കര്‍ണാടക കോണ്‍ഗ്രസ് സര്‍ക്കാരില്‍ അട്ടിമറി നടക്കുമെന്ന് ജെഡിഎസ് സംസ്ഥാന അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമി. ലോക്‌സഭാ തിരഞ്ഞെടുപ്പോടെ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ മഹാരാഷ്ട്ര മോഡലിൽ തകർക്കും എന്നാണ് അവകാശം. സംസ്ഥാനത്തെ ഒരു ഉന്നത മന്ത്രി ബിജെപി കേന്ദ്ര നേതൃത്വവുമായി ഇതിനോടകം ചര്‍ച്ച നടത്തിയെന്നും ഇതിന് പിൻബലമായി അവകാശപ്പെട്ടു.
ഹസ്സനില്‍ പത്രസമ്മേളനത്തിലാണ് അവകാശവാദം. 50-60 എംഎല്‍എമാരുമായി പുറത്ത് വരുമെന്നാണ് ഒരു മന്ത്രി ബിജെപി നേതൃത്വത്തിന് ഉറപ്പ് നല്‍കിയതെന്ന് കുമാരസ്വാമി ഇതിന് പിൻബലമായി പറഞ്ഞു.
‘ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയില്‍ ചേരാനുള്ള അപേക്ഷയുമായി ഒരു മന്ത്രി കേന്ദ്രത്തിലെ നേതാക്കളുടെ അടുത്തേക്ക് പോയി. 50-60 എം.എല്‍.എ.മാര്‍ക്കൊപ്പം പാര്‍ട്ടിയില്‍ ചേരാന്‍ ആറ് മാസത്തേക്ക് സാവകാശം ഈ മന്ത്രി തേടിയിട്ടുണ്ട്’ കുമാരസ്വാമി പറഞ്ഞു. മന്ത്രിയുടെ പേര് പറയാന്‍ അദ്ദേഹം തയ്യാറായില്ല.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം മഹാരാഷ്ട്രയില്‍ സംഭവിച്ചതിന് സമാനമായത് ഇവിടെയും സംഭവിക്കാം. കോൺഗ്രസിൽ ഒരാളും പാര്‍ട്ടിയോട് പ്രതിബദ്ധതയോ കൂറോ ഉള്ളവരല്ല. വ്യക്തിപരമായ നേട്ടങ്ങള്‍ മാത്രമാണ് അവര്‍ നോക്കുന്നത്. രാഷ്ട്രീയത്തില്‍ ഇത് എല്ലാ കാലത്തും സംഭവിച്ചിട്ടുണ്ടെന്നും കുമാരസ്വാമി പറഞ്ഞു.