Sunday, August 17, 2025

സെപ്തംബർ 10: ആത്മീയ ലോകത്തെ യുക്തിചിന്തകന്‍ ബ്രഹ്മാനന്ദ ശിവയോഗി ഓർമ്മദിനം

  • ലിബി സി.എസ്. എഴുതുന്നു.

കേരള നവോത്ഥാന നായകരിൽ യുക്തിസഹമായി ചിന്തിച്ച കര്‍മ്മയോഗിയാണ് ബ്രഹ്മാനന്ദ ശിവയോഗി. ഈശ്വരന്‍ തന്റെ സൃഷ്ടി സന്താനങ്ങളെ സംഹരിക്കുന്നവനാണെന്ന് പ്രമാണങ്ങള്‍ പറയുന്നു. അതുകൊണ്ട് ഈശ്വരനെ പൂജിക്കുകയല്ല ശിക്ഷിക്കുകയാണ് വേണ്ടതെന്ന അഭിപ്രായമാണ് അദ്ദേഹത്തിനുള്ളത്. ”സിംഹവ്യാഘ്രാദികള്‍കൂടി അതിന്റെ കുട്ടികളെ സ്‌നേഹിക്കുന്നു. ഈശ്വരന്‍ കൊല്ലുന്നു. മക്കളെ കൊല്ലുന്ന പിതാവിനെ സര്‍ക്കാര്‍ തൂക്കിക്കൊല്ലുന്നു. ഈ നിയമപ്രകാരം ഈശ്വരനെയും തൂക്കിക്കൊല്ലുകയാണ് വേണ്ടതെന്നാണ്” അദ്ദേഹം പറഞ്ഞത്.

ബ്രഹ്മാനന്ദസ്വാമി ശിവയോഗി (1852-1929) അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായി ധീരതയോടെ രംഗത്തിറങ്ങിയ ഒരു മഹാനായിരുന്നു അദ്ദേഹം. പാലക്കാടിനടുത്തുള്ള കൊല്ലങ്കോട് എന്ന സ്ഥത്തെ കാരാട്ട് എന്ന നായര്‍ തറവാട്ടില്‍ ജനിച്ച ഗോവിന്ദന്‍ കുട്ടിയാണ് പില്‍ക്കാലത്ത് ബ്രഹ്മാനന്ദ ശിവയോഗിയായി തീര്‍ന്നത്. ജാതി മതഭേദങ്ങളെ ഇത്രമാത്രം കടന്നാക്രമിച്ച മറ്റൊരു ജ്ഞാനയോഗിയില്ല. ശിവയോഗിക്ക്‌ ഏറ്റവുമധികം എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നത്‌ അദ്ദേഹം ജനിച്ച സമുദായത്തില്‍ നിന്നുതന്നെയായിരുന്നു.

കേരളം ജാതിഭ്രാന്തിന്റെയും അസമത്വത്തിന്റെയും മൂര്‍ധന്യത്തിലായിരുന്ന കാലത്ത് 1852-ല്‍ ജനിച്ച ബ്രഹ്മാനന്ദ സ്വാമി ശിവയോഗി അക്ഷോഭ്യനും അചഞ്ചലനുമായി, സമൂഹത്തില്‍ കാലങ്ങളായി വേരുറച്ച അന്ധവിശ്വാസങ്ങള്‍ക്കും അസമത്വങ്ങള്‍ക്കുമെതിരെ പോരാടി. ജ്ഞാനത്തെ വരേണ്യവര്‍ഗ്ഗത്തിന്റെ മാത്രം കുത്തകയാക്കിയ സംബ്രദായത്തെ ശിവയോഗി ചോദ്യം ചെയ്തു. ജാതി വര്‍ഗ്ഗരഹിതമായ ഒരു സമൂഹത്തെ സംഘടിപ്പിക്കുന്നതിനുതകുന്ന ആദര്‍ശ ശുദ്ധിയും ആത്മാര്‍ത്ഥതയും ബ്രഹ്മാനന്ദ സ്വാമി ശിവയോഗിയുടെ ആനന്ദാദര്‍ശത്തില്‍ നമുക്ക് ദര്‍ശിക്കാന്‍ കഴിയും. വാഗ്ഭടാനന്ദൻ, നിർമലാനന്ദ ശിവയോഗി തുടങ്ങിയവർ അദ്ദേഹത്തിൻറെ ശിഷ്യന്മാരാണ്.

അദ്ദേഹം പറയുന്നു ‘മലയാളത്തില്‍ ഇക്കാലത്ത് ശൂദ്രാദികള്‍ ക്ഷേത്രം കെട്ടി പ്രതിഷ്ഠിപ്പാനും ബ്രാഹ്മണരെപോലെ പൂണൂല്‍ ധരിപ്പാനും വിഗ്രഹാരാധനാദി കര്‍മ്മങ്ങള്‍ ചെയ്യുവാനും തുടങ്ങിയിരിക്കുന്നു. ഒന്നാലോചിച്ചാല്‍ ബ്രാഹ്മണാചാരത്തെ പിന്തുടരുവാന്‍ അവകാശമുണ്ടോ? …………ബ്രാഹ്മണരാല്‍ അധഃകൃതന്മാരായ നായന്മാര്‍, ഈഴവര്‍, തട്ടാന്‍, ആശാരി മുതലായ വര്‍ഗക്കാര്‍ ബ്രാഹ്മണരെപോലെ കാട്ടിക്കൂട്ടുന്നതാണ് ഊര്‍ധ്വ ഗതിക്കുള്ള ഉപായമെന്നു കരുതി പുതിയപുതിയ ക്ഷേത്രങ്ങള്‍ കെട്ടി പൂണൂലിട്ടു ബിംബാരാധനാദി കര്‍മ്മങ്ങളെ ചെയ്യുന്നു’

‘ഹേ ശൂദ്രാദികളേ, ഇക്കാലത്ത് ബ്രാഹ്മണരെ ദുഷിക്കുന്ന നിങ്ങള്‍ ബ്രാഹ്മണരുടെ വേഷം കെട്ടി ഞെളിയുന്നത് ശരിയോ? ഒരു ജാതി, ഒരു മതം, ഒരു ദൈവം, എന്ന് നിങ്ങള്‍ ഘോഷിക്കുന്നതിന് അര്‍ത്ഥം ബ്രാഹ്മണ ജാതി, ബ്രാഹ്മണ മതം, ബ്രാഹ്മണ ദൈവം എന്നാണോ? ബ്രാഹ്മണ വേഷം കെട്ടി പ്രതിഷ്ഠിച്ച് മന്ത്രതന്ത്രാദികള്‍ കൊണ്ട് പല ദേവന്മാരെ പൂജിക്കുന്ന നിങ്ങളുടെ പ്രവൃത്തി കൊണ്ട് അങ്ങനെയാണെന്നു തെളിയുന്നുണ്ടല്ലോ?’

പ്രാര്‍ത്ഥനകളിലൂടെയും വഴിപാടുകളിലൂടെയും പ്രീതിപ്പെടുത്താവുന്ന “വികാരിയായ” ഒരു ദൈവമില്ലെന്ന്‌ ഉറപ്പിച്ചുപറയുന്ന ശിവയോഗി വിഗ്രഹാരാധകാരെ പരിഹസിക്കുന്നത് നോക്കൂ-

“ദൈവം വിഗ്രഹാരാധനാദികള്‍കൊണ്ട് അനുഗ്രഹിക്കുന്ന വികാരിയാണെന്ന്‌ വിചാരിക്കുന്ന വിദ്വാന്മാര്‍ക്ക്‌ ദൈവത്തെ എളുപ്പത്തില്‍ കണ്ടുപിടിച്ച് ആനന്ദിപ്പാനുള്ള ഉപായം ഉണ്ട്. അത് എന്താകുന്നു എങ്കില്‍ ദൈവത്തെ അസഹ്യമാം വണ്ണം അസഭ്യം പറയുക തന്നെ. അപ്പോള്‍ ദൈവം കോപിച്ച്‌ കൊല്ലുവാനായി ചാടിവരും. അപ്പോള്‍ ദൈവത്തൊടു മാപ്പുപറഞ്ഞ് നിന്നെ നേരില്‍ കാണാനുള്ള ആഗ്രഹം കൊണ്ട് ചെയ്തുപോയതാണെന്നു പറയുകയും ചെയ്യാം”

മനസ്സിന്റെ സുസ്ഥിതിതന്നെ സ്വര്‍ഗ്ഗം, മനസ്സിന്റെ ദുസ്ഥിതിതന്നെ നരകം എന്നു പറയുന്ന ശിവയോഗി ചാതുര്‍വര്‍ണ്യ സനാതന ധർമ്മത്തിനെതിരെയും ആഞ്ഞടിക്കുന്നു.

“നായിനെപ്പോലെ നായന്മാര്‍ ബ്രഹ്മണര്‍ക്ക്‌ അടിമകളായി കിടക്കണെമെന്നല്ലോ മനു മുതൽ , ശ്രീരാമകൃഷ്ണപരമഹംസര്‍ വരെയുള്ളവരുടെ നിയമം? ഇങ്ങനെ ഒരു നിയമം ഏര്‍പ്പെടുത്തുന്നതിനെക്കാള്‍ ശൂദ്രരെ ഇരുട്ടറയിലിട്ട് കൊല്ലുവാന്‍ ഒരു നിയമം ഉണ്ടാക്കി വെക്കുന്നതായിരുന്നു ഉത്തമമായിരുന്നത്.”

ഈശ്വരന്‍ പൂജ്യനല്ല ദുഷ്ടന്‍ ആണെന്നാണ് അദ്ദേഹം പറയുന്നത്.

“പ്രബല പ്രമാണികള്‍ ദുര്‍ബല പ്രമാണികളെ രാവും പകലും ഹിംസിക്കുന്നു. ഭക്ഷിക്കുന്നു (പാമ്പ് തവളയേയും പൂച്ച എലി അണ്ണാന്‍ ഓന്ത് മുതലായവയേയും, മുഷ്യന്‍ ആട് കോഴി പശു പന്നി മുതലായവയേയും ഹിംസിക്കുന്നു. തിന്നുന്നു. ഇങ്ങനെ അനേകകോടി ജീവികള്‍ ചെയ്യുന്നത് പരക്കെ അറിയുന്നതുകൊണ്ട് പറയേണ്ട ആവശ്യമില്ല. ഇങ്ങനെ ലോകത്തെ ഹിംസാമയമായി സൃഷ്ടിച്ച ഈശ്വരന്‍ ദുഷ്ടന്‍ എങ്ങനെ പൂജ്യനാകും?”

“ഈശ്വരന്‍ സര്‍വശക്തനാണെങ്കില്‍ ജനങ്ങളെ സുഖികളായി രാഗദ്വേഷാദി ദോഷങ്ങളില്ലാതെ പുണ്യകര്‍ത്താക്കന്മാരായി ചെയ്യാത്തതെന്തുകൊണ്ട്? അങ്ങനെ സൃഷ്ടിച്ചിരുന്നുവെങ്കില്‍ ആരും പാപത്തെ ചെയ്യുകയില്ല. ശിക്ഷക്കു പാത്രമാവുകയില്ല. സ്വഭാവത്തെ ലംഘിപ്പാന്‍ ആരെക്കൊണ്ടു കഴിയും ? ആരെക്കൊണ്ടും കഴിയുകയില്ല.”

ജാതി സമ്പ്രദായത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറയുന്നു-

“മനുഷ്യര്‍ ഭിന്ന ജാതികളാണെങ്കില്‍ ശൂദ്രസ്തീയോടുള്ള ബ്രാഹ്മണ സംഗമത്തില്‍ സന്താനമുണ്ടാകുകയില്ല. സംഗമസുഖം ശൂദ്രസ്ത്രീയില്‍ സ്‌നേഹവും ഉണ്ടാകയില്ല. ആനക്ക് ആടിനോട് സംഗമോ പുത്രനോ ഉണ്ടാകുന്നുണ്ടോ? ഇല്ല ഇപ്രകാരം മര്‍ത്ത്യന്മാര്‍ ഭിന്ന ജാതികളാണെങ്കില്‍ സ്‌നേഹവും സംഗമസുഖവും പുത്രനും ഒന്നും ഉണ്ടാകുകയില്ല. മനുഷ്യര്‍ ഭിന്ന ജാതികളാണെങ്കില്‍ താണജാതികളാണെന്നു പറയപ്പെടുന്നവര്‍ക്ക് ഉല്‍കൃഷ്ടജാതി സ്‌സ്ത്രീകളോടുള്ള സംഗത്താല്‍ സുഖവും സന്താനവും മറ്റും ഉണ്ടാകയില്ല.”

അടുത്തകാലത്ത് കേരളത്തില്‍ ജീവിച്ചിരുന്ന പണ്ഡിതന്മാരിലും ചിന്തകന്മാരിലും അഗ്രഗണ്യനായിരുന്ന അദ്ദേഹം. ‘ആനനദം അഥവാ സുഖം ആണ് എല്ലാ ജീവികളുടേയും ലക്ഷ്യമെന്ന് ശിവയോഗി പറയുന്നത് ശരിയാണ്. അതിനുള്ള മാര്‍ര്‍ഗ്ഗം മനസ്സിനെ, നിയന്ത്രിക്കുകയാണെന്നു പറയുന്നതിനോടും യുക്തിവാദികള്‍ക്ക് വിയോജിപ്പില്ല. എന്ന് ജോസഫ് ഇടമറുക് വ്യക്തമാക്കുന്നുണ്ട്.
എങ്കിലും അദ്ദേഹത്തിൻറെ ‘രാജയോഗ ‘ യെ ശിവയോഗിയുടെ ‘ഉച്ചക്കിറുക്ക്’ ആയിട്ടാണ് ഇടമറുക് വിശേഷിപ്പിക്കുന്നത്.

എത്രതന്നെ കുറ്റങ്ങളെ ചെയ്താലും തന്നെ ശിക്ഷിക്കാന്‍ ആരും ഇല്ലാ എന്നറിഞ്ഞിട്ടും മനസ്സാ വാചാ കര്‍മ്മണാ കുറ്റം ചെയ്യാതെ ഇരിക്കുന്നവനാണ്‌ ശുദ്ധഹൃദയന്‍. മനസ്സിനെ ശുദ്ധമാക്കണം. എങ്കിലേ മുക്തി (ആനന്ദം) സിദ്ധിക്കുകയുള്ളൂ എന്ന് ശിവയോഗി പറയുന്നു.

ശരീരത്തിനും മനസ്സിനും പുറത്ത് ഒരു ദൈവത്തെ അന്വേഷിക്കുന്നത് നിരര്‍ത്ഥകമാണെന്ന്‌ ഉദ്ഘോഷിക്കുന്ന ശിവയോഗി ജാതി മത ഭേദങ്ങളെയും അന്ധവിശ്വാസാനാചാരങ്ങളെയും അതിജീവിച്ച്‌ മനസ്സിനെ ശുദ്ധമാക്കി മുക്തി നേടുവാന്‍ ആഹ്വാനം ചെയ്യുന്നു. വിദ്യാസമ്പന്നരായ അന്ധവിശ്വാസിളുടെ സമൂഹം വളര്‍ന്ന് പന്തലിക്കുന്ന പുതിയ കാലത്ത് ശിവയോഗി ഒരു നൂറ്റാണ്ടിനുമുമ്പ് പറഞ്ഞുവെച്ച ആശയങ്ങള്‍ക്ക് മുമ്പെങ്ങുമില്ലാത്ത പ്രസക്തിയാണുള്ളത്.

1907-ൽ ആലത്തൂരിൽ വാനൂർ എന്ന സ്ഥലത്ത് സിദ്ധാശ്രമം സ്ഥാപിച്ചു.
1918-ൽ, തന്റെ ആശയങ്ങളും സിദ്ധാന്തങ്ങളുമായ ആനന്ദമതം പ്രചരിപ്പിക്കുന്നതിന് ആനന്ദമഹാസഭ സ്ഥാപിച്ചു. തന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ സാരഗ്രാഹി എന്ന പ്രസിദ്ധീകരണം ആരംഭിച്ചു.
ശിവയോഗ രഹസ്യം, സിദ്ധനുഭൂതി, മോക്ഷപ്രദീപം, ആനന്ദഗണം, ആനന്ദദർശനം, ആനന്ദഗുരുഗീത, വിഗ്രഹാരാധന ഖണ്ഡനം, ആനന്ദ വിമാനം, ആനന്ദ സൂത്രം, ജ്ഞാനക്കുമ്മി എന്നിവയാണ് മറ്റു പ്രധാന കൃതികൾ.

Share post:

spot_imgspot_img

Popular

More like this
Related

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....