പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ തുഗ്ലക് രാജവംശത്തിലെ സുല്‍ത്താനായിരുന്ന മുഹമ്മദ് ബിന്‍ തുഗ്ലക്കാക്കി ചിത്രീകരിച്ചുള്ള കോണ്‍ഗ്രസ് കേരള ഘടകത്തിൻ്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി. മോദിയെ തുഗ്ലക്കാക്കിയ കോണ്‍ഗ്രസിനെ നിരോധിക്കണമെന്ന് ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മുഖ്താര്‍ അബ്ബാസ് നഖ്വി ആവശ്യപ്പെട്ടു.
പാഠപുസ്തക പരിഷ്കരണത്തിൽ ചരിത്ര ഭാഗങ്ങൾ വിട്ടു കളഞ്ഞത് സംബന്ധിച്ച ചർച്ചകൾക്കിടെ കഴിഞ്ഞ ജൂണ്‍ മാസത്തില്‍ കോണ്‍ഗ്രസ് കേരളം ഘടകം എക്സില്‍ പങ്കുവെച്ച ചിത്രമാണിത്.
‘പ്രിയപ്പെട്ട പ്രധാനമന്ത്രി ജി, നിങ്ങള്‍ക്ക് പാഠപുസ്തകങ്ങള്‍ പരിഷ്കരിക്കാന്‍ താത്പര്യമുണ്ടെങ്കില്‍ തുഗ്ലക് കാലഘട്ടത്തിന് പകരം നിങ്ങളുടെ കാലഘട്ടം ഉള്‍പ്പെടുത്തു’ എന്ന് പോസ്റ്റിനൊപ്പം കോണ്‍ഗ്രസ് കുറിച്ചിരുന്നു. ഈ പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ച മുഖ്താര്‍ അബ്ബാസ് നഖ്വി ‘കോണ്‍ഗ്രസിനെ അംഗീകരിക്കാതിരിക്കാനും നിരോധനം ഏര്‍പ്പെടുത്താനും യോഗ്യമായ കേസ് ആണിതെന്ന്’ തിരഞ്ഞെടുപ്പ് കമ്മീഷനെ ടാഗ് ചെയ്തുകൊണ്ട് എക്സില്‍ കുറിച്ചു.
രാഹുല്‍ ഗാന്ധിയെ രാവണനായി ചിത്രീകരിച്ച ബിജെപി പോസ്റ്ററിനെതിരേ കോണ്‍ഗ്രസ് വലിയ പ്രതിഷേധം ഉയര്‍ത്തിയതിന് പിന്നാലെയാണ് മോഡിക്കെതിരായ കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ പഴയ പോസ്റ്റുമായി ബിജെപി രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോഡി ഏറ്റവുംവലിയ നുണയനെന്ന് കോണ്‍ഗ്രസ് പോസ്റ്റിട്ടതിനുപിന്നാലെയാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള പോസ്റ്റര്‍ പോര് ആരംഭിച്ചത്. വ്യവസായി ഗൗതം അദാനിയുടെ കയ്യിലെ പാവയായി പ്രധാനമന്ത്രി മോഡിയെ അവതരിപ്പിച്ച കാർട്ടൂണും കോണ്‍ഗ്രസ് പ്രചരിപ്പിച്ചിരുന്നു.

രാഹുലിനെ രാവണനാക്കിയ ബി.ജെ.പിയുടെ പോസ്റ്ററിനെതിരേ രാജസ്ഥാന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജസ്വന്ത് ഗുര്‍ജാർ കോടതിയേയും സമീപിച്ചിട്ടുണ്ട്. ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ, പാര്‍ട്ടിയുടെ ഐ.ടി. സെല്‍ മേധാവി അമിത് മാളവ്യ എന്നിവര്‍ക്കെതിരേയാണ് ജസ്വന്ത്, ജയ്പുര്‍ മെപ്രോളിറ്റന് കോടതി-11 ല്‍ പരാതി നല്‍കിയത്.


