Monday, August 18, 2025

ഗവർണറുടെ കാർ തടഞ്ഞ് കരിങ്കൊടി, എസ് എഫ് ഐ ക്രിമിനലുകൾ എന്ന് റോഡിലിറങ്ങി ആക്രോശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ രാഷ്ട്രീയ ബലാബലം കൈവിട്ടു. കാര്‍ തടഞ്ഞ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയതോടെ പുറത്തിറങ്ങിയ ഗവര്‍ണര്‍ മുഖ്യമന്ത്രിയുടെ ഗുണ്ടകളാണ് ഇവരെന്ന് ആക്രോശിച്ചു.

എസ്.എഫ്.ഐ. പ്രവര്‍ത്തകരെ ‘ബ്ലഡി ക്രിമിനല്‍സ്’ എന്നു വിശേഷിപ്പിച്ച ഗവര്‍ണര്‍ സംസ്ഥാനത്ത് ഭരണഘടനാ സംവിധാനം തകര്‍ന്നുവെന്ന് പറഞ്ഞു. തന്നെ ശാരീരികമായി ആക്രമിക്കാൻ മുഖ്യമന്ത്രി ആളുകളെ അയയ്ക്കുകയാണ് ചെയ്തത് എന്നും ആരോപിച്ചു.

‘ആര്‍എസ്എസ് ഗവര്‍ണര്‍ ഗോബാക്ക്’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രതിഷേധം. സംസ്ഥാനത്തെ യൂണിവേഴ്സിറ്റുകളിൽ സംഘപരിവാർ അജണ്ട നടത്താൻ ഗവർണർ ശ്രമിക്കുന്നയെന്നാരോപിച്ചാണ് എസ്എഫ്ഐ പ്രവർത്തകർ കഴിഞ്ഞ ദിവസങ്ങളിലായി ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിച്ചിരുന്നത്.

യൂണിവേഴ്‌സിറ്റി കോളജിനടുത്തുവെച്ചും പിന്നീട് ജനറല്‍ ആശുപത്രി പരിസരത്തുവെച്ചും രണ്ടുതവണ ഗവര്‍ണര്‍ക്കെതിരെ എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെ പ്രതിഷേധം അരങ്ങേറി. ഇതിനിടെ വൈകിട്ടോടെ വീണ്ടും പ്രതിഷേധം ഉണ്ടായതോടെയാണ് ഗവര്‍ണര്‍ ക്ഷുഭിതനായി റോഡിലിറങ്ങിയത്. വാഹനത്തില്‍നിന്നും ഇറങ്ങിയ ഗവര്‍ണര്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കു നേർക്ക് ശകാരവും തുടങ്ങി.

നിസ്സഹായമായിപ്പോയ പൊലീസ് ഏറെപാടുപെട്ടാണ് പ്രവര്‍ത്തകരെ പോലീസ് ജീപ്പില്‍ കയറ്റി ഇവിടെനിന്നും മാറ്റിയത്. തനിയ്ക്ക് സുരക്ഷ ഉറപ്പാക്കിയില്ലെന്നാരോപിച്ച് പോലീസുകാരേയും അദ്ദേഹം ശകാരിച്ചു.

പോലീസുകാര്‍ എല്ലാവരും കാറിനുള്ളില്‍ ഇരിക്കുകയായിരുന്നു. പാവപ്പെട്ട അവര്‍ എന്തുചെയ്യാനാണ്. അവര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ട്. ഞാന്‍ കാറില്‍നിന്നും ഇറങ്ങിയപ്പോള്‍ പ്രതിഷേധക്കാരെ ജീപ്പില്‍ കയറ്റി അവിടെനിന്നും മാറ്റുകയാണ് പോലീസുകാര്‍ ചെയ്തത്. മുഖ്യമന്ത്രിയുടെ കാറിനടുത്തേക്ക് ഇത്തരത്തില്‍ ആരെങ്കിലും വരാന്‍ പോലീസുകാര്‍ അനുവദിക്കുമോ. അതിവിടെ നടക്കുമോ എന്നായിരുന്നു ഗവർണറുടെ ചോദ്യം.

എന്നെ കായികമായി ആക്രമിക്കാന്‍ മുഖ്യമന്ത്രി പ്രതിഷേധക്കാരെ അയച്ചതാണ്. ഗുണ്ടകളാണ് ഇവിടെ ഭരിക്കുന്നത്. ഭരണഘടനാ സംവിധാനങ്ങള്‍ തകര്‍ന്നു. ഇവരുടെ ഗുണ്ടാരാജ് തുടരാന്‍ അനുവദിക്കില്ല എന്ന മുന്നറിയിപ്പും ഗവർണർ നൽകി.

ഭരണഘടനാ സംവിധാനങ്ങള്‍ തകരുന്നതും അനുവദിക്കാനാകില്ല. ഞാന്‍ ചെയ്യുന്ന ചില കാര്യങ്ങളോട് മുഖ്യമന്ത്രിക്ക് വിയോജിപ്പുണ്ടാവാം. അതിന് കായികമായി തന്നെ അക്രമിക്കാനുള്ള ഗൂഢാലോചനയാണോ മുഖ്യമന്ത്രി നടത്തേണ്ടതെന്നും ഗവര്‍ണര്‍ ചോദിച്ചു.

എസ് എഫ് ഐ പ്രവർത്തകർ കസ്റ്റഡിയിൽ

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ തലസ്ഥാനത്ത് കരിങ്കൊടി വീശി പ്രതിഷേധിച്ച 19 എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകിട്ട് രാജ്ഭവനിൽ നിന്ന് വിമാനത്താവളത്തിലേക്ക് പോയ ഗവര്‍ണര്‍ക്കെതിരെ മൂന്ന് സ്ഥലത്തായി കരിങ്കൊടി വീശി പ്രതിഷേധിച്ചവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പാളയത്ത് ഗവര്‍ണറുടെ വാഹനത്തിൽ അടിച്ചടക്കം പ്രതിഷേധിച്ച് ഏഴ് പേരെയും തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപത്ത് വച്ച് പ്രതിഷേധിച്ച ഏഴ് പേരെയും പേട്ടയിൽ പ്രതിഷേധിച്ച അഞ്ച് പേരെയുമാണ് കസ്റ്റഡിയിലെടുത്തത്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ എസ്എഫ്ഐ പ്രതിഷേധത്തിൽ വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദേശം നൽകി. ദൃശ്യങ്ങൾ ഉൾപ്പെടെ ചേർത്ത് വസ്തുതാ റിപ്പോർട്ട് തയ്യാറാക്കാനാണ് എഡിജിപിയുടെ നിർദേശം.

രമേശ് ചെന്നിത്തല

കേരളത്തിലെ ഭരണതലവന് പോലും പുറത്തിറങ്ങാനാവാത്ത രീതിയില്‍ ക്രമസമാധാനം തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗുണ്ടകളേയും സാമൂഹിക വിരുദ്ധരെയും പ്രോത്സാഹിപ്പിക്കുന്ന പിണറായിയുടെ നിലപാടാണ് നാടിനെ ഈ അവസ്ഥയിലെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്ക് ഗവര്‍ണറോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ ഇത്തരത്തില്‍ സ്വന്തം പാര്‍ട്ടിയിലെ സാമൂഹിക വിരുദ്ധരെ ഇറക്കിയത് തരംതാഴ്ന്ന നടപടിയായിപ്പോയി. ഗവര്‍ണര്‍ തെറ്റായ തീരുമാനങ്ങള്‍ എടുത്താല്‍ അതിനെ നേരിടുന്നതിന് വ്യവസ്ഥാപിത മാര്‍ഗ്ഗം സ്വികരിക്കുന്നതിനു പകരം ഇത്തരം നാണംകെട്ട രീതി ഒരു സര്‍ക്കാരിനും ചേര്‍ന്നതല്ല. സംസ്ഥാനത്ത് ഭരണസ്തംഭനത്തിന് പുറമേ ക്രമസമാധാനനിലയും പൂര്‍ണ്ണമായും തകര്‍ന്നു.

വി ഡി സതീശൻ

ഔദ്യോഗിക വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി തന്നെ കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രി ക്രിമിനലുകളെ അയച്ചുവെന്ന് ഗവര്‍ണര്‍ ആരോപിക്കുന്നത് സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുഖ്യമന്ത്രിയുടെ അറിവില്ലാതെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ഗവര്‍ണറെ തുടര്‍ച്ചയായി കരിങ്കൊടി കാണിക്കില്ലെന്ന് വ്യക്തമാണെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ ഔദ്യോഗിക വാഹനത്തില്‍വന്ന് ഇടിച്ചെന്ന് ഗവര്‍ണര്‍ തന്നെ ആരോപിക്കുന്ന സ്ഥിതിക്ക് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കുമോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണെന്നും പ്രതിപക്ഷ നേതാവ് പ്രസ്താവനയില്‍ പറഞ്ഞു.

Share post:

spot_imgspot_img

Popular

More like this
Related

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....