കര്‍ണാടകത്തില്‍ ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കുന്നതില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പിന്തുണച്ചെന്ന ജെ.ഡി.എസ്. ദേശീയ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡയുടെ അവകാശവാദം തള്ളി സിപിഎം.
അല്‍പ്പത്തവും അസംബന്ധവും നിറഞ്ഞ പ്രസ്താവനയാണ് ദേവ ഗൗഡ നടത്തിയതെന്ന് സിപിഎം സംസ്ഥാന സമിതി അംഗം കെ. അനില്‍ കുമാര്‍ പ്രതികരിച്ചു. ജെഡിഎസ് കേരള ഘടകവും പിന്തുണ നൽകിയതായും ഗൗഡ പറഞ്ഞിരുന്നു.
ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കിയതിനെതിരെ പാർട്ടിയിൽ കലാപമുയരുകയാണ്. സി.എം. ഇബ്രാഹിമിനെ ഇക്കാരണത്താൽ ജെഡിഎസ് കര്‍ണാണടക അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കിയിരുന്നു. ഇതിനെ ന്യായീകരിച്ച് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ദേവ ഗൗഡയുടെ കേരള ബന്ധ പരാമർശം.
ദേവഗൗഡ പറഞ്ഞത്
‘കേരളത്തില്‍ ജെ.ഡി.എസ്. ഇടതുമുന്നണിക്കൊപ്പമാണ്. ഞങ്ങളുടെ ഒരു എം.എല്‍.എ. അവിടെ മന്ത്രിയാണ്. ബി.ജെ.പി.യുമായി ചേര്‍ന്നുപോകുന്നതിന്റെ കാരണം അവര്‍ മനസ്സിലാക്കി. അവിടത്തെ ഞങ്ങളുടെ മന്ത്രി(കെ. കൃഷ്ണന്‍കുട്ടി) സമ്മതം തന്നു. പാര്‍ട്ടിയെ രക്ഷിക്കാന്‍ ബി.ജെ.പി.ക്കൊപ്പം ചേരുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണ സമ്മതം തന്നതാണ്’, ദേവ ഗൗഡ പറയുകയണ്ടായി.

മുന്‍ പ്രധാനമന്ത്രിയായ ദേവ ഗൗഡയെ പോലൊരാള്‍ പാര്‍ട്ടിയുടെ രാഷ്ട്രീയം തീരുമാനിക്കുന്നത് മറ്റൊരു പാര്‍ട്ടിയുടെ മുഖ്യമന്ത്രിയുമായി ചര്‍ച്ചചെയ്തിട്ടാണെന്ന് പറയുന്നത് രാഷ്ട്രീയത്തിലെ അല്‍പ്പത്തമാണ്, അസംബന്ധമാണ്’, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം അനില്‍ കുമാര്‍ ഇതിനെതിരെ പ്രതികരിച്ചു.
മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞത്
‘എന്റെ അറിവില്‍ ജെഡിഎസ് തീരുമാനത്തിന് മുഖ്യമന്ത്രി പിന്തുണ നല്‍കിയിട്ടില്ല. എന്തുകൊണ്ടാണ് ദേവഗൗഡ അങ്ങനെ പറഞ്ഞതെന്ന് അറിയില്ല. അവിടുത്തെ രാഷ്ട്രീയ സാഹചര്യത്തിന്റെ ഭാഗമായി പറഞ്ഞതാകും. ബിജെപിയുമായി ഒരിക്കലും യോജിച്ച് പോകാന്‍ കഴിയില്ല. ജെഡിഎസ് കേരള ഘടകം സ്വതന്ത്രമായി നില്‍ക്കുകയാണ്’, കൃഷ്ണന്‍കുട്ടി പറഞ്ഞു.
കെ മുരളീധരൻ പറഞ്ഞത്
കേരളത്തില്‍ ബിജെപിയുടെ ബി ടീമാണ് സിപിഎം എന്ന് കോണ്‍ഗ്രസ് എംപി കെ.മുരളീധരന്‍ ഈ അവസരത്തിൽ പ്രതികരിച്ചു. ജനതാ ദളിന്റെ അഖിലേന്ത്യാ ഘടകം ബി.ജെ പിക്ക് ഒപ്പം ചേര്‍ന്നപ്പോള്‍തന്നെ അവരെ എല്‍.ഡി.എഫ് ഒഴിവാക്കണമായിരുന്നു. കൃഷ്ണന്‍ കുട്ടിയെ ഈ മാനദണ്ഡത്തില്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയില്ല. ബിജെപിയെ പരോക്ഷമായി പിന്തുണയ്ക്കുകയാണ് സിപിഎമ്മെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു
ജെഡിഎസ് കേരള ഘടകം എൻഡിഎ ബന്ധത്തെ എതിർത്ത് എൽഡിഎഫിൽ ഉറച്ച് നിൽക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ ജെഡിഎസ് ഘടകം നിർവാഹക സമിതിയോഗം ചേർന്ന് എൻഡിഎ സഖ്യത്തിൽ ചേരാനുള്ള തീരുമാനത്തിനെതിരെ പ്രമേയവും പാസ്സാക്കിയിരുന്നു.


