ബ്രസീല്‍ – അര്‍ജന്റീന ലോകകപ്പ് യോഗ്യതാ മത്സരം തുടങ്ങും മുൻപേ ഗാലറിയില്‍ ആരാധകര്‍ തമ്മില്‍ പൊരിഞ്ഞ അടി. പൊലീസ് കയറി ലാത്തി ചാർജ് ചെയ്തിട്ടും ആരാധകർ അടങ്ങിയില്ല. സംഘർഷത്തിൽ മത്സരം അര മണിക്കൂര്‍ വൈകി.
ഇന്ത്യന്‍ സമയം രാവിലെ ആറിന് ആരംഭിക്കേണ്ടിയിരുന്ന മത്സരം 6.30-നാണ് തുടങ്ങിയത്. മാറക്കാന ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിലാണ് കൈയാങ്കളി അരങ്ങേറിയത്.
മത്സരത്തില്‍ അര്‍ജന്റീന ഒരു ഗോളിന് ജയിച്ചു. 63-ാം മിനിറ്റില്‍ നിക്കോളസ് ഓട്ടമെന്‍ഡി നേടിയ ഗോളിലാണ് അര്‍ജന്റീന ബ്രസീലിനെ വീഴ്ത്തിയത്. ഹെഡറിലൂടെയായിരുന്നു ഗോള്‍. അര്‍ജന്റൈന്‍ മധ്യനിരക്കാരന്‍ ഡി പോളിനെ ഫൗള്‍ ചെയ്തതിന് 81-ാം മിനിറ്റില്‍ ബ്രസീലിന്റെ ജോലിന്‍ടണ്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.

ദേശീയഗാനങ്ങൾക്കിടെ കളിഭ്രാന്ത് കയ്യാങ്കളിയായി
മത്സരത്തിനായി ലയണല്‍ മെസിയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീനാ താരങ്ങള്‍ ഗ്രൗണ്ടിലിറങ്ങിയപ്പോഴും അടിപിടി തുടരുകയായിരുന്നു. ഗാലറിയില്‍ സംഘര്‍ഷമൂത്തതോടെ പൊലീസ് അർജൻ്റീന ആരാധകരെ അടിച്ച് തുരത്തി. ഇത് കണ്ട് ടീം തിരികെക്കയറി. തുടര്‍ന്ന് സ്ഥിതിഗതികള്‍ ശാന്തമായതോടെയാണ് വീണ്ടും കളിക്കാനെത്തിയത്.

ഇരുരാജ്യങ്ങളും ദേശീയ ഗാനം ചൊല്ലുന്നതിനായി അണിനിരന്നപ്പോഴാണ് ഗാലറിയില്‍ സംഘര്‍ഷമുണ്ടായത്. ലാത്തിച്ചാര്‍ജില്‍ നിരവധി അര്‍ജന്റീന ആരാധകര്‍ക്ക് പരിക്കേറ്റു. ഇത് ലയണല്‍ മെസ്സിയുടെ നേതൃത്വത്തിലുള്ള ടീമിനെ പ്രകോപിപ്പിച്ചു. ഏറ്റുമുട്ടല്‍ നടന്ന ഇടത്തേക്ക് വിരല്‍ ചൂണ്ടി അധികൃതരുമായി മെസി എന്തോ സംസാരിക്കുന്നത് ദൃശ്യങ്ങളിലുണ്ടായിരുന്നു. ‘ഞങ്ങള്‍ കളിക്കുന്നില്ല, പോകുന്നു’വെന്ന് മൈതാനം വിടുന്നതിനു മുന്‍പായി മെസി കട്ടായം പറഞ്ഞു.
ഇരു കൂട്ടരെയും ഒരുവിധം ശാന്തരാക്കിയാണ് കളി തുടർന്നത്. അപ്പോഴേക്കും കളി തുടങ്ങാതെ അരമണിക്കൂർ കടന്നു പോയി. ഗ്യാലറിയിലെ അടി നേരത്തെ തുടങ്ങി വെച്ചിരുന്നു.
അടിയുടെ ദൃശ്യങ്ങൾ എക്സിൽ

