കുട്ടികളോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം തട്ടത്തുമല ഗവ. എച്ച്എസ്എസിലെ കായികാധ്യാപകൻ വിൻസെന്റ് പി ദാസിനെയാണ് സസ്പെൻഡ് ചെയ്തത്.
പരാതികളെത്തുടർന്ന് ആറ്റിങ്ങൽ ഡിഇഒ നൽകിയ അന്വേഷണ റിപ്പോർട്ടിൽ അധ്യാപൻ്റെ അധിക്ഷേപകരമായ പെരുമാറ്റം കണ്ടെത്തിയിരുന്നു. തുടർന്ന് ഇതിൽ കർശന നടപടിയെടുക്കാൻ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിർദ്ദേശിച്ചു. ഇതിന് പിന്നാലെയാണ് തിരുവനന്തപുരം ജില്ലാ ഉപവിദ്യാഭ്യാസ ഡയറക്ടർ സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.
വിവിധങ്ങളായ പരാതികളാണ് കുട്ടികളും രക്ഷിതാക്കളും പിടിഎയും ഈ അധ്യാപകനെതിരെ ഉയർത്തിയത്. കുട്ടികളെ വളരെ മോശം വാക്കുകളുപയോഗിച്ച് അധിക്ഷേപിക്കുക, പരാതിപ്പെട്ട കുട്ടികളെ ഭീഷണിപ്പെടുത്തുക എന്നിവയായിരുന്നു കണ്ടെത്തൽ. മാത്രമല്ല, ജില്ലാ പഞ്ചായത്ത് നൽകിയ വാട്ടർ പ്യൂരിഫയർ കേടുവരുത്തുക, പാചകപ്പുരയിൽ കടന്നു കയറി തൊഴിലാളികളെ ഭീഷണിപ്പെടുത്തുക തുടങ്ങിയ പരാതികളും അധ്യാപകനെതിരെ ഉണ്ടായി.
കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ പ്രതിഷേധിച്ച് എസ്എഫ്ഐയും അധ്യാപകനെതിരെ പരാതി നൽകിയിരുന്നു. തുടർന്നാണ് ആറ്റിങ്ങൽ ഡിഇഒ സ്കൂളിലെത്തി അന്വേഷണം നടത്തുകയും പരാതി വസ്തുതാപരമാണെന്ന് കണ്ടെത്തുകയും ചെയ്തത്.