കാണിക്കയായി ലഭിച്ച സ്വര്‍ണ്ണം നിക്ഷേപമാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ അനുമതി. എസ്ബിഐയുടെ ഗോള്‍ഡ് മോണിട്ടൈസേഷന്‍ പദ്ധതിയില്‍ നിക്ഷേപിക്കാനാണ് ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കിയത്. ഇതുവരെ കാണിക്കയായി ലഭിച്ച 535 കിലോഗ്രാം സ്വര്‍ണ്ണം അഞ്ച് വര്‍ഷത്തേക്ക് നിക്ഷേപിക്കാനാണ് അനുമതി.
നിക്ഷേപത്തിലൂടെ ലഭിക്കുന്ന പലിശ ദേവസ്വം ബോര്‍ഡിന്റെ പ്രത്യേക അക്കൗണ്ടില്‍ നിക്ഷേപിക്കണം. കോടതിയുടെ അനുമതിയോടെ പലിശ ഉപയോഗിക്കാമെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നു. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, പി ജി അജിത് കുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചിന്റേതാണ് അനുമതി ഉത്തരവ്.
ശബരിമലയില്‍ ഉള്‍പ്പടെ 16 സ്‌ട്രോങ് റൂമുകളിലായി സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ ഉരുക്കി സ്വര്‍ണക്കട്ടികളാക്കി മാറ്റും. തുടര്‍ന്ന് സ്വര്‍ണം എസ്ബിഐയുടെ നിക്ഷേപ പദ്ധതിയിലേക്ക് മാറ്റാം. ഇതിന് അനുമതി തേടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. പ്രതിഷ്ഠക്ക് വേണ്ടിയുള്ളതും പൗരാണിക മൂല്യമുള്ളതുമാണ് സ്വര്‍ണ്ണം. ക്ഷേത്രാവശ്യത്തിനായി ഉപയോഗിക്കാതെ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണമാണിത്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെയാണ് എസ്ബിഐ സ്വര്‍ണ നിക്ഷേപ പദ്ധതി നടപ്പാക്കുന്നത്.
സ്വര്‍ണത്തിന്റെ നിലവിലെ വില കണക്കാക്കി 2.25 ശതമാനം വാര്‍ഷിക പലിശ ദേവസ്വം ബോര്‍ഡിന് ലഭിക്കും. വര്‍ഷം ആറു മുതല്‍ ഏഴ് കോടി രൂപയോളം ഇതിലൂടെ ദേവസ്വം ബോര്‍ഡിന് ലഭിക്കും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ സ്വര്‍ണമായി തന്നെ തിരികെ നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പലിശയായി ലഭിക്കുന്ന തുക പ്രത്യേകം അക്കൗണ്ടില്‍ സൂക്ഷിക്കണം. ഹൈക്കോടതിയുടെ അനുമതിയോടെ മാത്രമേ തുക വിനിയോഗിക്കാനാവൂ.
നിക്ഷേപ പദ്ധതിയിലേക്ക് മാറ്റുന്ന സ്വര്‍ണത്തിന്റ ലിസ്റ്റ് ദേവസ്വം ബോര്‍ഡിന്റെ ഓഡിറ്റ് വിഭാഗം സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കൈമാറണം. സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടറുടെ അനുമതിയോടെ സ്വര്‍ണം നിക്ഷേപ പദ്ധതിയിലേക്ക് മാറ്റാനുമാണ് ദേവസ്വം ബെഞ്ചിന്റെ അനുമതി. സ്വര്‍ണ്ണ നിക്ഷേപത്തിന് എസ്ബിഐ ഡെപ്പോസിറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കുന്നു.