പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നു
ചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം കുറയുന്നു;
കാലാവസ്ഥാ വ്യതിയാനം മത്സ്യമേഖലയെ ബാധിക്കുന്നത് പ്രതീക്ഷിച്ചതിലും ഗുരുതരമായി
കാലാവസ്ഥാ വ്യതിയാനം കടല്‍മത്സ്യ മേഖലയെ ഗുരുതരമായി ബാധിക്കുന്നതായി സമുദ്രശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. മത്സ്യങ്ങളുടെ ജൈവപരമായ മാറ്റങ്ങള്‍, പാരിസ്ഥിതിക വ്യതിയാനങ്ങള്‍ തുടങ്ങി അനേകം പ്ര്യത്യാഘാതങ്ങള്‍ക്ക് കാലാവസ്ഥാവ്യതിയാനം കാരണമാകുന്നതായും ശാസ്ത്രജ്ഞര്‍ പറയുന്നു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ), ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സോഷ്യല്‍ സയന്‍സസും ചേര്‍ന്ന് കൊച്ചിയില്‍ സംഘടിപ്പിച്ച ദേശീയ സെമിനാറിലാണ് ഈ കണ്ടെത്തലുകള്‍ ശാസ്ത്രജ്ഞര്‍ പങ്കുവെച്ചിരിക്കുന്നത്.
മത്സ്യങ്ങളുടെ ജീവിതചക്രത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നതായി സെമിനാറില്‍ അധ്യക്ഷത വഹിച്ച സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു. പല മത്സ്യങ്ങളും മതിയായ വളര്‍ച്ചയെത്താതെ തന്നെ പ്രജനനത്തിന് പാകമാകുന്നു. നേരത്തെ 410 ഗ്രാമം വളര്‍ച്ചയിലെത്തുമ്പോള്‍ പ്രജനനം നടന്നിരുന്ന ആവോലി ഇപ്പോള്‍ 280 ഗ്രാം വളര്‍ച്ചയെത്തുമ്പോള്‍ അതിലേക്കു കടക്കുന്നു. തീരദേശ ചെമ്മീനുകള്‍, മത്തി, അയല എന്നിവയുടെ വലുപ്പവും പ്രത്യുല്‍പ്പാദന ശേഷിയും കുറയുന്നത് മത്സ്യസമ്പത്തിനെ ബാധിക്കുന്നു. ഭക്ഷ്യലഭ്യത, മഴ, സമുദ്രത്തിലെ ജലപ്രവാഹം, ഓക്‌സിജന്റെ അളവ് എന്നിവയിലുണ്ടായ മാറ്റങ്ങള്‍ കാരണം മത്തി പോലുള്ള മത്സ്യങ്ങള്‍ അനുകൂലമായ പ്രദേശങ്ങളിലേക്കു പാലായനം ചെയ്യുന്നു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളെയും ബാധിക്കുന്നു. ഇത് ജൈവവൈവിധ്യത്തിനും തീരദേശ സംരക്ഷണത്തിനും ഭീഷണിയാണ്. കാലാവസ്ഥാ പ്രവചനവും മത്സ്യലഭ്യതയെക്കുറിച്ചുള്ള മുന്നറിയിപ്പുകളും കൂടുതല്‍ കൃത്യവും കാര്യക്ഷമവുമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം ലക്ഷദ്വീപിലെ ആവാസവ്യവസ്ഥയെ സാരമായി ബാധിച്ചതായി കേന്ദ്ര ഫിഷറീസ് ഡെവലപ്മെന്റ് കമ്മിഷണര്‍ ഡോ കെ. മുഹമ്മദ് കോയ ചൂണ്ടിക്കാട്ടി. കടല്‍പ്പുല്ല് നിറഞ്ഞ പ്രദേശങ്ങള്‍ നശിച്ചു. ഇത് പുനഃസ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. കടല്‍പായല്‍ കൃഷി ചെയ്യുന്ന് ലക്ഷദ്വീപിലെ മത്സ്യബന്ധന മേഖലയെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാലാവസ്ഥാവ്യതിയാനം കാരണം രണ്ടായിരത്തിനുശേഷം തീരശോഷണം ഗണ്യമായി വര്‍ധിച്ചുവരികയാണെന്ന് സിക്കിം സര്‍ക്കാരിന്റെ കാലാവസ്ഥാ വ്യതിയാന ഉപദേഷ്ടാവ് പ്രൊഫ. വിനോദ് ശര്‍മ പറഞ്ഞു. അറബിക്കടലില്‍ അടുത്തിടെയായി ചുഴലിക്കാറ്റുകളുടെ എണ്ണം കൂടിയിട്ടുണ്ട്. ഇത് തീരപ്രദേശങ്ങളില്‍ ഉപ്പുവെള്ളം കയറുന്നതിന് കാരണമാകുകയും തീരദേശ മേഖലകളില്‍ താമസിക്കുന്നവരുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ചിന്റെ സാമ്പത്തിക സഹായത്തോടെ നടത്തുന്ന സെമിനാര്‍ ഫിഷറി സര്‍വേ ഓഫ് ഇന്ത്യ ഡയറക്ടര്‍ ഡോ. കെ.ആര്‍. ശ്രീനാഥ് ഉദ്ഘാടനം ചെയ്തു.