സനാതനധര്‍മം കൊറോണയും ഡെങ്കിപനിയും പോലെ ഉന്മൂലനം ചെയ്യപ്പെടേണ്ടതാണെന്ന ഉദയനിധി സ്റ്റാലിന്റെ അഭിപ്രായം കത്തി പടരുന്നതിനിടെ ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും രംഗത്ത് എത്തി. തെറ്റുകള്‍ മറച്ചുവെക്കാന്‍ ബി.ജെ.പി. മതത്തെ ആയുധമാക്കുകയാണെന്ന് അദ്ദേഹം തുറന്നടിച്ചു. ‘സ്പീക്കിങ് ഫോര്‍ ഇന്ത്യ’ പോഡ്കാസ്റ്റിലാണ് സ്റ്റാലിന് രംഗത്തെത്തിയത്.
ആര് വരാൻ പാടില്ല എന്നാണ് 2024 ലെ തിരഞ്ഞെടുപ്പ്
രാജ്യത്തിന്റെ ഘടനയില്‍ വിഘാതമുണ്ടാക്കാനും ഐക്യബോധം തകര്‍ക്കാനും ബി.ജെ.പി. ശ്രമിക്കുന്നു. ജനങ്ങളുടെ മതവികാരത്തിന്റെ തീ ആളിക്കത്തിച്ച് അതില്‍നിന്ന് ചൂടുകായാനാണ് അവര്‍ ശ്രമിക്കുന്നത്. വര്‍ഗീയവാദത്തിന്റെ തീ മണിപ്പൂരിനെയാകെ ചുട്ടെരിച്ചു. മതഭ്രാന്ത് ഹരിയാണയില്‍ നിഷ്കളങ്കരുടെ ജീവനും സ്വത്തും അപഹരിക്കുന്നു. ആര് അധികാരത്തില്‍ വരണം എന്നതിനേക്കാള്‍ ആര് വരാന്‍ പാടില്ലെന്നതിനെക്കുറിച്ചാണ് 2024- ലെ പൊതുതിരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ഫോറം ചെന്നൈയില്‍ ശനിയാഴ്ച സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കവെയാണ് സനാതനധര്‍മത്തെ പിഴുതുകളയണമെന്ന് ഉദയനിധി പറഞ്ഞത്. ജാതിയുടെയും മതത്തിന്റെയും പേരില്‍ അസമത്വവും അനീതിയും വളര്‍ത്തുന്ന സനാതനധര്‍മം സാമൂഹികനീതിയെന്ന ആശയത്തിന് വിരുദ്ധമാണ്. കൊതുകിനെയും മലമ്പനിയെയും കോവിഡിനെയും ഡെങ്കിപ്പനിയെയും എതിര്‍ത്തതുകൊണ്ട് കാര്യമില്ല, അവയെ ഉന്മൂലനംചെയ്യുകയാണ് വേണ്ടത്. സനാതനധര്‍മവും അതുപോലെയാണെന്നുമായിരുന്നു ഉദയനിധി പറഞ്ഞത്.


