Friday, February 20, 2026

ഇരുളടഞ്ഞ കേരളത്തിൻ്റെ പോരാട്ട വഴികളിലെ സഞ്ചിത ഹരജി ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടിട്ട് 127 വർഷം

ലിബി സി എസ് എഴുതുന്നു

ഈഴവ മേമ്മോറിയൽ സമർപ്പിച്ചതിൻ്റെ 127 ആം വാർഷിക ദിനമാണ് ഇന്ന് . 1896 സെപ്റ്റംബർ 3ന് ശ്രീ മൂലം തിരുനാൾ മഹാരാജാവിൻ്റെ കാലത്താണ്‌ കേരളത്തിലെ അരികു വൽക്കരിപ്പെട്ട ജനങ്ങളുടെ ചരിത്രപരമായ പോരാട്ടത്തിൻ്റെ തന്നെ സഞ്ചിത ഹരജി സമർപ്പിക്കപ്പെട്ടത്.

എത്ര ഇരുട്ടിലായിരുന്നു എന്ന് വെളിച്ചപ്പെടുത്തുന്ന മറുപടി

മഹാരാജവിനുവേണ്ടി ദിവാൻ ശങ്കരസുബ്ബയ്യർ ആണ്‌ മറുപടി-ഇണ്ടാസ്‌-നൽകിയത്‌. “ഈഴവജാതിക്കാരായതുകൊണ്ടുള്ള പ്രശ്നങ്ങളാണ്‌ മുഖ്യമായും ഉന്നയിച്ചിരിക്കുന്നത്‌ എന്നതിനാൽ, തിരുവിതാംകൂർ പോലെയുള്ള ഒരു പുരാതന ഹിന്ദുരാജ്യത്ത്‌ ഹർജിയിലെ വിഷയത്തെ തീരുമാനിക്കുന്നതിന്‌ അനാദൃശമായ പ്രയാസവും കുഴപ്പവും നേരിടും”

. “എല്ലാ ജാതിക്കാർക്കും പൊതുവായ പള്ളിക്കൂടങ്ങൾ സ്ഥാപിക്കന്നത്‌ അത്ര എളുപ്പമുള്ള കാര്യമല്ല. എല്ലാ ജാതിക്കാരേയും ഒരെ പള്ളിക്കൂടത്തിൽ നിർബന്ധിച്ചു ചേർക്കുന്നത്‌ ഫലപ്രദമാകില്ല. അതിനാൽ ഈഴവജാതിക്കാർക്കു മാത്രമായി കൂടുതൽ സ്കൂളുകൾ തുടങ്ങാം” എന്ന നിർദേശമാണ്‌ അന്ന് രാജവിധിയിൽ ഉണ്ടായിരുന്നത്‌. 

സെപ്തംബർ 3 ഈഴവ മെമ്മോറിയൽ (1896) സമർപ്പിച്ച ദിനം

വാസ്തവത്തിൽ സംവരണത്തിലൂടെ സകല സർക്കാർ ഉദ്യോഗങ്ങളും ബ്രാഹ്മണർക്കായി സംവരണം ചെയ്യപ്പെട്ടിരുന്ന ഭരണ കാഴ്ടപ്പാടാണ് നിലനിന്നിരുന്നത്. ഇതിൽ മനം നൊന്ത് തങ്ങൾക്കും ജനസംഖ്യ ആനുപാതികമായി സർക്കാർ സർവീസിൽ ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് അബ്രാഹ്മണർ നടത്തിയ ആദ്യ ഇടപെടലുകൾ ആയിരുന്നു മലയാളി മെമ്മോറിയലും ഈഴവ മെമ്മോറിയലും. ഇന്ന് ജാതി സംവരണത്തെ പുച്ഛിക്കുന്നവർ ആയിരുന്നു വാസ്തവത്തിൽ അന്നു മുതൽ തന്നെ സംവരണത്തിന്റെ ഏറ്റവും കൂടുതൽ അനൂകൂല്യം അനുഭവിച്ചിരുന്നവർ എന്ന് ഈ ചരിത്രം പരിശോധിച്ചാൽ അറിയാം. തിരുവിതാം കൂറിലെ സകല ഗവൺമെന്റ് പോസ്റ്റുകളും മലയാളി ബ്രാഹ്മണർക്ക് വേണ്ടി സംവരണം ചെയ്യപ്പെട്ടിരിക്കുകയായിരുന്നു.

അന്ന് 13,176 പേർ ഒപ്പിട്ട ഹരജി

തിരുവതാംകൂറിന്റെ ജനസംഖ്യയിൽ അഞ്ചിലൊന്നോളം ഉണ്ടായിരുന്നിട്ടും ഈഴവർക്ക് സർക്കാർ ഉദ്യോഗങ്ങളിൽ പ്രാതിനിധ്യം ലഭിച്ചിരുന്നില്ല. വിദ്യാഭ്യാസ-ഉദ്യോഗ കാര്യങ്ങളിൽ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഡോ. പല്പുവിന്റെ നേതൃത്വത്തിൽ 13,176 പേർ ഒപ്പിട്ട ഹർജി 1896-ൽ തിരുവതാംകൂർ മഹാരാജാവ് വിശാഖം തിരുനാളിന് അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ സമർപ്പിച്ചതാണ് ചരിത്രപ്രസിദ്ധമായ ഈഴവ മെമ്മോറിയൽ.

മലയാളി മെമ്മോറിയലിൽ തുടങ്ങി

1891-ൽ തിരുവിതാംകൂറിലെ ഹിന്ദുക്കൾ ഒപ്പിട്ടു നൽകിയ മലയാളി മെമ്മോറിയൽ സമർപ്പണം നാട്ടിൽ വലിയ പ്രക്ഷുബ്ധാവസ്ഥ സൃഷ്ടിച്ചിരുന്നു. 1891 ജനുവരി 11 ന് ബാരിസ്റ്റർ ജി പി പിള്ളയുടെ നേതൃത്വത്തിലായിരുന്നു. ഇതിൽ തന്നെ പല ഈഴവ പ്രമുഖരും ഒപ്പിട്ടിരുന്നു. തിരുവിതാംകൂർ സർക്കാർ സർവ്വീസിൽ നാട്ടുകാർക്ക് ജോലി ലഭിക്കുക എന്നതായിരുന്നു ഇതിലെ ആവശ്യം. ഇതിനെതിരെ തമിഴ് ബ്രാഹ്മണ സംഘം കൌണ്ടർ മെമ്മോറിയലും സമർപ്പിച്ചിരുന്നു.

മതപരിവർത്തനം പോലും ഫലപ്രദമായില്ല

തിരുവിതാംകൂർ ജനസംഖ്യയിൽ ഇരുപത്‌ ശതമാനം ഈഴവരായിട്ടും പഠിക്കാനും സർക്കാർ ജോലിയിൽ പ്രവേശിക്കുന്നതിനുള്ള സൗകര്യവും ഈഴവർക്കുണ്ടായിരുന്നില്ല. ഇതിനും പുറമെയാണ്‌ അയിത്തവും തീണ്ടലും മൂലമുള്ള അപമാനം. ഈ നാണക്കേടിൽ നിന്ന്‌ പുറത്തുകടക്കാൻ കണ്ട ഒരു മാർഗം ക്രിസ്തുമതത്തിലേക്കുള്ള പരിവർത്തനമായിരുന്നു.

അക്കാലത്തെ ഈഴവരുടെ അവസ്ഥയെക്കുറിച്ച്‌ പ്രൊഫ. എം കെ സാനു ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്‌. ഹിന്ദുമത വിഭാഗത്തിൽപ്പെട്ട പലരേയും മതപരിവർത്തനം വശീകരിച്ചതിൽ അത്ഭുതപ്പെടാനില്ല. അതിൽനിന്നു കിട്ടുന്ന ലൗകിക നേട്ടങ്ങൾ വലുതാണ്‌. മേൽജാതിക്കാരെ കണ്ടാൽ ആട്ടും തുപ്പും മാത്രമല്ല മർദനവും ഏൽക്കേണ്ടതില്ല. അന്നുവരെ നടക്കാൻ പാടില്ലാതിരുന്ന പൊതുവഴികളിൽ കൂടി സ്വൈരമായി നടക്കാം. ഇഷ്ടമുള്ള വസ്ത്രവും ആഭരണവും ധരിക്കാം. യോഗ്യതയനുസരിച്ച്‌ സർക്കാരുദ്യോഗങ്ങളിൽ നിയമനവും ലഭിക്കുന്നു. ഇത്തരം സൗകര്യങ്ങളും പ്രയോജനങ്ങളും നേടുന്നതിനുവേണ്ടി അവർണ ഹിന്ദുവിഭാഗങ്ങളിലുള്ള പലരും സ്വന്തം മതം ഉപേക്ഷിച്ച്‌ ക്രിസ്തുമതത്തിൽ ചേർന്നു. അവർക്ക്‌ പുതുതായി ലഭിച്ച പദവികൾ കണ്ട്‌ അനേകം പേർ അവരുടെ മാർഗം പിന്തുടരാൻ തുനിഞ്ഞത്‌ തുലോം സ്വാഭാവികം.

മതപരിവർത്തനത്തിന്റെ പ്രലോഭനീയത ഒരിക്കലും പ്രശ്നപരിഹാരമായി ഡോക്ടർ പൽപ്പുവിന്‌ തോന്നിയില്ല. ആചാരങ്ങളിൽ മാറ്റം വരുന്നു എന്നല്ലാതെ വ്യക്തിയിലും സ്വഭാവത്തിലും അത്‌ മാറ്റം വരുത്തുന്നില്ല എന്നാണ് അദ്ദേഹം ചിന്തിച്ചത്. ഈയൊരു സാഹചര്യത്തിലാണ്‌ ഈഴവരുടെ പ്രശ്നങ്ങൾ രാജകൊട്ടാരത്തിലെത്തിക്കുന്നതിന്‌ ഈഴവമെമ്മോറിയൽ സമർപ്പിക്കണമെന്ന്‌ തീരുമാനിക്കുന്നത്‌. ഈ പദ്ധതി ആസൂത്രണം ചെയ്തത്‌ ഡോക്ടർ പൽപ്പു ആയിരുന്നു.

കലാപത്തിനല്ല, ആദ്യം നൽകിയത് അപേക്ഷ

1896 സെപ്റ്റംബർ 3നാണ്‌ തിരുവിതാംകൂർ മഹാരാജാവിന്‌ 13000 ഈഴവർ ഒപ്പിട്ട നിവേദനം സമർപ്പിക്കുന്നത്‌. അക്കാലത്തെ രീതിയനുസരിച്ചുള്ള നിവേദനത്തിലെ ഭാഷയുടെ വിധേയത്വവും സംഭവവിവരണവുമൊക്കെ കൗതുകമുണർത്തുന്നതാണ്‌. ഈഴവർ ആദ്യമായി സംഘടിച്ച്‌ അവരുടെ ആവശ്യങ്ങൾ മഹാരാജാവിന്‌ മുമ്പാകെ ഉണർത്തിച്ച നിവേദനം ചുവടെ.

“പൊന്നുതമ്പുരാൻ തിരുമുമ്പാകെ തൃപ്പാദംകൊണ്ട്‌ കൽപ്പിച്ചു പരിപാലിച്ചു പോരുന്ന പ്രജകളും അഗതികളുമായ താഴെ പേരെഴുതി കയ്യൊപ്പിട്ടിരിക്കുന്ന ഈഴവർ ഏറ്റവും താഴ്മയോടുകൂടി കയ്ക്കുറ്റപ്പാടു ചെയ്ത്‌ തിരുവുള്ളമുണർത്തിച്ചുകൊള്ളുന്ന സങ്കടം.

അടിയങ്ങൾ സംസ്ഥാനം ഒട്ടുക്കുള്ള ജനസംഖ്യയിൽ അഞ്ചിലൊന്നോളം ഉള്ളവരും പരമ്പരയായി തൃപ്പാദങ്ങളിൽ വളരെ ഭയഭക്തി വിശ്വാസങ്ങളോടുകൂടി രാജ്യനീതികളെ കീഴ്‌വഴങ്ങി മര്യാദയായി കാലം കഴിച്ചുപോരുന്നവരും രാജ്യത്തിന്‌ സമാധാനമില്ലാതിരുന്ന കാലങ്ങളിൽ എല്ലാം പൊന്നുതമ്പുരാക്കന്മാർക്കുവേണ്ടി പ്രാണൻ കളഞ്ഞിട്ടുള്ള പഴവൻമാരുടെ സന്താനങ്ങളും ഇപ്പോഴും രാജ്യക്ഷേമകരങ്ങളായ കൃഷി, കൈത്തൊഴിൽ, കച്ചവടം മുതലായവയിൽ പ്രവേശിച്ചു ഇതര ജാതിക്കാരേക്കാളും സർക്കാരിന്‌ അധികം മുതൽകൂട്ടുന്നവരും ആകുന്നു എന്നുള്ള വാസ്തവം അടിയങ്ങൾ തിരുവുള്ളമുണർത്തിച്ചേ തീരൂ എന്നില്ല. ഇഹപരസുഖങ്ങൾക്കു നിദാനമായിരിക്കുന്ന വിദ്യാഭ്യാസം ജാതിഭേദം കൂടാതെ സകല പ്രജകൾക്കും ഒന്നുപോലെ സിദ്ധിക്കത്തക്കവണ്ണം തിരുവുള്ളമുണ്ടായി സംസ്ഥാനം ഒട്ടുക്കും പാഠശാലകൾ സ്ഥാപിച്ചു നടത്തിവരുന്നുണ്ടെങ്കിലും അടിയങ്ങളുടെ കിടാങ്ങളെയും പഠിത്തത്തിൽ പ്രോത്സാഹിപ്പിക്കേണ്ട ഗവൺമെന്റ്‌ ഇന്നും അവരെ മിക്ക പാഠശാലകളിലും പ ഠിക്കാൻ സമ്മതിക്കാതെ നിർദ യം ആട്ടിക്കളകയാണ്‌ ചെയ്തുവരുന്നത്‌.

മലബാറിൽ ഇല്ലാതിരുന്ന വിവേചനം

1891 ലെ കനേഷുമാരി കണക്കിൻ പ്രകാരം അടിയങ്ങളിൽ പുരുഷന്മാർ തന്നെ 25000 പേരെങ്കിലും വിദ്യാഭ്യാസമുള്ളവരായി ഉണ്ടായിരുന്നു. എന്നാൽ ഇവരിൽ മിക്കവരും കച്ചവടം, കുത്തക, വൈദ്യം, ജ്യോതിഷം മുതലായി സർക്കാരിനെ ആശ്രയിക്കാത്ത വല്ല പണികളിലും ഒരുവിധം മാനമായി കാലക്ഷേപം ചെയ്തുവരുന്നതുകൂടാതെ, ഉയർന്നതരം ഇംഗ്ലീഷു വിദ്യാഭ്യാസം ലഭിച്ചിട്ടുള്ളവർ അന്യഗവൺമെന്റുകളുടെ കീഴിൽ തക്കതായ ഉദ്യോഗങ്ങൾ ഭരിച്ചും പോരുന്നുണ്ട്‌. എന്നിട്ടും ഇതിൽ ഒരാളെങ്കിലും പൊന്നുതിരുമേനിയുടെ ഗവൺമെന്റിന്റെ കീഴിൽ കുറഞ്ഞപക്ഷം അഞ്ചുരൂപ ശമ്പളമുള്ള ഒരു ചെറിയ ജീവനത്തിൽ പോലും ഇരുന്നുകാണാത്തത്‌ എന്തുകൊണ്ടാണെന്ന്‌ അടിയങ്ങൾക്ക്‌ അറിവാൻ പാടില്ല. അടിയങ്ങളുടെ സഹോദരങ്ങളായ ബ്രിട്ടീഷ്‌ മലബാറിലെ തീയരും ആ ഗവൺമെന്റിന്റെ കീഴിൽ നാട്ടുകാർക്ക്‌ വഹിക്കത്തക്കതായ ഏതുതരം ഉയർന്ന ഉദ്യോഗങ്ങളിലും ഇരിക്കുന്നതായി അടിയങ്ങൾ കാണുന്നും ഉണ്ട്‌.

വാത്സല്യമുള്ള പൊന്നുതമ്പുരാൻ തിരുമുമ്പാകെ അമ്മയുടെ അടുക്കൽ കുട്ടികളെപോലെ സ്വപ്രജകൾക്ക്‌ കരയാമെന്നുള്ളതുകൊണ്ട്‌ ധൈര്യപ്പെട്ടു, അടിയങ്ങൾ തൃപ്പാദങ്ങളിൽ സമർപ്പിച്ചുകൊള്ളുന്ന ഈ സങ്കടത്തിന്‌ തിരുവുള്ളമുണർന്നു ഉടൻ ഒരു നിവൃത്തിയുണ്ടാക്കുമെന്ന്‌ അടിയങ്ങൾ വിശ്വസിക്കുകയും പൊന്നുതിരുമേനി അടിയങ്ങളുടെ സകലസങ്കടങ്ങളും തീർത്തു വളരെക്കാലം ആയൂരാരോഗ്യസമ്പത്സമൃദ്ധിയോട്‌ കൂടി എഴുന്നരുളിയിരുന്നു അടിയങ്ങളെ രക്ഷിപ്പാറാകണമെന്ന്‌ സദാ ഈശ്വരനെ പ്രാർഥിക്കുകയും ചെയ്യുന്നു.”

ഒപ്പു വെച്ചവർക്കും ഭീഷണി

ഈഴവമെമ്മോറിയൽ സമർപ്പണത്തിലൂടെ പ്രശ്നങ്ങൾക്ക്‌ ഉടൻ പരിഹാരം കാണാൻ കഴിഞ്ഞില്ലെങ്കിലും അതിലൂടെ രൂപപ്പെട്ടുവന്ന ഈഴവ ഐക്യമാണ്‌ 1903ൽ എസ്‌എൻഡിപി രൂപീകരണത്തിന്‌ അടിസ്ഥാനമായി മാറിയത്‌. ഈഴവരുടെ ആത്മാഭിമാനമുണർത്തിയ വലിയ പോരാട്ടമായിരുന്നു അത്‌. ഗവൺമെന്റിൽ നിന്നുള്ള പല ഭീഷണികളേയും അതിജീവിച്ചാണ്‌ തിരുവിതാംകൂറിൽ 13,000 ഈഴവർ ഈ നിവേദനത്തിൽ ഒപ്പിടാൻ തയാറായത്‌. ഇത്‌ കേവലം ഒപ്പു ശേഖരണമായിരുന്നില്ല; മറിച്ച്‌ ആദ്യകാല ബഹുജന പ്രക്ഷോഭണമായിരുന്നു. ഇന്നത്തെപോലെ യാത്രാസൗകര്യവും വിനിമയ സജ്ജീകരണവുമില്ലാത്ത കാലത്ത്‌ സമർപ്പിച്ച ഈഴവ മെമ്മോറിയൽ പൊതുജന ജിഹ്വയായിരുന്നു.

ഈ ഹർജിയെക്കുറിച്ച് പത്രങ്ങൾ എഴുതിയ ലേഖനങ്ങളും സ്വന്തം ലേഖനങ്ങളും ഹർജികളും ഉൾപ്പെടുത്തി, സമരത്തോടനുബന്ധിച്ച് ആശയപ്രചരണത്തിന്റെ ഭാഗമായി ഡോ. പല്പു പ്രസിദ്ധീകരിച്ച ‘ട്രീറ്റ്മെന്റ് ഓഫ് തിയ്യാസ് ഇൻ ട്രാവൻകൂർ’ (1896)എന്ന പുസ്തകം സർക്കാരിന്റെ അനീതിയുടെ ആഴം ജനങ്ങളിലെക്കെത്തിക്കാൻ ഏറെ സഹായിച്ചു.

തിരുവതാംകൂർ ഭരണകൂടത്തിൽ നിന്നും നീതി ലഭിക്കുക ശ്രമകരമായതിനാൽ കഴ്സൺ പ്രഭുവിനെ സന്ദർശിച്ച ശേഷം ഡോ. പല്പു പ്രശ്നം ബ്രിട്ടീഷ് സർക്കാരിനെക്കൊണ്ട് തിരുവതാംകൂർ പിന്തുടരുന്ന സവർണ യാഥാസ്ഥിതിക നയങ്ങളെപ്പറ്റി അന്വേഷണം നടത്തിക്കാനും അതുവഴി നയത്തിൽ അയവു വരുത്താനും സാധിച്ചത് അന്നത്തെ നിലയിൽ വൻ വിജയമായിരുന്നു. അതിനു ശേഷമാണ് അവർണവിഭാഗത്തിന് സർക്കാർ സർവീസുകളിലും വിദ്യാലയങ്ങളിലും ചെറിയ തോതിലെങ്കിലും പ്രവേശനം ലഭിച്ചു തുടങ്ങിയത്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...