ഹരിയാണയിലെ സംഘര്‍ഷ ബാധിത ജില്ലയില്‍ സര്‍ക്കാരിൻ്റെ ബുള്‍ഡോസര്‍ നീതിന്യായം. നൂഹി മേഖലയ്ക്ക് അടുത്ത് 20 വ്യത്യാസത്തിലുള്ള ടൗറുവിലെ 250 കുടിലുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി. സര്‍ക്കാര്‍ ഭൂമി കൈയടക്കി എന്ന പേരിലാണ് ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടർ നടപടിക്ക് ഉത്തരവിട്ടത്.
പോലീസ്, പാരാമിലിട്ടറി വിഭാഗങ്ങളെയടക്കം വിന്യസിച്ച് വന്‍ സുരക്ഷയൊരുക്കിയാണ് പൊളിക്കല്‍ നടത്തിയത്. സംസ്ഥാനത്തുണ്ടായ കലാപത്തില്‍ കുടിയേറ്റക്കാര്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറും ജില്ലാ ഭരണകൂടവും നേരത്തെ തന്നെ ആരോപണം ഉയർത്തിയിരുന്നു.
ബംഗ്ലാദേശില്‍നിന്ന് അസമിലേക്ക് എത്തിയവർ ഹരിയാണയിലേക്ക് കടന്ന് താമസമാക്കി എന്നാണ് വിശദീകരണം. ഒരേക്കറോളം വരുന്ന സ്ഥലത്ത് തിങ്ങി നിറഞ്ഞ് 250 കുടിലുകളിലായി വർഷങ്ങളായി താമസിച്ചു വരുന്ന തൊഴിലാളി കുടുംബങ്ങളാണ്.
നൂഹ് ജില്ലയിലുണ്ടായ കലാപത്തില്‍ ആറുപേരാണ് കൊല്ലപ്പെട്ടത്. വിശ്വ ഹിന്ദു പരിഷത്തിന്റെ ഘോഷയാത്രയിൽ പശുക്കടത്ത് ആരോപിച്ച് രണ്ടു പേരെ ചുട്ടുകൊന്ന പ്രതി പങ്കെടുക്കുന്നു എന്ന സന്ദേശമാണ് കലാപത്തിലേക്ക് നയിച്ചത്. പരസ്പരം കൊലപാതകങ്ങളും കടകളും വാഹനങ്ങളും തീയിട്ടു നശിപ്പിക്കലും അടക്കമുള്ളവ അരങ്ങേറി.
സംഭവത്തില്‍ 176 പേര്‍ക്കെതിരേ കേസെടുക്കുകയും 90 പേരെ ജയിലിലടയ്ക്കുകയും ചെയ്തു. 41 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.


