ഏറ്റവും ശക്തമായ പാസ്പോർട്ട് യു.എ.ഇയുടെ, ഇന്ത്യ 68 -ാംസ്ഥാനത്ത്

0

ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ട് യു എ ഇയുടെ. ഏറ്റവും ശക്തമായ പാസ്പോർട്ട് ഉള്ള രാജ്യങ്ങളിൽ ഇന്ത്യ 68 ആം സ്ഥാനത്താണ്. ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ജര്‍മനി, സ്‌പെയിന്‍, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലന്‍ഡ്സ് എന്നിവയാണ് രണ്ടാംസ്ഥാനത്ത്.

സിറിയയാണ് പാസ്‌പോര്‍ട്ട് പവര്‍ ഇന്‍ഡക്‌സില്‍ ഏറ്റവും പിന്നില്‍. സിറിയയ്ക്ക് തൊട്ടുമുന്നിലായി അഫ്ഗാനിസ്താനും ഇറാഖുമാണ്.

യു.എ.ഇ. പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ലോകത്തെ 180 രാജ്യങ്ങള്‍ എളുപ്പത്തില്‍ സന്ദര്‍ശിക്കാം. 131 രാജ്യങ്ങളില്‍ മുന്‍കൂട്ടി വിസ നേടാതെയും 49 രാജ്യങ്ങളില്‍ ഓണ്‍ അറൈവല്‍ വിസ നേടിയും പ്രവേശിക്കാന്‍ കഴിയും.

ജര്‍മനി, സ്‌പെയിന്‍, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലന്‍ഡ്സ് എന്നീ അഞ്ചുരാജ്യങ്ങളുടെ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ച് മുന്‍കൂര്‍വിസയില്ലാതെയും ഓണ്‍ അറൈവല്‍ വിസ നേടി 178 രാജ്യങ്ങളില്‍ പ്രവേശിക്കാന്‍ സാധിക്കും. സ്വീഡന്‍, ഫിന്‍ലന്‍ഡ്, ലക്സംബര്‍ഗ്, ഓസ്ട്രിയ, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ അഞ്ച് രാജ്യങ്ങളാണ് മൂന്നാംസ്ഥാനത്ത്. ഈ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ച് 177 രാജ്യങ്ങളില്‍ മുന്‍കൂട്ടി വിസനേടാതെ ഓണ്‍അറൈവല്‍ വിസ നേടി പ്രവേശിക്കാന്‍ കഴിയും.

ശക്തമായ പാസ്‌പോര്‍ട്ടുള്ള രാജ്യങ്ങളില്‍ ഇന്ത്യക്ക് 68-ാംസ്ഥാനമാണ്. ഗള്‍ഫ് രാജ്യങ്ങളായ ഖത്തര്‍ 44-ാംസ്ഥാനത്തും കുവൈത്ത് 45-ാംസ്ഥാനത്തും സൗദി അറേബ്യയും ബഹ്റൈനും 47-ാംസ്ഥാനത്തും ഒമാന്‍ 49-ാംസ്ഥാനത്തുമെത്തി.

രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍. സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘര്‍ഷവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത അക്രമകേസിലാണ് കന്റോണ്‍മെന്റ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട അടൂരിലെ വീട്ടിലെത്തിയാണ് രാഹുലിനെ കസ്റ്റഡിയില്‍ എടുത്തത്. കസ്റ്റഡിയിലെടുത്ത രാഹുലിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന് വിശദമായി ചോദ്യംചെയ്യും.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ഒന്നാം പ്രതി.

കേസില്‍ എം.എല്‍.എമാരായ ഷാഫി പറമ്പില്‍, എം. വിന്‍സെന്റ് എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ നാലാം പ്രതിയാണ്. പോലീസ് അനുമതിയില്ലാതെ ജാഥ നടത്തിയെന്നും പൊതുമുതല്‍ നശിപ്പിച്ചെന്നുമാണ് കേസ്. സംഘംചേര്‍ന്ന് അക്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, ഉദ്യോഗസ്ഥരെ ആക്രമിക്കല്‍ തുടങ്ങിയ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ക്കുപുറമേ പോലീസ് ആക്ടിലെ വകുപ്പുകളും ഉള്‍പ്പെടുത്തിയാണ് കേസെടുത്തത്.

നാലു വയസുകാരനായ മകനെ കൊലപ്പെടുത്തി ബാഗിലാക്കി, മൃതദേഹം ടാക്സിയിൽ കടത്തുന്നതിനിടെ യുവ സംരംഭക പിടിയിൽ

നാലു വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ കേസിൽ ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പിൻ്റെ സ്ഥാപകയും സി.ഇ.ഒ. യുമായ യുവതി അറസ്റ്റില്‍. സുചേന സേത് എന്ന 39-കാരിയാണ് അറസ്റ്റിലായത്.

ഗോവയിലെ അപാര്‍ട്‌മെന്റില്‍ വെച്ച് മകനെ കൊലപ്പെടുത്തിയതായാണ് പൊലീസ് കണ്ടെത്തൽ. തുടര്‍ന്ന് കുട്ടിയുടെ മൃതദേഹം ബാഗിലാക്കി ഗോവയില്‍ നിന്ന് ടാക്‌സിയില്‍ കര്‍ണാടകയിലേക്ക് തിരിച്ചു. അന്വേഷണത്തിനിടെ യുവതി വഴിമധ്യേ പോലീസിൻ്റെ പിടിയിലാകുകയായിരുന്നു.

മൈൻഡ് ഫുൾ എ ഐ ലാബ് ഉടമയാണ് സുചേന. വിദേശത്ത് ഉന്നത ബിരുദം നേടിയ ഡാറ്റാ സയൻ്റിസ്റ്റാണ്. ഏറ്റവും മികച്ച 100 സംരഭകരുടെ പട്ടികയിൽ ഇടം നേടിയ വ്യക്തിയുമാണ്.

അറസ്റ്റിലേക്ക് നയിച്ചത് ഹോട്ടൽ ജീവനക്കാരിയുടെ സംശയം

ഗോവയിലെ സർവ്വീസ് അപാര്‍ട്‌മെന്റില്‍ നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെയാണ് യുവതി കർണാടകയിലേക്ക് തിരിച്ചത്. യുവതിയും മകനും താമസിച്ച മുറി വൃത്തിയാക്കുന്നതിനിടെ അപാര്‍ട്‌മെന്റ് ജീവനക്കാരിലൊരാള്‍ ചോരക്കറ കണ്ടെത്തി. സന്ദർശകർക്ക് താത്കാലിക താമസം നൽകുന്ന അപാർട്മെൻ്റാണ്. യുവതി തിരികെ പോകുമ്പോൾ മകനെ കാണാഞ്ഞതും വിമാനത്തിന് പകരം ടാക്സി തന്നെ വേണം എന്ന് വാശിപിടിച്ചതും ജീവക്കാരെ കൂടുതൽ സംശയത്തിലാക്കി.

തുടര്‍ന്ന് സംശയം തോന്നി പോലീസിനെ വിവരമറിയിച്ചു. ഗോവ പോലീസെത്തി സിസിടിവി പരിശോധിച്ചപ്പോള്‍ അപാര്‍ട്‌മെന്റില്‍ നിന്നിറങ്ങുമ്പോള്‍ യുവതിക്കൊപ്പം മകനില്ലെന്ന് കണ്ടെത്തി.

യുവതി ബെംഗളൂരുവിലേക്ക് പുറപ്പെട്ട ടാക്‌സി ഡ്രൈവറെ കണ്ടെത്തി പോലീസ് ഫോണില്‍ ബന്ധപ്പെട്ടു. മകനെ സുഹൃത്തിന്റെ വീട്ടിലാക്കിയെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. എന്നാല്‍, സുഹൃത്തിന്റേതെന്ന് പറഞ്ഞ് യുവതി നല്‍കിയ മേല്‍വിലാസം വ്യാജമാണെന്ന് പോലീസ് കണ്ടെത്തി. തുടര്‍ന്ന് പോലീസ് ടാക്‌സി ഡ്രൈവറോട് ഏറ്റവും അടുത്ത പോലീസ് സ്‌റ്റേഷനിലേക്ക് യുവതിയെ എത്തിക്കാന്‍ ആവശ്യപ്പെട്ടു. കര്‍ണാടകയിലെ അയ്മംഗല സ്റ്റേഷനിലാണ് യുവതി അറസ്റ്റിലായത്.

ടാക്‌സിയില്‍ ബാഗിലാക്കിയ നിലയില്‍ കുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെത്തി. മകനെ കൊലപ്പെടുത്തുന്നതിലേക്ക് യുവതിയെ നയിച്ച കാരണം വ്യക്തമല്ല. ഇവർ 2020 ൽ വിവാഹ ബന്ധം വേർപെടുത്തിയതാണ്. കോടതി നിർദ്ദേശ പ്രകാരം മകനെ കാണാൻ പിതാവിന് എല്ലാ ഞായറാഴ്ചകളിലും അവസരം നൽകേണ്ടതുണ്ടായിരുന്നു. ഇതു തടയാനാണ് ഗോവയിലേക്ക് പുറപ്പെട്ടത് എന്നാണ് പൊലീസ് കണ്ടെത്തൽ.

അഞ്ച് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങളാണ് ഓപ്പൺഹൈമർ നേടിയത്

ഓപ്പണ്‍ഹെയ്മർ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ കിലിയൻ മർഫി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച ചിത്രത്തിനുള്ള പുരസ്കാരവും ഓപ്പണ്‍ഹെയ്മറിനാണ്. ക്രിസ്റ്റഫർ നോളനാണ് മികച്ച സംവിധായകൻ. ഒറിജിനൽ സ്കോറിനുള്ള പുരസ്കാരം ഓപ്പണ്‍ഹെയ്മറിലൂടെ ​ലഡ്‌വിഗ് ഗൊരാൻസൺ നേടി.

ഈ വർഷം മുതൽ ഏർപ്പെടുത്തിയ ബോക്സ് ഓഫീസ് ആൻഡ് സിനിമാറ്റിക് അച്ചീവ്മെന്റ് പുരസ്കാരം ​ഗ്രേറ്റ ​ഗെ‍ർവി​ഗ് സംവിധാനം ചെയ്ത ബാർബി നേടി. ബാർബിയിലെ ബില്ലി ഐലിഷ് ആലപിച്ച ‘വാട്ട് വാസ് ഐ മേഡ് ഫോർ’ എന്ന ഗാനമാണ് മികച്ച ഒറിജനൽ സോങ്.

മ്യൂസിക്കൽ-കോമഡി വിഭാഗത്തിൽ യോർ​ഗോസ് ലാൻതിമോസ് സംവിധാനം ചെയ്ത ‘പുവർ തിങ്സ്’ ആണ് മികച്ച ചിത്രം. ഓപ്പൺഹെയ്മറിൽ മികച്ച പ്രകടനം നടത്തിയ റോബർട്ട് ഡൗണി ജൂനിയർ ആണ് മികച്ച സഹനടൻ. ‘കില്ലേർസ് ഓഫ് ദി മൂൺ’ എന്ന ചിത്രത്തിലൂടെ ലിലി ​ഗ്ലാഡ്സറ്റൺ മികച്ച നടിയായി.

മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള പുരസ്കാരം ‘അനാറ്റമി ഓഫ് ഫാൾ’ സ്വന്തമാക്കി. ‘ദി ബോയ് ആൻഡ് ദി ഹെറൺ’ ആണ് മികച്ച അനിമേഷൻ ചിത്രം. മ്യൂസിക്കൽ-കോമഡി വിഭാഗത്തിൽ ബാർബിയായി വേഷമിട്ട മാർഗറ്റ് റോബിയെ പിന്തള്ളി ‘പുവർ തിങ്സി’ലൂടെ എമ്മ സ്റ്റോൺ മികച്ച നടിയായി.

കാലിഫോർണിയ: ‘ദി ബോയ് ആൻഡ് ദി ഹെറൺ’ എന്ന അനിമേഷൻ ചിത്രത്തിലൂടെ 83-ാം വയസ്സിൽ ഗോൾഡൻ ഗ്ലോബ് പുരസ്കാരം സ്വന്തമാക്കി സംവിധായകൻ ഹയാ മിയാസാകി ശ്രദ്ധ നേടി. 81-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിലാണ് ജാപ്പനീസ് അനിമേഷൻ ഇതിഹാസമായ മിയാസാകിയുടെ നേട്ടം.

മിയാസാകിയുടെ ആദ്യത്തെ ​ഗോൾഡൻ ​ഗ്ലോബ് പുരസ്കാരമാണിത്. സ്പെെഡർമാൻ: അക്രോസ് ദി സ്പെെഡർ വേഴ്സ്, എലമെന്റൽ, ​ദി സൂപ്പർ മാരിയോ ബ്രോസ് മൂവി, സുസുമെ, വിഷ് എന്നീ അനിമേഷൻ ചിത്രങ്ങളോട് മത്സരിച്ചാണ് ‘ദി ബോയ് ആൻഡ് ദി ഹെറൺ’ പുരസ്കാരം സ്വന്തമാക്കിയത്.

മികച്ച അനിമേഷൻ ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കുന്ന ആദ്യ ജാപ്പനീസ് ചിത്രം കൂടിയാണ് ‘ദി ബോയ് ആൻഡ് ദി ഹെറൺ’. മികച്ച നിരൂപക പ്രശംസയ്ക്കൊപ്പം ബോക്സോഫീസിലും തിളങ്ങാൻ ചിത്രത്തിന് സാധിച്ചിരുന്നു. മിയാസാകിയുടെ സ്റ്റുഡിയോ ​ഗിബ്ലിയിലാണ് ചിത്രം ഒരുക്കിയത്.

ബിൽക്കിസ് ബാനു കേസിലെ പ്രതികളെ തിരികെ ജയിലിലേക്ക് അയക്കാൻ സുപ്രീം കോടതി ഉത്തരവ്; ഗുജറാത്ത് സർക്കാർ പ്രതികൾക്കൊപ്പം ഒത്തുകളിച്ചു

ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിൽ വിട്ടയയ്ക്കപ്പെട്ട പ്രതികളെ തിരികെ ജയിലിൽ അടയ്ക്കാൻ സുപ്രീം കോടതി ഉത്തരവ്. കേസിൽ പതിനൊന്ന് പ്രതികളേയും വെറുതെവിട്ട ഗുജറാത്ത് സർക്കാരിന്റെ തീരുമാനം റദ്ദാക്കിക്കി. പ്രതികൾ രണ്ടാഴ്ചയ്ക്കുള്ളില്‍ കീഴടങ്ങണമെന്നും സുപ്രീം കോടതി ഉത്തരവ് നൽകി. പ്രതികളും സംസ്ഥാന സർക്കാരും കോടതിയെ കബളിപ്പിച്ചുവെന്നും 56 മിനിറ്റ് നീണ്ട വിധിപ്രസ്താവത്തിൽ ജസ്റ്റിസ് നാഗരത്ന സൂചിപ്പിക്കുന്നു. 

ആസൂത്രിതവും ക്രൂരവുമായ ഒരു ബലാത്സംഗ കേസിൽ പ്രതികളെ ജയിൽ മോചിതരാക്കുകയും അവർക്ക് സ്വീകരണം വരെ ഒരുക്കുകയും ചെയ്ത രാഷ്ട്രീയ നാടകത്തിന് രാജ്യം സാക്ഷ്യം വഹിക്കേണ്ടി വന്നിരുന്നു. ഇതിലെ നൈതിക ഭ്രംശത്തെ പരിഹരിക്കുന്നതാണ് സുപ്രീം കോടതിയുടെ ദീർഘമായ വിധി.

കുറ്റവാളികൾക്ക് ശിക്ഷാ ഇളവ് നൽകിയ ഗുജറാത്ത് സർക്കാരിന്റെ നടപടി ചട്ടവിരുദ്ധവും നിയമവിരുദ്ധവുമാണെന്നാണ് സുപ്രീം കോടതി വ്യക്തമാക്കി. മഹാരാഷ്ട്രയിൽ വിചാരണ നടന്ന സാഹചര്യത്തിൽ മഹാരാഷ്ട്ര സർക്കാരാണ് പ്രതികൾക്ക് ശിക്ഷാ ഇളവ് സംബന്ധിച്ച തീരുമാനങ്ങൾ എടുക്കേണ്ടതെന്നാണ് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയത്.

സർക്കാർ കുറ്റവാളികൾക്ക് ഒപ്പം കളിച്ചു

പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാരിന് അവകാശമില്ല. അവകാശമുണ്ടായിരുന്നത് വിചാരണ നടന്ന മഹാരാഷ്ട്ര സർക്കാരിനാണ്. ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് പ്രതികളുടെ ശിക്ഷാ ഇളവ് സംബന്ധിച്ച തീരുമാനം എടുക്കുന്നത് എന്ന് ഗുജറാത്ത് സർക്കാരിന് അറിയാമായിരുന്നു. എന്നാൽ സുപ്രീം കോടതിയുടെ ഒരു ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം എടുക്കുന്നത് എന്നാണ് ഗുജറാത്ത് സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നത്. സുപ്രീം കോടതിയുടെ മുൻ ഉത്തരവിൽ പിഴവ് ഉണ്ടെന്ന് ബോധ്യമായിരുന്നുവെങ്കിൽ അത് തിരുത്താൻ ഗുജറാത്ത് സർക്കാർ പുനഃപരിശോധന ഹർജി ആയിരുന്നു നൽകേണ്ടിയിരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. അത് ചെയ്യാതെ കുറ്റവാളികൾക്കൊപ്പം സംസ്ഥാന സർക്കാർ ഒത്ത് കളിക്കുകയായിരുന്നുവെന്ന് സുപ്രീം കോടതി കുറ്റപ്പെടുത്തി.

സുപ്രീം കോടതിയിൽ ഭരണഘടനാ ബെഞ്ചുകളുടെ വിധി പ്രസ്താവം ഒഴികെയുള്ള വിധികളുടെ പ്രസ്‌താവം സാധാരണ ഹ്രസ്വമായിരിക്കും. ഭിന്നവിധികൾ ഉണ്ടെങ്കിൽ മാത്രമാണ് വിധി പ്രസ്താവം നീണ്ടു പോകാറ്. വിധി ദൈർഘ്യമേറിയതാണെങ്കിലും അതിന്റെ അവസാന ഭാഗം മാത്രമാണ് ജഡ്ജിമാർ സാധാരണ കോടതിയിൽ വായിക്കാറ്. എന്നാൽ ജസ്റ്റിസ് ബി.വി. നാഗരത്ന ഇന്ന് 56 മിനുറ്റ് എടുത്താണ് വിധി പ്രസ്താവം പൂർത്തിയാക്കിയത്.

വിധിയിൽ ചില സുപ്രധാന നിരീക്ഷണങ്ങളും ജസ്റ്റിസ് നാഗരത്ന നടത്തി. ശിക്ഷ പ്രതികാര നടപടി അല്ലെന്ന പ്ലേറ്റോയുടെ വാചകങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് വിധിപ്രസ്താവം ആരംഭിച്ചത്. ജനാധിപത്യത്തിൽ നിയമവാഴ്ച നടന്നേ മതിയാകൂ. നിയമവാഴ്ച ഉണ്ടെങ്കിൽ മാത്രമേ സമത്വമുണ്ടാകു. ഒരു സ്ത്രീ ബഹുമാനം അർഹിക്കുന്നു. സ്ത്രീകൾക്കെതിരായ ഹീനമായ കുറ്റകൃത്യങ്ങൾക്ക് ഇളവ് അനുവദിക്കാനാകുമോയെന്നും വിധി പ്രസ്താവം നടത്തിയ ജസ്റ്റിസ് ബി.വി. നാഗരത്ന ചോദിച്ചു.

ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ ക്രൂരമായ അട്ടിമറി തിരുത്തി മാനവികത ഉയർത്തി പിടിച്ചു

തടവ് പുള്ളികള്‍ക്ക് ശിക്ഷാ ഇളവ് അനുവദിക്കുന്ന 1992-ലെ നയത്തിന്റെ അടിസ്ഥാനത്തില്‍ കേസിലെ 11 കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയതിനെതിരായ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി പ്രസ്താവം. ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യംചെയ്ത് ബില്‍ക്കിസ് ബാനുവും സി.പി.എം നേതാവ് സുഭാഷിണി അലി, ടി.എം.സി നേതാവ് മഹുവ മൊയ്ത്ര തുടങ്ങിയവരും സമര്‍പ്പിച്ച വിവിധ ഹര്‍ജികളിലാണ് കോടതി വിധി പ്രസ്താവിച്ചത്. 11 ദിവസം വാദം കേട്ടതിന് ശേഷം കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 12-നാണ് ബെഞ്ച് വിധി പറയുന്നത് മാറ്റിവച്ചത്. കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൈമാറാമാന്‍ സുപ്രീം കോടതി സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു.

അഞ്ചുമാസം ഗർഭിണിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു, മൂന്നു വയസായ കുട്ടിയെയും ഏഴ് കുടംബക്കാരെയും കൊന്നു തള്ളി

2022 ആഗസ്റ്റ് 15 ന് ഗുജറാത്ത് സർക്കാർ വിട്ടയച്ച പ്രതികൾ

ഗുജറാത്ത് കലാപകാലത്ത് കൂട്ടബലാല്‍സംഗത്തിന് ഇരയാകുമ്പോള്‍ ബില്‍ക്കിസ് ബാനുവിന് 21 വയസ്സായിരുന്നു പ്രായം. അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു. ബലാല്‍സംഗത്തിന് ഇരയായപ്പോള്‍ കുടുംബവുമായി രക്ഷപെടാന്‍ നോക്കി. എന്നാല്‍, അവരുടെ മൂന്ന് വയസുള്ള കുട്ടി ഉള്‍പ്പടെ ഏഴ് കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു.

കേസിന്റെ വിചാരണ ഗുജറാത്തില്‍ നിന്ന് മുബൈയിലേക്ക് മാറ്റിയിരുന്നു. 2008-ല്‍ സിബിഐ അന്വേഷിച്ച കേസില്‍ 11 പ്രതികളെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 2017-ല്‍ ബോംബൈ ഹൈക്കോടതി ശിക്ഷ ശരിവെച്ചു. കേസില്‍ ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ച 11 കുറ്റവാളികളെ 2022 ആഗസ്റ്റ് 15-നാണ് മോചിപ്പിച്ചത്.

ശിക്ഷാ ഇളവ് ചെയ്യുന്നതിനെപ്പറ്റി തന്നെ അറിയിച്ചിരുന്നില്ലെന്നും കുറ്റവാളികള്‍ ഒരു ഇളവും അര്‍ഹിക്കുന്നില്ലെന്നും ബില്‍ക്കിസ് ബാനു സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു. കേസ് മുബൈയിലേക്ക് മാറ്റിയിരുന്നതിനാല്‍ സിആര്‍പിസി 432 അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമ്പോള്‍ മുബൈ കോടതിയിലെ ജഡ്ജിയുടെ അഭിപ്രായം തേടണമായിരുന്നു. സിബിഐ അന്വേഷിച്ച കേസായതിനാല്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടണമായിരുന്നു. എന്നാല്‍, വിചാരണ കോടതി ജഡ്ജിയുടെ അഭിപ്രയം തേടിയിരുന്നില്ലെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. 1992 നയം അനുസരിച്ച് ഗുജറാത്ത് സര്‍ക്കാര്‍ തെറ്റായിട്ടാണ് 11 പേരെയും വിട്ടയച്ചതെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. ഈ നിയമം പിന്നീട് സര്‍ക്കാര്‍ മാറ്റിയിരുന്നു. കൂട്ടബലാല്‍സംഗ ക്കേസിലെ പ്രതികളെ ഇളവുകള്‍ നിന്ന് ഒഴിവാക്കിയിരുന്നെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

ഗുജറാത്ത് സർക്കാരിൻ്റെ ന്യായീകരണങ്ങൾ

എന്നാല്‍, 2022-ലെ സുപ്രീംകോടതി വിധിയാണ് സംസ്ഥാന സര്‍ക്കാരും കുറ്റവാളികളും സുപ്രീം കോടതിയില്‍ ചൂണ്ടിക്കാണിച്ചത്. ശിക്ഷിക്കപെട്ടവരില്‍ ഒരാളായ ആര്‍. ഭഗവന്‍ദാസ് ഷായുടെ മോചനത്തിന് 92-ലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടുമാസത്തിനകം തീരുമാനമെടുക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 11 കുറ്റവാളികളെയും മോചിപ്പിച്ചതെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. ഗോധ്ര കോടതിയിലെ പ്രിസൈഡിങ് ജഡ്ജിന്റെ അഭിപ്രായം 2022 ജൂണ്‍ മൂന്നിന് തേടിയിരുന്നുവെന്നും ജയില്‍ ഉപദേശകസമിതി രൂപീകരിച്ചിരുന്നെന്നും ലോക്കല്‍ പൊലീസിനോടും അഭിപ്രായം തേടിയിരുന്നെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു.

സഞ്ജു സാംസൺ ടീമിൽ, അഫ്ഗാനിസ്ഥാന് എതിരായ ടി 20 ടീം പ്രഖ്യാപിച്ചു

0

അഫ്ഗാനിസ്ഥാൻ എതിരായ ടി 20 മത്സരത്തിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ വീണ്ടും ടീമിൽ ഇടംപിടിച്ചു. സ്റ്റാർ പ്ലെയേർസ് ആയ രോഹിത് ശർമയും വിരാട് കോഹ്ലിയും ടി20 ടീമിൽ തിരികെയെത്തി. വിക്കറ്റ് കീപ്പറായി ജിതേഷ് ശർമയ്ക്കൊപ്പമാണ് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ജനുവരി 11 നാണ് അഫ്ഗാനിസ്ഥാനുമായുള്ള ടി 20 പരമ്പര ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളുള്ള ടി 20 പരമ്പരയിൽ രണ്ടാം മത്സരം ജനുവരി 14നും മൂന്നാം മത്സരം 17നും നടക്കും.

2022ലെ ട്വന്റി20 ലോകകപ്പിനുശേഷം രോഹിത്തും കോഹ്ലിയും ടി 20 മത്സരം ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിരുന്നില്ല.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവസാന ഏകദിനത്തിൽ സഞ്ജു സെഞ്ച്വറി നേടിയിരുന്നു. രോഹിത് ശർമയാണ് ടീം ക്യാപ്റ്റൻ.

ടീം

രോഹിത് ശർമ (ക്യാപ്റ്റൻ), എസ് ഗിൽ, വൈ ജയ്സ്വാൾ, വിരാട് കോഹ്ലി, തിലക് വർമ, റിങ്കു സിങ്, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, ഡബ്ല്യു സുന്ദർ, അക്‌സർ പട്ടേൽ, രവി ബിഷ്ണോയ്, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, അവേശ് ഖാൻ, മുകേഷ് കുമാർ

പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ കുറിച്ച് മോശം പരാമർശം മന്ത്രിമാർക്ക് എതിരെ നടപടി എടുത്ത് മാലിദ്വീപ്

0

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരായ പരാമർശം നടത്തിയ സംഭവത്തിൽ മന്ത്രിമാരെ പുറത്താക്കി മാലദ്വീപ് ഭരണകൂടം. പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ കളിയാക്കി സമൂഹമാധ്യമത്തിൽ നടത്തിയ പരാമർശത്തിൽ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് നടപടി. മന്ത്രിമാരുടേത് സർക്കാരിൻ്റെ അഭിപ്രായമല്ലെന്ന് മാലദ്വീപ് പ്രസ്താവനയിൽ അറിയിച്ചു.

ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെയാണ് മാലദ്വീപ് യുവജനവകുപ്പ് സഹമന്ത്രി മറിയം ഷിവുന പരാമർശം നടത്തിയത്. സഹമന്ത്രിമാരായ മാൽഷ, ​ഹസൻ സിഹാൻ എന്നിവരും ഇതേറ്റുപിടിച്ച് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിലൂടെ പ്രതികരിച്ചു. ലക്ഷദ്വീപിനെ മാലദ്വീപിനോട് ഉപമിക്കുന്നതിനെതിരായ പോസ്റ്റുകളും ഇവർ പങ്കുവച്ചിരുന്നു. ഈ പരാമർശങ്ങൾ വിവാദമായി. സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനമുയർന്നു.

ബോളിവുഡ് താരങ്ങളുൾപ്പടെ പരാമർശം അപലപിക്കുന്നതിനൊപ്പം വിനോദയാത്രകൾക്കായി ലക്ഷദ്വീപുൾപ്പടെയുള്ള ഇന്ത്യൻ ദ്വീപുകളെ പരിഗണിക്കണമെന്നും ആഹ്വാനം ചെയ്തു.  

മന്ത്രിയുടെ പരാമർശം സർക്കാറിന്റെ അഭിപ്രായമല്ല, പ്രസ്താവനകൾ, വിദ്വേഷം പ്രചരിപ്പിക്കുന്നതോ, രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്നതോ ആകരുതെന്നും പ്രസ്താവനയിലുണ്ട്. പിന്നാലെയാണ് മൂന്ന് മന്ത്രമാരെയും സസ്പെൻഡ് ചെയ്തതായി മാലദ്വീപ് വക്താവ് അറിയിച്ചത്. പുതിയ പ്രസിഡൻ്റായി മൊഹമ്മദ് മുയിസു അധികാരമേറ്റതിന് പിന്നാലെ ഇന്ത്യ മാലദ്വീപ് ബന്ധം ഭദ്രമല്ല. മാലദ്വീപ് പ്രസിഡൻ്റ് ചൈന സന്ദർശനത്തിന് തയാറെടുക്കുന്നതിനിടെ ഉണ്ടായ വിവാദത്തിലാണ് പുറത്താക്കൽ നടപടി എടുത്തത്. 

മൂന്നുവയസുകാരിയെ കടിച്ചു കൊന്ന പുലിയെ പിടികൂടി

പന്തല്ലൂരില്‍ ജനവാസമേഖലയില്‍ ഇറങ്ങി കുട്ടിയെ കൊന്ന പുലി വനംവകുപ്പിന്റെ പിടിയിലായി. രണ്ട് തവണ പുലിയെ മയക്കുവെടി വച്ചു. വൈകാതെ കൂട്ടിലേക്ക് മാറ്റും. മൂന്ന് വയസുകാരിയെ കൊലപ്പെടുത്തിയ പുലിയെ പിടികൂടാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുന്നതിനിടെയിലാണ് പുലി പിടിയിലാകുന്നത്.

പുലിയെ വെടിവെച്ചു കൊല്ലണം എന്നാണ് നാട്ടുകാരുടെ ആവശ്യം. ഇന്നലെ വൈകുന്നേരം അഞ്ചു മണിക്കാണ് ബിദർക്കാട് മേഖലയിൽ മൂന്ന് വയസ്സുകാരി നാന്‍സിയെ പുലി കടിച്ചു കൊലപ്പെടുത്തിയത്. പുലിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ചു ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച റോഡ് ഉപരോധം ഇന്നും തുടര്‍ന്നു.

ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണമായി. കടകമ്പോളങ്ങളും ഗതാഗത സംവിധാനങ്ങളും സ്തംഭിച്ചു. കുട്ടിയെ ആക്രമിച്ചതിന് ശേഷം പുലി മഞ്ജുള എന്ന സ്ത്രീയെയും ആക്രമിച്ചു. ഇവര്‍ പന്തല്ലൂര്‍ ഗവണ്മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

എൽ ഡി ക്ലാർക്ക് അപേക്ഷകരിൽ നാലര ലക്ഷത്തിൻ്റെ കുറവ്, പല ജില്ലകളിലും കുത്തനെ കുറഞ്ഞു

സംസ്ഥാന സർക്കാരിനു കീഴിൽ വിവിധ വകുപ്പുകളിൽ എൽ.ഡി. ക്ലാർക്ക് നിയമനത്തിന് അപേക്ഷകരുടെ എണ്ണത്തിൽ വൻ കുറവ്. ഇത്തവണ പി എസ് സി അപേക്ഷാ തീയതി കഴിഞ്ഞപ്പോഴുള്ള കണക്ക് പ്രകാരം 12,95,446 പേരാണ് രംഗത്തുള്ളത്.

4.6 ലക്ഷം അപേക്ഷകർ കുറഞ്ഞു

2019-ലെ വിജ്ഞാപനത്തിന് 17,58,338 അപേക്ഷകൾ ലഭിച്ചിരുന്നു. ഓരോ വർഷം കഴിയുന്തോറും അപേക്ഷകർ കൂടുന്നതാണ് പ്രവണത. എന്നാൽ ഇത്തവണ കഴിഞ്ഞതവണത്തെക്കാൾ 4,62,892 അപേക്ഷകളുടെ കുറവാണ് ഉണ്ടായിട്ടുള്ളത്.

ഇതര സർവ്വീസുകളിൽ ഇപ്പോൾ ജോലി ചെയ്യുന്നവരിൽ നിന്നും ക്ലാർക്കിലേക്കുള്ള തസ്തികമാറ്റത്തിന് ഇത്തവണ 11,914 പേർ അപേക്ഷിച്ചിട്ടുണ്ട്. കൺഫർമേഷൻ തീയതി കഴിയുന്നതോടെ ഇനിയും നേരിയ കുറവ് വരാം.

സർക്കാർ സർവ്വീസിനോട് പുതിയ തലമുറയ്ക്ക് പൊതുവെയുള്ള വിമുഖതയാണ് ഇതിന് കാരണമായി പറയുന്നത്. എങ്കിലും നിയമനത്തോളം എത്തുമ്പോൾ നേരിടേണ്ടി വരുന്ന കടുത്ത മത്സരവും വലിയ ഘടകമാണ്. പരീക്ഷയിൽ പരിഷ്കരണം ഏർപ്പെടുത്തുന്ന കാര്യം സർക്കാരും റിക്രൂട്ട്മെൻ്റ് ഏജൻസിയായ കേരള പബ്ലിക് സർവ്വീസ് കമ്മീഷനും ആവർത്തിക്കുന്നുണ്ട് എങ്കിലും എല്ലാം പാതി വഴിയിൽ നിലയ്ക്കാറാണ്. ഇപ്പോഴും ഓർമ്മ ശക്തി പരിശോധന എന്ന രീതിയിലാണ് തിരഞ്ഞെടുപ്പിനുള്ള പരീക്ഷ.

നിയമനം കുറഞ്ഞാലും

ക്ലാർക്ക് നിയമനങ്ങളിൽ കഴിഞ്ഞകാലങ്ങളിലുണ്ടായ കുറവാണ് അപേക്ഷകർ കുറയുന്നതിനുള്ള മറ്റ് ഒരു കാരണമായി വിലയിരുത്തുന്നത്. നാല് വർഷത്തോളം ദൈർഘ്യമേറിയതാണ് ക്ലർക്ക് വിജ്ഞാപനത്തിലെ സർക്കാർ നടപടി ക്രമം. ഇത്രയും കാലത്തെ ഒഴിവുകൾ ആണ് പരിഗണിക്കപ്പെടുക. സർക്കാർ സർവ്വീസിൽ വലിയ റിട്ടയർമെൻ്റുകൾ വരാനുമുണ്ട്. പക്ഷെ കേന്ദ്ര സംസ്ഥാന ബന്ധത്തിൽ സാമ്പത്തികമായ മുറുക്കലുകൾ വന്നതോടെ ചിലവ് ചുരുക്കുക എന്ന നിലപാടിലേക്ക് സംസ്ഥാനം മാറുകയാണ്. ഇത് നിയമനങ്ങൾ നിയന്ത്രിക്കുന്നതിലേക്ക് എത്തിക്കും.

പരീക്ഷകൾ ജൂലായിൽ തുടങ്ങും

ക്ലാർക്ക് വിജ്ഞാപനം നവംബർ 30-നാണ് പ്രസിദ്ധീകരിച്ചത്. സെർവറിലെ തിരക്ക് കണക്കിലെടുത്ത് രണ്ടുദിവസംകൂടി നീട്ടി ജനുവരി അഞ്ച് വരെ അവസരം നൽകിയിരുന്നു. എന്നിട്ടും 13 ലക്ഷത്തോളം അപേക്ഷകളേ ലഭിച്ചുള്ളൂ.

പരീക്ഷ ജൂലായിൽ ആരംഭിക്കും. ഓരോ ജില്ലയുടെയും പരീക്ഷാതീയതി പ്രത്യേകമായിരിക്കും.ഇത് പിന്നീട് പ്രഖ്യാപിക്കുമെന്ന് പി.എസ്.സി. അറിയിച്ചിട്ടുണ്ട്. എത്ര ഘട്ടമായാണ് പരീക്ഷ നടത്തുന്നത് എന്ന് ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല. നാലിൽ കൂടുതൽ ഘട്ടമായി നടക്കാനുള്ള സാധ്യതയുണ്ട്. ലോക് സഭാ ഇലക്ഷൻ മുന്നിലുണ്ട് എന്നതും പരീക്ഷാ തീയതിയെ സ്വാധീനിക്കാം. വിദ്യാലയങ്ങൾ പരീക്ഷാ കേന്ദ്രങ്ങളായി ലഭിക്കുന്നത് പ്രധാനമാണ്. സപ്തംബറിൽ ലാസ്റ്റ് ഗ്രേഡ് പരീക്ഷയും നടക്കാനുണ്ട്.

പ്രാഥമികപരീക്ഷ ഒഴിവാക്കി ഇത്തവണ ഒറ്റപ്പരീക്ഷയിലൂടെയാണ് റാങ്ക്പട്ടിക തയ്യാറാക്കുന്നത്. എൽ ഡി ക്ലാർക്ക് തസ്തികയുടെ പേര് “ക്ലാർക്ക്” എന്നാക്കി മാറ്റിയ ശേഷം നടത്തുന്ന പരീക്ഷയാണിത്.

കൺഫർമേഷൻ നൽകാൻ മറക്കരുത്

പരീക്ഷക്ക് അപേക്ഷിച്ചു കഴിഞ്ഞ ശേഷം confirmation നൽകിയാൽ മാത്രമാണ് പരീക്ഷ എഴുതാൻ സാധിക്കുകയുള്ളു. 2024 ജനുവരി 5-ന് അപേക്ഷ പൂർണ്ണമായി. ഇതു കഴിഞ്ഞ ശേഷമാണു confirmation വരുന്നത്. അതിന്റെ തീയതി പിഎസ്‌സി അറിയിക്കും.

പരീക്ഷയുടെ 15 ദിവസം മുൻപ് മാത്രമാണ് നമുക്ക് ഹാൾടിക്കറ്റ് download ചെയ്യാൻ സാധിക്കുക. അവരവരുടെ പി എസ് സി പ്രൊഫൈലിൽ നിന്നാണ് download ചെയ്യാൻ സാധിക്കുക.

ഓരോ ജില്ലയിലെയും അപേക്ഷകർ

ഇത്തവണ ലഭിച്ചതും കഴിഞ്ഞ തവണ അപേക്ഷിച്ചവരും എന്ന ക്രമത്തിൽ

തിരുവനന്തപുരം 1,74,344- 1,98,186

കൊല്ലം 1,07,141- 1,34,208

പത്തനംതിട്ട 49,526- 83,412

ആലപ്പുഴ 84,514 – 1,01,114

കോട്ടയം 60,593 – 1,18,944

ഇടുക്കി 45,106 – 63,590)

എറണാകുളം 1,12,857 – 1,76,703

തൃശ്ശൂർ 98,510 – 1,59,503

പാലക്കാട് 1,12,467 – 1,51,610

മലപ്പുറം 1,41,559 – 1,66,265

കോഴിക്കോട് 1,32,066 – 1,62,629

വയനാട് 40,267 – 51,475

കണ്ണൂർ 88,382 – 1,27,209)

കാസർകോട് 48,114 – 63,490

ആകെ 12,95,446 – 17,58,338

ആദിത്യ എൽ വൺ വിജയകരമായി സൂര്യൻ്റെ സാധ്യമായ അകലത്തിലെ ഭ്രമണപഥത്തിൽ പ്രവേശിച്ചു

ഇന്ത്യയുടെ പ്രഥമ സൗരദൗത്യ പേടകമായ ആദിത്യ എൽ-1 പേടകം ഐ എസ് ആർ ഒ ലക്ഷ്യമിട്ട ലഗ്രാഞ്ച് ഒന്ന് എന്ന ബിന്ദുവിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിൽ പ്രവേശിച്ചു. നാല് മാസത്തെ യാത്രയ്‌ക്കൊടുവിലാണ് ലക്ഷ്യം.

ലഗ്രാഞ്ച് ബിന്ദുവിലെത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വ ബലം തുല്യമായി അനുഭവപ്പെടുന്ന അഞ്ച് മേഖലകളിൽ ആദ്യത്തെയാണ് ഈ മേഖല. ഭൂമിക്ക് ഏറ്റവും അടുത്തുള്ള ബലകേന്ദ്രവുമാണ് ലഗ്രാഞ്ച് ഒന്ന്.

ശനിയാഴ്ച വൈകിട്ട് നാലോടെയാണ് ആദിത്യ എൽ1 ഹാലോ ഭ്രമണപഥത്തിൽ പ്രവേശിച്ചത്. പേടകത്തിലെ ലാം എൻജിൻ പ്രവർത്തിപ്പിച്ചാണ് അവസാന ഭ്രമണപഥമാറ്റം ഐഎസ്ആർഒ നടത്തിയത്. വൈകാതെ പേടകത്തെ ഒന്നാം ലഗ്രാഞ്ചിൽ നിശ്ചിത ഇടത്ത് ഉറപ്പിക്കും. ഇതാണ് ഐഎസ്ആർഒയുടെ മുന്നിൽ ഇനിയുള്ള വെല്ലുവിളി. നിശ്ചിത സ്ഥാനത്ത് സ്ഥിരത കൈവരിച്ചശേഷമായിരിക്കും പേടകം സൗര രഹസ്യങ്ങള്‍ അനാവരണം ചെയ്യാനുള്ള പരീക്ഷണങ്ങളിലേക്ക് കടക്കുക. സ്ഥിരത കൈവരിക്കാനുള്ള പ്രക്രിയയ്ക്ക് ഒരു മാസത്തോളമെടുക്കും.

സെപ്തംബർ രണ്ടിന് വിക്ഷേപിച്ച ആദിത്യ എല്‍-1 ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്. 126 ദിവസത്തെ യാത്രയ്ക്കുശേഷം ഇപ്പോഴെത്തിയിരിക്കുന്ന ലഗ്രാഞ്ച്  ഒന്ന്  എന്ന ബിന്ദുവിൽനിന്ന്  മറ്റൊരു ആകാശഗോളത്തിന്റെയും മറയില്ലാതെ സൂര്യനെ സസൂക്ഷ്മം നിരീക്ഷിക്കാനും പഠനം നടത്താനും  ആദിത്യ എൽ1ന് സാധിക്കും എന്നതാണ് പ്രത്യേകത.

ലഗ്രാഞ്ച് പോയിൻ്റ് വണിൽ സൂര്യനും ഭൂമിയും ബഹിരാകാശ പേടകവും ഉള്‍പ്പെടുന്ന ആനുകാലികവും ത്രിമാനവുമായ പരിക്രമണ പാതയാണ് ഹാലോ ഭ്രമണപഥം.

ഭൂമിയുടെയും സൂര്യന്റെ അന്തരീക്ഷത്തിലെ ബാഹ്യഭാഗത്തെ താപ വ്യതിയാനം, സൂര്യന്റെ പാളികളായ ഫോട്ടോ സ്ഫിയർ, ക്രോമോ സ്പിയർ, പുറം പാളിയായ കൊറോണ എന്നിവയെക്കുറിച്ചാണ് ആദിത്യ എൽ-1 പഠിക്കുക. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഏഴ് പേലോഡുകളാണ് പേടകത്തിൽ പഠനത്തിനായി സജ്ജീകരിച്ചിരിക്കുന്നത്.