കളമശ്ശേരി സ്‌ഫോടനത്തില്‍ പ്രതിയായ ഡൊമിനിക് മാര്‍ട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും. ബോംബ് നിര്‍മിച്ചതും കൃത്യം നടത്തിയതും ഡൊമിനിക് മാര്‍ട്ടിന്‍ ഒറ്റയ്ക്കാണ്. ബോംബ് സ്ഥാപിക്കുന്നതിനായിവലിയ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. കരുതിക്കൂട്ടിയുള്ള ആക്രമണമാണ് നടത്തിയത്.
സ്ഫോടനം നടത്തിയതിൻ്റെ തൊട്ടു മുൻപത്തെ ദിവസവും നേരത്തെയുമായി രണ്ട് തവണ ഇയാൾ കൺവെൻഷൻ സെൻ്ററിലെത്തിയിരുന്നു. ആസൂത്രിതവും കരുതിക്കൂട്ടിയുമുള്ള ആക്രമണമാണ് നടത്തിയത്.
ഡൊമിനിക്കിന്റെ ഭാര്യമാതാവ് പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുത്തിരുന്നു. എന്നിട്ടും ഇയാള്‍ ദൗത്യത്തില്‍ നിന്ന് പിന്‍മാറിയില്ല. അഞ്ചു മണിക്ക് വീട്ടില്‍ നിന്നിറങ്ങിയ ഡൊമിനിക് ഏഴു മണിയോടെയാണ് സാമ്രാ കണ്‍വെന്‍ഷന്‍ സെന്ററിലേക്കെത്തുന്നത്. കൃത്യം നടത്തിയ ശേഷം സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിക്കുകയും ചെയ്തു. പിന്നീട് കളമശ്ശേരിയില്‍ നിന്ന് കൊരട്ടിയിലെത്തി മുറിയെടുത്തു. ഹോട്ടല്‍ മുറിയില്‍ വെച്ചാണ് ഫേസ് ബുക്ക് ലൈവ് ചെയ്യുന്നത്. ഇതിന് ശേഷമാണ് പൊലീസിൽ കീഴടങ്ങുന്നത്.
യു.എ.പി.എ. അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയത്. കൂടാതെ കൊലപാതകം, വധശ്രമം, സ്‌ഫോടകവസ്തും ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.