കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ ബാനർ കെട്ടിയതിൽ വൈസ് ചാൻസലറോട് വിശദീകരണം ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്ഭവൻ സെക്രട്ടറിക്കാണ് വി സിയോട് വിശദീകരണം ചോദിക്കാൻ നിർദേശം നൽകിയത്. ബാനറുകൾ കെട്ടാൻ അനുവദിച്ചത് എന്തിനെന്ന് വിശദീകരിക്കണം. ബാനറുകൾ എന്തുകൊണ്ട് നീക്കിയില്ലെന്ന കാര്യത്തിലും വിശദീകരണം തേടി. ഉടൻ ബാനറുകൾ നീക്കം ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്.
കോഴിക്കോട് ഒരു കുടുംബത്തിലെ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് ഗവർണർ ഗസ്റ്റ് ഹൗസിൽ നിന്നും പുറത്തിറങ്ങി നടപടി നിർദ്ദേശിച്ചത്. ബാനറുകൾ അഴിച്ചു മാറ്റത്തതിലുള്ള അതൃപ്തി പൊലീസിനോട് പ്രകടിപ്പിച്ചു. തുടർന്ന് രാജ്യസഭാ സെക്രട്ടറിയെ ഫോണിൽ വിളിച്ചു വി സിയോട് വിശദീകരണം തേടാൻ നിർദേശിച്ചത്.
‘ചാൻസലർ ഗോ ബാക്ക്’ബാനറുകളും ബോർഡുകളും കറുപ്പിലാണ്. ‘സംഘി ചാൻസലർ വാപസ് ജാ’ ‘മിസ്റ്റര്‍ ചാന്‍സലര്‍ യൂ ആര്‍ നോട്ട് വെല്‍ക്കം’, ‘സംഘി ചാന്‍സലര്‍ വാപസ് ജാവോ’ എന്നിങ്ങനെയാണ് ബാനറുകൾ.
ഗവണർ ആർ എസ് എസ് നിർദ്ദേശം അനുസരിച്ച് പെരുമാറുന്നു എന്ന് മുഖ്യമന്ത്രി
ഇതിനിടെ ഗവർണർ ആർഎസ്എസ് നിർദേശം അനുസരിച്ച് പെരുമാറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഗവർണറുടെ നടപടി പ്രതിഷേധങ്ങൾ വിളിച്ചുവരുത്തുന്നു.ഗവർണർ എന്തൊക്കെയോ പറയുന്നു. പ്രകോപനം ഉണ്ടാക്കാൻ ശ്രമിക്കുന്നു. മുൻപ് രാഷ്ട്രീയക്കാരൻ ആയിരുന്ന ഒരാൾ എങ്ങനെയാണ് ബ്ലഡി ക്രിമിനൽസ് എന്ന് വിളിക്കുന്നത്. വിവേകം ഇല്ലാത്ത നടപടിയാണത്. ഉന്നത സ്ഥാനത്ത് ഇരിക്കുന്ന ആൾക്ക് പറയാൻ പറ്റുന്ന വാക്കുകൾ അല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു
കേന്ദ്രത്തിന്റെ സഹായത്തിലാണ് സർവകലാശാലകളിൽ ആളുകളെ കണ്ടെത്തി ഗവർണർ നിയമിച്ചത്. ആർഎസ്എസ് നിർദേശമാണ് ഗവർണർ അനുസരിച്ചത്. വിദ്യാർഥികൾ പ്രതിഷേധിക്കുന്നത് അക്കാര്യത്തിലാണ്. പ്രതിഷേധക്കുന്നവർക്ക് എതിരെ രൂക്ഷമായ വാക്കുകളാണ് ഗവർണർ ഉപയോഗിക്കുന്നത്. പരമാവധി പ്രകോപനം സൃഷ്ടിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭ തീരുമാനിച്ചിട്ടും ചാന്‍സിലര്‍ പദവിയില്‍ കടിച്ചു തൂങ്ങുന്ന ഗവര്‍ണര്‍, സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് സുരക്ഷയില്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് മന്ത്രി പി രാജീവ് വിമര്‍ശിച്ചു. പേരക്കുട്ടികളുടെ പ്രായമുള്ളവരെ വെല്ലുവിളിക്കുന്ന ഗവര്‍ണര്‍ സ്വന്തം പ്രായം നോക്കണമെന്നായിരുന്നു മന്ത്രി എം ബി രാജേഷിന്റെ പ്രതികരണം. എസ് എഫ് ഐ ഇന്ന് പ്രതിഷേധം ഒഴിവാക്കിയെങ്കിലും കനത്ത സുരക്ഷയിലാണ് സര്‍വകലാശാല.


