കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട കളളപ്പണ കേസിൽ വ്യവസായിയായ ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്യുന്നു. നാല് കോടിയുടെ ഇടപാടിലാണ് നടപടി. ചോദ്യം ചെയ്യൽ ഉച്ചക്ക് ശേഷവും തുടരുകയാണ്.
ഇന്ന് രാവിലെയാണ് ഗോകുലം ഗോപാലനെ ഇഡി കൊച്ചി ഓഫീസിലേക്ക് വിളിപ്പിച്ചത്. ദിവസ നിക്ഷേപ സ്കീമുമായി ബന്ധപ്പെട്ട് നാലു കോടിയുടെ ഇടപാട് അദ്ദേഹത്തിനുണ്ട്. ഇക്കാര്യത്തിൽ വിശദീകരം ആവശ്യപ്പെട്ട് ഇഡി രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു.
രാജ്യത്ത് ഉടനീളം 420 ശാഖകളാണ് ഗോകുലം ചിട്ട്‌സിന് ഉള്ളത്.
തുടർച്ചയായി ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്ത സാഹചര്യത്തിലാണ് സമൻസ് അയച്ചത് എന്നാണ് വിശദീകരണം. ചോദ്യം ചെയ്യൽ പൂർത്തിയാക്കിയതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകുകയുള്ളൂ.
ചിട്ടി കമ്പനിയിലെ ഇടപാടുകാരനായ അനില്‍കുമാറുമായി ബന്ധപ്പെട്ടാണ് തന്നെ ചോദ്യം ചെയ്തതെന്ന് ഗോകുലം ഗോപാലന്‍ പറഞ്ഞു. കരുവന്നൂര്‍ കേസുമായി നേരിട്ട് തനിക്ക് യാതൊരു ബന്ധവുമില്ല. അനില്‍ കുമാറിന്റെ ഡോക്യുമെന്റ്‌സ് തന്റെ കൈവശമുണ്ട്. അതിന്റെ വിശദീകരണം ചോദിക്കാനാണ് ഇഡി വിളിപ്പിച്ചതെന്ന് ഗോകുലം ഗോപാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഗോകുലം ചിറ്റ്‌സ് ഉടമ ഗോകുലം ഗോപാലൻ പ്രതിയായ അനധികൃത ചിട്ടികേസുകൾ മുഖ്യമന്ത്രി ഇടപെട്ട് പിൻവലിപ്പിച്ചതായി നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. ആഭ്യന്തര സെക്രട്ടറിയുടെ എതിർപ്പ് മറികടന്നായിരുന്നു കേസ് പിൻവലിച്ച നടപടി എന്നായിരുന്നു വാർത്ത. അനധികൃത ചിട്ടി നടത്തിപ്പിലൂടെ 60 ലക്ഷത്തോളം രൂപയുടെ നികുതി നഷ്ടം സർക്കാരിനുണ്ടാക്കി എന്നായിരുന്നു വാർത്ത. കഴിഞ്ഞ ഏപ്രിലിലും ഗോകുലം ഗോപാലനെ ഇ ഡി വിളിപ്പിച്ചിരുന്നു.


