അയോഗ്യത തുടരും, രാഹുൽ ഗാന്ധിയുടെ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി തള്ളി

മോദി സമുദായത്തെ അപമാനിച്ചെന്ന കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി തള്ളി. രാഹുലിന്റെ അയോഗ്യത തുടരും. രാഹുൽ കുറ്റക്കാരനെന്ന വിധി ഉചിതമാണ്. ശിക്ഷാവിധിയിൽ തെറ്റില്ല. മാത്രമല്ല ഇതിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നും ഗുജറാത്ത് കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസ് ഹേമന്ദ്ര പ്രചകിന്‍റെ ബഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്. 

10 ലേറെ ക്രിമിനൽ കേസുകൾ രാഹുലിനെതിരെയുണ്ടെന്നും രാഹുൽ സ്ഥിരമായി തെറ്റ് ആവർത്തിക്കുന്നതായും പറയുക കൂടി ചെയ്താണ് വിധി. 

പ്രസംഗത്തിലെ പരാമർശത്തിന് ഗുജറാത്തിൽ നിന്നും കേസ്, പിന്നാലെ അയോഗ്യത

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് കർണാടകയിലെ കോലാറിൽ വച്ച് രാഹുൽ നടത്തിയ പ്രസംഗമാണ് കേസിനാധാരം. എല്ലാ കള്ളൻമാരുടെ പേരിനൊപ്പവും മോദി എന്ന് ഉള്ളത് എന്തുകൊണ്ടെന്ന രാഹുലിന്‍റെ പരിഹാസമാണ് ആയുധമാക്കിയത്. ഗുജറാത്തിലെ മുൻ മന്ത്രിയും എംഎൽഎയുമായ പൂർണേഷ് മോദിയാണ് നടപടിയിലേക്ക് നയിച്ച കേസ് നൽകിയത്.

മോദി സമുദായത്തെ അപമാനിച്ചെന്ന ഹർജിയിൽ സൂറത്തിലെ മജിസ്ട്രേറ്റ് കോടതി പരമാവധി ശിഷയായ 2 വർഷം തടവ് വിധിക്കയും ചെയ്തു. ഇതോടെയാണ് രാഹുൽ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനായത്. ജില്ലാ കോടതിയെ സമീപിച്ചെങ്കിലും അപ്പീൽ തള്ളുകയായിരുന്നു. ഇതോടെയാണ് രാഹുൽ ഹൈക്കോടതിയിലെത്തിയത്.

രണ്ടു തട്ടിപ്പുകാരുടെ പേരിൽ നിന്ന് മോദി

2019-ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ 2019 ഏപ്രിൽ 13 നാണ് സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയേയും നികുതി തട്ടിപ്പ് നടത്തിയ ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉപമിച്ചുകൊണ്ട് രാഹുൽ ഗാന്ധി പ്രസംഗിച്ചത്. മൂന്ന് ദിവസത്തിന് ശേഷം ഏപ്രിൽ 16 ന് രാഹുലിന്‍റെ പരാമർശം മോദി സമുദായത്തിൽ നിന്നുള്ളവരെ അപമാനിക്കുന്നതാണെന്ന് കാണിച്ച് ബിജെപി നേതാവും സൂറത്ത് വെസ്റ്റ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയുമായ പൂർണേഷ് മോദി മാനനഷ്ടക്കേസ് ഫയൽ ചെയ്തു.

പരിഹാസം ക്രിമിനൽ കേസായി

ജൂൺ 7 ന് കേസ് പരിഗണിച്ച ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ബി.എച്ച്. കപാഡിയ രാഹുൽ ഗാന്ധിക്ക് സമൻസ് അയയ്ക്കാന്‍ നിര്‍ദേശിച്ചു. നേരിട്ട് ഹാജരാവുന്നതിൽ നിന്ന് സൂറത്ത് കോടതി രാഹുൽ ഗാന്ധിക്ക് ആദ്യം ഇളവ് നല്‍കി. പിന്നീട് 2019 ഒക്ടോബർ 10 ന് രാഹുൽ ഗാന്ധി സൂറത്ത് കോടതിയില്‍ ഹാജരായി താൻ നിരപരാധിയാണ് എന്ന് ബോധിപ്പിച്ചു. 2020 ജൂൺ 15 ജസ്റ്റിസ്  ദവെ കേസ് ഏറ്റെടുക്കാൻ ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ സാക്ഷി മൊഴികൾ രേഖപ്പെടുത്താൻ തുടങ്ങി. രാഹുൽ ഗാന്ധി സൂറത്ത് കോടതിയിൽ ഹാജരായി. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എ.എൻ ദവെയ്ക്കു മുന്നിൽ മൊഴി രേഖപ്പെടുത്തി. താൻ പരിഹാസമാണ് ഉദ്ദേശിച്ചതെന്നും അതൊരു തിരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പ്രസംഗമാണെന്നും മറുപടി നൽകി. 

മോദിയെ തൊട്ടാൽ അയോഗ്യത

2023  മാർച്ച് 23 ന് കോൺഗ്രസിനെ ഞെട്ടിച്ച് കൊണ്ട്  സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എച്ച് എച്ച് വർമ്മ രാഹുൽ ഗാന്ധിയെ ആ കുറ്റത്തിനുള്ള പരമാവധി ശിക്ഷയായ  രണ്ടു വർഷത്തെ തടവിനും 15000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. അപ്പീല്‍ നല്‍കാന്‍ ശിക്ഷ 30 ദിവസത്തേക്ക് മരവിപ്പിച്ചു.

2023 മാർച്ച് 24 ന്  ലോക്സഭാ സെക്രട്ടറി ജനറൽ ഉത്പൽകുമാർ സിംഗ് ശിക്ഷ വിധിക്കപ്പെട്ട അന്നുമുതല്‍ രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം റദ്ദായതായി പ്രഖ്യാപിച്ചു.  2023 ഏപ്രില്‍ 25 ന് കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി സസ്പെന്‍ഡ് ചെയ്യണമെന്ന ആവശ്യമായി രാഹുല്‍ ഗുജറാത്ത് കോടതിയെ സമീപിച്ചു. 2023 മേയ് 2 രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ ഹൈക്കോടതിയില്‍ അന്തിമവാദം കേട്ടു.കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. വേനലവധിക്ക് ശേഷം വിധി പറായാനായി മാറ്റി. തുട‍‍ര്‍ന്നാണ് ഇന്ന് ഹ‍ര്‍ജിയിൽ വിധി . 

മാനനഷ്ടക്കേസ് ദുരുപയോഗം ചെയ്യുന്നു – കോൺഗ്രസ്

ഗുജറാത്ത് ഹൈക്കോടതി വിധി അപ്രതീക്ഷിതമല്ലെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്വി പറഞ്ഞു .വാദം പൂർത്തിയാക്കി 66 ദിവസങ്ങൾക്ക് ശേഷമാണ് വിധി വന്നത്. ഒരു പ്രത്യേക സമുദായത്തിന് മാനഹാനി ഉണ്ടാക്കുന്ന യാതൊന്നും രാഹുൽ പറഞ്ഞിട്ടില്ല.പരാമർശിക്കപ്പെട്ട വ്യക്തികൾക്ക് എങ്ങനെ മാനഹാനിയുണ്ടായെന്ന് വ്യക്തമല്ല.മാനനഷ്ടക്കേസ് ദുരുപയോഗം ചെയ്യുന്നു.ഈ പൊള്ളത്തരം ജനങ്ങൾക്ക് മുൻപിൽ തുറന്നുകാട്ടും.ജനങ്ങളുടെ കോടതിയിൽ പ്രതീക്ഷയുണ്ട്. നിയമത്തിന് മുമ്പിൽ ഇനിയും വഴികളുണ്ടെന്നും സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളെ അപമാനിക്കുന്ന ട്രാക്ക് റെക്കോർഡുള്ള ആളല്ല രാഹുൽ.പരാതികൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്.സവർക്കർ പരാമർശത്തിലെ കേസ് സൂറത്ത് കോടതി വിധിക്ക് ശേഷമുള്ളതാണ്.എല്ലാ കേസുകളുടെയും ഉറവിടം ഒന്ന് തന്നെയാണ്.

വിധിപോലും അവ്യക്തം

മാനനഷ്ടക്കേസിലെ പരമാവധി ശിക്ഷയായ 2 വർഷത്തെ തടവ് വിധിക്കാനുള്ള എന്ത് ഗൗരവമാണ് രാഹുലിൻ്റെ പ്രസ്താവനയിലുള്ളത്. ഉന്നയിച്ച ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാതെയാണ് രാഹുലിന് ശിക്ഷ വിധിച്ചത്.

ഇന്നത്തെ വിധിപോലും അവ്യക്തമാണ്.രാജ്യത്തെ പ്രധാന വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ച് വിടാനുള്ള ഉപകരണം മാത്രമാണ് ഈ കേസ്.രാഹുലിന്  സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടു.ഇത് രാഹുലിൻ്റെ മാത്രം വിഷയമല്ല,നാളെ രാഷ്ടീയക്കാരുടെയും, മാധ്യമ പ്രവർത്തകരുടെയുമൊക്കെ വായടപ്പിക്കാനുള്ള ആയുധമാക്കുമെന്നും അദ്ദേഹം പറഞ്ഞു,

പ്രേകുമാർ, ഒരു വലിയ ശരി

ശ്രീനാഥ് രഘു

സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ ആകൃഷ്ടനായിട്ടാണ് ഇടതുപക്ഷ സഹയാത്രികൻ ആയത് എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളതാണ്..

35 വർഷമായി ഇടതുപക്ഷ സഹയാത്രികനായി തുടർന്നപ്പോൾ ഒരിക്കൽ പോലും അധികാരത്തിന്റെ ഇടനാഴിയിൽ എങ്ങും വെച്ച് പ്രേം കുമാര്‍ എന്ന ആ മനുഷ്യനെ നമ്മൾ കണ്ടിട്ടില്ല. സിനിമയുടെ പ്രസരിപ്പിക്കുന്ന വെള്ളിവെളിച്ചത്തിലോ, സുഖലോലുപതുകളിലോ, സിനിമക്കാരന്‍ എന്ന നിലയില്‍ ഉള്ള പരിവേഷങ്ങളിലോ ഒരിക്കലും പ്രേംകുമാർ എന്ന നടനെ നമ്മൾ കണ്ടിട്ടും ഇല്ല.

ആദിവാസി ഭൂമി സമരങ്ങളിലും, കരിമണൽ വാരല്‍ മൂലമുള്ള പരിസ്ഥിതി പ്രശ്നങ്ങളിലും, ആശാവർക്കന്മാരുടെ വേതനം സംബന്ധിച്ച സമരങ്ങളിലും, ഒക്കെ തന്നെ ഈ നാട്ടിലെ മനുഷ്യരുടെ തുണയായി സാധാരണക്കാരുടെ പ്രശ്നങ്ങളുടെ ശബ്ദമായി മാറുവാന്‍ അയാൾ എന്നും ശ്രമിച്ചിരുന്നു എന്നത് യാഥാര്‍ത്ഥ്യം ആണ്. കേരള ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർമാൻ സ്ഥാനത്തേക്ക് ഭരണകൂടം തന്നെ അദ്ദേഹത്തെ പരിഗണിച്ചപ്പോള്‍, അത് ഞാന്‍ അര്‍ഹിക്കുന്നില്ലെന്നും, പിന്നീട് അതേ ഭരണകൂടത്തിന്റെ നിർബന്ധങ്ങൾക്ക് വഴങ്ങി സ്ഥാനം ഏറ്റെടുക്കുകയായിരുന്നു എന്നുള്ളത് എല്ലാവര്‍ക്കും അറിവുള്ളതാണ്. പിന്നീട് കേരള ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ ഒരു പ്രത്യേക സാഹചര്യത്തിൽ രാജി വച്ചപ്പോള്‍ ആ ചെയർമാൻ സ്ഥാനം ഏറ്റെടുക്കാൻ ഭരണകൂടത്തിന്റെ നിർബന്ധങ്ങൾക്ക് വഴങ്ങാതെ എത്ര ദിവസം അയാൾ മാറിനിന്നു എന്നത് അധികാരത്തിന്റെ ഒരു കസേരയും അയാളെ ഭ്രമിപ്പിച്ചിട്ടില്ല എന്നത് വ്യക്തമാണ്.
നടൻ എന്നുള്ള തന്റെ തൊഴിലിൽ നിന്നുള്ള വരുമാനം വാങ്ങാതെ ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനത്തിന്റെ തുച്ഛമായ ഓണറെറിയം മാത്രം വാങ്ങി, ഇരിക്കുന്ന കസേരയോട് ധാർമികതയും നീതിയും നടപ്പിലാക്കാൻ അദ്ദേഹം എന്നും ശ്രമിച്ചിട്ടുണ്ട്.

പത്ര മാധ്യമങ്ങളിൽ നിന്നും വന്ന വാർത്തകളിൽ നിന്നാണ് ചലച്ചിത്ര അക്കാദമി സ്ഥാനത്തുനിന്നും ശ്രീ പ്രേംകുമാർ എന്ന തന്നെ മാറ്റി നിർത്തി എന്നുള്ള വാർത്ത അദ്ദേഹം കേൾക്കുന്നത്. താൻ സ്ഥാനഭ്രഷ്ടനായി എന്ന് ഔദ്യോഗികമല്ലാത്ത അറിയിപ്പോടുകൂടി അറിയുന്നത്. ഇത് ഒരു മനുഷ്യനെന്ന നിലയിൽ അദ്ദേഹത്തിൻറെ അഭിമാനത്തിനേറ്റ ക്ഷതം തന്നെയാണ്. ഒരു സാമൂഹിക ജീവി എന്ന നിലയിൽ ചില പ്രതികരണങ്ങൾ അനിവാര്യമാകുമ്പോൾ മലയാളി തിരിച്ചറിയുന്നത് പ്രേംകുമാർ എന്ന നടനപ്പുറം സമൂഹത്തെ സൂക്ഷ്മമായി വീക്ഷിക്കുകയും അതിൻറെ ശരി തെറ്റുകളെ ഉച്ചത്തിൽ വിളിച്ചുപറയുകയും ചെയ്യുന്ന രാഷ്ട്രീയ ബോധമുള്ള ഒരു മനുഷ്യനെയാണ്. സാധാരണക്കാരന്റെ ശബ്ദമാകാൻ അധികാരത്തിന്റെ കസേരകൾ അദ്ദേഹത്തിന് ഒട്ടും ആവശ്യവുമില്ല. സിനിമയുടെ മാസ്മരിക വലയത്തിൽ മാത്രം വട്ടം കറങ്ങാനും സ്വന്തം വ്യക്തിത്വങ്ങൾ മറച്ചു പിടിക്കാനും സിനിമയിൽ പലരും ശ്രമിക്കുമ്പോൾ ആണ് പ്രേംകുമാർ എന്ന നടൻ അല്ല വ്യക്തി വ്യത്യസ്തനാവുന്നത്. തന്റെ കാഴ്ചപ്പാടുകളും സമൂഹത്തോടുള്ള കരുതലുമാണ് അദ്ദേഹത്തിലൂടെ ഈ അടുത്തകാലത്തായി കാണാൻ കഴിയുന്നത്. കേവലം ഒരു വ്യക്തി മാത്രമല്ല എന്നും അയാൾ സാമൂഹിക പ്രശ്നങ്ങളുടെ ഉള്ളിലേക്ക് ഇറങ്ങി വന്നു ഇടപെടലുകള്‍ നടത്തുന്ന, സമൂഹത്തിന് ഉത്തരം നല്കുന്ന ഒരാള്‍ കൂടിയാണ്.

അദ്ദേഹത്തിന്റ സമൂഹത്തോടുള്ള കടപ്പാടിന്റെയും അർപ്പണബോധത്തിന്റെയും നേര്‍കാഴ്ചകള്‍ ആണ് മുമ്പ് പ്രതിപാദിച്ചിട്ടുള്ളത്. ഇങ്ങനെ ചില ചോദ്യങ്ങളും ഉത്തരങ്ങളും ഉറക്കെ ഉറക്കെ വിളിച്ചു പറയാതെ സമകാലിക ജീവിതം തനിക്ക് ജീവിച്ചു തീർക്കാൻ ആവില്ല എന്ന് ഒരു ഉപാധിയും വയ്ക്കാതെ അദ്ദേഹം മുന്നോട്ട് വെക്കുകയാണ്. തന്നിലൂടെ കലയിൽ ഒരു വിധത്തിലുള്ള ഒത്തുതീർപ്പുകളും ചെയ്യാതെ സാമൂഹിക വിഷയങ്ങളില്‍ ശ്രദ്ധ നൽകാൻ അദ്ദേഹത്തിനാകുന്നു. സ്വന്തം കലയോടും സമൂഹത്തോടും കാലത്തോടുമുള്ള പ്രാഥമികമായ നിലപാടുകൾ അയാൾ നിര്‍ത്താതെ പറഞ്ഞുകൊണ്ടിരിക്കുന്നു. സാമൂഹികമായ ഒരു ഉത്തരവാദിത്തമാണ് എന്ന് ഇത് എന്റെ മാത്രം അല്ല തങ്ങളുടെ കൂടെ ഉത്തരവാദിത്തം ആണെന്ന് സഹപ്രവർത്തകരെ കൂടി ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. മനുഷ്യനിൽ കലാകാരൻ രൂപപ്പെട്ടു വന്നതിന്റെയും കലാകാരനിലൂടെ മനുഷ്യ മൂല്യങ്ങൾ പുനർജനിക്കുന്നതിന്റെയും തെളിവാണ് പ്രേംകുമാർ എന്ന അഭിനേതാവ്

അദ്ദേഹം ഒരു വലിയ ശരി ആണ് എന്ന് മാത്രമേ ചരിത്രത്തിന് അതിന്റെ താളുകളില്‍ എഴുതി ചേര്‍ക്കുവാന്‍ ആകുകയുള്ളു…

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ സുപ്രീം കോടതി. പുതിയ നയം ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ “മോഷ്ടിക്കുന്നതിന് സമാനമാണെന്ന്” കോടതി നിരീക്ഷിച്ചു. ഉപയോക്താക്കൾക്ക് സ്വകാര്യതാ നയം നിരസിക്കാൻ (opt-out) വ്യക്തമായ വഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

മെറ്റ അനുവദിച്ചിരിക്കുന്ന ടേക് ഇറ്റ്, ഓര്‍ ലീവ് ഇറ്റ് എന്ന ഓപ്ഷൻ പ്രകാരം ഒന്നുകിൽ വാട്സാപ്പിൽ പ്രവേശിക്കാം അല്ലെങ്കിൽ ഉപേക്ഷിക്കാം എന്ന തെരഞ്ഞെടുപ്പ് മാത്രമാണ് ഉപയോക്താവിന് നൽകുന്നത്. “ഈ നയം ഡാറ്റ മോഷണം സാധ്യമാക്കുന്നതായി തോന്നുന്നു” എന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുൽ പഞ്ചോളി എന്നിവർ അടങ്ങുന്ന ബെഞ്ചാണ് വാട്‌സ്ആപ്പും മെറ്റയും നൽകിയ അപ്പീലുകൾ പരിഗണിച്ചത്. 2021ലെ സ്വകാര്യതാ നയം സംബന്ധിച്ച് മത്സരം കമ്മീഷൻ ഓഫ് ഇന്ത്യ (CCI) വാട്‌സ്ആപ്പിന് മേൽ ചുമത്തിയ ₹213.14 കോടി പിഴ ശരിവെച്ച നാഷണൽ കമ്പനി ലോ അപ്പീലേറ്റ് ട്രൈബ്യൂണൽ (NCLAT) ഉത്തരവിനെതിരെയാണ് അപ്പീൽ.

“ഇവിടെ opt-out എന്ന ചോദ്യമേ ഇല്ല. ഉപയോക്താവിന് തിരഞ്ഞെടുപ്പില്ല. ഇത് സ്വകാര്യ വിവരങ്ങളുടെ മാന്യമായ മോഷണ രീതിയാണ്. എല്ലാവരും ഉപയോഗിക്കുന്ന ഒരു ആപ്പായി നിങ്ങൾ മാറിയിരിക്കുന്നു. അത്തരത്തിൽ സ്വകാര്യതയുമായി കളിക്കാൻ നിങ്ങൾക്ക് അവകാശമില്ല,” എന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വാട്‌സ്ആപ്പിനോട് പറഞ്ഞു.

ഇന്ത്യൻ ഉപയോക്താക്കളുടെ സ്വകാര്യതാവകാശം ലംഘിച്ച് വാട്‌സ്ആപ്പിന് രക്ഷപ്പെടാനാകില്ലെന്നും കോടതി മുന്നറിയിപ്പ് നൽകി.

“ഡാറ്റാ ഷെയറിങ്ങിന്റെ പേരിൽ ഈ രാജ്യത്തിന്റെ സ്വകാര്യതാവകാശവുമായി നിങ്ങൾക്ക് കളിക്കാനാവില്ല. ഭരണഘടനാ മൂല്യങ്ങളെ നിങ്ങൾ പരിഹസിക്കുകയാണ്. ഉപയോക്താക്കൾക്ക് യാതൊരു തിരഞ്ഞെടുപ്പുമില്ല; നിങ്ങൾ ഏകാധിപത്യം സൃഷ്ടിച്ചിട്ടുണ്ട്,” എന്നും CJI പറഞ്ഞു.

സ്വകാര്യതാ നയം എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും ഡാറ്റാ ഷെയറിങ് എങ്ങനെ നടക്കുന്നതെന്നും വിശദീകരിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ വാട്‌സ്ആപ്പിനോട് കോടതി നിർദേശിച്ചു.

“ഗ്രാമീണ തമിഴ്നാട്ടിൽ ഇരിക്കുന്ന, സ്വന്തം ഭാഷ മാത്രമറിയുന്ന ഒരാൾക്ക് നിങ്ങളുടെ നിബന്ധനകൾ എങ്ങനെ മനസ്സിലാകും?” എന്നും കോടതി ചോദിച്ചു.

വാട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് വ്യക്തമായ സമ്മതമില്ലാതെ ലക്ഷ്യമിട്ട പരസ്യങ്ങൾ (targeted advertising) ലഭിക്കുന്നതും കോടതി ചർച്ച ചെയ്തു.

“ഇവരുടെ മുഴുവൻ വരുമാനവും പരസ്യങ്ങളിൽ നിന്നാണ്. നമ്മളാണ് ഉൽപ്പന്നം. അതിനാലാണ് ഇത് സൗജന്യമായത്,” എന്ന് CCIയുടെ അഭിഭാഷകൻ സമർ ബൻസാൽ കോടതിയിൽ പറഞ്ഞു.

വാട്‌സ്ആപ്പിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ മുകുൽ റോഹത്ഗി, വിഷയത്തിൽ വിശദീകരിക്കുന്ന ഒരു പേജുള്ള സത്യവാങ്മൂലം സമർപ്പിക്കാൻ അനുമതി തേടി.

കേന്ദ്ര സർക്കാരിനെ കൂടി കേസിൽ കക്ഷിയാക്കി, ഇടക്കാല നിർദേശങ്ങൾ പരിഗണിക്കുന്നതിനായി ഫെബ്രുവരി 9-ലേക്ക് വാദം മാറ്റി കോടതി.

2021 ജനുവരിയിൽ വാട്‌സ്ആപ്പ് പുതുക്കിയ സേവന നിബന്ധനകളും സ്വകാര്യതാ നയവും അവതരിപ്പിച്ചിരുന്നു. പുതിയ നയം അംഗീകരിച്ചാൽ മാത്രമേ ആപ്പ് ഉപയോഗിക്കാൻ കഴിയൂ എന്നായിരുന്നു നിലപാട്. 2016ലെ പഴയ നയത്തിൽ ഫേസ്ബുക്കുമായി ഡാറ്റ പങ്കിടുന്നത് ഉപയോക്താക്കൾക്ക് നിരസിക്കാമായിരുന്നുവെങ്കിലും, 2021ലെ നയത്തിൽ അത് നിർബന്ധമാക്കി.

CCI നടത്തിയ അന്വേഷണത്തിൽ, വാട്‌സ്ആപ്പിന്റെ ഈ നടപടി മത്സര നിയമത്തിന്റെ ലംഘനവും ആധിപത്യ ദുരുപയോഗവും ആണെന്ന് കണ്ടെത്തുകയും, അഞ്ച് വർഷത്തേക്ക് മെറ്റയുമായി ഡാറ്റ പങ്കിടുന്നത് വിലക്കുകയും ചെയ്തിരുന്നു. NCLAT ഭാഗികമായി വാട്‌സ്ആപ്പിന് അനുകൂലമായി വിധിച്ചെങ്കിലും, പിഴ ശരിവെച്ചു. ഇതിനെതിരെയാണ് ഇപ്പോൾ സുപ്രീം കോടതിയിൽ വാട്‌സ്ആപ്പും മെറ്റയും അപ്പീൽ നൽകിയിരിക്കുന്നത്.

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും, കട്ടി മീശയും, പരത്തി ചീകിയ മുടിയും, കൈയ്യിൽ ഒരു ചൂരലും. അന്നത്തെ അങ്ങേരെ പ്രാകാത്ത പിള്ളേർ ഉണ്ടാകില്ല. എന്നാലും ആ പ്രാക്ക് ഒന്നും അങ്ങേർക്ക് ഏറ്റില്ല. കുടുംബ സമേതം us സിറ്റിസൺസ് ഒക്കെ ആയി, റിട്ടയർമെന്റ് കഴിഞ്ഞ് ഏതാണ്ട് അവിടെ സ്ഥിര താമസവും ആയി.

ആൾ ഇടക്ക് നാട്ടിൽ വരും. പറമ്പിലെ തേങ്ങക്ക് അപ്പുറത്തെ ശശി ചേട്ടനും ആയി കണക്ക് പറയും. ഇനിയും nre സ്റ്റാറ്റസ് ഡിക്ലയർ ചെയ്യാതെ കിടക്കുന്ന FD കളിൽ നിന്ന് എങ്ങാനും ഒരു പത്ത് പൈസ ടാക്സ് പിടിച്ചാൽ ബാങ്കിലെ സ്റ്റാഫിനെ പോയി ചീത്ത വിളിക്കും. എന്തിനേറെ, തന്റെ പറമ്പിലേക്ക് വീണ രണ്ട് കൊട്ട തേങ്ങ എടുത്ത കുറ്റത്തിന് അപ്പുറത്തെ ചന്ദ്രൻ ചേട്ടനോട് പോയി വഴക്ക് ഉണ്ടാക്കിയെന്നും വരും. ഇക്കണ്ടത് ഒക്കെ ഉള്ള പുള്ളിക്ക് ഇത് എന്തിന്റെ കേട് ആണ് എന്ന് നമുക്ക് തോന്നും!

അക്കാലത്ത് ഉള്ള ഒരുപാട് പേര് ഇങ്ങനെ ആണ് എന്ന് തോന്നിയിട്ടുണ്ട്. വെട്ടി പിടിക്കാൻ ഇനി ഒന്നും ബാക്കി ഉണ്ടാകില്ല. എന്നാലും, ഓരോ പൈസക്കും, ഓരോ നിമിഷത്തിനും ഇപ്പോഴും കണക്ക് പറയും. അടങ്ങി ഒതുങ്ങി ഇരിക്കുക എന്നത് അവരുടെ നിഘണ്ടുവിൽ ഇല്ലാത്ത കാര്യം ആണ്.

ഇത് പോലെ ഒരാള് ആണ് മമ്മൂട്ടി എന്ന് തോന്നിയിട്ടുണ്ട്. ഇക്കണ്ട കൊടുമുടി മുഴവൻ കയറിയിട്ടും, കളങ്കാവൽ പോലെ ഒരു കംപ്ലീറ്റ് വില്ലൻ റോള് ഒക്കെ ?! ഇനിയും ദാഹം അടങ്ങാത്ത ഒരു തരം സൈക്കോ! അല്ലാതെ എന്ത് പറയാൻ അങ്ങേരെ കുറിച്ച്!

സിനിമയേ കുറിച്ച് പറയാൻ ആണെങ്കിൽ ഒരു സാധാരണ തിരക്കഥ. അവിടവിടെ ലൂപ്പ് ഹോളുകൾ. പക്ഷേ, കാസ്റ്റിംഗ്, മേക്കിംഗ്, പണി നല്ല വൃത്തിക്ക് അറിയാവുന്ന എഡിറ്റർ അങ്ങനെ, പിന്നീട് ഉള്ള ഓരോ കടമ്പകൾ കൊണ്ടും അതിനെ എൻഹാൻസ് ചെയ്ത് എടുത്തിരിക്കുന്നു. എന്നാൽ , അവസാന ലാപ്പിൽ ഇതിനെ ഒക്കെ മറികടന്ന്, മമ്മൂട്ടി എന്ന നടൻ ഇങ്ങനെ പടർന്ന് പന്തലിച്ച് നിൽക്കുന്നു! അതാണ്, എനിക്ക് കളങ്കാവൽ.

ഇൻവെസ്റ്റിഗേഷൻ മൂഡ് ആയത് കൊണ്ട് കൂടുതൽ കഥ പറയുന്നില്ല. കൊടുത്ത പൈസക്ക് നഷ്ടം വരാത്ത തീയറ്റർ വാച്ച് ആണ് എന്ന് മാത്രം പറയുന്നു. നിർത്തുന്നു.

Nb : റിവ്യൂ എഴുതാൻ തുടങ്ങുമ്പോൾ വിനയകൻ, ജിബിൻ ഗോപിനാഥ്, സംവിധായകൻ ജിതിൻ കെ ജോസ്, എഡിറ്റർ പ്രവീൺ പ്രഭാകർ, മ്യൂസിക് ചെയ്ത മുജീബ്, ക്യാമറാമാൻ ഫൈസൽ അലി, രചയിതാവ് ജിഷ്ണു ശ്രീകുമാർ എന്നിവരൊക്കെ മനസ്സിൽ ഉണ്ടായിരുന്നു. പക്ഷേ, എഴുതി വന്നപ്പോൾ ഇങ്ങനെ ആയത് മന:പൂർവ്വം അല്ല, ആലോചിക്കും തോറും മനസ്സിൽ തെളിയുന്നത്, സ്റ്റാൻലി ദാസ് എന്ന ആ ഡെവിൾ കഥാപാത്രം മാത്രമാണ്!

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.
അവിടേക്ക് അടുക്കും തോറും പിന്നിലെ ലോകവും ഇല്ലാതാകുന്നു.
കടല്‍ മണ്ണിനു മുകളില്‍ ഒരു കവിത പിറക്കുകയാണ്..
എനിക്ക് പേറ്റുനോവ് വരുന്നു ദത്താ..
ഉടലില്‍ മണ്ണു പറ്റുന്നതല്ല..
ഞാന്‍ മണ്ണിലേക്ക് അലിയുന്നതാണ്..
തീവൃമായ് എന്തെങ്കിലും സംഭവിക്കട്ടെ ദത്താ.
അടുത്തൊരു ശ്മശാനമുള്ളത് നീയറിയുന്നുണ്ടോ..?
ഞാന്‍ അവിടുന്ന് നിലവിളികള്‍ കേള്‍ക്കുന്നുണ്ട്.
നീയെന്‍റെ മനസ്സ് പഠിക്കു ദത്താ..
അതാ അതിര്‍ത്തിയില്‍ ആകാശം ഇല്ലാതാകുന്നു.
പണി തീരും മുന്‍പേ അത് അടര്‍ന്നു പോകുന്നു.
വൈകുന്നു.
മിച്ചമിത്തിരി ശ്വാസം മാത്രം തരു.
ജീവനറ്റു പോകാതിരിക്കാന്‍ മാത്രം..’’

1

തിമിത്തിയെപ്പറ്റി ഞാനറിയുന്നത് അലീന വഴിയാണ്.കെട്ടണഞ്ഞുപോയ ഒരു സങ്കല്‍പ്പ ലോകം അയാള്‍ക്കുണ്ട്.അഴിഞ്ഞു പൊയ ഒരു ഭൂതകാലത്തിന്‍റെ ചവര്‍പ്പ്.
നേരമിരുട്ടിയാണ് ഞങ്ങള്‍ തിമിത്തിയെ കണ്ടത്.വാചാലനായ ഒരാള്‍.
ഒരു നൂറ്റാണ്ടു മുന്‍പ് തിമിത്തിയുടെ പൂര്‍വ്വികര്‍ ഇവിടെ മന്ത്രം ചെയ്തിരുന്നു.തിമിത്തിക്കും അവയൊക്കെ വശമുണ്ടെന്ന് അലീന പറഞ്ഞു.
വിവിധയിനം ചാവുകളെ അവയുടെ വിപരീതങ്ങളെ ഒക്കെ കണ്ടെത്താന്‍ തിമിത്തിക്ക് കഴിയുമത്രേ.
പക്ഷെ അലീനയില്‍ ഇനിയത്തരം പൊടിക്കൈകള്‍ക്ക് സാധ്യതയില്ല.
പക്ഷെ ഞാനോര്‍ക്കുന്നത് മറ്റൊന്നാണ്.അലീന എങ്ങനെ ഇത്തരം സൗഹൃദങ്ങള്‍ സമ്പാദിച്ചു.ഒരു വേലിപ്പടര്‍പ്പു പോലെ അവളുടെ ബന്ധങ്ങള്‍ വളരുന്നു.

“നമ്മള്‍ പ്രണയം പറഞ്ഞത് എന്നാണെന്ന് ഓര്‍ക്കുന്നോ ദത്താ..?’’

അവള്‍ മുഖത്തേക്ക് നോക്കാതെ ചോദിച്ചു.
ഞാനാ ഇരവിനെക്കുറിച്ചും പകലിനെക്കുറിച്ചും സൂക്ഷ്മമായി പറഞ്ഞു.അന്നു കണ്ട മനുഷ്യരെക്കുറിച്ച്, കേട്ട വാര്‍ത്തകളെക്കുറിച്ച്,മൂളിയ പാട്ടുകളെക്കുറിച്ച്.

“പക്ഷെ തിമിത്തി പറയുന്നത് അതൊരു കെട്ടനേരമായിരുന്നു എന്നാണ്.ചുരുട്ടിന്‍റെ പുക പോലെ അത് അന്തരീക്ഷത്തില്‍ വിഷം വമിപ്പിച്ചു.പക്ഷെ തീവ്രാനുരാഗമല്ലേ ദത്താ..
നമ്മുടെ ചിരി കെട്ടു പോകുമെന്ന് തിമോത്തി പറയുന്നു…’’

അലീനയുടെ സംഭാഷണങ്ങള്‍ക്ക് ഇടര്‍ച്ചകളൊന്നുമില്ലായിരുന്നു..

“ഹേതുവായ വിഷമത്തെ കണ്ടെത്തു ദത്താ..ഞാനും നിന്നെപ്പോലെ ഭ്രാന്തുള്ള ആളാവുകയാണ്..കാലം നമ്മോട് ക്ഷമിക്കട്ടെ ദത്താ..നിനക്ക് എന്നോട് അമര്‍ഷം തോന്നാതിരിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കട്ടെ…’’

അവള്‍ പറഞ്ഞവസാനിപ്പിച്ച് എന്‍റെ തോളിലേക്ക് ചാഞ്ഞു..

അലീനയെ ഞാന്‍ കാണുന്നത് അഞ്ച് കൊല്ലങ്ങള്‍ക്കു മുമ്പേയാണ്.മനോരോഗികളുടെ ദീനതയില്‍ കുടുങ്ങിയ ഒരു മോശം ദിവസം.മഴ കനത്ത വൈകുന്നേരത്ത് കൈ ഞരമ്പുകള്‍ മുറിച്ച നിലയില്‍ അലീന.
അത്യാഹിത വിഭാഗത്തിന്‍റെ ഭാഗം അവര്‍ നന്നായി കൈകാര്യം ചെയ്തു.
പിന്നീട് എന്‍റെ ഊഴമായിരുന്നു..
ഒരു മനോരോഗിയുടെ ആത്മഹത്യാ വാഞ്ജനയെ വഴിമാറ്റുക എന്നാല്‍ ഒരു പുഴ വഴിമാറ്റി ഒഴുക്കുന്ന ജോലിയാണ്.ശ്രമകരവും ക്ഷമ ആവശ്യവുമാണ്.
ഞാന്‍ അന്നു മടുത്തിരുന്നു.
അലീനയ്ക്ക് മരിക്കാന്‍ കാരണങ്ങളൊന്നുമില്ലായിരുന്നു.മരിക്കുക.അത്രമാത്രം.
അവളുടെ ചിരി എന്നെ മോഹിപ്പിച്ചു.
ഇതുവരെ ഒരു പുരുഷനാലും അവള്‍ ചുംബിക്കപ്പെട്ടിട്ടില്ല എന്നു പറഞ്ഞു.
മരണം വരെ അവള്‍ അറിഞ്ഞ ഏക പുരുഷന്‍ ഞാനാണ്.അത് എന്നോടെന്തോ പ്രത്യേകമായ മമത ഉള്ളതുകൊണ്ടു മാത്രമാണ്.

പ്രശ്നം ഗുരുതരമാണെന്ന് തിമിത്തി എന്നോട് പറയുന്നു.ശാപം വീണിരിക്കുന്നു.ഇന്നോ ഇന്നലെയോ അല്ല.പതിറ്റാണ്ടുകള്‍ക്കു മുമ്പ്..

“ചത്ത് കണ്ണ് മേല്‍പ്പോട്ടു പോകും..ശ്വാസം നിലച്ച് കണ്ണു തള്ളും..നിന്‍റെ കിതപ്പിന്‍റെ മൂര്‍ച്ഛയില്‍ ചോര നിന്നെ പൊതിയും..ദാ ഇത്രയടുത്ത് നീ മരണം കാണും..ആ ദേഹം നിന്നെ തിന്നും..’’

തിമിത്തി പ്രസ്താവിച്ചു.
ഞങ്ങള്‍ തിരിച്ചു നടന്നു.
തിമിത്തി ഒരു സ്വവര്‍ഗ്ഗ ഭോഗിയാണ്.അയാള്‍ പുരുഷ ലിംഗത്തില്‍ രതിമൂര്‍ച്ഛ കണ്ടെത്തുന്നു..

“സമയം അടുക്കുന്നതായി തോന്നുന്നു ദത്താ..നീയൊരു കാട്ടാറുപോലെ കലുഷമാകുന്നത് ഞാനറിയുന്നു…’’

അലീന തിരിഞ്ഞു നോക്കാതെ നടന്നു..

2

ആര്‍ട്ട് ഗ്യാലറിയില്‍ നവനീതും മേഘവും ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു.മേഘത്തിന്‍റെ ചിത്ര പ്രദര്‍ശനം അവസാന ദിവസത്തേക്ക് കടന്നു.ചിത്രങ്ങള്‍ മെച്ചപ്പെട്ട വിലക്ക് തന്നെ പോയി.എനിക്കു തരാനായി മേഘം ഒരു ചിത്രം മാറ്റിവെച്ചിരുന്നു..ചിത്ര പ്രദര്‍ശനത്തിന്‍റെ ആദ്യ ദിനം മുതല്‍ sold എന്ന ടാഗിനു താഴെ അത് തൂങ്ങിക്കിടന്നു.
അത് മഞ്ഞയുടേയും കടുംപച്ചയുടേയും ഒരു സംയോഗമായിരുന്നു.
കെട്ടിപ്പിണഞ്ഞ എന്‍റെ ദിനചര്യകള്‍ പോലെ അവ തോന്നിപ്പിച്ചു.
മഞ്ഞയുടെ സൂക്ഷം ആറ് വരകള്‍.പച്ച ക്രമമില്ലാതെ പറ്റിപ്പടര്‍ന്നിരിക്കുന്നു.

“ചെകുത്താന്‍റെ സ്വപ്നം.’’

അലീന ആത്മഗതം പറഞ്ഞു..
Devils dream എന്നാണ് മേഘം അതിനു പേരിട്ടിരുന്നത്.
നവനീതിന്‍റെ ഭാര്യയാകുന്നതിനു മുന്നേ മേഘം എന്‍റെ കാമുകി ആയിരുന്നു..ഒരു ഹ്രസ്വ കാലത്തേക്ക് മാത്രം.മേഘത്തിന്‍റെ കാഴ്ചപ്പാടില്‍ ചെകുത്താന്‍ മരണത്തിന്‍റെ ദൂതനാണ്.മരണം പോലെ അവള്‍ ഭയക്കുന്ന മറ്റൊന്നില്ല.ചെകുത്താന്‍ മരണമായതുകൊണ്ടു തന്നെ അതിന്‍റെ കാമനകളും മരണത്താല്‍ ചുറ്റപ്പെടും.ഏറ്റവും പ്രിയങ്കരമായ ഒന്നിന്‍റെ മരണം പോലെ ചെകുത്താനെ ആനന്ദിപ്പിക്കുന്ന മറ്റെന്തുണ്ടാവും.
ഞാന്‍ ആ ചിത്രത്തിലേക്ക് ഇമവെട്ടാതെ നോക്കി നിന്നു.പച്ചയില്‍ ഒരു ചുവപ്പ് തെളിയുന്നതായി ഞാന്‍ കണ്ടു.അത് എനിക്കു മാത്രം കാണാന്‍ കഴിയുന്ന ഒന്നായ് മേഘം ക്രമീകരിച്ചതാകണം..

“നിന്‍റെ നഗ്നമായ മുലകളിലേക്ക് എനിക്ക് തളര്‍ന്നു വീഴണം..ആപ്പോള്‍ എന്നില്‍ ശ്വാസം അവശേഷിക്കാത്ത വിധത്തില്‍ നീ എന്നെ ഇറുകി പുണരണം..എന്‍റെ ഉള്ളിലേക്ക് നിന്‍റെ വിയര്‍പ്പിന്‍റെ ഗന്ധം മാത്രം.’’

ഞാന്‍ അലീനയുടെ ചെവിയില്‍ പറഞ്ഞു.

ചിത്രം വാങ്ങി പുറത്തിറങ്ങിയപ്പോള്‍ മഴ കനത്തിരുന്നു.
വെള്ളത്തുള്ളികള്‍ വീണ് ആ ചിത്രത്തിലെ ആറ് മഞ്ഞ രേഖകള്‍ വികൃതമായി.

3

ആണി കഴുത്തിലേക്ക് ആഴ്ന്നപ്പോള്‍ അവള്‍ ഒന്ന് പിടഞ്ഞു.ഞാന്‍ മെല്ലെ വായ പൊത്തിപ്പിടിച്ചു.തുരുമ്പിച്ച ആണിയുടെ ക്രൂര മുനയാല്‍ നീറുമ്പോഴും അവളുടെ ഇടുപ്പ് പൊങ്ങിത്താന്നുകൊണ്ടേയിരുന്നു.
ഒരു നിമിഷത്തേക്ക് ആ ആണി അവിടെ തന്നെ വെച്ചു.പിന്നീട് ഞാനത് വലിച്ചൂരി.അവള്‍ ചിരിച്ചു.
ക്രൂരമായ ചിരി.
കാമം ഞങ്ങളെ മനുഷ്യരല്ലാതാക്കി.പ്രേമം ഞങ്ങളെ വെറും മനുഷ്യരുമാക്കി.
കഴുത്തിലെ മുറിവില്‍ നിന്ന് ചോര ചീറ്റി.അത് ഞങ്ങളുടെ വെള്ളക്കമ്പിളിയെ പൊതിയുന്നു.അവളുടെ വെളുത്ത ശരീരം ചുവപ്പായ് പരിണമിക്കുന്നു.

“അന്ന് കൈ മുറിച്ചപ്പോള്‍ ഞാന്‍ എത്ര ചോര കണ്ടു ദത്താ…ഞാന്‍ നിന്‍റെ രോഗിയല്ലേ…
പക്ഷേ ഞാന്‍ വെറും രോഗിയാണോ ദത്താ..ആ രോഗിയുടെ എവിടെല്ലാം നീ തൊട്ടു..
നീ എത്ര ഭാഗ്യവാനാണ്..എന്നെ ഇത്രയധികം നീ എന്തിനാണ് ആനന്ദിപ്പിക്കുന്നത്..
കടും ചുവപ്പാണ് ദത്താ എല്ലാം നീ കാണുന്നുണ്ടോ..?
എനിക്ക് വേദനയില്ലെന്ന് മാത്രം നീ വിചാരിക്കരുതേ….’’

അവള്‍ എന്‍റെ നെഞ്ചിലേക്ക് വീണു.അവള്‍ രതിയുടെ വേഗം കൂട്ടി.എനിക്ക് വേദനിച്ചു തുടങ്ങി.
അലീനയ്ക്ക് ഒരു പോപ് ഗായികയുടെ സ്വരം വരുന്നു.
പതിഞ്ഞ താളത്തില്‍ അവള്‍ devils dream എന്ന് കാതില്‍ പാടിക്കൊണ്ടിരുന്നു.ക്രമേണ അതിന്‍റെ വേഗം കുറഞ്ഞു..താളം നിലച്ചു..
ഞാനവളെ മലര്‍ത്തിക്കിടത്തി.വിയര്‍ത്തു കുളിച്ച അവളുടെ മുലകളിലേക്ക് മുഖമാഴ്ത്തി.അവള്‍ എന്നെ ചേര്‍ത്തിറുക്കി.പക്ഷെ ക്രമേണ ശേഷി കുറയുന്നത് ഞാന്‍ അറിഞ്ഞു.എന്നെ കൊല്ലാന്‍ മാത്രമുള്ള ശക്തി ആ കൈകള്‍ക്ക് അവശേഷിക്കുന്നില്ലായിരുന്നു.
അതാ അലീന മരിക്കുന്നു.അവളുടെ പ്രിയപ്പെട്ട ഡോക്ടറുടെ ഒപ്പം കിടന്ന്.അവളെ ഭ്രമിപ്പിച്ച കാമുകന്‍റെ ചൂടിനോട് ചേര്‍ന്ന്.

4

തിമിത്തി എന്നെ വന്നു കണ്ടു.അലീന എവിടെയെന്നു തിരക്കി.ഞാന്‍ മേഘം വരച്ച ചിത്രം കാണിച്ചു കൊടുത്തു.ഇനി തമ്മില്‍ കാണേണ്ടതില്ലെന്ന് പറഞ്ഞ് തിമിത്തി എനിക്ക് കൈ തന്നു.അയാളുടെ കൈ തണുത്തു.അലീനയുടെ തണുപ്പ്.എനിക്ക് ചിരി വന്നു..

5

പുറം കാഴ്ച

അലീനയ്ക്ക് അടങ്ങാത്ത മരണാസക്തി ഉണ്ടായിരുന്നു.അവിടെയാണ് ദത്തന്‍ പ്രത്യക്ഷപ്പെട്ടത്.അലീന ജീവിത കാലത്ത് കറുത്ത വസ്ത്രങ്ങള്‍ മാത്രം ധരിച്ചു.ദത്തനാകട്ടെ വര്‍ണ്ണങ്ങളോടു കൂടിയ വസ്ത്രം ധരിച്ചു..
ഒറ്റപ്പെട്ട ഒരു ദ്വീപു പോലെ അലീനയുടെ കഴുത്തിലെ മറുക് അവിടെ നിന്നു.
അതില്‍ ആണിയിറക്കുക എന്നത് ദത്തന്‍റെ നിയോഗമായിരുന്നു.
അയാള്‍ എല്ലാത്തിനുമൊടുവില്‍ തിരിഞ്ഞു നടന്നു..

6

രാത്രി
മദ്യത്തിന്‍റെ കെട്ടില്‍ ദത്തനുറങ്ങി.
ആകാശത്തില്‍ നിന്ന് ഒരു മറവി അയാളിലേക്ക് ഇറങ്ങി വന്നു.അതിന് അയാള്‍ തിമിത്തിയുടെ മുഖം നല്‍കി.

“അലീനയ്ക്ക് നീ മാത്രമേയുള്ളു ദത്താ..നീ ഉറങ്ങാതിരിക്കു…’’തിമിത്തി പറഞ്ഞു.

പൊടുന്നനെ മുറിയില്‍ മേഘത്തിന്‍റെ മണം പരക്കാന്‍ തുടങ്ങി.
ചെകുത്താന്‍റെ സ്വപ്നത്തിലെ മഞ്ഞ നിറം ബലമില്ലാത്ത ഒരു തരം നീലയായി പരിണമിച്ചു.
നവനീതിന്‍റെ കിടപ്പറയിലായിരുന്ന മേഘം അവനില്‍ ദത്തനെ കണ്ടു.അവള്‍ ഒരു സീല്‍ക്കാരത്തോടെ അവനെ ചുംബിച്ചു.
മേഘം ആ ചിത്രത്തിനെക്കുറിച്ചു മറന്നു.
തിമിത്തി മറവിയുടെ തൊപ്പി വെച്ച് തിരിച്ചു പോയി.ചെകുത്താന്‍റെ സ്വപ്നം പൂര്‍ണ്ണമായും നീല നിറമായി മാറി.

“അലീന…’’

ദത്തന്‍ നിലവിളിച്ചു…

അലീന അടുത്ത് വന്ന് അവനെ മടിയില്‍ കിടത്തി.കഴുത്തില്‍ വലിയ ഒരു ദ്വാരം പ്രത്യക്ഷപ്പെട്ടു.

“നീ എല്ലാം മറക്കുന്നു ദത്താ…’’

അവള്‍ ചിരിച്ചു.

ദത്തന്‍ കണ്ണു തുറന്നപ്പോള്‍ പുലര്‍ച്ചയാണ്..

ദത്തന്‍റെ ഏഴ് കൊല്ലം മുമ്പുള്ള ഡയറി അവിടെ തുറന്നിരിക്കുന്നു.

അതില്‍ അലീനയുടെ വടിവൊത്ത കൈപ്പട..

“ശാപമാണ് ദത്താ…
ചത്ത് കണ്ണ് മേല്‍പ്പോട്ടു പോകും..ശ്വാസം നിലച്ച് കണ്ണു തള്ളും..നിന്‍റെ കിതപ്പിന്‍റെ മൂര്‍ച്ഛയില്‍ ചോര നിന്നെ പൊതിയും..ദാ ഇത്രയടുത്ത് നീ മരണം കാണും..ആ ദേഹം നിന്നെ തിന്നും…’’

ദത്തന്‍ പിന്നിലേക്ക് നോക്കി.മേഘത്തിന്‍റെ ചിത്രം പഴയ പടി തന്നെ ചുവരില്‍ തൂങ്ങിക്കിടക്കുന്നു..

ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ

0

ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ പ്രദർശനത്തിനെത്തി. വേറിട്ടതും ശക്തവുമായ പ്രമേയവും ശക്തമായ രാഷ്ട്രീയവും പറയുന്ന സിനിമയാണ് സ്റ്റേഷൻ 5. നരിവേട്ട , റിലീസാവാനിരിക്കുന്ന വിലായത്ത് ബുദ്ധ തുടങ്ങിയ ചിത്രങ്ങളിലെ നായിക പ്രിയംവദ കൃഷ്ണനാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ . ഡയാന ഹമീദും ഒരു മികച്ച വേഷത്തിൽ എത്തുന്നു. പ്രശാന്ത് കാനത്തൂർ സംവിധാനം ചെയ്ത സ്റ്റേഷൻ 5 ൽ സന്തോഷ് കീഴാറ്റൂർ, വിനോദ് കോവൂർ, രാജേഷ് ശർമ്മ, പ്രയാൺ വിഷ്ണു, ദിനേഷ് വർമ്മ, സുനിൽ സുഖദ, ശിവജി ഗുരുവായൂർ, ജെയിംസ് ഏലിയ, ശിവൻ കൃഷ്ണൻകുട്ടി നായർ, നഞ്ചിയമ്മ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. പ്രതാപ് നായർ ഛായാഗ്രഹണവും സലീഷ് ലാൽ ചിത്രസംയോജനവും നിർവ്വഹിച്ചു. റഫീഖ് അഹമ്മദ്, ഹരിലാൽ, പ്രകാശ് മാരാർ, ഹിരൺ മുരളി എന്നിവർ എഴുതിയ ഗാനങ്ങൾ കെ.എസ്.ചിത്ര, നഞ്ചിയമ്മ, വിനോദ് കോവൂർ, കീർത്തന ശബരീഷ്, ശ്രീഹരി എന്നിവർ ആലപിക്കുന്നു.

ഋതുഭേദങ്ങൾക്കപ്പുറം

കവിതകൾ – അജയഘോഷ് മാന്താനം

ജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക് വഴുതിവീഴുകയായിരുന്നു.
അക്ഷരത്തെറ്റുകൾ മാത്രമാണ് എഴുതി ശീലിച്ചത്.
ഞാൻ എഴുതിയതാണോ എന്ന് എനിക്കറിയില്ല. കവിതയ്ക്ക് ഒരിടം കണ്ടെത്തി എഴുതിയിട്ടുമില്ല.
ജീവിതമെന്ന പടയിലും പന്തയിലും കവിത എന്നിൽവന്ന് ഭവിക്കുകയായിരുന്നു.
വാക്കുകൾ ചോർന്നുപോകാതെ ചേർത്ത് എഴുതുക മാത്രമേ ചെയ്തിട്ടുള്ളൂ.
കവിത കിനിഞ്ഞ നാളുകളിൽ വരിതിരുത്തി എന്റെ ഒപ്പം നിന്ന എന്റെ നല്ല പാതിയും പൊലിഞ്ഞു പോയി.
ജീവിതം എന്തിന് എന്ന് ചിന്തിച്ചിടത്തുനിന്ന് കവിതയാണ് എന്നെ സ്നേഹവിരലുകൾ കൊണ്ട് ചേർത്തുപിടിച്ചത്.
കവിതയുടെ തടവറയിൽ ആജീവനാന്തകാലം കഴിയാൻ വിധിക്കപ്പെടുകയായിരുന്നു. കവിതകൾക്കും അക്ഷരങ്ങൾക്കും മരണമില്ലാത്തിടത്തോളം കാലം ഈ തടവറയിൽ ഞാൻ കഴിഞ്ഞു കൊള്ളാം…
അക്ഷരങ്ങൾ പകർന്നു തന്ന എന്റെ ഭഗവൽ പാദത്തിൽ ശിരസു നമിച്ചു ഋതുഭേദങ്ങൾക്കപ്പുറം എന്ന കവിതാസമാഹാരം
ഏറെ പ്രിയപ്പെട്ടവരുടെ കൈകളിലേക്ക് സമർപ്പിക്കുന്നു.
സ്വീകരിച്ചനുഗ്രഹിക്കണം…

Buy this Book

മെലോണിയുടെ ഉറക്കം; ചെരവാന്റെയും, അലോഷിയുടെ രഹസ്യങ്ങള്‍, നിയോഗിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ, നോവല്‍ കോട്ട, അനന്തരം അമല്‍, ചെകുത്താന്‍ കുന്ന്, സര്‍വ്വാധിപന്റെ അഭിലാഷങ്ങള്‍, അന്താരാഷ്ട്ര പ്രണയമീമാംസ, ഖജുരാഹോയ്ക്ക് ടൂര്‍ പോയ യഹൂദ ദൈവം, ഒറ്റ നക്ഷത്രത്തിന്റെ ഉപരിതലം, പെരുന്നാളുച്ച, ആനന്ദ് പീറ്ററിന്റെ മരണം – ചില നോവല്‍ സാധ്യതകള്‍… എന്നിങ്ങനെ 12 കഥകളാണ് ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കു


കവിതകൾക്കപ്പുറം

എം.ആര്‍. രേണുകുമാര്‍

ഇതര സാഹിത്യരൂപങ്ങളില്‍നിന്ന് വിഭിന്നമായി എഴുതുമ്പോള്‍ എഴുതുന്നവരുമായും വായിക്കുമ്പോള്‍ വായിക്കുന്നവരുമായും ആത്മബന്ധം പുലര്‍ത്തുന്ന സാഹിത്യരൂപമാണ് കവിത. കവിത പലര്‍ക്കും വാതിലാണ്, വീടാണ്, മുറിയാണ്, അഭയമാണ്, കൂട്ടാണ്, കൂടെപ്പിറപ്പാണ്, പ്രണയമാണ്. ജീവിതത്തിന്റെ/പ്രണയത്തിന്റെ/പ്രതിസന്ധിയുടെ/സങ്കീര്‍ണതകളുടെ ഏത് ഉത്തുംഗതയിലും അഗാധതയിലും അത് തോളിൽ കൈയിട്ട് കൂടെവരുന്നു. അരയില്‍ കൈചുറ്റി ചേര്‍ത്തുപിടിക്കുന്നു. സന്തോഷങ്ങളില്‍ അപ്പൂപ്പന്‍താടികള്‍ പറത്തുന്നു. സങ്കടങ്ങളില്‍ വയലിനാകുന്നു. വെയിലത്തും മഴയത്തും അത് മരച്ചില്ലയാകുന്നു. മഞ്ഞുകാലത്ത് നെരിപ്പോടായും, മരുഭൂമിയില്‍ നീരുറവയായും, കൂരിരുട്ടില്‍ മിന്നാമിന്നിയായും അത് കൂടുവിട്ട് കൂടുമാറുന്നു. ജീവിതം തീപെട്ടാലും ചിത കെട്ടടങ്ങിയാലും പിന്നെയും കുറേനേരം അതവിടെ ചുറ്റിപ്പറ്റി നില്‍ക്കും. എന്തുകൊണ്ടോ കവിത അങ്ങനെയാണ്.

ആരുമില്ലാത്തവര്‍ക്ക്
ദൈവമുണ്ടെന്ന്
പറയാറുണ്ട്.

പക്ഷേ
അവിശ്വാസികള്‍
എന്തുചെയ്യും.

അവര്‍ക്ക്
കവിതയുണ്ടെന്ന്
പറയേണ്ടിവരും,
ദൈവം ചതിച്ചാലും
കവിത ചതിക്കില്ലെന്നും.

ഞാനൊരു കവിതയില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്. തന്നെക്കൊണ്ട് ആവുന്നവിധം കവിതകൊണ്ടും പ്രണയം കൊണ്ടും ജീവിതത്തെ അണച്ചുപിടിക്കുന്ന അജയഘോഷ് മാന്താനത്തിന്റെ ‘ഋതുഭേദങ്ങള്‍ക്കപ്പുറം’ എന്ന സമാഹാരത്തിലെ കവിതകളിലൂടെ കടന്നുപോയപ്പോള്‍ എന്റെ മനസ്സില്‍ കൊളുത്തിയ വിചാരങ്ങളില്‍ അല്‍പ്പമാണ് മുകളില്‍ ചേര്‍ത്തത്. ഇതിനോട് ചേര്‍ന്നുനില്‍ക്കുന്ന കുറച്ചുകാര്യ
ങ്ങള്‍ കൂടി സൂചിപ്പിക്കാം.
തന്റെ കവിസ്വത്വത്തെക്കുറിച്ചുള്ള സന്ദിഗ്‌ദ്ധതകള്‍ മറികടന്നും
നിലനിര്‍ത്തിയും തുടരുന്ന, അഥവാ തുഴഞ്ഞും തുഴയാതിരുന്നും കരുണയില്ലാത്ത ജീവിതത്തിരകളെ മറികടക്കാന്‍ ശ്രമിക്കുന്ന, ഒരാളെ ഈ സമാഹാരത്തിലെ പല കവിതകളിലും കാണാം; പ്രത്യേകിച്ചും പ്രണയകവിതകളില്‍. ചില ഉദാഹരണങ്ങള്‍ കാണുക.

‘വറുതിയുടെ
കാലത്ത് കരളില്‍
അനുരാഗത്തിന്റെ
മഴ പൊഴിച്ചവളെ’(നിന്റെ ഓര്‍മ്മകള്‍ക്ക്)

‘ഞാനെന്ന
വറുതിയില്‍ പെയ്ത
പ്രണയമഴയാണ് നീ’(നമ്മള്‍)

‘കടലിനേക്കാള്‍
ആഴമുണ്ട്
ജിവിതത്തിന്’(അരികിനേക്കാള്‍ അരികില്‍)

സമാനങ്ങളില്ലാത്ത വറുതിയുടെ കാലത്തെ അഭിമുഖീകരിക്കാന്‍ കവി പ്രണയമാണ് ഉപയുക്തമാക്കുന്നത്. പ്രണയത്തിന്റെ ഹൃദയമാണ് ചുണ്ടുകള്‍. അതില്‍ വിരിയും പൂക്കളാണ് ഉമ്മകള്‍. ‘കരുതല്‍’ എന്ന കവിതയില്‍ കവി ഇങ്ങനെ എഴുതുന്നു.
‘നമുക്ക്
ഉമ്മകളുടെ
ഒരു ചെടി നടണം
എന്നിട്ട് അതില്‍
വിരിയുന്ന
പിണക്കങ്ങളും
പരാതികളുമാകണം.

‘ചുംബന’മെന്ന കവിതയില്‍ കവിയുടെ കവിളുകള്‍ ഇണയുടെ ചുംബനത്താല്‍ ചുട്ടുപൊള്ളുന്നു. ‘തണലെ’ന്ന കവിതയില്‍ അത് ചാരമായ് കെട്ടടങ്ങുകയും ചെയ്യുന്നു.

‘ചുണ്ടുകളില്‍ പൂത്ത
എത്രയെത്ര ഉന്മാദങ്ങള്‍
ഉടലില്‍ എരിഞ്ഞ്
വെണ്ണീറാകുന്നു.

കണ്ണില്‍ പൂത്ത
എത്രയെത്ര സ്വപ്നങ്ങള്‍
കരിഞ്ഞില്ലാതെയാകുന്നു’

‘കരുതലെ’ന്ന കവിതയിലെ ‘വീടില്ലാത്തവന്‍ വീടിന് പേരിട്ടതുപോലെ നമുക്കും’ എന്നവരികള്‍ വായനയെ ആര്‍ദ്രമാക്കും.
‘പ്രിയപ്പെട്ടവളോട്’ എന്ന കവിതയിലെ
‘സഖീ നമുക്ക്
ഈ തെളിനീറ്റില്‍
ഇണകളായി നീന്തുന്ന
മത്സ്യങ്ങളെ കാണാം’
എന്ന വരികളും മനസ്സില്‍ മഴമേഘം വിതുമ്പി നില്‍ക്കും. കവിതയിലൂടെ ജീവിതത്തെ/പ്രണയത്തെ/പോയകാലത്തെ ഓര്‍ത്തടുക്കാന്‍ ശ്രമിക്കുന്ന, തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന, അടയാളപ്പെടുത്താന്‍ശ്രമിക്കുന്ന അജയഘോഷിനും അദ്ദേഹത്തിന്റെ സമാഹാരത്തിനും എല്ലാവിധ ആശംസകളും നേരുന്നു.

നവരാത്രി ആഘോഷം

0

തിക്കോടി ശ്രീ ത്യാഗരാജ സംഗീത കോളേജിലെ ഈ വർഷത്തെ നവരാത്രി ആഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ തീരുമാനിച്ചു.

ഒക്ടോബർ രണ്ടിനു ത്യാഗരാജ ഹാളിൽ നടക്കുന്ന പരിപാടി അനിൽ ദാസ്, കോഴിക്കോട് ഉൽഘാടനം ചെയ്യും. തുടർന്ന് സംഗീത കച്ചേരി ,വയലിൻ കച്ചേരി, തബല സോളോ, ലളിത ഗാനാലാപനം , ഹിന്ദുസ്ഥാനി സംഗീത കച്ചേരി , ഗസൽ ആലാപനം, പുല്ലാങ്കുഴൽ കച്ചേരി, നൃത്തനൃത്യങ്ങൾ എന്നിവ അരങ്ങേറും.

കാലത്ത് 9 മണി മുതൽ സംഗീതം – വായ്പാട്ട്, വയലിൻ, ഹാർമ്മോണിയം, തബല, ചിത്രരചന, നൃത്തം ക്ലാസുകളിലേക്ക് പുതിയ അഡ്മിഷൻ ഉണ്ടായിരിക്കുന്നതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

40,000 റോഡപകടം, 6000 മരണം, ഇത് കേരളത്തിൽ തന്നെയാണ്

0

കഴിഞ്ഞ വർഷം ജനുവരി മുതൽ കേരളത്തിൽ റോഡപകടങ്ങളിൽ ഏകദേശം 6,000 പേർ മരിച്ചു, പ്രതിവർഷം 40,000-ത്തിലധികം അപകട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ വർഷം 48,834 അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, ഇതിൽ 3,880 പേർ മരിക്കുകയും 54,796 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് പോലീസ് കണക്കുകൾ സൂചിപ്പിക്കുന്നു. ഈ വർഷത്തെ ആദ്യ ഏഴ് മാസത്തിനുള്ളിൽ മാത്രം 28,724 അപകടങ്ങളിൽ 2,107 പേർ കൊല്ലപ്പെടുകയും 32,569 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് അവർ പറഞ്ഞു.
അപകടങ്ങൾക്കുള്ള പ്രധാന കാരണങ്ങളിലൊന്ന് അതിവേഗ വാഹനങ്ങളും റോഡ് രൂപകൽപ്പനയും തമ്മിലുള്ള പൊരുത്തക്കേടാണ്. “മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന വാഹനങ്ങൾ നിരത്തിലുണ്ട്. അതേസമയം റോഡുകൾ മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നു. സ്കൂൾ വിദ്യാഭ്യാസത്തിൽ റോഡ് സുരക്ഷ സംയോജിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
“കുട്ടികളെ ചെറുപ്പം മുതലേ ഗതാഗത നിയമങ്ങളും മര്യാദകളും പഠിപ്പിക്കണം. എങ്ങനെ നടക്കണമെന്നും റോഡ് മുറിച്ചുകടക്കണമെന്നും പ്രായോഗികമായി അവരെ പരിശീലിപ്പിക്കണം. കൂടാതെ, അപകടത്തിൽപ്പെട്ടവരെ ശ്രദ്ധിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കണം. ഇത് മാത്രം അപകടങ്ങളും മരണങ്ങളും കുറഞ്ഞത് 40 ശതമാനമെങ്കിലും കുറയ്ക്കാൻ സഹായിക്കും,” പക്ഷെ ഇവയൊന്നും നടപ്പാവുന്നില്ല. ഡ്രൈവിങ് പരിശീലനവും സംഘടിതമായ എതിർപ്പ് മൂലം നിലവാരം ഉയർത്താൻ കഴിഞ്ഞില്ല.

ആഘോഷത്തിൻ്റെ രസതന്ത്രം

0

കഥകൾ – ശ്രീലക്ഷ്മി പള്ളിപ്പാട്ട്

സമൂഹത്തിന്റെ തിരക്കിലും നിശ്ശബ്ദതയിലും മറഞ്ഞിരിക്കുന്ന ജീവിതസത്യങ്ങളിലേക്ക് നോക്കുന്ന കഥകൾ. അന്തരംഗവും ബാഹ്യലോകവും പരസ്പരം ചേർന്ന് വരച്ചെടുക്കുന്ന ഈ കഥകൾ, വായനക്കാരനെ സ്വന്തം അനുഭവങ്ങളും
അർത്ഥങ്ങളുമായി വീണ്ടും പൊതിയുന്ന ഒരു ആത്മപരിശോധനയിലേക്ക് ക്ഷണിക്കുന്നു. മനുഷ്യനെന്ന സങ്കീർണ്ണജീവിയുടെ
ജീവിതനിഴലുകളിൽ മറഞ്ഞിരിക്കുന്ന ചിന്തകളും ചോദ്യങ്ങളും വേദനയും ആനന്ദവും ആഘോഷവും എല്ലാം ഇഴചേരുന്ന സൂക്ഷ്മരസതന്ത്രം കഥകളിൽ തെളിയുന്നു.

Buy this Book

കഥ വായിച്ചും കേട്ടുമുള്ള ശീലം, കുട്ടിക്കാലംതൊട്ടുള്ള കുത്തിക്കുറിക്കലുകൾ ഇതൊന്നും മാത്രമല്ല ഒരു പുസ്തകപ്രസിദ്ധീകരണത്തിന് ആവശ്യം എന്നറിയാം. വായനക്കാർക്ക് ആസ്വാദനമൊരുക്കുന്ന, വായനനയ്ക്ക് സുഖമേകുന്ന വസ്തുതകളും ഭാഷയും കഥയും വേണം. എന്റെ കുഞ്ഞെഴുത്തുകളിലതുണ്ടോ എന്നറിയില്ല. ഇത് എന്റെ സന്തോഷമാണ്. അത്രമാത്രമേ പറയാനറിയൂ…
അക്ഷരപ്പിച്ച നടത്തിച്ച മുത്തശ്ശനും വാക്കിൻവഴിയേ നടന്നപ്പോൾ കൈപിടിച്ചവരും എല്ലാം എന്റെ യാത്രയിലെ ഗുരുത്വങ്ങളായിക്കാണുന്നു. അതിനൊപ്പം മനസ്സറിഞ്ഞുകൂടിമുന്നേറാൻ പ്രചോദനമായത് ഷൊർണ്ണൂരെ എന്റെ മനശ്ശാസ്ത്രപഠനക്കളരിയിലെ സാറും കൂട്ടുകാരുമാണ്.

സിനിമ പഠിക്കാം. വാരാന്ത്യ ക്ലാസുമായി ന്യൂവേവ് സ്കൂൾ

ന്യൂവേവ് ഫിലിം സ്കൂൾ ഇതാദ്യമായി ഫിലിം മേക്കിംഗിൽ ഒരു വാരാന്ത്യബാച്ച് (ശനി, ഞായർ) ആരംഭിക്കുന്നു. 30 ക്ലാസ് ദിവസങ്ങളും (നാലു മാസത്തിനിടയിൽ) നാല് ഡിപ്ലോമ സിനിമകളുമാണ് കോഴ്സിൻ്റെ ഉള്ളടക്കം. ഓരോരുത്തർക്കും അവരവരുടെ അഭിരുചിക്കാനുസരിച്ച് സംവിധാനം, സ്ക്രിപ്റ്റ് റൈറ്റിങ്ങ് , സിനിമാറ്റോഗ്രഫി, എഡിറ്റിംഗ്, സൗണ്ട് ഡിസൈനിംഗ്, ആക്ടിംഗ്, ഫോട്ടോഗ്രഫി, ഡോക്യുമെൻ്ററി സിനിമ ഇവയിൽ ഏതെങ്കിലും ഒന്നിൽ സ്‌പെഷലൈസേഷനുള്ള അവസരവുമുണ്ട്.
രാവിലെ 10 മുതൽ വൈകീട്ട് 4 മണി വരെയാണ് ക്ലാസ് സമയം. ഡിപ്ലോമ സിനിമകൾ പൂർത്തീകരിക്കുന്നതിന് ആവശ്യമായ സാങ്കേതിക സഹായങ്ങളും ഉപകരണങ്ങളും ഇൻസ്റ്റിറ്റ്യൂട്ട് നൽകും. ക്ലാസുകൾ ഓഗസ്റ്റ് 30ന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9895286711.