പ്രതിഷേധങ്ങള്‍ക്ക് നേരെയുള്ള പൊലീസ് അതിക്രമത്തിനെതിരെ കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഡിജിപി ഓഫീസിലേക്കുള്ള മാര്‍ച്ചില്‍ സംഘര്‍ഷം. മാർച്ചിനിടെ നവകേരള സദസിന്‍റെ ബാനറുകൾ കോണ്‍ഗ്രസ് പ്രവർത്തകർ വ്യാപകമായി നശിപ്പിച്ചു. പൊലീസിന് നേരെ കല്ലെറുമുണ്ടായി.
പ്രവർത്തകർ അക്രമാസക്തരായതോടെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. മാർച്ച് സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രസംഗം പാതിവഴിയിൽ അവസാനിപ്പിക്കേണ്ടി വന്നു. ഇതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെ സുധാകരന്‍ അടക്കം മുതിർന്ന നേതാക്കളെ ആശുപത്രിയിലേക്ക് മാറ്റി.
പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. ഇതിന് തുടർച്ചയായി പൊലീസ് ജലപീരങ്കി പ്രയോഗിച്ചതോടെ സതീശന്‍ പ്രസംഗം പാതിവഴിയില്‍ അവസാനിപ്പിച്ചു. കെ സുധാകരനും എം എം ഹസ്സനും ഉൾപ്പെടെയുള്ള നേതാക്കളെ പ്രവര്‍ത്തകര്‍ വാഹനത്തിൽ കയറ്റി സ്ഥലത്തുനിന്ന് മാറ്റി. എംഎൽഎമാരായ അൻവർ സാദത്ത്, ചാണ്ടി ഉമ്മൻ, ജെബി മേത്തർ എംപി തുടങ്ങിയവരും ആശുപത്രിയിൽ ചികിത്സ തേടി.
എന്നാൽ യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് നടപടിയെന്നാണ് നേതാക്കള്‍ ആരോപിച്ചു. കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്ത് സംഘടിച്ച് എത്തി പ്രതിഷേധിക്കുകയാണ്.
നവംബർ 18-ന് കാസർകോട് നിന്നാണ് മന്ത്രിസഭയൊന്നാകെ ഒറ്റബസിൽ യാത്രചെയ്ത് നവകേരളസദസ്സിന് തുടക്കമിട്ടത്. ഒരുമാസത്തിലേറെനീണ്ട പരിപാടി ശനിയാഴ്ച തിരുവനന്തപുരത്ത് സമാപിക്കാനിരിക്കെയാണ് പ്രതിഷേധം.


