സോളാർ പീഡനക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോർട്ട് കോടതി ശരിവെച്ചു. തിരുവനന്തപുരം സിജെഎം കോടതിയാണ് റിപ്പോർട്ട് അംഗീകരിച്ചത്. റിപ്പോർട്ട് അംഗീകരിക്കരുതെന്ന പരാതിക്കാരിയുടെ തടസ്സ ഹർജി തള്ളി. ക്ലിഫ് ഹൗസിൽ വച്ച് പീഡിപ്പിച്ചുവെന്ന പരാതി ശരിയല്ലെന്നായിരുന്നു സിബിഐ റിപ്പോർട്ട്.
ഒമ്പത് വര്‍ഷം രാഷ്ട്രീയ കേരളത്തെയും കോണ്‍ഗ്രസിനെയും പിടിച്ചുലച്ച സോളാര്‍ പീഡന കേസ് ഇതോടെ ദുർബലമായി. യുഡിഎഫിന്‍റെ തുടര്‍ഭരണം ഇല്ലാതാക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച സോളാര്‍ വിവാദം കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചിരുന്നു.
ഉമ്മൻ ചാണ്ടി മരിച്ചതിനാൽ തുടർ നപടികളെല്ലാം കോടതി അവസാനിപ്പിച്ചു. ഇതോടെ ഒമ്പത് വര്‍ഷം നീണ്ട, കേരളാ പൊലീസ്, ക്രൈംബ്രാഞ്ച്, സിബിഐ അന്വേഷണങ്ങള്‍ക്കും അവസാനമാവുകയാണ്.
2012 സെപ്റ്റംബർ 19നു നാലിനു ക്ലിഫ് ഹൗസിൽവച്ച് ഉമ്മൻചാണ്ടി പീഡിപ്പിച്ചു എന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. സംഭവം നടന്നെന്നു പരാതിക്കാരി പറയുന്ന ദിവസം ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിൽ ഉണ്ടായിരുന്നില്ലെന്നു ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ വ്യക്തമാക്കി. ഈ ഘട്ടത്തിലാണു പരാതിക്കാരി സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു പരാതി നൽകിയത്.
2021 ജനുവരിയിൽ കേസ് സിബിഐക്കു കൈമാറി. ഉമ്മൻചാണ്ടി, കെ.സി.വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ.പി.അനിൽകുമാർ, എ.പി.അബ്ദുല്ലക്കുട്ടി എന്നിവർക്കെതിരായാണ് അന്വേഷണം നടത്തിയത്.


