ഉത്തരേന്ത്യയിൽ നിന്നും എത്തി കേരളത്തിൽ തൊഴിലും മറ്റ് ലക്ഷ്യങ്ങളുമായി തമ്പടിക്കുന്നവരുടെ ആധികാരിക വിവര ശേഖരണം നടത്തുന്നതിൽ പരാജയപ്പെട്ട് സർക്കാർ. ഇവർ ഇടപെടുന്ന കുറ്റകൃത്യങ്ങൾ സംസ്ഥാനത്തിന് തലവേദനയായി വർധിക്കയാണ്.
പെരുമ്പാവൂരിൽ കൊച്ചു കുട്ടിയെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സഹോദരങ്ങൾക്കൊപ്പം കളിക്കുന്നതിനിടെയാണ് രണ്ടരവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. സംഭവത്തിൽ ഒഡീഷ സ്വദേശി സിമാചൽ ബിഷോയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30-ഓടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. എന്നാൽ ഇതിനിടയിൽ മറ്റ് കുട്ടികൾ ബഹളം വച്ചതോടെ കുട്ടിയുടെ കൈയ്യിലെ മൊബൈൽ ഫോൺ തട്ടിയെടുത്ത് പ്രതി കടന്നുകളയാൻ ശ്രമിച്ചു. ഇതിനിടെ ബഹളംകേട്ടെത്തിയ നാട്ടുകാർ പ്രതിയെ തടഞ്ഞുവയ്ക്കുകയായിരുന്നു.
പ്രദേശവാസികളാണ് വിവരം പെരുമ്പാവൂർ പോലീസിൽ അറിയിക്കുന്നത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. ഇയാളുടെ പശ്ചാത്തലം അന്വേഷിക്കുമെന്നും അധികൃതർ അറിയിച്ചു.
ദിവസങ്ങൾക്ക് മുമ്പ് സമാനമായ മറ്റൊരു സംഭവവും മുടിക്കൽ-പെരിയാർ ജങ്ഷന് സമീപമുണ്ടായിരുന്നു. ഇതരസംസ്ഥാനക്കാരുടെ മകളായ 13-കാരിയെയാണ് അന്നു തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. എന്നാൽ നാട്ടുകാരുടെ ഇടപെടലോടെ കുട്ടിയെ സംരക്ഷിക്കുകയായിരുന്നു.


