ഇസ്രയേലില്‍ ഹമാസ് നടത്തിയത് ഭീകരാക്രമണം തന്നെയെന്ന് വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി. അതേ സമയം സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണമെന്ന ഇന്ത്യയുടെ നിലപാടില്‍ മാറ്റമില്ലെന്നും അരിന്ദം ബാഗ്ചി പറഞ്ഞു.
ഇസ്രയേലുമായി സമാധാനം പുലര്‍ത്തുന്ന, പരമാധികാരമുള്ളതും സ്വതന്ത്രവും സ്വയംപര്യാപ്തവുമായ പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണമെന്ന ആവശ്യത്തിൽ മാറ്റമില്ല. ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന വാദത്തില്‍ എക്കാലവും ഇന്ത്യ ഉറച്ചു നില്‍ക്കുന്നു. പലസ്തീൻ രാജ്യത്തോടുള്ള ഇന്ത്യയുടെ നിലപാട് മാറ്റമില്ലാതെ തുടരുക തന്നെ ചെയ്യും, ബാഗ്ചി വ്യക്തമാക്കി.
മനുഷ്യത്വപരമായ നിയമങ്ങള്‍ പാലിക്കുക എന്ന ധാര്‍മികബാധ്യത സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. അങ്ങിനെയിരിക്കെ തന്നെ ഏതു രൂപത്തിലുള്ള ആഗോളഭീകരതയ്‌ക്കെതിരെയും പോരാടേണ്ട ഉത്തരവാദിത്വമുണ്ടെന്നും ചൂണ്ടികാട്ടി.
ഇന്ത്യയുടെ ഇക്കാര്യത്തിലെ നയം ഇസ്രയേൽ അനുകൂലമായി വ്യാഖ്യാനിക്കപ്പെടുന്ന പശ്ചാതലത്തിലാണ് വ്യക്തമാക്കൽ. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഭീകരാക്രമണം നേരിടുന്നതിൽ ഇന്ത്യ ഇസ്രയേലിന് ഒപ്പമാണെന്ന് പ്രഖ്യാപിച്ചിരുന്നു. രണ്ട് തവണ ഇത് ആവർത്തിച്ചു. ഇത് നയം മാറ്റമായി ലോക വ്യാപകമായി ചർച്ച ഉയർന്നതോടെയാണ് വ്യക്തമാക്കൽ.
നിയമാനുസൃതവും സുരക്ഷിതവുമായ അതിർത്തികളോടെ പലസ്തീൻ്റെ നിലനിൽപിനെ അനുകൂലിക്കുന്നു എന്നാണ് വിദേശ കാര്യ വക്താവ് വ്യക്തത വരുത്തിയത്. വിദേശ മാധ്യമങ്ങൾ പ്രധാനമന്ത്രിയുടെ പ്രസ്താവനയെ പ്രാധാന്യത്തോടെയാണ് പ്രസിദ്ധപ്പെടുത്തിയിരുന്നത്
ഇസ്രയേലില്‍ ഏകദേശം 18,000 ഇന്ത്യക്കാരും വെസ്റ്റ്ബാങ്കില്‍ 12 പേരും ഗാസ മുനമ്പില്‍ നാലു പേരുമുണ്ടെന്നും ബാഗ്ചി അറിയിച്ചു. ഇപ്പോൾ ഇവർക്ക് സഹായം നൽകുന്നതിനാണ് മുനഗണന എന്നും പ്രതികരിച്ചു. Operation Ajay എന്ന പേരിലാണ് ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന മിഷൻ ആരംഭിച്ചിട്ടുള്ളത്.


