കൊയിലാണ്ടി ഊരള്ളൂരില്‍ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയ മൃതദേഹം വൈപ്പിന്‍ സ്വദേശിയായ രാജീവൻ്റെതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം മുതല്‍ രാജീവനെ കാണാനില്ലെന്ന് പരാതിയുണ്ടായിരുന്നു. ബന്ധുക്കള്‍ എത്തിയാണ് മരിച്ചത് രാജീവനാണെന്ന് തിരിച്ചറിഞ്ഞത്.
പെയിന്റിങ് തൊഴിലാളിയായ രാജീവന്‍ 30 വര്‍ഷത്തിലേറെയായി കൊയിലാണ്ടിയിലാണ്. ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കും ഒപ്പമായിരുന്നു. ഹോട്ടല്‍ തൊഴിലാളിയായിരുന്ന ഭാര്യ നേരത്തെ മരിച്ചിരുന്നു. രണ്ട് മക്കളും വിവാഹംകഴിഞ്ഞവരാണ്. അടുത്തിടെ രാജീവൻ വീണ്ടും വിവാഹം കഴിച്ചിരുന്നു. മരണ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം തുടരുകയാണ്.
ഞായറാഴ്ച രാവിലെയാണ് ഊരള്ളൂര്‍ നടുവണ്ണൂര്‍ റോഡില്‍ വയലില്‍ കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കത്തിക്കരിഞ്ഞ രണ്ടുകാലുകളാണ് ആദ്യം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പോലീസെത്തി ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ അരയ്ക്ക് മുകളിലേക്കുള്ള ബാക്കി ശരീരഭാഗങ്ങളും കണ്ടെത്തി.
മൃതദേഹം കണ്ടെത്തിയ വയലിന് സമീപം ആള്‍ത്താമസമില്ലാത്ത ഒരു വലിയ വീട് മാത്രമാണുള്ളത്. സംഭവം കൊലപാതകമാണോ ആത്മഹത്യയാണോ എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്.


