വടകരയിൽ അടച്ചിട്ട കടമുറി പൊളിക്കുന്നതിനിടെ മനുഷ്യൻ്റെ തലയോട്ടി കണ്ടെത്തി

വടകര കുഞ്ഞിപ്പള്ളിയില്‍ ദേശീയ പാതാ നിർമ്മാണത്തിനിടെ അടച്ചിട്ട കടമുറിയില്‍ തലയോട്ടി കണ്ടെത്തി. ദേശീയപാതാ നിര്‍മ്മാണത്തിനായി കെട്ടിടംപൊളിച്ചു മാറ്റുന്നതിനിടയിലാണ് സംഭവം. തലയോട്ടി കണ്ട് ഭയന്ന തൊഴിലാളികള്‍ അറിയച്ചതനുസരിച്ച് പൊലീസിന് വിവരം കൈമാറി.

ഷട്ടര്‍ ഇട്ട് അടച്ച നിലയിലുള്ള കടയാണ്. ഇത് ഒരു വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നില്ല. പേപ്പര്‍, പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങള്‍ കൂട്ടി ഇട്ടതിന് ഇടയിലാണ് മനുഷ്യന്റെ തലയോട്ടി കിടന്നിരുന്നത്.

ആറ് മാസത്തിലേറെ പഴക്കമുള്ള ശരീരാവശിഷ്ടമാണെന്ന് കരുതുന്നു. ചോമ്പാല പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. റൂറല്‍ എസ്.പി എത്തിയശേഷം അന്വേഷണ നടപടികൾ ആരംഭിക്കും.

അന്നപൂരണി സിനിമയ്ക്ക് എതിരെ സൈബർ ആക്രമണം, പിന്നാലെ നയൻ താരയ്ക്ക് എതിരെ കേസ്

ന്നപൂരണി-ദ ഗോഡസ് ഓഫ് ഫുഡ് എന്ന സിനിമക്ക് എതിരായ വർഗ്ഗീയ സംഘടനകളുടെ പരാതിയിൽ നയൻതാരയ്ക്കെതിരെ കേസെടുത്തു. മധ്യപ്രദേശിലെ ജബൽപൂരിലെ രണ്ട് സംഘടനകൾ നൽകിയ വെവ്വേറെ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. മുംബെയിലും സമാനമായ സംഘടനകൾ കേസുമായി രംഗത്ത് എത്തിയിരുന്നു. നയൻതാരയ്ക്ക് പുറമേ അന്നപൂരണിയുടെ സംവിധായകൻ നീലേഷ് കൃഷ്ണ, നിർമാതാക്കൾ, നെറ്റ്ഫ്ളിക്സ് ഇന്ത്യാ കണ്ടന്റ് ഹെഡ് മോണിക്കാ ഷെർ​ഗിൽ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ദക്ഷിണേന്ത്യയിൽ ഡിസംബറിൽ തന്നെ റിലീസ് ചെയ്ത ചിത്രമാണ്. കേന്ദ്ര സൻസർ ബോർഡ് അനുമതിയും ലഭിച്ചിരുന്നു. ജനുവരി എട്ടിന് ഹിന്ദു ഐടി സെൽ എന്ന പേരിലുള്ള ഒരു സംഘടനയാണ് ആദ്യം പരാതിയുമായി എത്തിയത്.

സിനിമയിലൂടെ ശ്രീരാമനെ മോശമായി ചിത്രീകരിക്കുന്നു. ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു. ഇത് ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്. ഭീഷണികൾ കാരണം തുടർന്ന് ചിത്രം നെറ്റ്ഫ്ലിക്സ് തങ്ങളുടെ പ്ലാറ്റ്ഫോമിൽ നിന്ന് പിൻവലിച്ചിരുന്നു. ക്ഷേത്രപൂജാരിയുടെ മകൾ ഹിജാബ് ധരിച്ച് നിസ്കരിക്കുന്നതും ബിരിയാണിവെക്കുന്നതുമായ ദൃശ്യങ്ങൾ മതവികാരം വ്രണപ്പെടുത്തി എന്നാണ് ആരോപണത്തിന് അടിസ്ഥാനം.

സമാന സ്വഭാവമുള്ള പരാതിയിൽ നേരത്തെ മുംബൈ പോലീസും കേസെടുത്തിരുന്നു. നയൻതാര, സിനിമയുടെ സംവിധായകൻ നിലേഷ് കൃഷ്ണ, നായകൻ ജയ് എന്നിവരുടെയും നിർമാതാക്കളുടെയും വിതരണക്കാരുടെയും പേരിലായിരുന്നു കേസ്. ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതും ഹിന്ദുമതത്തെ അവഹേളിക്കുന്നതുമാണ് സിനിമ എന്നുകാണിച്ച് രമേഷ് സോളങ്കിയാണ് മുംബൈയിലെ എൽ.ടി. മാർഗ് പോലീസ് സ്റ്റേഷനിൽ പരാതിനൽകിയത്.

ഡിസംബർ ഒന്നിന് തിയേറ്ററിൽ പ്രദർശനത്തിനെത്തിയ ചിത്രം 29-നാണ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്. നെറ്റ് ഫ്ലിക്സ്, പ്രൈം വീഡിയോ തുടങ്ങിയ ഓൺലൈൻ സ്ട്രീമിങ് കമ്പനികളെ വർഗ്ഗീയ പ്രൊപ്പഗണ്ട വഴി നിയന്ത്രിക്കുന്ന സംഘടനകൾ ഇതോടെ മേൽക്കൈ നേടുകയാണ്. ഇതു സംബന്ധിച്ച് വാഷിങ്ടൺ പോസ്റ്റ് നടത്തിയ ഒരു പഠനത്തിൽ വാട്സ്ാപ്പ് വരെ ഇങ്ങനെ നിയന്ത്രിക്കപ്പെടുന്നതായി റിപ്പോർട്ട് ചെയ്തു.

സ്വാതി സംഗീത പുരസ്‌കാരം പി.ആര്‍. കുമാര കേരളവര്‍മയ്ക്ക്

0

2021-ലെ സ്വാതി സംഗീത പുരസ്‌കാരം പ്രമുഖ കര്‍ണാടക സംഗീതജ്ഞന്‍ പി.ആര്‍. കുമാര കേരളവര്‍മയ്ക്ക്. സംഗീതരംഗത്ത് അവിസ്മരണീയമായ സംഭാവനകള്‍ നല്‍കിയ സംഗീതപ്രതിഭകള്‍ക്ക് കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് നല്‍കുന്ന പരമോന്നത അംഗീകാരമാണ് സ്വാതി സംഗീത പുരസ്‌കാരം.

കര്‍ണാടക സംഗീതത്തിന്റെ വിവിധ മേഖലകളില്‍ നല്‍കിയ നിസ്തുലമായ സംഭാവനകള്‍ പരിഗണിച്ചാണ് കുമാര കേരളവര്‍മയെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. രണ്ട് ലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റും പ്രശസ്തിപത്രവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരം.

ഏറ്റവുമധികം സ്വാതിതിരുനാള്‍ കൃതികള്‍ പാടിയിട്ടുള്ള സംഗീതജ്ഞനും മുത്തുസ്വാമി ദീക്ഷിതര്‍, ത്യാഗരാജ സ്വാമികള്‍, ശ്യാമശാസ്ത്രികള്‍ എന്നിവരുടെ കൃതികള്‍ ചിട്ടപ്പെടുത്തി പുസ്തകമായി പ്രസിദ്ധീകരിക്കുകയും ചെയ്ത പ്രതിഭയാണ് കുമാര കേരളവര്‍മയെന്നും ഈ പുസ്തകങ്ങള്‍ ഭാവിതലമുറയ്ക്കുള്ള മികച്ച പാഠപുസ്തകം കൂടിയാണെന്നും പുരസ്‌കാര നിര്‍ണയ സമിതി ചെയര്‍പേഴ്സണ്‍ ഡോ. കെ. ഓമനക്കുട്ടി അഭിപ്രായപ്പെട്ടു.

ശൊമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ കീഴില്‍ ഗുരുകുലസമ്പ്രദായത്തില്‍ സംഗീതത്തില്‍ പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കി. 1966-ല്‍ സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം, പാലക്കാട് ചെമ്പൈ സംഗീത കോളേജില്‍ പ്രിന്‍സിപ്പാളായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നീണ്ട 28 വര്‍ഷത്തെ സേവനത്തിനുശേഷം സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ നിന്നും പ്രിന്‍സിപ്പാളായാണ് വിരമിച്ചത്. കര്‍ണാടക സംഗീതരംഗത്ത് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച്, കേരള സംഗീത നാടക അക്കാദമി 1993-ല്‍ അക്കാദമി അവാര്‍ഡും 2017-ല്‍ ഫെലോഷിപ്പും നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളില്‍ പരീക്ഷാ വിഭാഗത്തിന്റെ അധ്യക്ഷനായും പ്രവര്‍ത്തിച്ചു.

ഞങ്ങളുടെ രാമൻ ഗാന്ധി മരിച്ചു വീണ ബിർളാ മന്ദിരത്തിൻ്റെ ഇടനാഴിയിലാണ്; വി ഡി സതീശൻ

അയോധ്യയില്‍ നടക്കുന്നത് കക്ഷി രാഷ്ട്രീയ പരിപാടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാമന്‍ ബി.ജെ.പിക്കൊപ്പമല്ല. ‘ഹേ റാം’ എന്ന ചുണ്ടനക്കത്തോടെ ഗാന്ധിജി മരിച്ചുവീണ ബിര്‍ളാ മന്ദിരത്തിന്റെ ഇടനാഴിയിലാണ് രാമന്‍ നില്‍ക്കുന്നത്. ഞങ്ങളുടെ രാമന്‍ അവിടെയാണ്. ബി.ജെ.പിയുടേത് രാഷ്ട്രീയമായി സൃഷ്ടിക്കപ്പെട്ട രാമനാണ് വി ഡി സതീശൻ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

എന്‍.എസ്.എസിന് അവരുടെ അഭിപ്രായം പറയാം. തങ്ങളുടെ അഭിപ്രായം ആരുടെ മേലും അടിച്ചേല്‍പ്പിക്കില്ല. കോണ്‍ഗ്രസ് എടുത്തത് രാഷ്ട്രീയമായ തീരുമാനമാണ്.

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് രാഷ്ട്രീയം പറഞ്ഞു ബഹിഷ്കരിക്കുന്നത് ഈശ്വര നിന്ദയാണെന്ന് നായർ സർവ്വീസ് സൊസൈറ്റി അഭിപ്രായപ്പെട്ടിരുന്നു. തുടർന്ന് എൻ എസ് എസ് നിലപാടിൽ അഭിമാനമുണ്ടെന്ന് പറഞ്ഞ് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും രംഗത്ത് എത്തി.

അയോധ്യയെ രാഷ്ട്രീയവത്ക്കരിക്കുന്നതിനെ കുറിച്ച് ഹിന്ദുസമൂഹത്തിനും അറിയാം

ഇന്ത്യയിലെ എല്ലാ ഹിന്ദുമത വിശ്വാസികളുടെയും ആരാധ്യപുരുഷനാണ് രാമന്‍. രാമനോടോ അയോധ്യയോടോ അല്ല പ്രശ്‌നം. ക്ഷേത്രത്തെയും മതത്തെയും രാഷ്ട്രീയവത്ക്കരിക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ശ്രമത്തോടാണ് വിയോജിപ്പ്. ഇത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാടാണ്. അയോധ്യയെ രാഷ്ട്രീയവത്ക്കരിക്കുന്നതിനെ കുറിച്ച് ഹിന്ദുസമൂഹത്തിനും ബോധ്യം വന്നിട്ടുണ്ട്. ക്ഷേത്രത്തില്‍ ഏത് വിശ്വാസികള്‍ക്കും പോകാം.

പത്ത് വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ രാജ്യത്തെ തകര്‍ത്തെന്ന സ്ഥിതിവിവര കണക്കുകളുമായാണ് ഭാരത് ജോഡോ ന്യായ് യാത്ര നടത്തുന്നത്. മോദി സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് കോര്‍പറേറ്റുകളാണ്. കര്‍ഷക, തൊഴില്‍ നിയമങ്ങള്‍ പാസാക്കപ്പെടുന്നത് കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. തൊഴിലില്ലായ്മ കഴിഞ്ഞ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. കാര്‍ഷിക മേഖലയില്‍ മൂന്ന് കരിനിയമങ്ങളാണ് കൊണ്ടുവന്നത്. മണിക്കൂറില്‍ ഒരു കര്‍ഷകന്‍ എന്ന നിലയിലാണ് ആത്മഹത്യ ചെയ്യുന്നത്.

പോലീസിനെ ഉപയോഗിച്ച് ഭരണകൂട ഭീകരത നടപ്പാക്കാനാണ് കേരളത്തില്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. സെക്രട്ടേറിയറ്റിന്റെ മുന്നില്‍ നടന്ന സമരം ഉദ്ഘാടനം ചെയ്ത എം.എല്‍.എയെ ഒന്നാം പ്രതിയാക്കി കേസെടുക്കുന്നതില്‍ എന്ത് ന്യായമാണുള്ളത്. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവിനെ ഒന്നാം പ്രതിയാക്കിയും കേസെടുത്തു. ഇതിലൂടെയൊക്കെ പിണറായി ആരെയാണ് ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റു ചെയ്ത രീതിയെ കേരളം ഒറ്റക്കെട്ടായാണ് എതിര്‍ക്കുന്നത്. വി ഡി സതീശൻ പറഞ്ഞു.

പി എൻ ഗോപീകൃഷ്ണന് ഓടക്കുഴൽ പുരസ്കാരം

0

മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ സ്മരണയ്ക്കായി ഗുരുവായൂരപ്പന്‍ ട്രസ്റ്റ് നല്‍കിവരുന്ന ഓടക്കുഴല്‍ പുരസ്‌കാരം പിന്‍.എന്‍ ഗോപീകൃഷ്ണന്. ‘കവിത മാംസഭോജിയാണ്’ എന്ന കാവ്യസമാഹാരത്തിനാണ് പുരസ്‌കാരം.

30,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മഹാകവി ജിയുടെ ചരമവാര്‍ഷികമായ ഫെബ്രുവരി രണ്ടിന് പുരസ്‌കാരം വിതരണം ചെയ്യു. എറണാകുളത്തെ മഹാകവി ജി. ഓഡിറ്റോറിയത്തില്‍ ഗുരുവായൂരപ്പന്‍ ട്രസ്റ്റ് അധ്യക്ഷ ഡോ. എം. ലീലാവതി സമര്‍പ്പിക്കും.

‘ജീവിക്കുന്ന ദേശത്തില്‍ അനുഭവങ്ങളുടെ തീക്ഷ്ണതയെ ഭാഷയുടെ അതിരുകള്‍ ഭേദിച്ച് ഒപ്പിയെടുക്കുന്ന മാന്ത്രികമായ ആലേഖനങ്ങളാണ് ഗോപീകൃഷ്ണന്റെ കവിതകള്‍. അവ വാഗ് ലീലകളോ സമയത്തിന്റെ കേവലാങ്കനങ്ങളോ അല്ല. നമ്മുടെ കാലത്തിന്റെ സത്തയെ മൂടുന്ന പ്രച്ഛന്നവേഷങ്ങളുടെ അടരുകള്‍ ചീന്തിയെറിയുന്ന, സാമൂഹിക യാഥാര്‍ത്ഥ്യങ്ങളുടേയും ദര്‍ശനങ്ങളുടേയും ആഴമേറിയ ദര്‍പ്പണങ്ങളാണ്’, കൃതിയെക്കുറിച്ച് അവാര്‍ഡ് നിര്‍ണ്ണയസമിതി വിലയിരുത്തി.

കൊടുങ്ങല്ലൂരിൽ പി.കെ. നാരയണന്റെയും വി.എസ്. സരസ്വതിയുടെയും മകനായി 1968-ൽ ജനിച്ചു. ജി.എൽ.പി. സ്കൂൾ പാപ്പിനിവട്ടം, ഹൈസ്കൂൾ പനങ്ങാട്, ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട, ഗവണ്മെന്റ് എഞ്ചിനിയറിംഗ് കോളേജ് തൃശൂർ, എസ്.എൻ. കോളേജ് നാട്ടിക എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നടത്തി. കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസിൽ ജോലി ചെയ്യുന്നു.

കവിതാ സമാഹാരങ്ങൾ

  • മടിയരുടെ മാനിഫെസ്റ്റോ
  • ദൈവത്തെ മാറ്റിയെഴുതുമ്പോൾ
  • ഇടിക്കാലൂരി പനമ്പട്ടടി
  • അതിരപിള്ളിക്കാട്ടിൽ
  • ഇടിക്കാലൂരി പനമ്പട്ടടി എന്ന കവിതയ്ക്ക് 2014-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. പിൻ ഗോപീകൃഷ്ണൻ രചിച്ച പഠന ഗ്രന്ഥം “ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ” അടുത്ത കാലത്ത് വലിയ ചർച്ചയായിരുന്നു.

ഓടക്കുഴൽ പുരസ്കാരം

ഇന്ത്യയിലെ പ്രഥമ ജ്ഞാനപീഠ സാഹിത്യപുരസ്‌കാരജേതാവായ മഹാകവി ജി. ശങ്കരക്കുറുപ്പ് സമ്മാനത്തുകയുടെ നാലിലൊന്ന് നിക്ഷേപിച്ച് സ്ഥാപിച്ചതാണ് ഗുരുവായൂരപ്പന്‍ ട്രസ്റ്റ്. ഓരോ വര്‍ഷവും മലയാളത്തിലെ മികച്ച സാഹിത്യ കൃതിയ്ക്ക് 1968 മുതല്‍ ട്രസ്റ്റ് നല്‍കിവരുന്ന പുരസ്‌കാരമാണ് ഓടക്കുഴല്‍ അവാര്‍ഡ്.

രാമക്ഷേത്രത്തിന് ഉദ്ഘാടനമോ; ബി ജെ പിയുടെ ചെപ്പടി വിദ്യയെന്ന് മമത

ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ ബി ജെ പി കാണിക്കുന്ന രാഷ്ട്രീയ ചെപ്പടി വിദ്യയാണ് രാമക്ഷേത്രത്തിന് ഉദ്ഘാടനം നിശ്ചയിച്ചതെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. തൃണമൂൽ സർക്കാരും താനും ഉളളിടത്തോളം കാലം ബംഗാളിൽ വിഭാഗീയത അനുവദിക്കില്ലെന്നും അവർ പറഞ്ഞു.

ജയ് നഗറിൽ സർക്കാർ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കയായിരുന്നു. അവർ. കോടതി അനുവദിച്ച പ്രകാരമാണ് ചടങ്ങ് എങ്കിൽ നടക്കട്ടെ ആർക്കാണ് എതിർപ്പ്. പക്ഷെ ഇതിൻ്റെ മറവിൽ ഇതരമത വിദ്വേഷം വിൽക്കാൻ സമ്മതിക്കില്ല. അതാണ് നടത്തുന്നത്.

രാമക്ഷേത്രം ഉദ്ഘാടനത്തെ കുറിച്ച് ചോദ്യമുണ്ടായി. ഇന്നലെയും ചിലർ ചോദിച്ചു. പക്ഷെ അതിന് ഉത്തരം നൽകലല്ല എൻ്റെ പണി.

ഏത് മതക്കാരുടെ ഉത്സവമായാലും മനുഷ്യരെ ഒന്നിപ്പിക്കുന്നത് ആവണം. പകരം വിദ്വേഷം വിതരണം ചെയ്യലാവരുത്. മനുഷ്യരെ ഒന്നിപ്പിക്കുന്ന ഐക്യത്തിൻ്റെ സന്ദേശമുള്ള ഉത്സവങ്ങളിൽ മാത്രമേ തനിക്ക് വിശ്വാസമുള്ളൂ എന്നും അവർ പറഞ്ഞു.

കേന്ദ്ര സർക്കാർ ഏജൻസി സർക്കാർ അയി മാറിയിരിക്കയാണ്. വീട്ടിൽ കയറി സാധനങ്ങൾ എല്ലാം എടുത്ത് കൊണ്ടു പോകും. എന്നാൽ അവ ലിസ്റ്റിൽ പെടുത്തി കണക്ക് നൽകാൻ പോലും തയാറാല്ല. എന്നും അവർ വിമർശിച്ചു.

സിപിഐഎം, കോണ്‍ഗ്രസ്, ടിഎംസി എന്നീ മൂന്ന് പാര്‍ട്ടികള്‍ക്കും സംസ്ഥാനത്ത് ഒരു പൊതുവേദിയില്‍ വരാന്‍ പ്രയാസമാണെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞതോടെ തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന് സിപിഐഎം കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു. ‘ഇന്‍ഡ്യാ മുന്നണിയുടെ ഭാഗമായി ഞങ്ങള്‍ ദേശീയ തലത്തില്‍ ബിജെപിക്കെതിരെ പോരാടുന്നത് തുടരും, എന്നാല്‍ ബംഗാളിലെ ടിഎംസിയുമായി ഒരിക്കലും ധാരണയുണ്ടാകില്ല,’ എന്നായിരുന്നു പ്രതികരണം.

ഇതിനെതിരെ സിപിഐഎം തീവ്രവാദി സംഘടനയാണെന്ന് മമത വിമര്‍ശിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് സിപിഐഎമ്മുമായി സഖ്യം ചേരില്ലെന്നും മമത പ്രഖ്യാപിച്ചതോടെ ഇന്‍ഡ്യാ മുന്നണിയിൽ അങ്കലാപ്പ് ഉയർന്നിരുന്നു. പോരാട്ടം ബിജെപിക്കും ഇടതുപക്ഷത്തിനും എതിരെയാണെന്നും മമത പറയുകയുണ്ടായി.

അയോധ്യയിലേക്കില്ല, തെരഞ്ഞെടുപ്പ് മുൻനിർത്തി ബിജെപിയുടെയും ആർ എസ് എസിൻ്റെയും പരിപാടിയെന്ന് കോൺഗ്രസ്

ഈ മാസം 22ന് നടക്കുന്ന അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ്. കോൺ​ഗ്രസ് നേതാക്കളായ സോണിയ ​ഗാന്ധി, മല്ലികാർജുൻ ഖാർ​ഗെ, അധിർ‌ രഞ്ജൻ ചൗധരി എന്നിവർക്കാണ് ക്ഷണം ലഭിച്ചിട്ടുള്ളത്.

അയോധ്യ പ്രതിഷ്ഠാ ചടങ്ങ് ബിജെപിയുടെയും ആർ എസ് എസിൻ്റെയും പരിപാടിയാണ്. മതവിശ്വാസം വ്യക്തിപരമായ കാര്യമാണ്. ആർഎസ്എസും ബിജെപിയും അയോധ്യയെ രാഷ്ട്രീയ പദ്ധതിയാക്കിയെന്നും കോൺ​ഗ്രസ് വ്യക്തമാക്കി. എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ്‌ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

നിർമ്മാണത്തിന് മുൻപേ ഉദ്ഘാടനം, മുന്നിൽ തെരഞ്ഞെടുപ്പ്

നിർമാണം പൂർത്തിയാക്കും മുൻപുള്ള ഉദ്ഘാടനം തെരഞ്ഞെടുപ്പ് നേട്ടത്തിനാണ്. അയോധ്യയിലെ സുപ്രീംകോടതി വിധി മാനിച്ചും രാമഭക്തരുടെ വികാരം മാനിച്ചുമാണ് തീരുമാനമെന്നും കോൺഗ്രസ് കൂട്ടിച്ചേർത്തു. ചടങ്ങ് ബിജെപിയുടെയും ആർ എസ് എസിൻ്റെയും പരിപാടിയാണ്. ആർഎസ്എസും ബിജെപിയും അയോധ്യയെ രാഷ്ട്രീയ പദ്ധതിയാക്കി.

ജോസഫ് മാഷുടെ കൈ വെട്ടിയ കേസിലെ പ്രതി 13 വർഷത്തിന് ശേഷം പിടിയിൽ; ഭാര്യയും കുടുംബവും ആശാരിപ്പണിയുമായി മട്ടന്നൂരിൽ

തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ ജോസഫിൻ്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ മുഖ്യ പ്രതി അറസ്റ്റിൽ. 13 വര്‍ഷത്തിനുശേഷമാണ് പ്രതിയെ കണ്ടെത്തുന്നത്. അശമന്നൂര്‍ നൂലേലി മുടശേരി സവാദ് (38) കണ്ണൂര്‍ മട്ടന്നൂരിനടുത്തുള്ള ബേരത്ത് എന്ന സ്ഥലത്തു നിന്നാണ് പിടിയിലായത്.

ഒന്നാം പ്രതിയായ സവാദ് അറസ്റ്റിലാകുന്നത് കേസിലെ മറ്റു പ്രതികള്‍ക്ക് കോടതി ശിക്ഷവിധിച്ചശേഷമാണ്

വാടക ക്വാര്‍ട്ടേഴ്‌സില്‍ ചൊവ്വാഴ്ച രാത്രിയാണ് എന്‍ഐഎ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. 13 വര്‍ഷവും കണ്ണൂരിലായിരുന്നു. സവാദ് എന്ന പേര് മറച്ചുവെച്ച് ഷാജഹാന്‍ എന്ന പേരിൽ പോലീസിനേയും കേന്ദ്ര അന്വേഷണ ഏജന്‍സികളേയും വെട്ടിച്ച് ഒളിവുജീവിതം. മരപ്പണി ഉള്‍പ്പെടെയുള്ള കൂലിവേല ചെയ്തായിരുന്നു ജീവിതം.

വാടകവീട്ടില്‍ ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കൊപ്പമാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. എന്നാല്‍, നാട്ടുകാരുമായി വലിയ അടുപ്പം പുലര്‍ത്തിയിരുന്നില്ല. മട്ടന്നൂര്‍ പോലൊരു ജനസാന്ദ്രതയുള്ള പ്രദേശത്ത് ഇത്രയധികം കാലം ഒളിവില്‍ കഴിഞ്ഞിട്ടും കാസര്‍കോട്ടുനിന്ന് വിവാഹം ചെയ്തിട്ടും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

വ്യക്തമായ ആസൂത്രണത്തോടെ അതീവ രഹസ്യമായാണ് സവാദിനെ അറസ്റ്റുചെയ്യാന്‍ എന്‍ഐഎ സംഘം കണ്ണൂരിലെത്തിയത്. കഴിഞ്ഞ കുറച്ചുദിവങ്ങളായി എന്‍ഐഎ സംഘം കണ്ണൂര് ക്യാമ്പ് ചെയ്തിരുന്നു. സവാദിന്റെ താമസസ്ഥലവും നീക്കങ്ങളും വ്യക്തമായി നിരീക്ഷിച്ച ശേഷം ചൊവ്വാഴ്ച രാത്രി ക്വാര്‍ട്ടേഴ്‌സിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

അറസ്റ്റ് സംബന്ധിച്ച വിവരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് മാത്രമാണ് എന്‍ഐഎ കൈമാറിയത്. ലോക്കല്‍ പോലീസിനെയോ സ്‌പെഷ്യല്‍ ബ്രാഞ്ചിനേയോ വിവരം അറിയിച്ചിരുന്നില്ല. അറസ്റ്റ് മാധ്യമങ്ങളില്‍ വാര്‍ത്തയായതിന് ശേഷമാണ് ലോക്കല്‍ പോലീസ് പോലും വിവരം അറിയുന്നത്.

ചോദ്യപേപ്പറില്‍ മതനിന്ദ ആരോപിച്ച് 2010 ജൂലായിലാണ് പ്രതികള്‍ ടി.ജെ ജോസഫിനെ ആക്രമിച്ചത്. കേസിൽ ടി.ജെ ജോസഫിന്റെ കൈപ്പത്തി മഴു ഉപയോഗിച്ച് വെട്ടിമാറ്റിയത് സവാദാണ് എന്നായിരുന്നു കണ്ടെത്തൽ. 

കേസിൽ നേരത്തെ ആറ് പ്രതികളില്‍ മുഖ്യപ്രതികളായ പ്രതികളായ സജിൽ, എം കെ നാസർ, നജീബ് എന്നിവർക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചിരുന്നത്. 9, 11, 12 പ്രതികളായ നൗഷാദിനും മൊയ്തീൻ കുഞ്ഞിനും അയൂബിനും 3 വർഷം വീതം തടവും ശിക്ഷിച്ചിരുന്നു.

മൂന്ന് വർഷം ശിക്ഷിക്കപ്പെട്ടവർക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ടി ജെ ജോസഫിന് എല്ലാം പ്രതികളും ചേർന്ന് 4 ലക്ഷം രൂപ കൊടുക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. വിവിധ വകുപ്പുകളിലായി ആദ്യ മൂന്ന് പ്രതികൾ 2 ലക്ഷത്തി 85,000 പിഴ നൽകണമെന്നും അവസാന മൂന്ന് പ്രതികൾ 20,000 രൂപയും പിഴ നൽകണമെന്നും വിധിച്ചിരുന്നു. പ്രതികളുടെ പിഴ സംഖ്യയിൽ നിന്ന് പ്രൊഫസർ ടി ജെ ജോസഫിന് 4 ലക്ഷം രൂപ നഷ്ട പരിഹാരം നൽകണമെന്നുമായിരുന്നു കോടതി നിർദ്ദേശം. നേരത്തെ പ്രഖ്യാപിച്ച പിഴ ശിക്ഷയ്ക്ക് പുറമെയാണിത്. കൊച്ചിയിലെ എൻ ഐ എ കോടതിയാണ് വിധി പറഞ്ഞത്.

വാട്‌സ്ആപ്പിൽ ഒരു ഹായ് അയച്ചാൽ ട്രെയിൻ ടിക്കറ്റ്, മെട്രോ കുതിക്കുന്നു

കൊച്ചി മെട്രോയില്‍ ഇനി ക്യൂ നിൽക്കാതെ ഒരു മിനിട്ടിനുള്ളിൽ ടിക്കറ്റ്. വാട്‌സ്ആപ്പ് വഴിയുള്ള ടിക്കറ്റിങ്ങിന്റെ ലോഞ്ചിങ് മെട്രോ ആസ്ഥാനത്ത് നടി മിയ ജോര്‍ജ് നിർവ്വഹിച്ചു. ഇംഗ്ലീഷില്‍ ‘Hi’ എന്ന സന്ദേശമയച്ച് സ്റ്റേഷനിലെത്തും മുമ്പ് വാട്സ്ആപ്പിലൂടെ ടിക്കറ്റെടുക്കാന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

മെട്രോ വാട്സാപ്പ് ടിക്കറ്റ് നമ്പർ 9188957488

9188957488 എന്ന വാട്‌സാപ്പ് നമ്പറിലേക്ക് ‘Hi’ എന്ന് അയയ്ക്കുക. ശേഷം QR TICKET എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. പിന്നീട് BOOK TICKET ഓപ്ഷന്‍ തിരഞ്ഞെടുത്ത ശേഷം യാത്ര ചെയ്യാനാരംഭിക്കുന്നതും അവസാനിക്കുന്നതുമായ സ്റ്റേഷനുകള്‍ ലിസ്റ്റില്‍ നിന്നും തിരഞ്ഞെടുത്ത് യാത്രക്കാരുടെ എണ്ണം രേഖപ്പെടുത്തി പണമിടപാട് നടത്തിയാൽ ടിക്കറ്റ് ഫോണിലെത്തും. വാട്‌സാപ്പ് ക്യൂആര്‍ കോഡ് ടിക്കറ്റ് ഉപയോഗിച്ച് ഇന്ന് മുതല്‍ യാത്ര ചെയ്യാനാകും.

ക്യൂ ആര്‍ കോഡ് വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റ് ഉപയോഗിച്ച് നാല്‍പത് മിനിറ്റിനുള്ളിൽ യാത്ര ചെയ്യാം.

ഇങ്ങനെ ടിക്കറ്റെടുക്കുമ്പോള്‍ ടിക്കറ്റ് നിരക്കിൽ 10 മുതൽ 50 ശതമാനം വരെ കിഴിവും ലഭിക്കും. ടിക്കറ്റ് ക്യാൻസൽ ചെയ്യാനും നമ്പറിലേക്ക് ഹായ് എന്ന് അയക്കുകയേ വേണ്ടൂ.

റാഷിദ് ഖാൻ വിട വാങ്ങി

പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ഉസ്താദ് റാഷിദ് ഖാൻ (55) അന്തരിച്ചു. കാൻസറിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായി. സുഖം പ്രാപിക്കവെ വീണ്ടും നില വഷളാവുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചുനാളുകളായി അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു.

ഹിന്ദുസ്ഥാനി സംഗീത രംഗത്തെ അതുല്യ യുവ പ്രതിഭ

ഗായകനും രാംപുർ-സഹസ്വാൻ ഘരാന സ്ഥാപകനുമായ ഇനായത്ത് ഹുസൈൻ ഖാന്റെ ചെറുമകനാണ് റാഷിദ് ഖാൻ.ഉത്തർപ്രദേശ് സ്വദേശിയാണ് റാഷിദ് ഖാൻ. കൊൽക്കത്തയിലാണ് താമസം.

11-ാം വയസിലാണ് റാഷിദ് ഖാൻ ആദ്യമായി കച്ചേരി അവതരിപ്പിച്ചത്. 14-ാം വയസിൽ കൊൽക്കത്തയിൽ ഐ.ടി.സി. സം​ഗീത് റിസർച്ച് അക്കാദമിയിൽ ചേർന്നു. 2006-ൽ പത്മശ്രീയും 2022-ൽ പത്മഭൂഷണും നൽകി രാജ്യം ആദരിച്ചു. 2006-ൽ സം​ഗീത നാടക അക്കാദമി അവാർഡും അദ്ദേഹത്തിന് ലഭിച്ചിരുന്നു.

റാഷിദ് ഖാൻ്റെ വിയോഗം രാജ്യത്തിനും സംഗീത ലോകത്തിനും തീരാനഷ്ടമാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. ബുധനാഴ്ച സംസ്ഥാന ബഹുമതികളോടെയായിരിക്കും റാഷിദ് ഖാൻ്റെ അന്ത്യകർമ്മങ്ങൾ നടത്തുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.