Sunday, August 17, 2025

“ഇത് വരിക്കാശ്ശേരി മനയല്ല, ചലച്ചിത്ര അക്കാദമിയാണ്” രഞ്ജിത്തിനെതിരെ പ്രതിഷേധം കടുക്കുന്നു

സംവിധായകൻ രഞ്ജിത്തിനെതിരായ വിവാദത്തിൽ പ്രതികരണവുമായി ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അം​​ഗങ്ങൾ. ഏകാധിപതി എന്ന രീതിയില്‍ ആണ് രഞ്ജിത്തിന്‍റെ പെരുമാറ്റമെന്ന് അംഗങ്ങള്‍ പറയുന്നു. തങ്ങള്‍ക്ക് ചെയര്‍മാനോട് യാതൊരു വിധേയത്വവും ഇല്ലെന്നും അവര്‍ വ്യക്തമാക്കി. 15 അംഗ കമ്മിറ്റിയിൽ ഒൻപത് പേർ യോഗത്തിൽ പങ്കെടുത്തു.

ആറാം തമ്പുരാനായി ചെയര്‍മാന്‍ നടക്കുന്നത് കൊണ്ടല്ല ഫെസ്റ്റിവല്‍ നടക്കുന്നതെന്നും കൗൺസിൽ അംഗം മനോജ് കാന പറഞ്ഞു. ചെയര്‍മാന്‍ അസ്ഥാനത്ത് നടത്തുന്ന വലിയ അസംബന്ധങ്ങളും വിവരക്കേടും ആണ് മനോഹരമായി നടക്കുന്ന മേളയിലെ കല്ലുകടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നിലപാട് വ്യക്തമാക്കാനാവാതെ സാംസ്കാരിക വകുപ്പ് മന്ത്രി

കൈ വിടാനും സ്വീകരിക്കാനും പറ്റാത്ത അവസ്ഥയിലാണ് വിഷയത്തിൽ സാസ്കാരിക വകുപ്പ് മന്ത്രി നിലപാട് തുടരുന്നത്. നിയമസഭാ സമ്മേളനകാലത്ത് നടന്ന കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിലേക്ക് മുഖ്യമന്ത്രി എത്തുമോയെന്ന് വകുപ്പ് മന്ത്രിയായ സജി ചെറിയാനു പോലും ധാരണയുണ്ടായിരുന്നില്ലെന്നും താൻ ഇടപെട്ടാണ് അദ്ദേഹത്തെ വരുത്തിയതെന്നടക്കമുളള പരാമർശങ്ങളും ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രഞ്ജിത്ത് നടത്തിയിരുന്നു

ചലച്ചിത്ര അക്കാദമിയില്‍ വ്യക്തികള്‍ തമ്മില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് മന്ത്രി ഇതിനിടെ അഭിപ്രായപ്പെട്ടിരുന്നു. അക്കാദമിയില്‍ രഞ്ജിത്തിനെതിരെ പടയൊരുക്കമൊന്നുമില്ലെന്നും അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഭംഗം വന്നാല്‍ വിട്ടിവീഴ്ചയില്ലാതെ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. 

ചലച്ചിത്രഅക്കാദമിയുടെ ചരിത്രത്തിലെ അപൂർവസംഭവം

ജനറൽകൗൺസിൽ അംഗങ്ങളായ സംവിധായകൻ മനോജ് കാന, സി.പി.ഐ. പ്രതിനിധി എൻ. അരുൺ, മമ്മി സെഞ്ച്വറി മുഹമ്മദ് കുഞ്ഞ്, പ്രകാശ് ശ്രീധർ എന്നിവർ ചേർന്നാണ് രഞ്ജിത്തിനെ ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുനൽകിയത്. അന്താരാഷ്ട്ര ചലച്ചിത്രമേള നടക്കുന്ന വേദിയിൽത്തന്നെ ചെയർമാനെതിരേ സമാന്തരയോഗം ചേരുന്നതും അദ്ദേഹത്തെ നീക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുനൽകിയതും ചലച്ചിത്രഅക്കാദമിയുടെ ചരിത്രത്തിലെ അപൂർവസംഭവം. ജനറൽകൗൺസിൽ അംഗമായ കുക്കു പരമേശ്വനും ചെയർമാൻ രഞ്ജിത്തും കഴിഞ്ഞദിവസം ഇടഞ്ഞിരുന്നു.

രഞ്ജിത്തിനോട് നേരിട്ടുകണ്ട് വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് മന്ത്രി സജി ചെറിയാൻ ആവശ്യപ്പെട്ടിരുന്നു. സംവിധായകൻ ഡോ. ബിജുവിനെയും നടൻ ഭീമൻ രഘുവിനെയും വ്യക്തിപരമായി അധിക്ഷേപിച്ചതടക്കമുള്ള കാര്യങ്ങളിലാണ് വിശദീകരണംതേടിയത്. 

അവാർഡ് നിർണ്ണയത്തിൽ ഇടപെട്ടു, സംവിധായകരെ അവഹേളിച്ചു പ്രശ്നങ്ങൾ പല തലത്തിൽ

തിയേറ്ററിൽ ആളുകയറാത്ത സിനിമകളെടുക്കുന്ന സംവിധായകനാണ് ഡോ. ബിജുവെന്നും എന്തെങ്കിലും പ്രസക്തിയുണ്ടോയെന്ന് അദ്ദേഹം സ്വയം ചിന്തിക്കണമെന്നും അഭിമുഖത്തിൽ സംവിധായകൻ രഞ്ജിത്ത് പറഞ്ഞിരുന്നു. കേരളത്തിനും ഇന്ത്യക്കുമപ്പുറം സിനിമാലോകം ഉണ്ടെന്നുപോലും അറിയാത്ത രഞ്ജിത്തിനോട് സഹതാപം മാത്രമെന്നും മാടമ്പിത്തരവും ആജ്ഞാപിക്കലും കൈയിൽവെച്ചാൽ മതിയെന്നും ഡോ. ബിജുവും തിരിച്ചടിച്ചു. 

നേരത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടെന്ന് സംവിധായകൻ വിനയനും ജൂറി അംഗങ്ങളും ആരോപണം ഉന്നയിച്ചിരുന്നു

ഒന്‍പത് അംഗങ്ങള്‍ പ്രത്യേക യോഗം ചേര്‍ന്ന് രഞ്ജിത്തിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്തുനല്‍കിയിരുന്നു. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സ്ഥാനമൊഴിയാമെന്ന് രഞ്ജിത്ത് പ്രതികരിച്ചിരുന്നു. രഞ്ജിത്തിൻ്റെ രാഷ്ട്രീയ നിലപാടുകൾ പലപ്പോഴും സോഷ്യൽ മീഡിയ ഉൾപ്പെടെ ചർച്ചാവേദികളിൽ വിവാദമായിരുന്നു. എന്നാൽ ഒരു പ്രമുഖ പത്രം ഉൾപ്പെടെ രഞ്ജിത്തിന് ഒപ്പം നിന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പ് വേളയിൽ ഈ പത്രം രഞ്ജിത്തിൻ്റെ പേര് സ്ഥാനാർഥിത്വത്തിലേക്ക് ഉയർത്തിക്കൊണ്ടു വരാൻ ശ്രമിച്ചിരുന്നു. എന്നാൽ ശക്തമായ അഭിപ്രായ രൂപീകരണം ഉണ്ടായതോടെ പിൻവലിയുകയായിരുന്നു.

ഇത് വരിക്കാശ്ശേരി മനയിലെ ലൊക്കേഷന്‍ അല്ല

“അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് ഇരുന്നുകൊണ്ട് അക്കാദമിയെ തന്നെ അവഹേളിക്കുന്ന തരത്തിലുള്ള സംസാരമാണ് അദ്ദേഹം നടത്തിയത്. പ്രശ്നങ്ങളെ രമ്യമായി പരിഹരിക്കാനും അദ്ദേഹത്തിന്‍റെ തെറ്റുകള്‍ തിരുത്താനും സൗഹാര്‍ദ്ദപൂര്‍വ്വം ശ്രമിച്ചിട്ടുണ്ട്. ആര്‍ട്ടിസ്റ്റുകളെ വളരെ മോശമായ രീതിയില്‍ മ്ലേച്ഛമായ രീതിയിലാണ് അവഹേളിക്കുന്നത്. എല്ലാവരും ആര്‍ട്ടിസ്റ്റുകളാണ്. അവരവര്‍ക്ക് തങ്ങളുടേതായ പരിമിതികള്‍ ഉണ്ടാകാം. അതിനെ പുച്ഛിച്ച് തള്ളുന്ന സമീപനം ആണ് രഞ്ജിത്തിന്‍റേത്. ഇത് വരിക്കാശ്ശേരി മനയിലെ ലൊക്കേഷന്‍ അല്ല. ചലച്ചിത്ര അക്കാദമി ആണ്. ആ ധാരണ പോലും അദ്ദേഹത്തിനില്ല. രഞ്ജിത്ത് പത്രസമ്മേളനം വിളിക്കുമ്പോൾ ഞങ്ങൾ അടുത്തുണ്ട്. ഞങ്ങളെ വിളിക്കാനോ എന്താണ് പ്രശ്നമെന്ന് പറയാനോ അദ്ദേഹം തയ്യാറായില്ല. ഇത്തരത്തിലുള്ള ധിക്കാരപരമായ നടപടിയും കള്ളത്തരങ്ങളും ആണ് രഞ്ജിത്ത് പറയുന്നത്. സര്‍ക്കാരിനെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പെരുമാറ്റമാണിത്. ഞങ്ങൾ ആർക്കും എതിരല്ല. ചെയർമാന്റെ മാടമ്പിത്തരത്തിന് എതിരെയാണ് ഞങ്ങൾ നിലകൊള്ളുന്നത്. ഒന്നുകിൽ ര‍ഞ്ജിത് തന്റെ പരാമർശങ്ങൾ തിരുത്തണം. അല്ലെങ്കിൽ അദ്ദേഹത്തെ പുറത്താക്കണം”, എന്നും മനോജ് കാന പറഞ്ഞു. 

അക്കൗദമി വിപുലപ്പെടുത്തും പുതിയ എക്സിക്യുട്ടീവ് മെമ്പര്‍മാരെ കൊണ്ടുവരും എന്നൊക്കെയാണ് രഞ്ജിത്ത് പറയുന്നത്. ഇതൊന്നും തീരുമാനിക്കുന്നത് ചെയര്‍മാന്‍ അല്ലെന്നും അതേററ്റിയും ചെര്‍മാന്‍ അല്ലെന്നും കൗണ്‍സില്‍ അംഗങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഐഎഫ്എഫ്കെ നടക്കുന്ന സാഹചര്യത്തില്‍, മേളയുടെ ശോഭ കെടുത്തുന്ന വിവാദത്തിലേക്ക് പോകാന്‍ തങ്ങള്‍ക്ക് താല്പര്യം ഇല്ലെന്നായിരുന്നു നിലപാടെന്നും എന്നാല്‍ ചെയര്‍മാന്‍റെ ഭാഗത്തുനിന്നും അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് നടക്കുന്നതെന്നും അംഗങ്ങള്‍ വ്യക്തമാക്കി.

രാജിവെക്കില്ല, ഉറച്ച് രഞ്ജിത്ത്

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെക്കില്ലെന്ന് രഞ്ജിത്ത്. സമാന്തര യോഗം ചേര്‍ന്നിട്ടില്ലെന്നും ചലച്ചിത്ര അക്കാദമിയില്‍സ നിലവില്‍ ഭിന്നിപ്പില്ലെന്നും രഞ്ജിത്ത് അഭിപ്രായപ്പെട്ടു. തനിക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും രഞ്ജിത്ത് പറഞ്ഞു.

ചലച്ചിത്ര അക്കാദമിയുടെ എക്‌സിക്യൂട്ടീവ് ബോഡി ഒരു അംഗത്തെക്കൂടി ഉള്‍പ്പെടുത്തി വിപുലപ്പെടുത്തുമെന്ന് രഞ്ജിത്ത് അറിയിച്ചു. ജനറല്‍ കൗണ്‍സില്‍ അംഗമായ കുക്കു പരമേശ്വരനെയാണ് ഉള്‍പ്പെടുത്തുക. ചെയര്‍മാന്‍ സ്ഥാനം രാജി വെക്കേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്നും അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കാമെന്ന് രഞ്ജിത്ത് പറഞ്ഞു.

സംരക്ഷിക്കുന്നത് മന്ത്രിയെന്ന് വിനയൻ

സാംസ്കാരികമന്ത്രി സംരക്ഷിക്കുന്നതുകൊണ്ടാണ് രഞ്ജിത്ത് കയറൂരി വിട്ടതുപോലെ സംസാരിക്കുന്നതെന്ന് സംവിധായകൻ വിനയൻ. രഞ്ജിത്ത് മാനസികനില ഒന്നു പരിശോധിക്കണമെന്നും അല്ലാതെ ഇങ്ങനെയുള്ള വർത്തമാനമൊക്കെ പറയാൻപറ്റുമോ എന്നറിയില്ലെന്നും വിനയൻ പറ‍ഞ്ഞു.

ഡോ. ബിജു ആളുകയറാത്ത സിനിമയുടെ സംവിധായകനാണെന്ന് പറയുമ്പോൾ മന്ത്രിയോട് ഒരു കാര്യം ചോദിക്കാനാ​ഗ്രഹിക്കുകയാണ്. രഞ്ജിത്തിനോട് ചോദിക്കുന്നില്ല. അദ്ദേഹം മറുപടിയും പറയില്ല. അരവിന്ദനേയും അടൂർ ​ഗോപാലകൃഷ്ണനേയും ഷാജി എൻ കരുണിനേയുംപോലെ നൂറ് ദിവസം ഓടാത്ത സിനിമകൾ എടുക്കുന്നവർ ഇത്തരത്തിൽ പരിഹസിക്കപ്പെടേണ്ടവരാണോ എന്നും വിനയൻ ചോദിച്ചു.

രഞ്ജിത്ത് അദ്ദേഹത്തിനിഷ്ടപ്പെടാത്ത, വിദ്വേഷമുള്ള വ്യക്തികളെയെല്ലാം അധിക്ഷേപിക്കാനാണോ ചലച്ചിത്ര അക്കാദമി ചെയർമാന്റെ കസേര ഉപയോ​ഗിക്കേണ്ടതെന്ന് മന്ത്രി പറയണം. സംസ്ഥാന പുരസ്കാര നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടെന്ന് വ്യക്തമായ തെളിവുകളോടെ പരാതി കൊടുത്തപ്പോൾ രഞ്ജിത്ത് അങ്ങനെയൊന്നും ചെയ്യില്ല, അദ്ദേഹം ഇതിഹാസമാണെന്നുപറഞ്ഞ മന്ത്രിയാണ് ഈ പരിതസ്ഥിതിക്ക് ഉത്തരവാദിയെന്നും വിനയൻ പറഞ്ഞു.

Share post:

spot_imgspot_img

Popular

More like this
Related

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....