പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും തമ്മില്‍ മൈക്കിനുവേണ്ടി ഉണ്ടായ തര്‍ക്കത്തിന്റെ വീഡിയോ പുറത്തായതോടെ നാടകീയ വിശദീകരണവുമായി വി ഡി സതീശൻ. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ആദ്യം സംസാരിച്ചു തുടങ്ങുന്നതിനായി വി.ഡി. സതീശനും കെ. സുധാകരനും തമ്മില്‍ തര്‍ക്കം.
ഈ മാസം എട്ടാം തീയതി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോഴാണ് പുറത്തുവന്നത്. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഇത് ട്രോൾമഴയ്ക്ക് കാരണമായി. പക്ഷെ അതി സമർത്ഥമായ വിശദീകരണത്തിലൂടെ കെ സുധാകരനെ വീണ്ടും മറികടക്കുകയാണ് വി ഡി സതീശൻ.
തർക്കം കെ സുധാകരൻ്റെ ഉദാരതയെ തടുക്കാൻ
വിജയത്തിന്റെ ഫുൾ ക്രെഡിറ്റ് തനിക്ക് നൽകുമെന്ന് കെ. സുധാകരൻ പറഞ്ഞതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായതെന്ന് വി ഡി സതീശൻ വിശദീകരിച്ചു.
താനും കെ.പി.സി.സി അധ്യക്ഷനും തമ്മിൽ തർക്കമുണ്ടായിരുന്നു. എന്നാൽ അത് ഡി.സി.സി ഓഫീസിൽ വച്ചായിരുന്നു. വലിയ ഭൂരിപക്ഷത്തിന് വിജയിച്ചു എന്ന് അറിഞ്ഞപ്പോൾ വിജയത്തിന്റെ ഫുൾ ക്രെഡിറ്റ് പ്രതിപക്ഷ നേതാവിനാണെന്ന് താൻ പത്രസമ്മേളനത്തിൽ പറയുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ താൻ അത് സമ്മതിച്ചില്ലെന്ന് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
അത് വേണ്ടെന്ന് പറഞ്ഞിട്ടും സുധാകരൻ വാശിപിടിച്ചു. ഈ വിജയത്തിന്റെ ക്രെഡിറ്റ് ടീം യു.ഡു.എഫിനാണെന്ന് പറയാൻ താൻ ആവശ്യപ്പെട്ടു. ഇക്കാര്യം പറയാൻ വന്ന കെ. സുധാകരനെ സംസാരിക്കാതിരിക്കാനാണ് താൻ ശ്രമിച്ചത്. ഇത് തടയാൻ ശ്രമിച്ചതാണ് തങ്ങൾക്കിടയിലെ വാക്കുതർക്കമായി തെറ്റിദ്ധരിച്ചതെന്നും സതീശൻ കൂട്ടിച്ചേർത്തു.
നാടു മുഴുക്കെ കണ്ട ദൃശ്യം
കോട്ടയം ഡിസിസി ഓഫീസില്‍ പത്രസമ്മേളനത്തിന് എത്തിയപ്പോഴായിരുന്നു തര്‍ക്കം. മാധ്യമപ്രവര്‍ത്തകരോട് താന്‍ സംസാരിച്ചുതുടങ്ങാമെന്ന് കെ. സുധാകരന്‍ പറയുന്നത് പുറത്തുവന്ന വീഡിയോയില്‍ കാണാം. വി.ഡി സതീശന്‍ ഇതില്‍ അതൃപ്തി പ്രകടിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ അതൃപ്തിയോടെ സതീശൻ തന്റെ മുന്നിലിരുന്ന മൈക്കുകള്‍ സുധാകരന്റെ മുന്നിലേക്ക് നീക്കിവെക്കുന്നതും തനിക്ക് നേരെ നീട്ടിയ പൊന്നാട നിഷേധിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
വേദിയില്‍ കോണ്‍ഗ്രസ് നേതാക്കളായ കെ.സി. ജോസഫും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അടക്കമുള്ള നേതാക്കളും ഉണ്ടായിരുന്നു.


