സി പി ഐ നേതാവ് കാനം രാജേന്ദ്രൻ അന്തരിച്ചു. 73 വയസായിരുന്നു. സി.പി.ഐ. സംസ്ഥാനസെക്രട്ടറിസ്ഥാനത്ത് നിന്ന് അവധിയെടുക്കാന്‍ കഴിഞ്ഞ ദിവസം ദേശീയ നേതൃത്വത്തിന് അപേക്ഷ നല്‍കിയിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. പ്രമേഹത്തെ തുടർന്ന് കാലിന് ശസ്ക്രിയ നടത്തിയിരുന്നു. ഹൃദയാഘാതമാണ് മരണകാരണമായത്.
1950 നവംബർ 10-ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലിലായിരുന്നു കാനം രാജേന്ദ്രന്‍റെ ജനനം. എഐവൈഎഫിലൂടെ രാഷ്ട്രീയത്തിലിറങ്ങി. ഇരുപത്തിമൂന്നാം വയസ്സിൽ എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറിയായി. ഇരുപത്തിയെട്ടാം വയസ്സിൽ സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി. എ.ബി.ബർദനൊപ്പം യുവജനസംഘടനാ രംഗത്ത് ദേശീയതലത്തിലും കാനം പ്രവർത്തിച്ചു.
1971ല്‍ 21-ാം വയസ്സില്‍ സംസ്ഥാനകൗണ്‍സിലില്‍ എത്തിയതാണ് കാനം. എന്‍.ഇ. ബല്‍റാം പാര്‍ട്ടിസെക്രട്ടറിയായിരുന്നപ്പോള്‍ 1975-ല്‍ എം.എന്‍. ഗോവിന്ദന്‍ നായര്‍, ടി.വി. തോമസ്, സി. അച്യുതമേനോന്‍ എന്നിവര്‍ക്കൊപ്പം പാര്‍ട്ടിയുടെ സംസ്ഥാനസെക്രട്ടേറിയറ്റില്‍ ഉള്‍പ്പെട്ടു.
1982-ലും 87-ലും വാഴൂർ മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി. പിന്നീട് രണ്ടുവട്ടം വാഴൂരിൽ നിന്ന് മത്സരിച്ച് പരാജയപ്പെട്ടു. തുടർന്ന് പൂർണമായും സംഘടനാരംഗത്തേക്ക് മാറി. 2015-ൽ സിപിഐ സംസ്ഥാന സെക്രട്ടറിയായി. 2018-ൽ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറിയായി. 2022 ഒക്ടോബറിൽ മൂന്നാംവട്ടവും സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് എത്തി.
ഭാര്യ – വനജ. മക്കൾ – സ്മിത, സന്ദീപ്.