കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ബാങ്ക് മുന്‍ പ്രസിഡന്റും സി.പി.ഐ. നേതാവുമായിരുന്ന ഭാസുരാംഗനും മകന് അഖില്‍ജിത്തും അറസ്റ്റില്‍. ചൊവ്വാഴ്ച രാത്രിയായിരുന്നു അറസ്റ്റ്.
ഇരുവരേയും ചൊവ്വാഴ്ച രാവിലെ മുതൽ ഇ.ഡി. ചോദ്യം ചെയ്തതിരുന്നു. മൂന്നാം തവണയാണ് ഭാസുരാംഗനെ ചോദ്യം ചെയ്യുന്നത്. ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
തിരുവനന്തപുരത്ത് ബാങ്കിലും ഭാസുരാംഗന്റെ വീട്ടിലും അടക്കം ഇ ഡി റെയ്ഡ് നടത്തി. സാമ്പത്തിക ഇടപാടുകള്‍ അടങ്ങിയ കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കും ബാങ്കിലെ നിക്ഷേപകരുടെയും വായ്പക്കാരുടെയും വിവരങ്ങള്‍ അടങ്ങിയ രജിസ്റ്ററും ഉള്‍പ്പെടെ ഇ.ഡി. ശേഖരിച്ചിരുന്നു.

നവംബർ 17ന് കൊച്ചിയിലെ ഓഫീസിൽ ഹാജരാവാൻ ഇഡി ആവശ്യപ്പെട്ടുവെങ്കിലും ഭാസുരാംഗനും മകനും ഹാജരായിരുന്നില്ല. തുടർന്നാണ് ഇന്ന് ചോദ്യം ചെയ്യൽ ആരംഭിച്ചത്. നേരത്തെ, ചോദ്യം ചെയ്യലിനിടെ ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം ഉണ്ടായി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു.
പ്രതികളുടെ മൊഴികൾ തമ്മിൽ വലിയ പൊരുത്തക്കേടുണ്ടെന്നാണ് ഇ.ഡി. അധികൃതർ പറയുന്നത്. 100 കോടിയിൽ അധികം രൂപയുടെ തട്ടിപ്പ് ബാങ്കുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ട്. ഓഡിറ്റ് നടത്തിയതില്‍ വലിയ ക്രമക്കേടുകള്‍ വ്യക്തമാണ്. ഇരുവരുടേയും പേരിലുള്ള സ്വത്തുക്കളുടെ സ്രോതസ്സ് വ്യക്തമല്ലെന്നും ഇ.ഡി അറിയിച്ചു.
ഭാസുരാംഗന്റെ മകന് അഖിൽ ജിത്തിന്റെ നിക്ഷേപം, ചുരുങ്ങിയ കാലയളവിലുണ്ടായ സാമ്പത്തിക സ്രോതസ്, ബിസിനസ് വളർച്ച എന്നിവ സംബന്ധിച്ച രേഖകളും ഇഡി ശേഖരിച്ചിരുന്നു.
ബുധനാഴ്ച ഭാസുരാംഗനെ കോടതിയിൽ ഹാജരാക്കും. പിന്നാലെ, കസ്റ്റഡിയിൽ വാങ്ങിയതിന് ശേഷം വിശദമായി ചോദ്യം ചെയ്തേക്കും.
ഇ.ഡി അന്വേഷണം പുരോഗമിക്കുന്നതിനിടെ സി.പി.ഐ ഭാസുരാംഗനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. ഭാസുരാംഗനായിരുന്നു മൂന്ന് പതിറ്റാണ്ടുകാലമായി ബാങ്കിന്റെ ഭരണസമിതിയുടെ തലപ്പത്ത്.


