ഫൈൻ അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്ന വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ തടയുന്നതിനുള്ള തീരുമാനം നടപ്പാക്കാൻ നടപടികൾ തുടങ്ങി. ഇക്കാര്യത്തിൽ മന്ത്രി ആന്റണി രാജു ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധികളുടെ യോഗം വിളിച്ചു. വ്യാഴാഴ്ചയാണ് യോഗം.
എ.ഐ. ക്യാമറകള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയശേഷം 25 കോടിരൂപയാണ് ചുമത്തിയ പിഴ. ഇതില്‍ 3.37 കോടിരൂപമാത്രമാണ് അടച്ചത്. എ.ഐ. ക്യാമറാസംവിധാനം നിലവില്‍വന്നശേഷം സംസ്ഥാനത്ത് അപകടമരണങ്ങള്‍ കുറഞ്ഞു എന്നാണ് വിലയിരുത്തൽ.
തുടര്‍ച്ചയായി വാഹനങ്ങള്‍ക്ക് തീപിടിക്കുന്ന പശ്ചാത്തലത്തില്‍ സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനും പ്രശ്നങ്ങൾ പരിശോധിക്കുന്നതിനും വാഹനനിര്‍മാണക്കമ്പനി പ്രതിനിധികളുമായുള്ള യോഗവും വ്യാഴാഴ്ച ചേരും.
നിയമലംഘനങ്ങള്‍ പിടിക്കപ്പെട്ടിട്ടും പിഴ അടയ്ക്കാത്തവര്‍ക്ക് ഇന്‍ഷുറന്‍സ് പുതുക്കുന്നത് നിഷേധിക്കുന്ന സംവിധാനം നടപ്പിലാക്കുന്നതിനായി കന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നീ ഏജൻസികളുടമായി ചർച്ച തുടങ്ങി വെച്ചതായി മന്ത്രി നേരത്തെ അറിയിച്ചിരുന്നു.
ഗതാഗതനിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുകയും പിഴ അടയ്ക്കാതിരിക്കുകയും ചെയ്യുന്ന വാഹനങ്ങള്‍ സാധാരണ കരിമ്പട്ടികയില്‍പ്പെടുത്തുകയാണ് ചെയ്യുക. ഇതിനൊപ്പമാകും ഇന്‍ഷുറന്‍സ് പുതുക്കുന്നതിന് തടയുക.
എ.ഐ. ക്യാമറ ഓഗസ്റ്റ് രണ്ടുവരെ കണ്ടെത്തിയത് 32.42 ലക്ഷം നിയമലംഘനങ്ങള്‍. 15.83 ലക്ഷം കേസുകളില്‍ പിഴചുമത്തി. 3.82 ലക്ഷംപേര്‍ക്ക് പിഴയടയ്ക്കാന്‍ ചെലാന്‍ നോട്ടീസയച്ചു. ക്യാമറസ്ഥാപിച്ചശേഷം വാഹനാപകടങ്ങള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മൂന്നിലൊന്നായി കുറഞ്ഞു.