മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ സോളാർ ഗൂഢാലോചനക്കേസിൽ കെ.ബി. ഗണേഷ് കുമാർ എം.എൽ.എയ്ക്ക് തിരിച്ചടി. കേസിൽ നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തവ് നൽകി. അടുത്ത മാസം പതിനെട്ടിന് കൊട്ടാരക്കര കോടതിയിൽ ഹാജരാകാനാണ് നിർദേശം. സോളാർ പീഡനക്കേസിലെ പരാതിക്കാരിക്ക് വീണ്ടും സമൻസ് അയക്കും.
സോളാർ കേസിലെ പരാതിക്കാരി 21 പേജുള്ള കത്ത് എഴുതിയതിൽ നടത്തിയ കൂട്ടിച്ചേർക്കലാണ് വിഷയം. അസ്സൽ കത്തിൽ നാല് പേജ് കൂടി പുതുതായി എഴുതിച്ചേർത്തു എന്നതായിരുന്നു സിബഐയുടെ കണ്ടെത്തൽ. ഉമ്മൻ ചാണ്ടിക്കെതിരേയുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നെന്നും സിബിഐ റിപ്പോർട്ടിൽ ഉന്നയിച്ചിരുന്നു.
ഈ കേസിലാണ് ഇപ്പോൾ കൊട്ടാരക്കര കോടതിയുടെ നടപടി. രണ്ടാംപ്രതിയാണ് കെ.ബി. ഗണേഷ് കുമാർ എം.എൽ.എ. കേസിൽ ഹൈക്കോടതി അനുവദിച്ച സ്റ്റേ കാലാവധി അവസാനിച്ചതോടെയാണ് നടപടി വീണ്ടും തുടങ്ങിയത്. ഒന്നാം പ്രതിയായ പരാതിക്കാരിക്ക് സമൻസ് അയക്കാനും കോടതി ഉത്തരവ് ഉണ്ട്.
പരാതിയിൽ പാർട്ടിയില്ല
കോൺഗ്രസ് പ്രവർത്തകനും അഭിഭാഷകനുമായ അഡ്വ. സുധീർ ജേക്കബാണ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. സമൻസിനെതിരെ കെ.ബി.ഗണേഷ് കുമാർ വീണ്ടും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സോളാർ ഗൂഢാലോചനക്കേസ് നിയമപരമായി നേരിടുമെന്ന് യുഡിഎഫും കോൺഗ്രസും പറയുന്നുണ്ടെങ്കിലും സംസ്ഥാന നേതാക്കളാരും കേസിൽ കക്ഷി ചേർന്നിട്ടില്ല
കേസ് വന്ന വഴി
പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ കൊട്ടാരക്കര കോടതി 624- 2021 നമ്പറായി പ്രതികള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് അടക്കം തെളിവുകള്‍ വാദി ഭാഗം കോടതിയില്‍ ഹാജരാക്കിയിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കം 14 പേര്‍ മൊഴി നല്‍കി. സമന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ.ബി.ഗണേഷ്‌കുമാറും പരാതിക്കാരിയും ഹൈക്കോടതിയെ സമീപിച്ചതോടെയാണ് തുടര്‍ നടപടികള്‍ ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തത്. പത്തനംതിട്ട ജയിലില്‍ വച്ച് എഴുതിയ കത്തില്‍ 21 പേജ് ഉണ്ടായിരുന്നെന്നും പിന്നീട് നാല് പേജ് കൂട്ടി ചേര്‍ത്ത് 25 പേജാക്കിയാണ് ജുഡീഷ്യല്‍ കമ്മിഷന് നല്‍കിയതെന്നും നടപടിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കാട്ടി അഡ്വ. സുധീര്‍ ജേക്കബ്, അഡ്വ.ജോളി അലക്‌സ് മുഖേന ഫയല്‍ ചെയ്തതാണ് കേസ്.