നയതന്ത്ര ചാനൽ വഴിയുള്ള സ്വർണ്ണക്കടത്തിലും ഡോളർ കടത്ത് കേസിലും പ്രതികൾക്ക് കോടികളുടെ പിഴ ചുമത്തി കസ്റ്റംസ് പ്രിവന്‍റീവ് കമ്മീഷണറുടെ റിപ്പോർട്ട്. രണ്ട് കേസുകളിലുമായി സ്വപ്ന സുരേഷിന് 6 കോടി 65 ലക്ഷവും, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ഒരു കോടി പതിനഞ്ച് ലക്ഷവുമാണ് പിഴ ചുമത്തിയിരിക്കുന്നത്. കോൺസുലേറ്റ് കേന്ദ്രീകരിച്ചുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ എം ശിവശങ്കർ അടക്കമുള്ള പ്രതികളുടെ അറിവോടെയെന്ന് റിപ്പോർട്ടിൽ പറയുന്നു.
പി.എസ്. സരിത്ത്, സന്ദീപ് നായര്‍, കെ.ടി. റമീസ്, യു.എ.ഇ. കോണ്‍സുലേറ്റ് മുന്‍ കോണ്‍സുല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബി, മുന്‍ അഡ്മിന്‍ അറ്റാഷെ റാഷിദ് ഖാമിസ് അല്‍ അഷ്മേയി എന്നിവര്‍ക്ക് ആറുകോടി വീതമാണ് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ രാജേന്ദ്രകുമാര്‍ പിഴ ചുമത്തിയത്.
മൊത്തം 44 പ്രതികളുള്ള കേസില്‍ ഏഴുപേരെ ഇനിയും പിടികൂടാനുണ്ട്. ഇവരൊഴികെയുള്ള പ്രതികളില്‍നിന്ന് 66.60 കോടി രൂപ പിഴ ഈടാക്കാനാണ് ഉത്തരവ്. മറ്റ് പ്രതികളെകൂടി പിടികൂടിയാല്‍ ഇവരില്‍നിന്നും പിഴ ഈടാക്കണമെന്ന് ഉത്തരവില്‍ പറയുന്നു. രാജ്യത്ത് ആദ്യമായാണ് സ്വര്‍ണക്കടത്ത് കേസില്‍ ഇത്രയും വലിയ തുക പിഴ ഈടാക്കുന്നത്
ഉത്തരവിനെതിരേ പ്രതികള്‍ക്ക് അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിക്കാം. ട്രിബ്യൂണലിന് ഉത്തവ് ശരിവെയ്ക്കുകയോ തിരുത്തലുകള്‍ ആവശ്യപ്പെടുകയോ ചെയ്യാം.
കൊച്ചി കസ്റ്റംസ് പ്രിവന്‍റീവ് കമ്മീഷണർ ആർ രജേന്ദ്ര കുമാറാണ് സ്വർണ്ണക്കടത്തിലും അനുബന്ധ കേസായ ഡോളർ കടത്തിലും കോടതിയിലെ കേസിന് പുറമെ പിഴ ചുമത്തിയത്. സ്വർണ്ണക്കടത്തിൽ ആകെ 44 പ്രതികൾക്കായി 66.60 കോടി രൂപയാണ് പിഴ, ഡോളർ കടത്തിൽ 6 പ്രതികൾക്കായി നാല് കോടി അമ്പത് ലക്ഷവും പിഴയുണ്ട്.കോൺസുലേറ്റിലെ മുൻ ഫിനാൻസ് മാനേജർ ഖാലിദ് മുഹമ്മദ് അൽ ഷൗക്രിയ്ക്ക് ഡോളർ കടത്ത് കേസിൽ ഒരു കോടി മുപ്പത് ലക്ഷം പിഴയുണ്ട്. യൂണിടാക് എം ഡി സന്തോഷ് ഈപ്പന് ഡോളർ കടത്ത് കേസിൽ 1 കോടി രൂപയും പിഴ ചുമത്തി.
കോൺസുലേറ്റ് കേന്ദ്രീകരിച്ച് നടത്തിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ റിപ്പോർട്ടിൽ പറയുന്നു. കോൺസുൽ ജനറലിന്‍റെ സ്ഥാപിത താൽപ്പര്യം സംരക്ഷിക്കുന്നതിൽ എം ശിവശങ്കറിന് പ്രധാന റോൾ ആയിരുന്നുവെന്നും എല്ലാ കാര്യങ്ങളും പ്രതികളുടെ അറിവോടെയാണ് നടന്നതെന്നും കസ്റ്റംസ് കമീഷണറുടെ റിപ്പോർട്ടിലുണ്ട്. കോൺസുലേറ്റിലെ മുൻ ഫിനാൻസ് മാനേജർ ഖാലിദ് ഒരു കോടതി 30 ലക്ഷം രൂപയുടെ വിദേശ കറൻസി സ്വപ്ന സുരേഷ്, സരിത് അടക്കമുള്ളവുടെ സഹായത്തോടെ കടത്തിയെന്നും റിപ്പോട്ടിൽ പറയുന്നു.
2020 ജൂലൈ അഞ്ചിനാണ് തിരുവനന്തപുരം കാര്‍ഗോ കോപ്ലക്സില്‍നിന്ന് കസ്റ്റംസ് സ്വര്‍ണം പിടിച്ചെടുത്തത്. ഏകദേശം 14.65 കോടി രൂപ മൂല്യം കണക്കാക്കുന്ന 30 കിലോ സ്വര്‍ണമാണ് പിടികൂടിയത്. 2019 മുതല്‍ 2020ന്റെ ആദ്യപാദംവരെ നയനന്ത്രബാഗേജുവഴി പ്രതികള്‍ സ്വര്‍ണം കടത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.


