ലോക് സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ താന്‍ പങ്കെടുക്കുന്നത് തടയുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി (എ.എ.പി) ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍. ഇതിനായി ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ജയിലിലടയ്ക്കാൻ ഒരുക്കം കൂട്ടുകയാണ്.
‘ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എനിക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്. എന്നാല്‍, രണ്ട് കൊല്ലം അന്വേഷിച്ചിട്ടും ഒരു രൂപയുടെ പോലും ക്രമക്കേട് അവര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അവരുടെ പക്കല്‍ ആര്‍ക്കുമെതിരെ ഒരു തെളിവുമില്ല’, അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. സത്യമെന്താണെന്ന് വച്ചാൽ ഈ കേസിൽ അഴിമതിയേതുമില്ലെന്നതാണ്. ഈ കേസിൽ അഴിമതി ഉണ്ടായിരുന്നുവെങ്കിൽ, കോടിക്കണക്കിന് രൂപ എങ്ങോട്ടാണ് പോയത്?
‘എന്റെ അറസ്റ്റ് ആണ് ഇപ്പോള്‍ ബി.ജെ.പിയുടെ ആവശ്യം. സത്യസന്ധതയാണ് എന്റെ ഏറ്റവും വലിയ ശക്തി. വ്യാജ കേസുകള്‍ കൊണ്ടും സമന്‍സുകള്‍ കൊണ്ടും എന്റെ പ്രതിച്ഛായ തകര്‍ക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നത്. അന്വേഷണം നടത്തുകയല്ല, മറിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍നിന്ന് എന്നെ തടയുക മാത്രമാണ് അവരുടെ ഉദ്ദേശ്യം’, അദ്ദേഹം പറഞ്ഞു.
ഔദ്യോഗിക വസതിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
നിയമപരമായി സമൻസ് അയക്കാതെ അറസ്റ്റിന് ശ്രമം
‘ഇ.ഡി. അയച്ച സമന്‍സുകള്‍ നിയമവിരുദ്ധമാണ് എന്നാണ് എന്റെ അഭിഭാഷകര്‍ പറഞ്ഞത്. ഇക്കാര്യം ഞാന്‍ വിശദമായി തന്നെ ഇ.ഡിയെ അറിയിച്ചിരുന്നു. എന്നാല്‍, എന്റെ വാദങ്ങള്‍ക്ക് ഇ.ഡി. മറുപടി നല്‍കിയില്ല. അവരുടെ പക്കല്‍ മറുപടി ഇല്ല എന്നാണ് അതിന്റെ അര്‍ത്ഥം. നിയമപരമായ സമന്‍സ് അയച്ചാല്‍ സഹകരിക്കാന്‍ ഞാന്‍ തയ്യാറാണ്’, കെജ്‌രിവാള്‍ പറഞ്ഞു.
എട്ട് മാസം മുമ്പ് സി.ബി.ഐ. എനിക്ക് സമന്‍സ് അയച്ചിരുന്നു. അന്ന് ഞാന്‍ നേരിട്ട് ഹാജരാകുകയും അവരുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രമുള്ളപ്പോള്‍ ഇ.ഡി. എനിക്ക് സമന്‍സ് അയച്ചിരിക്കുകയാണ്. എന്നെ ചോദ്യം ചെയ്യുകയല്ല, അറസ്റ്റ് ചെയ്യുകയാണ് ബി.ജെ.പിയുടെ ഉദ്ദേശം എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.’
രാജ്യസഭാ തിരഞ്ഞെടുപ്പിന്റേയും റിപ്പബ്ലിക് ദിനത്തിന്റെ തയ്യാറെടുപ്പുകളുടെയും തിരക്കിലാണ് എന്ന് ഇ.ഡിയെ രേഖാമൂലം അറിയിച്ചാണ് മൂന്നാം തവണയും അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത്. എന്നാൽ ചോദ്യാവലി നല്‍കിയാല്‍ മറുപടി നല്‍കാമെന്നും ആവശ്യമെങ്കില്‍ കൈവശമുള്ള രേഖകള്‍ നല്‍കാമെന്നും കെജ്‌രിവാള്‍ ഇ.ഡിയെ അറിയിച്ചിരുന്നു.

അരവിന്ദ് കെജ്‌രിവാളിനെ വ്യാഴാഴ്ച അറസ്റ്റ് ചെയ്യാനാണ് ഇ.ഡിയുടെ നീക്കമെന്ന് എ.എ.പി വക്താക്കൾ പറഞ്ഞു. കെജ്‌രിവാളിന്റെ വസതിയില്‍ റെയ്ഡ് നടത്തിയ ശേഷം അറസ്റ്റുണ്ടാകുമെന്നാണ് എഎപി പറയുന്നത്. കെജ്‌രിവാളിന്റെ വസതിയിലേക്കുള്ള റോഡുകള്‍ ഡല്‍ഹി പൊലീസ് അടച്ചതായും പാര്‍ട്ടിനേതാക്കൾ ആരോപിച്ചു.
നിയമ വഴികളിലും
ഒരു വ്യക്തിക്ക് മൂന്ന് തവണ വരെ ഇഡി സമൻസ് അവഗണിക്കാം. കെജ്‌രിവാള്‍ മൂന്ന് തവണ നോട്ടീസ് തള്ളിയതിനാൽ ഇഡിക്ക് ഇപ്പോൾ ജാമ്യമില്ലാ വാറണ്ട് തേടുകയും കെജ്രിവാളിനോട് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്യാം. ജാമ്യമില്ലാ വാറണ്ട് പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ അറസ്റ്റിലേക്കും തുടർന്നുള്ള കോടതി നടപടികളിലേക്കും നയിച്ചേക്കാം. ഏജൻസിയുമായി സഹകരിക്കാൻ തയ്യാറാണെന്നും എന്നാൽ സമൻസ് വന്ന സമയത്തെയാണ് താൻ ചോദ്യം ചെയ്യുന്നത് എന്നുമാണ് കെജ്‌രിവാള്‍ പറയുന്നത്. ഈ സാഹചര്യത്തിൽ കെജ്‌രിവാളിന് മുന്നിൽ രണ്ട് നിയമ വഴികളുണ്ട്. ആരോപണങ്ങളിൽ വ്യക്തത തേടി, സമൻസിനെ ചോദ്യം ചെയ്തുകൊണ്ട് അദ്ദേഹത്തിന് കോടതിയെ സമീപിക്കാം. കൂടാതെ, അദ്ദേഹത്തിന് മുൻകൂർ ജാമ്യത്തിന് അപേക്ഷിക്കാനും സാധിക്കും.