യൂത്ത് കോൺഗ്രസ്സ് തെരഞ്ഞെടുപ്പിൽ വ്യാജ ഐഡികാർഡ് ഉപയോഗിച്ചെന്ന കേസിൽ അന്വേഷണം സിബിഐക്ക് വിടണമെന്ന ഹർജിയിൽ ഹൈക്കോടതി സംസ്ഥാന പൊലീസ് മേധാവിയോട് വിശദീകരണം തേടി. കേസ് ഹൈക്കോടതി ക്രിസ്മസ് അവധിക്ക് ശേഷം വീണ്ടും പരിഗണിക്കും.
തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തിരിച്ചറിയൽ കാർഡ് വ്യാജമായി നിർമ്മിച്ചെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു. വിഷയത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് സിബിഐ അന്വേഷണമെന്ന ആവശ്യം ഉയർന്നത്. ഇതിലാണ് പൊലീസ് റിപ്പോർട്ട് തേടിയത്.
മൂവാറ്റുപുഴ സ്വദേശിയാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. നിഷ്പക്ഷ അന്വേഷണത്തിനായി കേസ് സി.ബി.ഐയ്ക്ക് വിടാൻ നിർദേശം നൽകണമെന്നാണാവശ്യം. ഹർജിക്കാരൻ്റെ പേരിൽ വ്യാജ ഐ.ഡി. കാർഡുപയോഗിച്ച് യൂത്ത് കോൺഗ്രസ് മെമ്പർഷിപ്പെടുത്തു. ഇതിനു പിന്നിലുള്ള കുറ്റക്കാരെ കണ്ടെത്താൻ യൂത്ത് കോൺഗ്രസ് സെൻട്രൽ ഓഫീസിലെ രേഖകൾ പിടിച്ചെടുക്കണം എന്നും ഹർജിയിൽ പറയുന്നുണ്ട്.
കേസില്‍, പിടിച്ചെടുത്ത 24 തിരിച്ചറിയല്‍ കാര്‍ഡുകള്‍ വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയത്. അഭി വിക്രമിന്റെ ഫോണില്‍ നിന്നും ബിനിലിന്റെ ലാപ്‌ടോപ്പില്‍ നിന്നുമാണ് തിരിച്ചറിയില്‍ കാര്‍ഡുകളുടെ കോപ്പികള്‍ കണ്ടെത്തിയത്. പ്രതികള്‍ക്ക് എതിരെ കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. വ്യാജ കാര്‍ഡുകള്‍ പരസ്പരം കൈമാറിയതിനും തെളിവുണ്ടെന്ന് പോലീസ് വ്യക്തമാക്കി. പിടിച്ചടുത്ത കാര്‍ഡുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ഹാജരാക്കുന്നതായും വ്യക്തമാക്കിയിരുന്നു.
രാഷ്ട്രീയ വിവാദം
ഏത് അന്വേഷണവും നടക്കട്ടെയെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പ്രതികരണം. തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നു. യാതൊരു ആശങ്കയും ഇല്ല. ആർക്കുവേണമെങ്കിലും പരാതി കൊടുക്കാമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞിരുന്നു.
ഇലക്ഷൻ കമ്മീഷൻ വിഷയം ഗൗരവമായി എടുത്ത് വിശദീകരണം തേടിയിരുന്നു. വ്യാപകമായി വ്യാജ രേഖകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും ഗൗരവ സ്വഭാവമുള്ള കേസിൽ സംസ്ഥാന അടിസ്ഥാനത്തിൽ അന്വേഷണം തുടരുകയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പൊലീസ് റിപ്പോർട്ട് നൽകി. നാലു പ്രതികള്‍ക്ക് ജാമ്യം നൽകിയ സിജെഎം കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാനും പൊലിസ് തീരുമാനിച്ചിരുന്നു
കേരളാ പൊലീസിൽ നിന്ന് സാധാരണക്കാർക്ക് നീതി കിട്ടില്ല. ഇങ്ങനെയുള്ള പരാതി നൽകുമ്പോൾ ഡിവൈഎഫ്ഐക്കെങ്കിലും നീതി കിട്ടുമോ എന്ന് നോക്കാം. ഡിവൈഎഫ്ഐക്ക് ഇത്തരത്തിൽ താഴെ തട്ടു മുതൽ ഇങ്ങനെ ഒരു തെരഞ്ഞെടുപ്പ് നടത്താൻ സാധിക്കുമോയെന്നുമായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പ്രതികരണം.
കെ. സുരേന്ദ്രനെതിരെ ആവശ്യമെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞിരുന്നു. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിൽ കമ്മീഷൻ്റെ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രനാണ് ആരോപണമുന്നയിച്ചത്.


