സിനിമ എന്നാണ് കണ്ണുനീർ ഗ്രന്ഥികളെ സ്പർശിക്കാൻ തുടങ്ങിയത് അറിയില്ല. ബാല്യത്തിൽ നിന്ന് ഒന്നിനോടൊന്ന് വളർന്ന കാലം പത്മരാജനും, വേണു നാഗവള്ളിയും, പ്രിയദർശനും, ലോഹിതദാസനും, സത്യേട്ടനും, ഭരതനും, ജയരാജും, രഞ്ജിയേട്ടനും പഠിപ്പിച്ച സിനിമയും വൈകാരിക മുഹൂർത്തങ്ങളും കഥകളും, കഥാപാത്രങ്ങളും. തോറ്റുപോയ നായകന്മാരുടെ, മനുഷ്യബന്ധങ്ങളുടെ, കണ്ണുനീരിന്റെ, ആഘോഷത്തിന്റെ, ഒറ്റപ്പെടലിന്റെ, രതിയുടെ, സ്നേഹത്തിന്റെ… കാഴ്ചപ്പാട് തന്ന സിനിമകൾ. സിനിമ ജീവിതത്തോട് എത്രമാത്രം അടുക്കുന്നു എന്നതും, ആശയും അഭിലാഷും ആനന്ദും (തിയേറ്ററുകൾ, കോട്ടയം) നിറഞ്ഞ സദസ്സും കയ്യടികളും, ആഘോഷങ്ങളുമായി എൻറെ നഗരത്തിന്റെ രാപ്പകലുകളും… കഥ പറയാൻ, കവിതയെഴുതാൻ, സ്വപ്നം കാണാൻ, കാണുന്ന മനുഷ്യരെയൊക്കെ കഥാപാത്രങ്ങൾ ആക്കാൻ. ഓരോ മനുഷ്യരെയും ആ മനുഷ്യനിലെ ജസ്റ്റേസിനെയും തിരിച്ചറിയാൻ.. അവരിലെ കഥാപാത്രങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ, മനുഷ്യനെ മനസ്സിലാക്കാൻ. പൂർണമായും മനുഷ്യത്വം ഉള്ളവൻ കലാകാരൻ എന്ന ലേബലിൽ എത്താനുള്ള തിടുക്കം…. ഈ പറഞ്ഞ സംവിധായകരിൽ നിന്നാണ് പഠിച്ചത്. എന്നെങ്കിലുമൊരിക്കൽ ഒരു തിരക്കഥ എഴുതണമെന്നും ഒരു സിനിമ ചെയ്യണം എന്നും ഉള്ള ആഗ്രഹമുണർന്നതും ആ കാലഘട്ടത്തിൽ ആയിരുന്നു. പറഞ്ഞു കാടുകയറിയില്ല.. ആ പഴയ കാലത്തിൻറെ ഓർമ്മകളെ ഓർത്തെടുക്കുന്നതും ഒരു ഒരു സിനിമ കഥ പോലെയാണ് മുകളിൽ പറഞ്ഞവരെ നന്ദിയോടെ ഓർക്കുന്നു.. സിനിമ എന്ന കല പറഞ്ഞു തന്നതിന്.. എൻറെ ഒരിക്കലും ഇറങ്ങാത്ത ഒരിക്കലും ചെയ്തുതീർക്കാൻ കഴിയാത്ത ആ സിനിമയും നിങ്ങളുടെ സീരിസിൽ മാത്രമേ എനിക്ക് കാണാൻ കഴിയുള്ളൂ എന്നും പറഞ്ഞുകൊണ്ട് ഞാൻ ആ പഴയ കാലത്തെ ഒന്നു മാറ്റി നിർത്തുന്നു….. പറഞ്ഞുവന്നത് പുതിയ കാലത്തിൻറെ സിനിമകളെ പറ്റിയാണ് ഇടയ്ക്കിടെ ഭാര്യയുടെ ചില നിർബന്ധങ്ങൾ ഉണ്ട്, ഈ യാത്രകളും, പുസ്തകങ്ങളും, ജോലിയും അല്ലാതെ നിങ്ങൾക്കൊന്നു സിനിമ കാണാൻ വന്നൂടെ പഴയ സിനിമയുടെ കോർണറിൽ ഇങ്ങനെ ചുറ്റപ്പെട്ടു കിടക്കാതെ മലയാളത്തിൽ പുതിയ സംവിധായകർ ഉണ്ടെന്നും നല്ല നടന്മാരുണ്ടെന്നും നല്ല കഥകൾ ഉണ്ടെന്നും പറഞ്ഞ് എന്നെ സിനിമ കാണിക്കാൻ കൊണ്ടുപോയ എന്റെ പ്രിയപ്പെട്ടവൾ…
ആവേശവും പ്രേമലുവുമാണ് ആ സിനിമകൾ. തിരക്കഥയുടെ ചുറ്റുപാടുകളിൽ നിന്ന്, കഥാപാത്രത്തിന്റെ കഥയുടെ കെട്ടുമാറാപ്പിൽ നിന്ന് വ്യതിചലിക്കാതെ താരങ്ങൾ കഥാപാത്രമാകുന്ന മലയാളത്തിലെ പ്രതിഭകളുടെ സിനിമകൾ കണ്ടു വളർന്ന തലമുറ എന്ന് അഹങ്കാരത്തോടെ പറയുമ്പോഴും…. ഒന്ന് പ്രേമലുവിൽ സച്ചിൻ റീനുവിനോട് ഇനി എന്തിനാണ് ഫോൺ എടുക്കുന്നത്? എന്ന് പറയുമ്പോഴും…. ആവേശത്തിലെ അംബാൻ ആവേശം എന്ന സിനിമയിൽ രംഗണ്ണൻ എന്ന കഥാപാത്രം അംബാനേ എന്ന് കണ്ണുനിറഞ്ഞു വിളിക്കുമ്പോഴും സ്വാഭാവിക ജീവിതത്തിലെ.. തിരക്കഥയ്ക്ക് അനുസരിച്ച് സിനിമയുടെ സാങ്കേതികതയും, തിരക്കഥയുടെ കെട്ടുമാറാപ്പും നോക്കാതെ,.. കഥാപാത്രങ്ങൾ ഒരു ഒഴുക്ക് പോലെ തന്നെ കഥാപാത്രത്തിന്റെ വികാരങ്ങളെ കാഴ്ചക്കാരുടെ മനോവികാരങ്ങൾക്കും, അവൻറെ പ്രതീക്ഷകളുടെ രസചരടിലേക്കും കൊണ്ടുപോകുന്നു. നമുക്ക് ചുറ്റുമുള്ള നമ്മൾ കൂടിയായ ജീവിതത്തെ കാഴ്ചവയ്ക്കും പോലെ.. പുതിയ സിനിമയും അതിൻറെ കഥയും എന്നെ വിസ്മയിപ്പിക്കുന്നു. സിനിമ ഇന്ന് പുതിയ തലത്തിലേക്ക് പോകുന്നു എങ്കിലും മനുഷ്യൻ ബന്ധങ്ങളുടെ ഫോർമാലിറ്റികളുടെ, തമാശകളെ, നേരം പോക്കിനുമപ്പുറം സിനിമ സ്വാധീനിക്കുന്നു… ഒരുന്മാദം പോലെ ഒരു ലഹരി പോലെ പുതിയ സിനിമയെ കൂടെ കൂട്ടുന്നു ഞാൻ.. ഒന്ന് നിറഞ്ഞുതുള്ളാൻ, ഒന്ന് പൊട്ടിച്ചിരിക്കാൻ, ഒന്ന് പ്രേമിക്കാൻ ഒന്ന് അടിപിടി ഉണ്ടാക്കാൻ, പിന്നെ എന്റെ കൂടിയാണ് സിനിമ. ജീവിതത്തിൻറെ വഴികളിൽ എങ്ങോ ഉപേക്ഷിച്ച സിനിമ. എന്ന വലിയ മോഹത്തെ ഞാൻ വീണ്ടും കൂടെ കൂട്ടുന്നു… ജീവിത വഴികളിൽ ഉപേക്ഷിച്ച ആ മോഹത്തെ കൂടെ കൂട്ടാൻ സഹായിച്ച പുതിയ സിനിമ പ്രവർത്തകർക്കും എൻറെ ഭാര്യക്കും എല്ലാവർക്കും നന്ദി…. ചിലത് അങ്ങനെയാണ് ഉപേക്ഷിച്ചിടത്തു നിന്ന് ഉറഞ്ഞു കിടന്ന ഇടത്തിൽ നിന്ന് ഒരു കുത്തൊഴുക്ക് കൊണ്ടപോലെ , പെരുമഴ ഏറ്റപോലെ അത് വീണ്ടും തെളിഞ്ഞു വന്നിരിക്കുന്നു.. കാലം, തലമുറ, സാഹചര്യം ഒക്കെ സിനിമയെ മാറ്റിയെങ്കിലും 90 കളിലെ സിനിമ സമ്മാനിച്ച ഇമോഷൻസും, ഹ്യൂമറും തിരിച്ചു വന്നതുപോലെ.. സിനിമയ്ക്ക് നഷ്ടപ്പെട്ട് പോയ ചിലതിനെ വീണ്ടും തിരശ്ശീലയിൽ എത്തിച്ചതിന്.. നല്ല കാഴ്ച അനുഭവം തന്നതിന്.. പിന്നെ തിരിച്ചുവരാനും എന്തൊക്കെയോ ഇനിയും ചെയ്യാനുണ്ട് എന്നൊരു തോന്നൽ തന്നതിനും… സിനിമയാണെങ്കിലും കഥയാണെങ്കിലും കവിതയാണെങ്കിലും എഴുത്തുകാരനും കലാകാരനും മണ്ണടിയുന്നു. എന്തൊക്കെയോ ചെയ്തു വച്ചിട്ടാണ് അയാൾ പോയത്… കാലം, ചരിത്രം പറഞ്ഞു വെക്കുന്നു
ആരിലുടെയോ അത് പറഞ്ഞു വയ്ക്കും… കലാകാരൻ മണ്ണടിയും… കല അത് തലമുറകളിലൂടെ ജീവിക്കും