ഐ.എഫ്.എഫ്.കെ മലയാളം സിനിമാ റ്റുഡേ വിഭാഗത്തിലേക്ക് പരിഗണിക്കുന്നതിനായി സമർപ്പിക്കപ്പെട്ട സിനിമകൾ എല്ലാം തന്നെ ചലച്ചിത്ര അക്കാദമി സെലക്ഷൻ കമ്മിറ്റിക്കു മുമ്പാകെ പ്രദർശിപ്പിച്ചതാണെന്ന് അക്കാദമി ഫെയ്സ്ബുക്ക് കുറിപ്പിൽ അറിയിച്ചു. കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് ചലച്ചിത്രമേഖലയുടെ വിവിധ കോണുകളിൽ നിന്നുയർന്ന പരാതി വിവാദമാകുന്നതിന് ഇടയിലാണ് അക്കാദമിക്ക് വിശദീകരണ കുറിപ്പ് നൽകേണ്ടി വന്നത്.
തന്റെ ചിത്രമായ എറാൻ ഒരു സെക്കൻഡ് പോലും കാണാതെയാണ് ജൂറി തള്ളിക്കളഞ്ഞതെന്നായിരുന്നു എറാൻ എന്ന ചിത്രത്തിന്റെ സംവിധായകൻ ഷിജു ബാലഗോപാലൻ പരാതിപ്പെട്ടത്.
സ്ക്രീനറുകളും ഗൂഗിൾ ഡ്രൈവ് ലിങ്കുകളുമാണ് എൻട്രികളായി സമർപ്പിക്കപ്പെട്ടിരുന്നത്. ഇവയെല്ലാം ഡൗൺലോഡ് ചെയ്തതിനുശേഷമാണ് പ്രദർശിപ്പിച്ചതെന്ന് ചലച്ചിത്ര അക്കാദമി ഫെയ്സ്ബുക്കിൽ വ്യക്തമാക്കി. ഓൺലൈനായി സിനിമകൾ സ്ട്രീം ചെയ്യുമ്പോൾ പലപ്പോഴും ബഫറിംഗ് സംഭവിച്ച് സെലക്ഷൻ കമ്മിറ്റിക്ക് മികച്ച കാഴ്ചാനുഭവം നഷ്ടമാവാതിരിക്കാനാണ് പടങ്ങൾ ഡൗൺലോഡ് ചെയ്ത് പ്രദർശിപ്പിക്കുന്നത് എന്നാണ് വിശദീകരണം.
ഡൌൺലോഡ് ചെയ്തെടുത്തത് പൈറേറ്റഡ് ഫയലോ
അക്കാദമി ഓൺലൈൻ ലിങ്ക് ഉപയോഗിച്ചിരുന്നില്ല. അതിനാൽ ഓൺലൈൻ സ്ക്രീനർ അനലറ്റിക്സിന്റെ അടിസ്ഥാനത്തിൽ സിനിമയുടെ പ്രദർശനം സംബന്ധിച്ച വിവരം അറിയാൻ കഴിയില്ല. മലയാള സിനിമാ വിഭാഗത്തിലെ എൻട്രിയുമായി ബന്ധപ്പെട്ടവർക്ക് പ്രവൃത്തിദിവസങ്ങളിൽ അക്കാദമിയിൽ വന്ന് ഇതു സംബന്ധിച്ച ഡിജിറ്റൽ തെളിവുകൾ പരിശോധിക്കാവുന്നതാണ്. അതിനു പുറമെ, പ്രസ്തുത ചിത്രങ്ങൾ കണ്ടു എന്ന് ഓരോ സെലക്ഷൻ കമ്മിറ്റി അംഗവും ഒപ്പിട്ട് സാക്ഷ്യപ്പെടുത്തിയ രജിസ്റ്ററും പരിശോധിക്കാവുന്നതാണെന്നും ചലച്ചിത്ര അക്കാദമി വിശദീകരിച്ചു.

ചലച്ചിത്ര അക്കാദമി നൽകിയ വിശദീകരണം പച്ചക്കള്ളമാണെന്ന് പറഞ്ഞ് സംവിധായകൻ ഷിജു ബാലഗോപാലൻ വീണ്ടുമെത്തി. വിമിയോ വഴി അയച്ചവരുടെ സിനിമകൾ എങ്ങനെയാണ് ഡൗൺലോഡ് ചെയ്തത് എന്ന കാര്യത്തിൽ വ്യക്തത വരുത്താനുള്ള ബാധ്യത അക്കാദമിക്ക് ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. കാരണം വിമിയോയിൽ നിന്ന് ഡൗൺലോഡ് ചെയ്താൽ അത് അനാലിറ്റിക്സിൽ വ്യക്തമായി കാണാൻ സാധിക്കും. പക്ഷേ അനാലിറ്റിക്സിൽ ഡൗൺലോഡ് എന്നത് ‘പൂജ്യം’ആണ് കാണിക്കുന്നത്. അതായത് സിനിമ ഡൗൺലോഡ് ചെയ്തിട്ടില്ല എന്നർത്ഥം. ഡൗൺലോഡ് ഓപ്ഷൻ ഓൺ ചെയ്തവരുടെ വിമിയോ അനാലിറ്റിക്സിൽ ഡൗൺലോഡ് “0” കാണിക്കുന്നു. ഡൗൺലോഡ് ഓപ്ഷൻ ഓഫ് ചെയ്തവരുടെ സിനിമയും ഡൗൺലോഡ് ചെയ്തതായി അക്കാദമി തന്നെ സാക്ഷ്യപ്പെടുത്തുന്നു. അപ്പോ പിന്നെ ബാക്കിയാകുന്നത് “വിമിയോ പാസ് വേർഡ് പ്രൊട്ടക്റ്റഡ് വീഡിയോ” വിമിയോയിൽ നിന്നല്ലാതെ പിന്നെ എങ്ങിനെ ഡൗൺലോഡ് ചെയ്യാൻ സാധിക്കും എന്ന ചോദ്യമാണ്. അദ്ദേഹം എഴുതി.
പൈറസി കുരുക്ക്
വിമിയോയിൽ നിന്നല്ലാതെ ഏതെങ്കിലും തേഡ് പാർട്ടി വീഡിയോ ഡൗൺലോഡർ ഉപയോഗിച്ചാണോ അക്കാദമി സിനിമ ഡൗൺലോഡ് ചെയ്തതെന്നും ഷിജു ബാലഗോപാലൻ ചോദിക്കുന്നു. അക്കാദമിയാണ് ഇതിൽ വിശദീകരണം തരേണ്ടത്. അങ്ങിനെ ആണെങ്കിൽ ഞാൻ ആദ്യം തെളിവ് സഹിതം ഉന്നയിച്ച സിനിമ കണ്ടിട്ടില്ല എന്ന കാര്യത്തിനേക്കാൾ വളരെ ഗൗരവമുള്ള ഞെട്ടിക്കുന്ന സംഭവങ്ങൾ ആണ് പിന്നിൽ നടന്നിരിക്കുന്നത്. അങ്ങിനെ ആണെങ്കിൽ ഞാൻ ആദ്യം തെളിവ് സഹിതം ഉന്നയിച്ച സിനിമ കണ്ടിട്ടില്ല എന്ന കാര്യത്തിനേക്കാൾ വളരെ ഗൗരവമുള്ള ഞെട്ടിക്കുന്ന സംഭവങ്ങൾ ആണ് പിന്നിൽ നടന്നിരിക്കുന്നത്. ശരിയായ മാർഗത്തിൽ അല്ലാതെ തേർഡ് പാർട്ടി വഴിയാണ് അക്കാദമി ഡൗൺലോഡ് ചെയ്തത് എങ്കിൽ, പൈറസിക്ക് എതിരെ നടപടി എടുക്കാൻ ഗവൺമെന്റും സിനിമാ സമൂഹവും ശ്രമിക്കുമ്പോൾ അക്കാദമി പൈറസിയെ സപ്പോർട്ട് ചെയ്യുന്ന നടപടി എടുക്കുന്നു എന്ന് വേണം കരുതാനെന്നും ഷിജു ബാലഗോപാലൻ പറഞ്ഞു.
അക്കാദമി വിശദീകരണം
28ാമത് ഐ.എഫ്.എഫ്.കെയുടെ മലയാളം സിനിമാ വിഭാഗത്തിലേക്കുള്ള സെലക്ഷനു വേണ്ടി സമര്‍പ്പിക്കപ്പെട്ട എറാന്‍’ (The man who always obeys) എന്ന സിനിമയുടെ സംവിധായകന് ശ്രീ. ഷിജു ബാലഗോപാലന് സോഷ്യല്‍ മീഡിയയില്‍ ഉന്നയിച്ച പരാതി സംബന്ധിച്ച് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നല്കുന്ന ഔദ്യോഗിക വിശദീകരണം:
ഐ.എഫ്.എഫ്.കെ മലയാളം സിനിമാ റ്റുഡേ വിഭാഗത്തിലേക്ക് പരിഗണിക്കുന്നതിനായി സമര്‍പ്പിക്കപ്പെട്ട സിനിമകള്‍ എല്ലാം തന്നെ ചലച്ചിത്ര അക്കാദമി സെലക്ഷന് കമ്മിറ്റിക്കു മുമ്പാകെ പ്രദര്‍ശിപ്പിച്ചതാണ്.
ഓണ്‍ലൈന്‍ സ്ക്രീനറുകളും ഗൂഗിള്‍ ഡ്രൈവ് ലിങ്കുകളുമാണ് എന്‍ട്രികളായി സമര്‍പ്പിക്കപ്പെട്ടിരുന്നത്. ഇവയെല്ലാം ഡൗണ്‍ലോഡ് ചെയ്തതിനുശേഷമാണ് പ്രദര്‍ശിപ്പിച്ചത്. ഓണ്‍ലൈനായി സിനിമകള്‍ സ്ട്രീം ചെയ്യുമ്പോള്‍ പലപ്പോഴും ബഫറിംഗ് സംഭവിച്ച് സെലക്ഷന് കമ്മിറ്റിക്ക് മികച്ച കാഴ്ചാനുഭവം നഷ്ടമാവാതിരിക്കാനാണ് പടങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രദര്‍ശിപ്പിക്കുന്നത്.
ഇങ്ങനെ പ്രദര്‍ശിപ്പിക്കുന്നതിനാല്‍ അക്കാദമി ഓണ്‍ലൈന്‍ ലിങ്ക് ഉപയോഗിച്ചിരുന്നില്ല. അതിനാല്‍ ഓണ്‍ലൈന്‍ സ്ക്രീനര്‍ അനലറ്റിക്സിന്റെ അടിസ്ഥാനത്തില്‍ സിനിമയുടെ പ്രദര്‍ശനം സംബന്ധിച്ച വിവരം അറിയാന്‍ കഴിയില്ല.
മലയാള സിനിമാ വിഭാഗത്തിലെ എന്‍ട്രിയുമായി ബന്ധപ്പെട്ടവര്‍ക്ക് പ്രവൃത്തിദിവസങ്ങളില്‍ അക്കാദമിയില്‍ വന്ന് ഇതു സംബന്ധിച്ച ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കാവുന്നതാണ്.
അതിനു പുറമെ, പ്രസ്തുത ചിത്രങ്ങള്‍ കണ്ടു എന്ന് ഓരോ സെലക്ഷന് കമ്മിറ്റി അംഗവും ഒപ്പിട്ട് സാക്ഷ്യപ്പെടുത്തിയ രജിസ്റ്ററും പരിശോധിക്കാവുന്നതാണ്.


