കളമശ്ശേരി സ്ഫോടനത്തില്‍ മരണം അഞ്ചായി. സ്ഫോടനത്തില്‍ ഗുരുതരമായി പൊള്ളലേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി ശനിയാഴ്ച രാത്രിയോടെ മരണത്തിന് കീഴടങ്ങി. മലയാറ്റൂര്‍ സ്വദേശിനി റീന ജോസ് (സാലി 46) ആണ് മരിച്ചത്. ഇവരുടെ മകള്‍ 12 വയസുകാരി ലിബ്ന നേരത്തേ മരിച്ചിരുന്നു. സാലിയുടെ മൂത്ത മകന് പ്രവീണ്‍ (24), ഇളയ മകന് രാഹുല്‍ (21) എന്നിവരും പരിക്കേറ്റ് ചികിത്സയിലാണ്.
ഇനിയും എട്ട് പേർ ഐ സി യുവിലും ഒൻപതു പേർ വാർഡിലുമായി ചികിത്സയിലുണ്ട്.

ഒക്ടോബര്‍ 29-ന് രാവിലെ ഒന്‍പതരയോടെയാണ് യഹോവ സാക്ഷികളുടെ കണ്വന്ഷന് നടന്ന സാമ്ര ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററിലെ ഹാളില്‍ സ്ഫോടനമുണ്ടായത്. സാമ്ര ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററിലുണ്ടായ സ്ഫോടനത്തിൽ പരുക്കേറ്റ നാല് പേര് മരിച്ചിരുന്നു.സ്ഫോടനം നടക്കവേ രണ്ടായിരത്തിലധികം പേര് ഹാളിലുണ്ടായിരുന്നു.
മാർട്ടിൻ്റെ സ്കൂട്ടറിൽ റിമോട്ടുകൾ
കളമശ്ശേരി സ്ഫോടനത്തില്‍ പ്രതി ഡൊമനിക് മാര്‍ട്ടിന്റെ വാഹനത്തില്‍നിന്ന് സ്ഫോടനത്തിന് ഉപയോഗിച്ച നാല് റിമോര്‍ട്ടുകൾ പൊലീസ് ഇതിനിടെ കണ്ടെടുത്തു. മാര്‍ട്ടിന്റെ സ്കൂട്ടറിനുള്ളില്‍ കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു ഇവ.
സ്ഫോടനത്തിന് ശേഷം കൊടകര പോലീസ് സ്റ്റേഷനില്‍ മാര്ട്ടിന് കീഴടങ്ങാനെത്തിയത് സ്കൂട്ടറിലായിരുന്നു. മാര്‍ട്ടിനെ ഇവിടെയെത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് സ്കൂട്ടറിനുള്ളില്‍നിന്ന് റിമോര്‍ട്ടുകള്‍ കണ്ടെടുത്തത്. ഓറഞ്ച് നിറത്തിലുള്ള എ, ബി എന്നീ രണ്ട് സ്വിച്ചുകള്‍ അടങ്ങിയ റിമോട്ടുകളാണ് കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവാണിത്.

ശനിയാഴ്ച ഉച്ചയോടെയാണ് മാര്‍ട്ടിനെ കൊടകരയിലും കൊരട്ടിയിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കൊരട്ടിയിലെ ഹോട്ടിലിലാണ് ആദ്യം തെളിവെടുപ്പ് നടന്നത്. സ്ഫോടനത്തിന് ശേഷം ഉത്തരവാദിത്വം ഏറ്റെടുത്ത് മാര്ട്ടിന് വീഡിയോ ഉള്‍പ്പെടെ ചിത്രീകരിച്ചത് ഈ ഹോട്ടലില്‍വെച്ചായിരുന്നു.


