കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തെരഞ്ഞ ക്രിക്കറ്റർ ആരെന്ന ചോദ്യത്തിന് ഉത്തരം വിരാട് കോലി. സെര്‍ച്ച് എന്‍ജിന്‍ ഭീമന്‍ ഗൂഗിള്‍ ചൊവ്വാഴ്ചയാണ് അവരുടെ 25 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവുമധികം തിരഞ്ഞ വിഷയങ്ങളുടെ പട്ടിക പുറത്തുവിട്ടത്. കോലിക്കൊപ്പം സച്ചിന്‍ തെണ്ടുല്‍ക്കര്‍, എം.എസ് ധോനി, രോഹിത് ശര്‍മ എന്നിവരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ക്രിക്കറ്റിലെ ബാറ്റിങ് റെക്കോഡുകള്‍ പലതും ഇന്ന് കോലിയുടെ പേരിലാണ്. ഒരിക്കലും മറ്റാരും മറികടക്കില്ലെന്ന് കരുതിയ സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോഡുകള്‍ പലതും തിരുത്തിയാണ് ഇപ്പോള്‍ കോലിയുടെ കുതിപ്പ്. ഗുളിൻ്റെ തന്നെ ചരിത്രവുമായി ബന്ധപ്പെട്ടത്താണ് കഴിഞ്ഞ 25 വർഷം. ക്രിക്കറ്റർമാരിൽ ഏറ്റവും അധികം അന്വേഷിച്ച പേര് കോലിയെന്നാണ്.
കായിക താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

അതേസമയം ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ കായിക താരം കോലിയല്ല. 38-ാം വയസിലും സൗദി ക്ലബ്ബ് അല്‍ നസറിനു വേണ്ടി കളിക്കുന്ന പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഗൂഗിളിന്റെ 25 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട കായികതാരം.
2023 ൽ അധികം പേർ തിരഞ്ഞത് ശുഭ്മാന്‍ ഗില്ലിനെ
2023-ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട ക്രിക്കറ്റ് താരങ്ങളുടെ പട്ടികയില്‍ കോലിയില്ല. ഇന്ത്യന്‍ താരം ശുഭ്മാന്‍ ഗില്ലാണ് ഈ പട്ടികയില്‍ ഒന്നാമത്.
ന്യൂസീലന്‍ഡിന്റെ യുവതാരം രചിന്‍ രവീന്ദ്രയാണ് രണ്ടാമത്. മുഹമ്മദ് ഷമി, ഗ്ലെന്‍ മാക്സ്വെല്‍, സൂര്യകുമാര്‍ യാദവ്, ട്രാവിസ് ഹെഡ് എന്നിവരും പട്ടികയിലുണ്ട്.
മുപ്പത്തിയഞ്ചുകാരനായ വിരാട് കോലി കൂടുതല്‍ രാജ്യാന്തര ഏകദിന സെഞ്ചുറികള്‍ എന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് അടുത്തിടെ ലോകകപ്പില്‍ മറികടന്നിരുന്നു. സച്ചിന് 49 ഉം കോലിക്ക് 50 ഉം സെഞ്ചുറികളാണ് ഏകദിനത്തില്‍ നിലവിലുള്ളത്. 292 ഏകദിനങ്ങളില്‍ 58.68 ശരാശരിയില്‍ 13848 റണ്‍സും 111 ടെസ്റ്റുകളില്‍ 49.3 ശരാശരിയില്‍ 29 ശതകങ്ങളോടെ 8676 റണ്‍സും 111 രാജ്യാന്തര ടി20യില്‍ ഒരു സെഞ്ചുറിയോടെ 4008 റണ്‍സുമാണ് കോലിയുടെ സമ്പാദ്യം. ടെസ്റ്റില്‍ ഏഴ് ഇരട്ട സെഞ്ചുറികളും കിംഗിന് സ്വന്തം.