Sunday, August 17, 2025

ഞാനിവിടെ തന്നെയുണ്ടെന്ന് പറഞ്ഞ് ഹാദിയ വീണ്ടും കേസുമായി പിതാവ്

മകളെക്കുറിച്ച് വിവരമില്ലെന്നും കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ട്, സംസ്ഥാനത്ത് ഏറെ ചര്‍ച്ചയായ മതപരിവര്‍ത്തനകേസിലെ ഹാദിയ (അഖില)യുടെ പിതാവ് വൈക്കം സ്വദേശി അശോകന്‍ വീണ്ടും ഹൈക്കോടതിയില്‍. മകളുടെ ജീവന്‍ അപകടത്തിലായേക്കുമെന്നും അവളെ തടവില്‍ വച്ചിരിക്കുന്നവര്‍ക്ക് നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി അടുത്ത ബന്ധമുണ്ടെന്നും പുതിയ വാദം കൂടി ഹേബിയസ് കോര്‍പസ് ഹര്‍ജിയിൽ അശോകന്‍ ആരോപിക്കുന്നു.

ഹാദിയയെ പിന്തുടരുന്ന മതങ്ങളും അവരുടെ രാഷ്ട്രീയവും

ഇസ്‌ലാം മതത്തിൽ ആകൃഷ്ടയായി ആ മതം  സ്വീകരിച്ച വിദ്യാർഥിനിയാണ് ഹാദിയ എന്ന അഖില. ഇവർ പിന്നീട്, ഷെഫിൻ ജഹാൻ എന്ന യുവാവുമായി നിയമപരമായി വിവാഹ ബന്ധത്തിലായി. ഇതിനെതിരെ ഹാദിയയുടെ അച്ഛൻ കെ എം അശോകൻ ഹർജി നൽകിയതോടെയായിരുന്നു 2017ൽ ഹാദിയ എന്ന യുവ ഡോക്ടർ ശ്രദ്ധാകേന്ദ്രമായത്.

ഇപ്പോൾ അശോകൻ നൽകിയ പരാതിയിലൂടെ ഹാദിയ വീണ്ടും വാർത്തകളിലേക്ക് തിരിച്ചെത്തുകയാണ്. ഹാദിയയും ഷെഫിൻ ജഹാനും തമ്മിൽ നിയമപരമായി വേർപിരിഞ്ഞിട്ടുണ്ട്. മാത്രമല്ല ഹാദിയ വീണ്ടും വിവാഹിതയാവുകയും ചെയ്തു. ഇതിന് ശേഷമാണ് പുതിയ കേസുമായി പിതാവ് എത്തുന്നത്.

ഹോമിയോ ഡോക്ടറായ ഹാദിയ മീഡിയാ വണ്‍ ടെലിവിഷന്‍ ചാനലിന് നൽകിയ അഭിമുഖത്തിൽ  താനും ഷെഫിൻ ജഹാനും തമ്മിലുള്ള ബന്ധം നിയമപരമായി വേർപിരിഞ്ഞതായും, സ്വന്തം ഇഷ്ടപ്രകാരം മറ്റൊരു വ്യക്തിയെ വിവാഹം ചെയ്തു ജീവിക്കുകയാണെന്നും വ്യക്തമാക്കി. “വിവാഹബന്ധത്തിൽ ഏർപ്പെടാനും അതിൽ നിന്നും പിരിയാനും വീണ്ടും വിവാഹിതരാകാനും ഭരണഘടന എല്ലാവർക്കും അവകാശം നൽകിയിട്ടുണ്ട്. നമ്മുടെ സമൂഹത്തിൽ ഒരു സാധാരണ കാര്യവുമാണ്. എന്നാൽ, എന്റെ കാര്യത്തിൽ സമൂഹം എന്തിനാണ് ഇങ്ങനെ ഇടപെടുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല.

തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ള മുതിർന്ന ആളാണ് ഞാൻ. ഞാനും ഷെഫിൻ ജഹാനുമായുള്ള വിവാഹം തുടരാൻ കഴിയാതെ വന്നപ്പോൾ ഞങ്ങൾ ഒരുമിച്ച് തീരുമാനമെടുത്ത് അതിൽ നിന്ന് മാറി. എനിക്ക് ഇഷ്ടമുള്ള മറ്റൊരാളെ വിവാഹം കഴിച്ചു. ഞാൻ സന്തോഷവതിയാണ്, ഇപ്പോഴും മുസ്‌ലിമായി ജീവിക്കുന്നു.” തന്‍റെ മാതാപിതാക്കൾക്കും പുനർവിവാഹത്തെക്കുറിച്ച് അറിയാമെന്നും അവർ ആ അഭിമുഖത്തിൽ പറഞ്ഞു.

മകളെ കണ്ടെത്താനായില്ലെന്ന് കാണിച്ച് വൈക്കം സ്വദേശിയായ പിതാവ് കെ എം അശോകൻ കേരള ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകി. ഈ വാർത്ത വന്നതിന് പിന്നാലെ തന്നെ ഹാദിയയുടെ ടെലിവിഷൻ അഭിമുഖവും വന്നു. ഹർജി അടുത്തയാഴ്ച ഹൈക്കോടതി പരിഗണിക്കും.

അഭിമുഖത്തിൽ തന്റെ അച്ഛൻ എന്തിനാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് അറിയില്ലെന്ന് ഹാദിയ പറഞ്ഞു. അച്ഛനെ സംഘപരിവാർ ഒരു ടൂൾ ആയി ഉപയോഗിക്കുകയാണെന്ന് ആരോപിച്ച ഹാദിയ, അച്ഛൻ അതിന് നിന്നുകൊടുക്കുന്നതാണ് സങ്കടകരമെന്നും പറഞ്ഞു. “ഞാനൊരു മുസ്‌ലിമാണ്, മുസ്‌ലിമാകാനാണ് ഞാനിത്രയും കാലം നിന്നിട്ടുള്ളത്. മുസ്‌ലിം ആയ ശേഷമാണ് വിവാഹിതയായത്” എന്നും അഭിമുഖത്തിൽ ഹാദിയ വ്യക്തമാക്കുന്നുണ്ട്. തന്റെ പുതിയ ജീവിത പങ്കാളിയെക്കുറിച്ച് പറയാൻ ആഗ്രഹിക്കുന്നില്ലെന്നും അത് തങ്ങളുടെ സ്വകാര്യ ജീവിതമാണെന്നും അവർ പറഞ്ഞു. 

മലപ്പുറം ജില്ലയിൽ ഒരു ക്ലിനിക്ക് നടത്തിവരികയായിരുന്നു ഹാദിയ. വിവാഹമോചിതയായ ശേഷം തിരുവനന്തപുരത്തേക്ക് താമസം മാറി.

കോട്ടയത്തെ ഈഴവ കുടുംബത്തിൽ കെ എം അഖില എന്ന പേരിൽ ജനിച്ച ഹാദിയ തമിഴ്‌നാട്ടിൽ മെഡിസിൻ പഠിക്കുമ്പോഴാണ് ഇസ്‌ലാമിലേക്ക് ആകർഷിക്കപ്പെടുന്നത്. പിന്നീട്, അവർ ആ  വിശ്വാസം സ്വീകരിച്ചു. അതിന് ശേഷം ഗൾഫിൽ ജോലി ചെയ്തിരുന്ന ഷെഫിൻ ജഹാനെ വിവാഹം കഴിക്കുകയും ചെയ്തു.

കോടതിയും അങ്കലാപ്പിലായ കേസ്

ഇവരുടെ വിവാഹത്തെ ചോദ്യം ചെയ്ത് ഹാദിയയുടെ അച്ഛൻ കേരള ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകിയതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. കോടതി വിവാഹം അസാധുവാക്കുകയും മാതാപിതാക്കൾക്ക് ഹാദിയയുടെ കസ്റ്റഡി അനുവദിക്കുകയും ചെയ്തത് സംസ്ഥാനത്ത് വലിയ ചർച്ചയ്ക്കും വിദ്വേഷ, വ്യാജ ക്യാംപെയിനുകൾക്കും കാരണമായി. മാസങ്ങളോളം പൊലീസ് സംരക്ഷണത്തിലാണ് ഹാദിയ താമസിച്ചിരുന്നത്.

2018 മാർച്ചിൽ, അവരുടെ വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള ഹാദിയയുടെ അവകാശം സംരക്ഷിച്ചുകൊണ്ട് സുപ്രീം കോടതി വിധി വന്നു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഷെഫിൻ ജഹാനും ഹാദിയയും വീണ്ടും വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ഹൈക്കോടതി വിധിക്കെതിരെ  ഷെഫിൻ ജഹാൻ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി നടപടിയെടുത്തത്. തന്റെ മകളെ “തീവ്രവാദി”യുമായി പോകാൻ അനുവദിക്കാനാവില്ലെന്ന് ആരോപിച്ച് അശോകനും കേസിൽ കക്ഷി ചേർന്നിരുന്നു.

എൻ ഐ എ അന്വേഷിച്ച വിവാഹം

ഇസ്‌ലാം മതം സ്വീകരിക്കാൻ ഹാദിയയെ ആരെങ്കിലും നിർബന്ധിച്ചോ എന്ന കാര്യം ദേശീയ അന്വേഷണ ഏജൻസിയും അന്വേഷിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കറും ഡി വൈ ചന്ദ്രചൂഡും അടങ്ങുന്ന മൂന്നംഗ സുപ്രീം കോടതി ബെഞ്ച് എൻഐഎയ്ക്ക് അനുമതി നൽകിയിരുന്നു

തന്റെ മകൾ ഡോ. അഖില എന്ന ഹാദിയയെ മലപ്പുറം സ്വദേശിനാിയായ എ എസ് സൈനബ അടക്കമുള്ളവർ ചേർന്ന്  തടവിലാക്കിയിരിക്കുകയാണെന്ന് ആരോപിച്ച്  ഹാദിയയുടെ അച്ഛന്‍ കെ എം അശോകൻ ഹൈക്കോടതിയില്‍ ഹേബിയസ് കോർപ്പസ് ഹർജി നൽകി. ഹേബിയസ് കോർപ്പസ് ഹർജികൾ പരിഗണിക്കുന്ന ബെഞ്ച് ചൊവ്വാഴ്ച ഈ കേസ് പരിഗണിക്കും. 

ഷെഫിൻ ജഹാനെ വിവാഹം കഴിച്ച ശേഷം ഹാദിയ  മലപ്പുറത്ത് ഹോമിയോ ക്ലിനിക്ക് നടത്തുകയായിരുന്നു. കുറച്ചുകാലമായി മകളെ ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ലെന്നും പലപ്പോഴും ഫോണ്‍ സ്വിച്ച്ഡ് ഓഫുമായിരുന്നു. ഡിസംബർ മൂന്നിന് മലപ്പുറത്തെ ക്ലിനിക്കിൽ എത്തിയപ്പോൾ അത് അടഞ്ഞ് കിടക്കുകയായിരുന്നു. ഒന്നും അറിയില്ലെന്നാണ് അയൽവാസികൾ പറഞ്ഞത്. തടവിൽ നിന്ന് മകളെ മോചിപ്പിച്ച് തന്റെ കുടെ വിടാൻ ഉത്തരാവാകണമെന്നാണ് അശോകൻ ഉന്നയിച്ച ആവശ്യം.

യുട്യൂബിൽ വന്ന ഹാദിയയുടെ വീഡിയോ അഭിമുഖം

Share post:

spot_imgspot_img

Popular

More like this
Related

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....