ക്രെയിനുകളുമായി വിഴിഞ്ഞത്തെത്തുന്ന ചൈനീസ് കപ്പലിനെ പുറംകടലിൽനിന്ന് ബെർത്തിലേെക്കത്തിക്കുന്നതിന് ഉപയോഗിക്കുന്ന ഡോൾഫിൻ-35 എന്ന ടഗ്ഗ്
വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനുള്ള ക്രെയിനുകളുമായ ചൈനീസ് കപ്പല്‍ ഗുജറാത്തിലെ മുന്ദ്രയില്‍നിന്നും പുറപ്പെട്ടു. ഒക്ടോബർ 11-ന് ക്രെയിനുകളുമായി കപ്പല്‍ വിഴിഞ്ഞത്ത് പുറംകടലില്‍ എത്തും.
കൂറ്റൻ ചൈനീസ് ക്രെയിനുകൾക്ക് വിപുലമായി സ്വീകരണ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. 15-ന് തുറമുഖത്ത് ഔദ്യോഗിക ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ് സോനോവാള്‍, സംസ്ഥാന തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി, സി.ഇ.ഒ. കരണ്‍ അദാനി എന്നിങ്ങനെ പ്രമുഖർ എത്തിച്ചേരും.
ചൈനയിൽ നിന്നും ഗുജറാത്തിലേക്ക് അവിടെ നിന്നും കേരളത്തിലേക്ക്
കഴിഞ്ഞ മാസം അവസാനമാണ് ക്രെയിനുകളുമായുള്ള കപ്പല്‍ ചൈനയിലെ ഷാങ്ഹായ് ഷെന്‍ഹുവാ പോര്‍ട്ടില്‍നിന്നു യാത്രതിരിച്ചത്. ഗുജറാത്തിലെ മുന്ദ്രയിലെ തുറമുഖത്തിനായുള്ള രണ്ടു വലിയ ക്രെയിനുകളും കപ്പലിലുണ്ടായിരുന്നു. കഴിഞ്ഞ ഒന്നാം തീയതിയാണ് കപ്പല്‍ മുന്ദ്രയിലെത്തിയത്. ആ രണ്ട് ക്രെയിനുകളും ഇറക്കിയശേഷമാണ് വെള്ളിയാഴ്ച കപ്പല്‍ വിഴിഞ്ഞത്തേക്കു യാത്രതിരിച്ചത്.
വിഴിഞ്ഞത്ത് പുറംകടലിലെത്തുന്ന കപ്പലിനെ ടഗ്ഗുകളുപയോഗിച്ച് രണ്ടു ദിവസംകൊണ്ട് ബര്‍ത്തിലേക്ക് എത്തിക്കാനാകും. ക്രെയിനുകളുമായി എത്തുന്ന കപ്പലിനെ ബെര്‍ത്തിലേക്കടുപ്പിക്കാനുള്ള രണ്ട് ടഗ്ഗുകള്‍ അദാനി ഗ്രൂപ്പ് വിഴിഞ്ഞത്ത് എത്തിച്ചു.
അടുത്ത ദിവസങ്ങില്‍ രണ്ട് ടഗ്ഗുകള്‍കൂടി എത്തിക്കും. വിഴിഞ്ഞം തുറമുഖനിര്‍മാണത്തിനുവേണ്ടി വിദേശത്തുനിന്നു വാങ്ങിയ ഈ ടഗ്ഗുകള്‍ അദാനി ഗ്രൂപ്പിന്റെ മറ്റു തുറമുഖങ്ങളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. തുറമുഖനിര്‍മാണം അന്തിമഘട്ടത്തിലെത്തിയ സ്ഥിതിക്ക് ഈ ടഗ്ഗുകള്‍ ഇനി മുതല്‍ വിഴിഞ്ഞത്തുതന്നെ സൂക്ഷിക്കും.
ക്രെയിനുമായി എത്തുന്ന കപ്പലിന് അടുക്കാനായി ബര്‍ത്തിന്റെ നിര്‍മാണപ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണ്. 800 മീറ്റര്‍ നീളമുള്ള ബെര്‍ത്തിന്റെ 275 മീറ്റര്‍ ദൂരമാണ് ഇപ്പോള്‍ പൂര്‍ണമായും സജ്ജമാക്കിയിരിക്കുന്നത്. ഈ ഭാഗത്തായിരിക്കും ക്രെയിനുകള്‍ ഇറക്കിവെക്കുക. ഒന്നാം ഘട്ടത്തില്‍ 100 മീറ്റര്‍ ഉയരവും 60 മീറ്ററോളം കടലിലേക്കു തള്ളിനില്‍ക്കുന്നതുമായ ഒരു സൂപ്പര്‍ പോസ്റ്റ് പനാമാക്സ് ക്രെയിനും 30 മീറ്റര്‍ ഉയരമുള്ള രണ്ട് ഷോര്‍ ക്രെയിനുമാണ് എത്തുന്നത്. അടുത്ത മാസങ്ങളില്‍ ഇടവിട്ടുള്ള കാലയളവില്‍ കൂടുതല്‍ ക്രെയിനുകള്‍ ചൈനയില്‍നിന്ന് വിഴിഞ്ഞത്തേക്ക് എത്തും. ക്രെയിന്‍ ബെര്‍ത്തില്‍ ഉറപ്പിക്കാനുള്ള സാങ്കേതികവിദഗ്ധരും ചൈനയില്‍ നിന്ന് എത്തേണ്ടി വരും. ഇവർ ഗുജറാത്തിൽ ഇത്തരം പ്രവർത്തികൾക്കായി സ്ഥിരമായി എത്തുന്ന വിദഗ്ധരാണ്. ആകെ 40 ക്രെയിനുകളാണ് തുറമുഖനിര്‍മാണത്തിനായി വേണ്ടത്.


