സാമൂഹിക നീതി ഉറപ്പാക്കാനും സാമൂഹിക ശാക്തീകരണ പരിപാടികൾക്ക് ഉറച്ച അടിത്തറ നൽകാനും ദേശീയ തലത്തിൽ ബിഹാറിലെ സമാനമായ രീതിയിൽ ജാതി സെൻസസ് ഉടൻ നടത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാർ ജനസംഖ്യാ കണക്കെടുപ്പ് നടത്തിയെങ്കിലും അതിന്റെ ഫലം മോദി സർക്കാർ പ്രസിദ്ധീകരിച്ചില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. “ബിഹാർ സർക്കാർ സംസ്ഥാനത്ത് നടത്തിയ ജാതി സർവേയുടെ ഫലങ്ങൾ ഇപ്പോൾ പുറത്തുവിട്ടു. ഇതിനെ സ്വാഗതം ചെയ്യുന്നു. കർണാടക പോലുള്ള മറ്റ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് സർക്കാരുകൾ നടത്തിയ സമാനമായ സർവേകൾ അനുസ്മരിക്കുകയാണ്. ഒരു ദേശീയ ജാതി സെൻസസ് ഏറ്റവും വേഗത്തിൽ നടത്തണമെന്ന ആവശ്യം കേന്ദ്രത്തോട് ആവർത്തിക്കുന്നു”, അദ്ദേഹം എക്‌സിൽ കുറിച്ചു.
ബിഹാറിലെ ജാതി സെൻസസ് പ്രകാരം ഒബിസി, പട്ടിക ജാതി, പട്ടിക വർഗം എന്നീ വിഭാഗങ്ങൾ 84 ശതമാനം വരും. കേന്ദ്ര സർക്കാറിലെ 90 സെക്രട്ടറിമാരിൽ മൂന്നു പേർ മാത്രമാണ് ഒബിസി വിഭാഗക്കാർ. ഇന്ത്യയുടെ ബജറ്റിന്‍റെ അഞ്ച് ശതമാനം മാത്രം കൈകാര്യം ചെയ്യുന്നത് ഇവരാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എക്‌സിൽ ചൂണ്ടിക്കാട്ടി.
ഇന്നാണ് ബിഹാര്‍ സര്‍ക്കാര്‍ ജാതി സെന്‍സസിന്റെ കണക്കുകൾ പുറത്തുവിട്ടത്.
ബിഹാറിലെ ജാതിസെൻസസ് കണ്ണിൽ പെടിയിടൽ എന്ന് ബി ജെ പി
ബിഹാറിലെ ജാതി സെൻസസിനെ തള്ളി ബിജെപി. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ജാതി സെൻസസെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞു. സാധാരണക്കാരെയും പാവങ്ങളെയും ഭ്രമിപ്പിക്കാൻ മാത്രമാണ് ജാതി സെൻസസ്.
18 വർഷം നിതീഷ് കുമാർ ഭരിച്ചിട്ടും 15 വർഷം ലാലുപ്രസാദ് യാദവ് ഭരിച്ചിട്ടും സംസ്ഥാനം വികസിപ്പിച്ചില്ലെന്നും ഗിരിരാജ് സിംഗ് ആരോപിച്ചു.
സംസ്ഥാനത്ത് നടത്തിയ ജാതി സെന്‍സസിന്റെ ഫലം ബിഹാര്‍ സര്‍ക്കാര്‍ പുറത്തു വിട്ടതിന് പിന്നാലെയാണ് ഗിരിരാജ് സിംഗിന്റെ പ്രതികരണം.


