മൊറോക്കോയിൽ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു. മൊറോക്കന്‍ ആഭ്യന്തരമന്ത്രാലയത്തെ ഉദ്ദരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 1200 ൽ അധികം പേർ പരിക്കേറ്റ് ചികിത്സയിലാണ്. ഭൂകചനത്തിന്റെ പ്രകമ്പനം സ്‌പെയിനിലും പോർച്ചുഗലിലും വരെ അനുഭവപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട്ചെയ്‌തു. തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിരവധിപ്പേർ കുടുങ്ങിയിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി 11.11 ഓടെയുണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രതയാണ് രേഖപ്പെടുത്തിയത്. മൊറോക്കന്‍ നഗരമായ മാറാകേഷിലാണ് ഭൂകമ്പം ഏറ്റവുമധികം ബാധിക്കപ്പെട്ടത്. നിരവധി കെട്ടിടങ്ങള്‍ ഇവിടെ തകര്‍ന്നു. പൗരാണികപ്രൗഢിയുള്ള കെട്ടിടങ്ങള്‍ പലതും പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നു. വീടിനുള്ളില്‍ കിടന്നാല്‍ തകര്‍ന്നുവീഴുമെന്ന ഭയമുള്ളതിനാല്‍ പലരും തെരുവുകളിലാണ് കിടന്നുറങ്ങുന്നത്.
സഹാറ മരുഭൂമിയുടെയും അറ്റ്ലസ് പർവത നിരകളുടെയും രാജ്യമായ മൊറോക്കോയിൽ ആഫ്രിക്കൻ അറബ് പൗരാണിക നഗരങ്ങളും മന്ദിരങ്ങളും മിക്കതും തകർന്നടിഞ്ഞു. സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന ദൃശ്യങ്ങളിൽ നിറയുന്നത് നടുക്കുന്ന ദൈന്യതയാണ്.
ലക്ഷക്കണക്കിന് വിനോദസഞ്ചാരികൾ ഓരോ വർഷവും എത്തുന്ന സുപ്രധാനമായ മാറക്കേഷ് നഗരവും തകർന്നടിഞ്ഞു. മറ്റു രാജ്യങ്ങളിൽ നിന്നുള്ള നിരവധിപ്പേരും ദുരന്തമേഖലയിൽ കുടുങ്ങിയിട്ടുണ്ട്.