കാലങ്ങളായുളള കാത്തിരിപ്പിനൊടുവിൽ കോഴിക്കോട് കൊച്ചി തുറമുഖങ്ങളിൽ നിന്നും ഗള്‍ഫ് നാടുകളിലേക്കുള്ള കപ്പൽ സർവ്വീസിന് സാധ്യത തെളിയുന്നു. ബേപ്പൂര്‍-കൊച്ചി-ദുബായ് സെക്ടറില്‍ പ്രവാസിയാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് കപ്പല്‍ സര്‍വീസ്. ഇത് സംബന്ധിച്ച ഹൈബി ഈഡന്‍ എം.പി.യുടെ ചോദ്യത്തിന് ലോക്സഭയില്‍ കേന്ദ്ര കപ്പല്‍ ഗതാഗതമന്ത്രി സര്‍ബാനന്ദ് സോനോവാൾ മറുപടി നൽകി.
യാത്രക്കപ്പല്‍ സര്‍വീസ് ആരംഭിക്കാന്‍ ടെണ്ടർ നടപടിക്രമങ്ങള്‍ക്ക് തടസ്സമില്ലെന്ന് അദ്ദേഹം അറിയിച്ചു. കപ്പല്‍ സര്‍വീസിന് കേരള മാരിടൈം ബോര്‍ഡും നോര്‍ക്ക റൂട്സും വഴിയാവും ടെണ്ടർ ക്ഷണിക്കുക. സര്‍വീസിന് കപ്പല്‍ വിട്ടുകൊടുക്കാന്‍ കഴിയുന്ന കമ്പനികള്‍, സര്‍വീസ് നടത്താന്‍ താത്പര്യമുള്ള കമ്പനികള്‍ എന്നിവര്‍ക്ക് താത്പര്യപത്രം നൽകാം.
ദീർഘകാലമായുള്ള ആവശ്യമാണ് ഗൾഫ് രാജ്യങ്ങളിലേക്കുള്ള കപ്പൽ സർവ്വീസ്. ബേപ്പൂരിൽ പ്രതാപം നഷ്ടമായ തുറമുഖത്തെ ഇതിന് വേണ്ടി പ്രയോജനപ്പെടുത്താം എന്ന കണ്ടെത്തൽ ഉണ്ടായിരുന്നു. ഏറ്റവും അധികം ഗൾഫ് യാത്രികർ ഉള്ളതും മലബാറിൽ നിന്നാണ്. എന്നാൽ ഈ ആവശ്യങ്ങൾ ചർച്ചകൾക്കും പ്രഖ്യാപനങ്ങൾക്കും അപ്പുറം കടക്കാറില്ല. വൻ സാമ്പത്തിക താത്പര്യങ്ങളും ഇതിന് വിനയായി തീർന്നിട്ടുണ്ട്. അടുത്ത കാലത്തായി കേരള സർക്കാരും കപ്പൽ സർവ്വീസ് എന്ന ആവശ്യത്തിനായി ശക്തമായി രംഗത്ത് വന്നു.
വിമാനടിക്കറ്റ് ചാര്‍ജിനത്തില്‍ വന്‍തുക നല്‍കിയാണ് ഇപ്പോള്‍ പ്രവാസികള്‍ കേരളത്തിലെത്തുന്നത്. വിമാനടിക്കറ്റിന്റെ മൂന്നിലൊരുഭാഗംമാത്രമേ കപ്പലിന് വരുകയുള്ളൂ. വിമാനത്തില്‍ കൊണ്ടുവരുന്ന ലെഗേജിന്റെ മൂന്നിരട്ടി കപ്പലില്‍ കൊണ്ടുവരാനും കഴിയും.