്ജീവ് ഖന്നയും പ്രത്യേക വിധികളെഴുതിയത്. വിപുലമായ ബെഞ്ചിന്റെ പരിഗണനയിലേക്ക് വിടണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നെങ്കിലും സുപ്രീം കോടതി അതിനു തയ്യാറായില്ല.

ദീര്‍ഘകാലം കേന്ദ്രഭരണ പ്രദേശമായി ജമ്മു കശ്മീര്‍ തുടരാന്‍ അനുവദിക്കില്ലെന്ന പരാമര്‍ശവും ചീഫ് ജസ്റ്റിസ് നടത്തി. ഇതോടെ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് കേന്ദ്രസര്‍ക്കാർ ഉറപ്പ് നൽകി.

അസ്വസ്ഥമായ വസ്തുതകള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടതുണ്ടെന്ന് കപില്‍ സിബല്‍

2019 ഓഗസ്റ്റ് 5-നാണ് കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്. ഇതുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ പത്തര ദിവസമാണ് ഹര്‍ജിക്കാര്‍ സുപ്രീം കോടതിയില്‍ വാദം നടത്തിയത്. കേന്ദ്ര സര്‍ക്കാര്‍ അഞ്ചര ദിവസവും. സീനിയര്‍ അഭിഭാഷകരായ കപില്‍ സിബല്‍, ഗോപാല്‍ സുബ്രമണ്യം, രാജീവ് ധവാന്‍, സഫര്‍ മുഹമ്മദ് ഷാ, ദുഷ്യന്ത് ദാവെ, തുടങ്ങിയവരാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി വാദം നിരത്തിയത്. രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി സംസ്ഥാനത്തെ മാറ്റിയതും ഹര്‍ജിക്കാര്‍ ചോദ്യംചെയ്തിരുന്നു.

ജമ്മു-കശ്മീര്‍ ഭരണഘടനാ നിര്‍മാണസഭയുടെ കാലാവധി 1957-ല്‍ അവസാനിച്ചതോടെ 370-ാം അനുച്ഛേദം ഇല്ലാതായെന്ന് ചില ഹര്‍ജിക്കാര്‍ വാദിച്ചു. അതേസമയം, 1957-നുശേഷം 370-ാം വകുപ്പിന് സ്ഥിരസ്വഭാവം കൈവന്നെന്ന വാദവുമുണ്ട്. എന്നാല്‍, 370-ാം വകുപ്പ് ഭരണഘടനയില്‍ താത്കാലിക വകുപ്പായാണ് ഉള്‍ക്കൊള്ളിച്ചതെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വാദം.

വിധി വരുന്നതിന് മുമ്പ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബല്‍ എക്സില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പും ചര്‍ച്ചയായി.ചില യുദ്ധങ്ങള്‍ തോല്‍ക്കാന്‍ വേണ്ടിയുള്ളതാണെന്നായിരുന്നു അത്. വരും തലമുറയ്ക്ക് മനസിലാക്കാന്‍ വേണ്ടി അസ്വസ്ഥമായ വസ്തുതകള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടതുണ്ടെന്നും കപില്‍ സിബല്‍ കുറിച്ചു.

പ്രതീക്ഷപകരുന്ന വിധിയെന്ന് പ്രധാനമന്ത്രി

ജമ്മു കശ്മീരിന് പ്രത്യേക പദവിയില്ലെന്ന സുപ്രീം കോടതി വിധി ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റ് തീരുമാനത്തെ ഭരണഘടനാപരമായി ഉയർത്തിപിടിക്കുന്നതാണ് വിധി. പ്രതീക്ഷയുടെയും പുരോഗതിയുടെയും ഐക്യത്തിന്റെയും പ്രഖ്യാപനമാണിതെന്നും മോദി പറഞ്ഞു.

നിരാശാജനകമെന്ന് പ്രതിപക്ഷം

ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി ശരിവെച്ച സുപ്രീം കോടതി വിധിയിൽ നിരാശ പ്രകടിപ്പിച്ചു പ്രതിപക്ഷം. സുപ്രീംകോടതി വിധി നിരാശപ്പെടുത്തിയെന്നും എന്നാൽ ആത്മവിശ്വാസം നഷ്ടമായിട്ടില്ലെന്നും പോരാട്ടം തുടരുമെന്നും നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള പ്രതികരിച്ചു. സുപ്രീംകോടതി വിധി നിരാശപ്പെടുത്തിയെന്നായിരുന്നു ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി അധ്യക്ഷൻ ഗുലാം നബി ആസാദിൻ്റെയും പ്രതികരണം.

ശ്യാമപ്രസാദ് മുഖർജിയുടെ ആശയം

കഴിഞ്ഞ ആഴ്ച ആദ്യം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ജമ്മു കശ്മീരിന്റെ പദവി സംബന്ധിച്ച ബില്ലിന്റെ ചർച്ചയ്ക്കിടെ പ്രതിപക്ഷത്തിന് മറുപടി പറയവേ, ഒരു പഴയ ജനസംഘം മുദ്രാവാക്യം ആവർത്തിച്ചു: “ഏക് ദേശ് മേ ദോ വിധാൻ, ദോ പ്രധാൻ ഔർ ദോ നിഷാൻ നഹിൻ ഹോ സക്തേ.” (ഒരു രാജ്യത്ത്, രണ്ട് ഭരണഘടനകളും രണ്ട് പ്രധാനമന്ത്രിമാരും രണ്ട് പതാകകളും ഉണ്ടാകില്ല) എന്നതായിരുന്നു ആ മുദ്രാവാക്യം.

ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി അസാധുവാക്കലിനെക്കുറിച്ചുള്ള ചോദ്യങ്ങൾ അഭിമുഖീകരിക്കുമ്പോൾ, ബിജെപിയുടെ ആശയപരമായ പ്രതിജ്ഞാബദ്ധതയ്ക്ക് അടിവരയിടാൻ ഷാ ശ്രമിച്ചു – അത്  ബി ജെ പിയുടെ  മുൻഗാമിയായ ഭാരതീയ ജനസംഘ് കാലം മുതലുള്ളതായിരുന്നു- ജമ്മു കശ്മീരിനെ ഇന്ത്യൻ യൂണിയനുമായി സമ്പൂർണ്ണ സംയോജിപ്പിക്കുകയെന്നത്.  ജനസംഘം സ്ഥാപകൻ ശ്യാമ പ്രസാദ് മുഖർജിയുടെ രാഷ്ട്രീയ ആശയം നിറവേറ്റുന്നതിനാണ് 2019-ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതെന്ന് തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപി സൗഗത റോയി പറഞ്ഞതിനോട് പ്രതികരിക്കവെയാണ് ആഭ്യന്തര മന്ത്രി ഇക്കാര്യം പറഞ്ഞത്.

രണ്ട് വർഷം ഇൻ്റർനെറ്റ് തടഞ്ഞു, സംസ്ഥാന അധികാരങ്ങൾ വാഗ്ദാനത്തിൽ നിർത്തി

370-ാം അനുച്ഛേദം റദ്ദാക്കുന്നതിന് മുന്നോടിയായി കടുത്ത നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ ജമ്മു കശ്മീരില്‍ നടപ്പാക്കിയത്. നിയമഭേദഗതികള്‍ കൊണ്ടുവരുന്നതിന് തലേദിവസം തന്നെ ജമ്മു കശ്മീര്‍- ലഡാക് മേഖലകളില്‍ ഇന്റര്‍നെറ്റ്, ടെലഫോണ്‍ ബന്ധം പൂര്‍ണമായി വിച്ഛേദിച്ചിരുന്നു. പിന്നീട് രണ്ടുവര്‍ഷത്തോളം സമയമെടുത്താണ് ഇന്റര്‍നെറ്റ് ബന്ധം ഘട്ടംഘട്ടമായി പുനഃസ്ഥാപിച്ചത്.

നിയമഭേദഗതിയുടെ ഭാഗമായി കശ്മീര്‍ താഴ്വര മുഴുവനായി സൈനിക നിയന്ത്രണത്തിലാക്കി. നടപടിക്ക് മുന്നോടിയായി എണ്ണായിരത്തോളം അര്‍ധസൈനികരടക്കം അമ്പതിനായിരം സൈനികരെ ജമ്മു കശ്മീരില്‍ നിയോഗിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി തുടങ്ങിയവരെയും സിപിഎം നേതാവ് മുഹമ്മദ് യൂസുഫ് തരിഗാമി, കോണ്‍ഗ്രസ് നേതാവ് ഉസ്മാന്‍ മജീദ് എന്നിവരെയും അറസ്റ്റ് ചെയ്ത് തടങ്കലിലാക്കി. നടപടിയുടെ ഭാഗമായി അയ്യായിരത്തോളം പേരെ തടവില്‍ പാര്‍പ്പിച്ചതായാണ് പ്രതിപക്ഷം ആരോപിച്ചത്.

പ്രത്യേകപദവി എടുത്തുകളയുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാകാനിടയുള്ള കനത്ത പ്രതിഷേധങ്ങളെ നേരിടുന്നതിനായിരുന്നു ഇത്തരം നടപടികള്‍. ജനാധിപത്യവിരുദ്ധമായ ഇത്തരം കടുത്ത നടപടികള്‍ ജമ്മുകശ്മീരിലും രാജ്യത്തിന്റെ വിവിധ ഇടങ്ങളിലും കടുത്ത പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചിരുന്നു. പാര്‍ലമെന്റിനെ വിശ്വാസത്തിലെടുക്കാത്ത, രാജ്യത്തെ വ്യത്യസ്ത ജനവിഭാഗങ്ങളെയും കശ്മീരി ജനതയുടെ വികാരങ്ങളെയും കണക്കിലെടുക്കാത്ത നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത് എന്നതായിരുന്നു പ്രധാന വിമര്‍ശനം.

പ്രത്യേകപദവി എടുത്തുകളഞ്ഞുകൊണ്ട് മുന്നോട്ടുവെച്ച കാര്യങ്ങളില്‍ എത്രത്തോളം മുന്നോട്ടുപോകാന്‍ കേന്ദ്രസര്‍ക്കാരിന് സാധിച്ചിട്ടുണ്ട് എന്നതും ഇപ്പോഴത്തെ കോടതിവിധിയുടെ സാഹചര്യത്തില്‍ പരിശോധിക്കപ്പെടേണ്ടതാണ്. നാലുവര്‍ഷത്തിനു ശേഷവും ജമ്മുകശ്മീരിന് സംസ്ഥാന പദവിയുള്ള കേന്ദ്രഭരണ പ്രദേശം എന്ന പദവി ലഭ്യമായിട്ടില്ല. വാഗ്ദാനം ചെയ്തിരുന്നതുപോലെ തിരഞ്ഞെടുപ്പ് നടത്താനും കേന്ദ്രസര്‍ക്കാരിന് സാധിച്ചിട്ടില്ല.

ജമ്മു കശ്മീരില്‍ എപ്പോള്‍ വേണമെങ്കിലും തിരഞ്ഞെടുപ്പ് നടത്താന്‍ ഒരുക്കമാണെന്നും എന്നാല്‍ സംസ്ഥാന പദവി തിരികെ നല്‍കുന്നതിന് കുറച്ചുകൂടി സമയമെടുക്കുമെന്നുമാണ് കേസ് പരിഗണിച്ച ഭരണഘടനാ ബെഞ്ചിന് മുമ്പാകെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. ഇതിനെ നേരത്തെതന്നെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. 2024 സെപ്തംബര്‍ 30-നകം ജമ്മുകശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഇപ്പോൾ വിധി പ്രസ്താവിച്ചുകൊണ്ട് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...