കെജ്‌രിവാള്‍സര്‍ക്കാരിന് സുപ്രീം കോടതി നല്‍കിയ അനുകൂല വിധി മറികടക്കാന്‍ കേന്ദ്രം കൊണ്ടുവന്ന വിവാദ ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. പ്രതിഷേധങ്ങള്‍ക്കിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായിയാണ് സഭയില്‍ ബില്‍ അവതരിപ്പിച്ചത്.
സുപ്രീംകോടതി വിധിയെ മറികടക്കാനായി ബില്‍ കൊണ്ടുവരാനുള്ള അധികാരം പാര്‍ലമെന്റിനില്ലെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബില്‍ അവതരണത്തെ എതിര്‍ത്തു. രാഷ്ട്രീയ പ്രേരിതമായ ബില്ലിനെ പ്രതിപക്ഷം എതിർത്തപ്പോൾ ഡല്‍ഹിയെ സംബന്ധിച്ച് ഏത് നിയമനിര്‍മാണവും നടത്താന്‍ പാര്‍ലമെന്റിന് അധികാരമുണ്ടെന്ന് സുപ്രീംകോടതി വിധി വ്യക്തതവരുത്തിയിട്ടുണ്ടെന്ന് അമിത് ഷാ അവകാശപ്പെട്ടു. തുടര്‍ന്ന് ശബ്ദവോട്ടോടെ ലോക്സഭ അവതരണാനുമതി നല്‍കി.
ബില്ലില്‍ ബിജെപിയെ അനുകൂലിച്ച് ഒഡീഷ മുഖ്യമന്ത്രി നവിന്‍ പട്‌നായിക്കിന്റെ ബിജു ജനതാദള്‍ രംഗത്തെത്തിയത് രാഷ്ട്രീയ കൌതുകം ഉണർത്തി. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആര്‍ കോണ്‍ഗ്രസും ബില്ലിനെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ഡല്‍ഹിയിലെ സംസ്ഥാന സര്‍ക്കാരിന്റെ അധികാരങ്ങള്‍ക്ക് ബദലായി പുതിയ ഭരണസംവിധാനത്തിന് വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സ് കഴിഞ്ഞ മേയ് 19-നാണ് കേന്ദ്രം പുറത്തിറക്കിയത്. ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം എന്നിവയ്ക്ക് പ്രത്യേക അതോറിറ്റി രൂപീകരിക്കാനാണ് കേന്ദ്രം ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ഇതോടെ ഡൽഹി ഭരണത്തിലും ഉദ്യോഗസ്ഥ തലത്തിലും കേന്ദ്രം ഭരിക്കുന്നവർക്ക് മേൽക്കൈ വരും. ജൂലായ് 25-നാണ് ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചത്. കോടതി വിധിയെ മറികടക്കാൻ ഓര്‍ഡിനന്‍സിലെ അതേ വ്യവസ്ഥകളാണ് ബില്ലിലും ഉൾപ്പെടുത്തിയിട്ടുള്ളത്.