രാജ്യത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഏകീകൃത തിരിച്ചറിയില്‍ നമ്പര്‍ ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ നീക്കം. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായിട്ടാണ് പരിഷ്‌ക്കാരം എന്നാണ് വിശദീകരണം.
ഇതുസംബന്ധിച്ച നടപടികൾക്ക് സംസ്ഥാനങ്ങൾക്ക് ഉത്തരവ് കൈമാറി. ഒരു രാജ്യം, ഒരു ഐ.ഡി എന്നതാണ് പദ്ധതി. രാജ്യത്തെ ഓരോ പൌരനെയും പട്ടാള ചിട്ടയിൽ നമ്പറിട്ട് വേർതിരിക്കുകയാണ് ഫലത്തിൽ ചെയ്യുന്നത്. അധികാരവുമായി ബന്ധപ്പെട്ട ഐ ഡി നമ്പർ മാത്രമായി ഓരോ പൌരനും ഭാവിയിൽ മാർക്ക് ചെയ്യപ്പെടും. ഭരണ കൂടങ്ങൾക്ക് ഇത് പൌരൻമാരെ വർഗ്ഗീകരിക്കാനുള്ള ഡാറ്റാ ബേസ് ആയിത്തീരും.

രക്ഷിതാക്കളുടെ അനുമതിയോടെയാണ് ഇത് നടപ്പിലാക്കുക. ഓട്ടോമേറ്റഡ് പെര്‍മനന്റ് അക്കാദമിക്ക് അക്കൗണ്ട് രജിസ്ട്രി (APAAR-അപാര്‍) ആണ് തയ്യാറാക്കുന്നത്. പ്രിപ്രൈമറി മുതല്‍ ഉന്നത വിദ്യാഭ്യാസ തലം വരെ ഇത് ഉപയോഗിക്കാം. സ്വകാര്യ/ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് എല്ലാം പരിഷ്‌ക്കാരം ബാധകമാണ് എന്നും പറയുന്നുണ്ട്. ഇതോടെ ഏറ്റവും അധികം സജീവമായിട്ടുള്ളതും അധികാര കേന്ദ്രീകരണത്തിന് എതിരെ ആദ്യ പ്രതികരണം രൂപീകരിക്കപ്പെടുന്നതുമായ വിദ്യാർഥി സമൂഹത്തെ ഭരണകൂടത്തിന് നേരിട്ടുള്ള ആജ്ഞയ്ക്ക് കീഴിൽ കൊണ്ടു വരാൻ കഴിയും.
കുട്ടിയുടെ മുഴുവന്‍ വിദ്യാഭ്യാസ രേഖയും സൂക്ഷിക്കുന്ന എജ്യുലോക്കറാണ് ലക്ഷ്യം വെക്കുന്നത്. അതിനാല്‍ തന്നെ ഇത് ജീവിത കാലം മുഴുവന്‍ ഉപയോഗിക്കാവുന്ന തിരിച്ചറിയല്‍ രേഖയാകും. പൊക്കം, രക്തഗ്രൂപ്പ് തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ ശേഖരിക്കും. ആധാറിലെ അടിസ്ഥാന വിവരങ്ങള്‍ ഉപയോഗിച്ചാണ് കാര്‍ഡ് പ്രാഥമികമായി തയ്യാറാക്കുക.
ആധാർ നിലനിൽക്കെ എന്തിനാണ് ഇത്തരം വർഗ്ഗീകരണം എന്നതിന് വിശദീകരണം ഇല്ല. ഇതുകൊണ്ട് വിദ്യാർഥികൾക്ക് എന്തെങ്കിലും നേട്ടം ഉണ്ടാവുന്നതായും വ്യക്തതയില്ല. കോർപ്പറേറ്റ് കമ്പനികൾക്ക് ഈ ഡാറ്റ സാഹായകമാവും. ഓരോ വ്യക്തിയുടെയും നമ്പർ ലഭിച്ചാൽ വർഗ്ഗീകരണം എളുപ്പമാവും. ഇതേ പോലെ ഭരണകൂടങ്ങൾക്കും വ്യക്തിയെ ലക്ഷ്യം വെക്കുക എളുപ്പമാവും.
നവ ലോക ക്രമത്തിനകത്ത് പൌരനെ എങ്ങിനെ നിരന്തരവും തുടർച്ചയായും ജീവിത കാലം മുഴുവൻ അധികാരത്തിൻ്റെ നിരീക്ഷണത്തിനും വിധേയത്വത്തിനും കീഴിൽ കൊണ്ടു വരാൻ കഴിയും എന്നതാണ് ഈ നമ്പറിൻ്റെ ഏറ്റവും എളുപ്പമായ ഫലം എന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

സ്‌കൂളുകളാണ് ഇതിന്റെ നടപടികള്‍ ചെയ്യുന്നത്. ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അല്ലാതെ വിവരങ്ങളെടുക്കാനായി സാധിക്കില്ല എന്നും സർക്കാർ അവകാശപ്പെടുന്നുണ്ട്. ജില്ല ഇന്‍ഫോര്‍മേഷന്‍ ഫോര്‍ എജ്യുക്കേഷന്‍ പോര്‍ട്ടലിലാണ് ഈ വിവരങ്ങളെല്ലാം സൂക്ഷിക്കുക. മൊബൈൽ കമ്പനികൾ പോലും ആധാർ വിവരങ്ങളും ബയോമെട്രിക് വിവരങ്ങളും ശേഖരിച്ച് സൂക്ഷിക്കുന്ന സാഹചര്യത്തിലാണ് ഇത് രഹസ്യ രേഖയാവും എന്ന അവകാശ വാദത്തിൽ കുഞ്ഞുങ്ങളുടെ മുതൽ ഡാറ്റ ശേഖരിക്കാൻ സർക്കാർ ഒരുങ്ങുന്നത്.


