പുലി കടിച്ചുകൊണ്ടു പോയ മൂന്നുവയസുകാരിയെ കണ്ടെത്തി, ജീവൻ രക്ഷിക്കാനായില്ല

തമിഴ്‌നാട് നീലഗിരി ജില്ലയിലെ പന്തല്ലൂരില്‍ പുലിയുടെ ആക്രമണത്തില്‍ പരുക്കേറ്റ് അബോധാവസ്ഥയിൽ കണ്ടെത്തിയ മൂന്നുവയസ്സുകാരി മരിച്ചു. പന്തല്ലൂര്‍ ബിതേര്‍ക്കാട് മാംഗോ എസ്‌റ്റേറ്റിലെ തൊഴിലാളികളുടെ മകളായ നാന്‍സിയാണ് മരിച്ചത്.

പുലി പിടിച്ചുകൊണ്ടുപോയ കുട്ടിക്കായി തോട്ടം തൊഴിലാളികള്‍ പ്രദേശം മുഴുവൻ തിരഞ്ഞാണ് കണ്ടെത്തിയത്. നീണ്ട തിരച്ചിലിനൊടുവിലാണ് തേയിലച്ചെടികള്‍ക്കിടയില്‍ കുഞ്ഞിനെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. കേരള അതിർത്തിക്ക് തൊട്ടാണ് ഈ പ്രദേശം

കുട്ടിയെ എടുത്ത് ലഭ്യമായ ഇരുചക്രവാഹനത്തിൽ നാട്ടുകാർ തന്നെ പന്തല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതര പരിക്കുകളോടെ ബോധരഹിതയായ അവസ്ഥയിലായിരുന്നു. ആശുപത്രിയിലെത്തിച്ച കുട്ടി പക്ഷെ മരിച്ചു. വിവരം അറിഞ്ഞ് പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

കുട്ടിയെ രക്ഷിക്കാനായി നാട്ടുകാരുടെ ശ്രമം

എന്ത് മിണ്ടിയാലും ഗൂഗിളിൽ അതിൻ്റെ പരസ്യം, കുക്കീസിനെ പുറത്താക്കാൻ പരീക്ഷണവുമായി ഗൂഗിൾ ക്രോം

ഗൂഗിളിൽ എന്ത് മിണ്ടിയാലും പറഞ്ഞാലും പിന്നാലെ നമ്മുടെ ഓൺലൈൻ പ്ലാറ്റ് ഫോമുകളിൽ അതുമായി ബന്ധപ്പെട്ട പരസ്യം നിറയുന്നത് തടയാൻ അറ്റകൈ പ്രയോഗത്തിന് ഗൂഗിൾ. ഉപഭോക്താക്കളുടെ നെറ്റ് ഉപയോഗ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി പ്രയോജനപ്പെടുത്തപ്പെട്ടിരുന്ന തേഡ് പാര്‍ട്ടി കുക്കീസ് നിർത്തലാക്കുകയാണെന്ന് ഗൂഗിള്‍ ക്രോം പ്രഖ്യാപിച്ചു. ഇതിനായി പുതിയ ട്രാക്കിങ് പ്രൊട്ടക്ഷന്‍ ഫീച്ചര്‍ ക്രോം ബ്രൗസറില്‍ അവതരിപ്പിച്ചാണ് തുടക്കം.

ഏകദേശം മൂന്ന് കോടിയോളം വരുന്ന ഗൂഗിള്‍ ക്രോമിന്റെ ആഗോള ഉപഭോക്താക്കളില്‍ ഒരു ശതമാനത്തിലേക്കാണ് ഈ മാറ്റം ആദ്യ എത്തിക്കുക. കാരണം പരസ്യ ദാതാക്കളുടെ ലോബി അത്രയും ശക്തമാണ്. പരീക്ഷണം എന്ന നിലയ്ക്കാണ് ഗൂഗിള്‍ ഈ മാറ്റം അവതരിപ്പിക്കുന്നത്. ഇവര്‍ഷം അവസാനത്തോടെ ആഗോള തലത്തില്‍ എല്ലാ ഉപഭോക്താക്കള്‍ക്കുമായി നടപ്പിൽ വരും എന്നാണ് ഗൂഗിൾ ബ്ലോഗിൽ പ്രഖ്യാപിച്ചിട്ടുള്ളത്.

പരസ്യ താത്പര്യങ്ങളും സ്വകാര്യതയും നേർക്കുനേർ

പരസ്യ വിതരണത്തിന് കുക്കീസ് അത്യാവശ്യ ഘടകമാണെന്നാണ് വിവിധ വെബ്‌സൈറ്റുകള്‍ വ്യക്തമാക്കുന്നത്. എ ഐ സാങ്കേതികത ഉപയോഗിച്ച് ഓരോ വ്യക്തിയുടെ ഓൺലൈൻ വ്യക്തിത്വം മനസിലാക്കിയാണ് പരസ്യങ്ങൾ വിതരണം ചെയ്യുന്നത്. ഇതിനെതിരെ തേഡ് പാര്‍ട്ടി കുക്കീസ് വിലക്കുന്നതോടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സ്വകാര്യതയില്‍ ബ്രൗസ് ചെയ്യാന്‍ സാധിക്കുമെന്നാണ് ഗൂഗിള്‍ പറയുന്നത്. ഇത് എങ്ങിനെ ഒത്തു പോകും എന്നതാണ് ഇപ്പോഴത്തെ ചോദ്യം.

കുക്കീസ് എന്ന തോഴനും ചാരനും

കുക്കീസ് ഓരോ വെബ് സൈറ്റിൻ്റെയും എളുപ്പത്തിലുള്ള ലോഡിങ്ങിനും ബ്രൌസിങ്ങിനും സഹായിക്കും. എന്നാൽ ആ വെബ്‌സൈറ്റുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ ഓള്‍ലൈനില്‍ കാണുന്നതിന് കാരണം തേഡ് പാര്‍ട്ടി കുക്കീസ് ആണ്. ഒരു സൈറ്റില്‍ എന്താണ് ചെയ്യുന്നത്, എവിടെയുള്ള ആളാണ്, ഏത് ഉപകരണമാണ് ഉപയോഗിക്കുന്നത്, ഒരു വെബ്‌സൈറ്റില്‍ നിന്ന് അടുത്തതായി ഏതിലേക്കാണ് മാറുന്നത്. എത്ര നേരം ബ്രൌസ് ചെയ്യുന്നു. കൂടുതൽ ഓൺലൈൻ ആവുന്ന സമയം ഏതാണ്. ദിവസം ഏതാണ് ഇവയൊക്കെ കുക്കീസില്‍ ശേഖരിക്കപ്പെടും.

2019 ല്‍ തന്നെ കുക്കീസ് ഉപയോഗിച്ചുള്ള പരസ്യ വിതരണ രീതികളും ട്രാക്കിങും അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഗൂഗിള്‍ ആരംഭിച്ചിരുന്നു. കുക്കീസിന് പകരം മറ്റ് സംവിധാനങ്ങള്‍ അവതരിപ്പിക്കാനും കമ്പനി ശ്രമിച്ചു. ‘ഫെഡറേറ്റഡ് ലേണിങ് ഓഫ് കൊഹേര്‍ട്സ്’ എന്ന ‘ഫ്ളോക്ക്’ 2021 ല്‍ അവതരിപ്പിക്കപ്പെട്ടത് അങ്ങനെയാണ്. എന്നാല്‍ സ്വകാര്യത സംബന്ധിച്ച ആശങ്കകളെ തുടര്‍ന്ന് ഫ്ളോക്ക് ഒഴിവാക്കി.

ഇതിന് ശേഷമാണ് നിലവിലുള്ള ആഡ് ടോപ്പിക്സ്’ എന്ന രീതി പരസ്യങ്ങള്‍ ടാര്‍ഗറ്റ് ചെയ്യുന്നതിനായി ഉപയോഗിച്ച് തുടങ്ങിയത്. ക്രോമിലുള്ള ബ്രൗസിങ് ഹിസ്റ്ററി പരിശോധിച്ച് ഉപഭോക്താവിന് താല്‍പര്യമുള്ള വിഷയങ്ങള്‍ തീരുമാനിക്കുന്നു. ഇതനുസരിച്ച് പരസ്യങ്ങള്‍ നല്‍കുന്നു. ഫ്ളോക്കിന് സമാനമാണ് ഇതെങ്കിലും ഉപഭോക്താക്കളെ പ്രത്യേകം ഗ്രൂപ്പുകളാക്കി മാറ്റില്ല. പകരം തല്‍പര വിഷയങ്ങളുടെ ഒരു പട്ടികയാണ് ഉണ്ടാക്കുക. ഇതോടെ കുക്കീസ് ശേഖരിക്കുന്നതിന് പകരം ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ കണ്ടെത്തി ആഡ് ടോപ്പിക്കുകളായി ഉപകരണത്തില്‍ ശേഖരിക്കും. ഈ ആഡ് ടോപ്പിക്കുകളുടെ അടിസ്ഥാനത്തിലായിരിക്കും വെബ്സൈറ്റുകള്‍ ഉള്ളടക്കങ്ങള്‍ നിങ്ങള്‍ക്ക് നിര്‍ദേശിക്കുക.

വണ്ടിപ്പെരിയാർ പീഡന കേസിലെ പെൺകുട്ടിയുടെ പിതാവിന് നേരെ കത്തിക്കുത്ത്, മുത്തച്ഛനും പരിക്ക്

വണ്ടിപ്പെരിയാര്‍ പീഡനക്കേസിലെ പെണ്‍കുട്ടിയുടെ പിതാവിനെയും മുത്തച്ഛനെയും ആക്രമിച്ച് കുത്തിപ്പരിക്കേല്‍പിച്ചു. പശുമലമൂട് കവലയിൽ രാവിലെയാണ് പ്രതിയുടെ ബന്ധു കത്തിയുമായി എത്തി ആക്രമിച്ചത്. ഇരുവരും ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചുവരികയായിരുന്നു.

കേസില്‍ പ്രത്യേക പോക്സോ കോടതി വെറുതേവിട്ട അര്‍ജുന്റെ അച്ഛന്റെ സഹോദരന്‍ പാല്‍രാജാണ് ആക്രമണം നടത്തിയത്. വാക്കേറ്റത്തിനൊടുവില്‍ കത്തിവീശുകയായിരുന്നു എന്നാണ് വാർത്തകൾ.

പെണ്‍കുട്ടിയുടെ അച്ഛന്റെ ഇരുകാലുകള്‍ക്കും പുറത്തും പരിക്കുണ്ട്. മുത്തച്ഛന് തോളിനാണ് പരിക്ക്. കുട്ടിയുടെ പിതാവിനെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇരുവര്‍ക്കും ആഴത്തിലുള്ള മുറിവേറ്റതായാണ് വിവരം.

കേസിലെ പ്രതിയായിരുന്ന അര്‍ജുനെ വെറുതെവിട്ടുകൊണ്ടുള്ള കോടതിവിധി വന്നതുമുതല്‍ ഇരുവിഭാഗവുംതമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. കഴിഞ്ഞദിവസം പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് സംസാരിച്ചിരുന്നു. കേസില്‍ അപ്പീല്‍പോകുന്നതും മേൽനടപടികളും സംബന്ധിച്ച് സംസാരിച്ചു. ഇതു പ്രകാരം നിയമനടപടികളിലേക്ക് കടക്കാനിരിക്കെയാണ് ആക്രമണം.

പന്തംകൊളുത്തി പ്രകടനം നടത്തി

0

ആർപ്പൂക്കര: കോൺഗ്രസ്‌ മണ്ഡലം കമ്മറ്റി യുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്റെ നെറികേടുകൾക്കെതിരെയും, രാഷ്ട്രീയ ഗൂഢാലോചനകൾക്കും, സ്വർണ്ണക്കടത്ത്, കൊലപാതകം ഉൾപ്പെടെ രാജ്യദ്രോഹ കുറ്റങ്ങൾ ചെയ്യാൻ ആഭ്യന്തര വകുപ്പിലെ ഉന്നത ഉദോഗസ്ഥർ നടത്തുന്ന വഴിവിട്ട പ്രവർത്തനങ്ങൾക്കെതിരെയും കെ പി സി സി ആഹ്വാനം അനുസരിച്ചു സെപ്തംബർ 11-ആം തീയതി പന്തംകൊളുത്തി പ്രകടനം നടത്തി.

കരിപ്പൂത്തട്ട് നിന്നും ആരംഭിച്ച് തൊണ്ണംകുഴി കവലയിൽ സമാപിച്ചു. സമാപന സമ്മേളനം ഡി സി സി സെക്രട്ടറി ആനന്ദ് പഞ്ഞിക്കാരൻ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ജോൺസൻ സി ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജെസ്റ്റിൻ ജോസഫ്, ടോമിച്ചൻ കവക്കണ്ണിൽ, ശ്രീനാഥ് രഘു, ബീന രാജേന്ദ്രൻ, നിതിൻ വല്ലെരിൽ, ബബുലു ജോസഫ്, എസ്സി തോമസ്, കെ ജെ സെബാസ്റ്റ്യൻ, ദീപ ജോസ് തുടങ്ങിയവർ സംസാരിച്ചു. വിഷ്ണു വിജയൻ, സുനു മരങ്ങാട്ട്, സുധിപ് ദാസ്, ബിനു പൂവത്തുങ്കൽ, അഞ്ചു മനോജ്‌, സുനിത ബിനു തുടങ്ങിയവർ നേതൃത്വം കൊടുത്തു.

ഗവർണർമാർക്ക് മന്ത്രിമാരെ പുറത്താക്കാൻ അധികാരമില്ല, സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ ശുപാർശ ഇല്ലാതെ മന്ത്രിസഭയിൽ നിന്ന് മന്ത്രിമാരെ പുറത്തതാക്കാൻ ഗവർണർമാർക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി. തമിഴ് നാട്ടിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മന്ത്രി സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്ന് നീക്കണമെന്ന ആവശ്യം സംബന്ധിച്ച കേസിലാണ് വിധി. മന്ത്രിമാരെ മന്ത്രിസഭയിൽ നിന്ന് നീക്കണമെങ്കിൽ അതിന് മുഖ്യമന്ത്രിയുടെ ശുപാർശ അനിവാര്യമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

തമിഴ് നാട്ടിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മന്ത്രി സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്ന് നീക്കണമെന്ന കത്ത് പിൻവലിച്ച ഗവർണറുടെ നടപടി ചോദ്യം ചെയ്തുള്ള ഹർജിയിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ഇ.ഡി അറസ്റ്റിന് പിന്നാലെ ഗവര്‍ണര്‍ ആര്‍.എന്‍. രവി മന്ത്രിയായ സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയിരുന്നു. എന്നാൽ നിയമ പ്രശ്നം ഉയർന്നതോടെ പിന്നാലെ ആ ഉത്തരവ് പിൻവലിച്ചുകൊണ്ട് അറിയിപ്പ് ഇറക്കകയും ചെയ്തു.

ആദ്യ തീരുമാനം പിൻവലിച്ച ഗവർണറുടെ നടപടി ചോദ്യം ചെയ്ത് ദേശീയ മക്കൾ ശക്തി കച്ചിയുടെ പ്രസിഡന്റ് എം.എൽ രവി നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. രവിയുടെ ഹർജി നേരത്തെ മദ്രാസ് ഹൈക്കോടതിയും തള്ളിയിരുന്നു. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് പിൻവലിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു.

അറബിക്കടലിൽ ചരക്കു കപ്പൽ റാഞ്ചി, 15 ഇന്ത്യക്കാർ ഉൾപ്പെടെ ജീവനക്കാർ ബന്ദികൾ

0

അറബിക്കടലിൽ സൊമാലിയൻ തീരത്തിനടുത്ത് ചരക്കുകപ്പൽ കൊള്ളക്കാർ തട്ടിയെടുത്തു. കപ്പലിൽ 15 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോർട്ടുകൾ. ലൈബീരിയന്‍ പതാകയുള്ള എം.വി ലില നോർഫോക് എന്ന ചരക്കുകപ്പലാണ് ആക്രമിക്കപ്പെട്ടത്.

സായുധരായ ആറ് കൊള്ളക്കാര്‍ ചേര്‍ന്ന് വ്യാഴാഴ്ച വെെകീട്ടാണ് കപ്പല്‍ റാഞ്ചിയത്. കൊള്ള സംഘത്തിൻ്റെ അധീനതയിലുള്ള കപ്പൽ നിരീക്ഷിക്കുന്നതിനായി ഇന്ത്യൻ നേവിയുടെ യുദ്ധ കപ്പൽ പുറപ്പെട്ടിട്ടുണ്ട്. ഐഎൻഎസ് ചെന്നൈയും മാരിടെെം പട്രോൾ എയർക്രാഫ്റ്റുമാണ് ദൌത്യത്തിലുള്ളത്.
പ്രദേശത്തെ മറ്റ് ഏജൻസികളുമൊത്ത് ഏകോപനത്തോടെ സ്ഥിതി​ഗതികൾ പരിശോധിച്ച് വരികയാണെന്നും നാവികസേന പ്രസ്താവനയിലൂടെ വ്യക്തമാക്കി. അറബിക്കടലിലൂടെയുള്ള വ്യാപാരത്തിന് മുഖ്യമായും സുരക്ഷ ഒരുക്കുന്നത് ഇന്ത്യൻ നേവിയാണ്.

സംസ്ഥാന സ്കൂൾ കലോത്സവം, ഒപ്പനയും നാടകവും ഇന്ന് വേദിയിൽ

സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ രണ്ടാം ദിനമായ ഇന്ന് അറുപത് ഇനങ്ങൾ വേദിയിലെത്തും. ഹൈസ്കൂൾ വിഭാഗം ഒപ്പനയും ഹയർ സെക്കൻഡറി വിഭാഗം നാടകവുമാണ് ഗ്ലാമർ ഇനങ്ങൾ. മൽസരങ്ങളുടെ സമയക്രമം പാലിക്കലാണ് സംഘാടകർ നേരിടുന്ന പ്രധാന വെല്ലുവിളി.

നൂറ്റിപ്പതിനേഴരപ്പവൻ സ്വർണ്ണക്കപ്പ്

ആദ്യ ദിവസത്തെ മൽസരങ്ങൾ പൂർത്തിയാകുമ്പോൾ കോഴിക്കോടും കണ്ണൂരും തൃശൂരുമാണ് മുന്നിൽ. പാലക്കാടും മലപ്പുറവും ആതിഥേയരായ കൊല്ലം ജില്ലയും തൊട്ടുപിന്നിലുണ്ട്.

2018-ലും 2019-ലും കൈവിട്ട സ്വർണക്കപ്പ് കഴിഞ്ഞവർഷമാണ് കോഴിക്കോട് തിരിച്ചുപിടിച്ചത്. 945 പോയിന്റ് നേടിയാണ് 61-ാം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവർ കിരീടം ചൂടിയത്. 925 പോയിന്റുനേടി കണ്ണൂരും പാലക്കാടും രണ്ടാംസ്ഥാനം പങ്കിട്ടു. 20-ാം തവണയാണ് കഴിഞ്ഞവർഷം കോഴിക്കോട് കപ്പിൽ മുത്തമിട്ടത്. അന്നും കോഴിക്കോട്, പാലക്കാട്, കണ്ണൂർ ജില്ലകൾ തമ്മിൽ ഇഞ്ചോടിഞ്ച് മത്സരമാണ് നടന്നത്. 2019-ൽ കണ്ണൂരിനെ രണ്ടുപോയിന്റിനു മറികടന്നാണ് പാലക്കാട് ജേതാക്കളായത്. 2016-17 വർഷത്തിൽ കോഴിക്കോടുമായി അവർ കപ്പ് പങ്കുവെച്ചിരുന്നു.

വിരുന്ന് മനോഹരമായിരുന്നെന്നും ഞങ്ങളുടെ ഹൃദയം എരിയുകയാണെന്നും പറയാമായിരുന്നു; ഡോ. എബ്രഹാം മാര്‍ പൗലോസ്

പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ സഭാ മേലധ്യക്ഷന്മാര്‍ മണിപ്പൂര്‍ വിഷയത്തില്‍ പ്രതികരണം അറിയിക്കാന്‍ ലഭിച്ച നല്ലൊരു അവസരം പാഴാക്കിയതായി മാര്‍ത്തോമാ സഭയുടെ അമേരിക്കന്‍ ഭദ്രാസനാധിപന്‍ ഡോ. എബ്രഹാം മാര്‍ പൗലോസ്.

ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാര്‍ പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് വിവാദം കത്തുന്നതിനിടയില്‍ വിരുന്നിൽ പങ്കെടുത്തു മടങ്ങിയ മത പുരോഹിതരെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണ് നയതന്ത്രപരമായ പ്രതികരണം. ഇതു സംബന്ധിച്ച മന്ത്രി സജി ചെറിയാൻ്റെ സമാനമായ പ്രസ്താവന വിവാദമായിരുന്നു.

വിരുന്ന് മനോഹരമായിരുന്നെന്നും എന്നാല്‍, ഞങ്ങളുടെ ഹൃദയം എരിയുകയാണെന്നും

മണിപ്പൂര്‍ പോലെയുള്ള പ്രശ്‌നങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുമ്പോള്‍ പറയേണ്ടകാര്യങ്ങള്‍ പറയേണ്ടവിധത്തില്‍ ബന്ധപ്പെട്ടവരോട് പറയാന്‍ നമുക്ക് കഴിയണം. ഡല്‍ഹിയിലെ ചടങ്ങില്‍ പങ്കെടുത്തപ്പോഴും ഉത്തരവാദപ്പെട്ടവര്‍ക്ക് പ്രസംഗമധ്യേ ഇക്കാര്യം പറയാമായിരുന്നു. വിരുന്ന് മനോഹരമായിരുന്നെന്നും എന്നാല്‍, ഞങ്ങളുടെ ഹൃദയം എരിയുകയാണെന്നും അവര്‍ക്ക് പറയാമായിരുന്നു. അവര്‍ എന്തുകൊണ്ട് അത് പറഞ്ഞില്ല എന്ന കാര്യം ഇപ്പോള്‍ സമൂഹം ഉന്നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

തിരുത്തൽ ശക്തിയാവേണ്ട സമയം അതിക്രമിച്ചു

മണിപ്പൂരിലെ ജനങ്ങള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ നമ്മുടെ നാവടങ്ങിപ്പോയെങ്കില്‍ നിശ്ചയമായും നമ്മള്‍ സൗകര്യപൂര്‍വം ഒത്തുതീര്‍പ്പിലെത്തുകയാണ്. അതില്‍നിന്ന് സഭ വിട്ടുനില്‍ക്കണം എന്നതുതന്നെയാണ് എന്റെ അഭിപ്രായം. ഭാരതത്തിന്റെ തിരുത്തല്‍ശക്തിയായി ക്രൈസ്തവ സമൂഹം നില്‍ക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇന്ന് നാം ശബ്ദിച്ചില്ലെങ്കില്‍ പിന്നെ ഒരിക്കലും ശബ്ദിക്കേണ്ടിവരില്ലെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി സജി ചെറിയാൻ തുറന്നു വിട്ടത്

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒരുക്കിയ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത് കേക്കും മുന്തിരി വാറ്റിയതും കഴിച്ച് രോമാഞ്ചംകൊണ്ട് പോന്ന ബിഷപ്പുമാര്‍ പ്രധാനമന്ത്രിയോട് മണിപ്പൂര്‍ വിഷയം പറയാന്‍ മറന്നുപോയെന്നാണ് സജി ചെറിയാന്‍ തുറന്നടിച്ചത്.

മണിപ്പൂര്‍ വിഷയം ലോകമാകെ ആളിക്കത്തിയിട്ടും ഇന്ത്യയിലെ ക്രൈസ്തവ സഭാ നേതൃത്വം ഇതിനെതിരെ ശക്തമായ പ്രതിഷേധത്തിന് മുതിരാത്തതില്‍ വിശ്വാസികള്‍ക്കിടയിലും അതൃപ്തി ഉണ്ടായിരുന്നു.

അതിനിടയിലാണ് പ്രധാനമന്ത്രി വിളിച്ച വിരുന്നില്‍ രാജ്യത്തെ പ്രധാന ബിഷപ്പുമാര്‍ ഉള്‍പ്പെടെ 60 ഓളം ക്രൈസ്തവ സഭാ മേധാവികള്‍ പങ്കെടുത്തത്. 

പ്രധാനമന്ത്രിയുടെ വിരുന്ന് നടക്കുമ്പോഴും അതിനു ശേഷവും മണിപ്പൂരില്‍ അക്രമസംഭവങ്ങള്‍ ആവര്‍ത്തിച്ചു. റോക്കറ്റ് ലോഞ്ചറുകൾ വരെ ഉപയോഗിച്ചാണ് ആക്രമണം. പള്ളികള്‍ തകര്‍ന്ന അവസ്ഥയില്‍ തന്നെ കിടക്കുന്നു.

ആ സാഹചര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ലഭിച്ച അവസരം ബിഷപ്പുമാര്‍ എന്തുകൊണ്ട് വിനിയോഗിച്ചില്ല എന്ന ചോദ്യം വിശ്വാസികള്‍ക്കിടയില്‍ ശക്തമാണ്. ആ വികാരമാണ് മന്ത്രി സജി ചെറിയാനിലൂടെ പുറത്തുവന്നത്. കാലങ്ങളായി ക്രിസ്ത്യന്‍ ബിഷപ്പുമാര്‍ക്കിടയില്‍ വളര്‍ന്നു വരുന്ന ബിജെപി അനുകൂല സമീപനങ്ങള്‍ക്കുള്ള സിപിഎമ്മിന്‍റെ ഭാഗത്തുനിന്നുള്ള അടികൂടിയായിരുന്നു മന്ത്രിയുടെ സമർത്ഥമായ പ്രയോഗം. പക്ഷെ അതിലെ കേക്കും വീഞ്ഞും പുരോഹിതർക്ക് പഴുത് നൽകി.

വിമാന ടിക്കറ്റ് നിരക്ക് കുറയുന്നു, ഇന്ധന വിലയിലെ കുറവ് യാത്രക്കാരുമായി പങ്കിടാൻ ഇൻഡിഗോ

വിമാന ടിക്കറ്റുകളിൽ നിരക്ക് ഇളവ് പ്രഖ്യാപിച്ച് ഇൻഡിഗോ എയർ ലൈൻസ്. ഇന്ധന ചാർജ്ജെന്ന പേരിലുള്ള തുകയിൽ ഇളവ് വരുന്നതോടെയാണ് ഇൻഡിഗോയുടെ ടിക്കറ്റ് നിരക്കുകളിലും കുറവുണ്ടാകുന്നത്. എടിഎഫ് വില തുടർച്ചയായി മൂന്ന് തവണയാണ് കുറഞ്ഞത്. ഒക്ടോബറിനു ശേഷം ജെറ്റ് ഇന്ധന വിലയിൽ ഏകദേശം 14 ശതമാനം ഇടിവുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇത് യാത്രക്കാർക്ക് നൽകുകയാണ് ചെയ്യുന്നത്.

രാജ്യത്തിനകത്ത് നൽകുന്ന ഇന്ധന നിരക്കിൽ നിന്നും വ്യത്യസ്തമായാണ് എടിഎഫ് വിലകൾ നിശ്ചയിക്കുന്നത്. നിയന്ത്രണങ്ങൾ ഒഴിവാക്കി ആഗോള നിരക്കുകൾക്ക് അനുസൃതമായാണ് നിരക്ക് ക്രമീകരിക്കുന്നത്. സെപ്തംബറിൽ അന്താരാഷ്ട്ര ക്യൂഡ് ഓയിൽ വില കുറഞ്ഞ് ബാരലിന് 97 ഡോളറിലെത്തിയതോടെയാണ് വിമാന ഇന്ധന വിലയിലും അന്താരാഷ്ട്ര വിപണിയിൽ ഇടിവുണ്ടായത്.

ഒക്‌ടോബർ ആദ്യം ഇൻഡിഗോ പ്രഖ്യാപിച്ച ഇന്ധന ചാർജ്ജ് പ്രകാരം ടിക്കറ്റ് ചാർജ്ജിൽ 300 മുതൽ 1,000 രൂപ വരെ വ്യത്യാസം വന്നിരുന്നു. 2024 ജനുവരി 04 മുതൽ ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിൽ ബാധകമായ ഇന്ധന ചാർജ് നീക്കം ചെയ്യുന്നതായി തങ്ങളുടെ യാത്രക്കാരെ അറിയിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഇൻഡിഗോ അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. ഏവിയേഷൻ ടർബൈൻ ഫ്യൂവൽ (ATF) വർധിച്ചതിനെത്തുടർന്ന് 2023 ഒക്ടോബറിലാണ്  ഇന്ധന ചാർജ് ഏർപ്പെടുത്തിയത്. എന്നാൽ എടിഎഫ് വിലയിൽ അടുത്തിടെ കുറവ് വന്നതോടെ  ചാർജ് പിൻവലിക്കാൻ തീരുമാനിച്ചിരിക്കുന്നുവെന്ന് ഇൻഡിഗോ വ്യക്തമാക്കി. എ ടി എഫ് വിലയിലെ മാറ്റങ്ങൾക്കനുസരിച്ച് നിരക്കുകൾ ക്രമീകരിക്കുന്നത് ഭാവിയിലും തുടരുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

നിലവിൽ ഡൽഹിയിൽ എടിഎഫിന് കിലോലിറ്ററിന് 1,01,993.17 രൂപയാണ് വില. ഒക്ടോബറിൽ ഇത് കിലോലിറ്ററിന് 1,18,199.17 രൂപയായിരുന്നു.

പ്രതിഫലിക്കുന്നത് അന്താരാഷ്ട്ര വിലയിലെ കുറവ്

ഒരു എയർലൈനിന്റെ പ്രവർത്തനച്ചെലവിന്റെ പ്രധാന പങ്കും ഇന്ധനത്തിനായുള്ളതാണ്. ഇന്ത്യൻ വിമാനക്കമ്പനികൾക്ക് ഇത് അവരുടെ പ്രവർത്തന ചെലവിന്റെ 40 ശതമാനത്തിലധികം വരും. എടിഎഫ് വിലകൾ നിയന്ത്രണങ്ങൾ ഒഴിവാക്കി ആഗോള നിരക്കുകൾക്ക് അനുസൃതമായാണ് ക്രമീകരിക്കുന്നത്. സെപ്തംബറിൽ അന്താരാഷ്ട്ര ക്യൂഡ് ഓയിൽ വില ബാരലിന് 97 ഡോളറിലെത്തിയതോടെയാണ് വിമാന ഇന്ധന വിലയിലും അന്താരാഷ്ട്ര വിപണിയിൽ ഇടിവുണ്ടായത്.

“ഇഡിയെ ഉപയോഗിച്ച് ജയിലിലടയ്ക്കാൻ ശ്രമം” അറസ്റ്റ് വരിക്കാൻ അരവിന്ദ് കെജ്‌രിവാള്‍

ലോക് സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ താന്‍ പങ്കെടുക്കുന്നത് തടയുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി (എ.എ.പി) ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍. ഇതിനായി ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ജയിലിലടയ്ക്കാൻ ഒരുക്കം കൂട്ടുകയാണ്.

‘ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എനിക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്. എന്നാല്‍, രണ്ട് കൊല്ലം അന്വേഷിച്ചിട്ടും ഒരു രൂപയുടെ പോലും ക്രമക്കേട് അവര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അവരുടെ പക്കല്‍ ആര്‍ക്കുമെതിരെ ഒരു തെളിവുമില്ല’, അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. സത്യമെന്താണെന്ന് വച്ചാൽ ഈ കേസിൽ അഴിമതിയേതുമില്ലെന്നതാണ്. ഈ കേസിൽ അഴിമതി ഉണ്ടായിരുന്നുവെങ്കിൽ, കോടിക്കണക്കിന് രൂപ എങ്ങോട്ടാണ് പോയത്?

‘എന്റെ അറസ്റ്റ് ആണ് ഇപ്പോള്‍ ബി.ജെ.പിയുടെ ആവശ്യം. സത്യസന്ധതയാണ് എന്റെ ഏറ്റവും വലിയ ശക്തി. വ്യാജ കേസുകള്‍ കൊണ്ടും സമന്‍സുകള്‍ കൊണ്ടും എന്റെ പ്രതിച്ഛായ തകര്‍ക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നത്. അന്വേഷണം നടത്തുകയല്ല, മറിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍നിന്ന് എന്നെ തടയുക മാത്രമാണ് അവരുടെ ഉദ്ദേശ്യം’, അദ്ദേഹം പറഞ്ഞു.

ഔദ്യോഗിക വസതിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

നിയമപരമായി സമൻസ് അയക്കാതെ അറസ്റ്റിന് ശ്രമം

‘ഇ.ഡി. അയച്ച സമന്‍സുകള്‍ നിയമവിരുദ്ധമാണ് എന്നാണ് എന്റെ അഭിഭാഷകര്‍ പറഞ്ഞത്. ഇക്കാര്യം ഞാന്‍ വിശദമായി തന്നെ ഇ.ഡിയെ അറിയിച്ചിരുന്നു. എന്നാല്‍, എന്റെ വാദങ്ങള്‍ക്ക് ഇ.ഡി. മറുപടി നല്‍കിയില്ല. അവരുടെ പക്കല്‍ മറുപടി ഇല്ല എന്നാണ് അതിന്റെ അര്‍ത്ഥം. നിയമപരമായ സമന്‍സ് അയച്ചാല്‍ സഹകരിക്കാന്‍ ഞാന്‍ തയ്യാറാണ്’, കെജ്‌രിവാള്‍ പറഞ്ഞു.

എട്ട് മാസം മുമ്പ് സി.ബി.ഐ. എനിക്ക് സമന്‍സ് അയച്ചിരുന്നു. അന്ന് ഞാന്‍ നേരിട്ട് ഹാജരാകുകയും അവരുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രമുള്ളപ്പോള്‍ ഇ.ഡി. എനിക്ക് സമന്‍സ് അയച്ചിരിക്കുകയാണ്. എന്നെ ചോദ്യം ചെയ്യുകയല്ല, അറസ്റ്റ് ചെയ്യുകയാണ് ബി.ജെ.പിയുടെ ഉദ്ദേശം എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.’

രാജ്യസഭാ തിരഞ്ഞെടുപ്പിന്റേയും റിപ്പബ്ലിക് ദിനത്തിന്റെ തയ്യാറെടുപ്പുകളുടെയും തിരക്കിലാണ് എന്ന് ഇ.ഡിയെ രേഖാമൂലം അറിയിച്ചാണ് മൂന്നാം തവണയും അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത്. എന്നാൽ ചോദ്യാവലി നല്‍കിയാല്‍ മറുപടി നല്‍കാമെന്നും ആവശ്യമെങ്കില്‍ കൈവശമുള്ള രേഖകള്‍ നല്‍കാമെന്നും കെജ്‌രിവാള്‍ ഇ.ഡിയെ അറിയിച്ചിരുന്നു.

അരവിന്ദ് കെജ്‌രിവാളിനെ വ്യാഴാഴ്ച അറസ്റ്റ് ചെയ്യാനാണ് ഇ.ഡിയുടെ നീക്കമെന്ന് എ.എ.പി വക്താക്കൾ പറഞ്ഞു. കെജ്‌രിവാളിന്റെ വസതിയില്‍ റെയ്ഡ് നടത്തിയ ശേഷം അറസ്റ്റുണ്ടാകുമെന്നാണ് എഎപി പറയുന്നത്. കെജ്‌രിവാളിന്റെ വസതിയിലേക്കുള്ള റോഡുകള്‍ ഡല്‍ഹി പൊലീസ് അടച്ചതായും പാര്‍ട്ടിനേതാക്കൾ ആരോപിച്ചു.

നിയമ വഴികളിലും

ഒരു വ്യക്തിക്ക് മൂന്ന് തവണ വരെ ഇഡി സമൻസ് അവഗണിക്കാം. കെജ്​രിവാള്‍ മൂന്ന് തവണ നോട്ടീസ് തള്ളിയതിനാൽ ഇഡിക്ക് ഇപ്പോൾ ജാമ്യമില്ലാ വാറണ്ട് തേടുകയും കെജ്​രിവാളിനോട് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്യാം. ജാമ്യമില്ലാ വാറണ്ട് പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ അറസ്റ്റിലേക്കും തുടർന്നുള്ള കോടതി നടപടികളിലേക്കും നയിച്ചേക്കാം. ഏജൻസിയുമായി സഹകരിക്കാൻ തയ്യാറാണെന്നും എന്നാൽ സമൻസ് വന്ന സമയത്തെയാണ് താൻ ചോദ്യം ചെയ്യുന്നത് എന്നുമാണ് കെജ്​രിവാള്‍ പറയുന്നത്. ഈ സാഹചര്യത്തിൽ കെജ്‌രിവാളിന് മുന്നിൽ രണ്ട് നിയമ വഴികളുണ്ട്. ആരോപണങ്ങളിൽ വ്യക്തത തേടി, സമൻസിനെ ചോദ്യം ചെയ്തുകൊണ്ട് അദ്ദേഹത്തിന് കോടതിയെ സമീപിക്കാം. കൂടാതെ, അദ്ദേഹത്തിന് മുൻ‌കൂർ ജാമ്യത്തിന് അപേക്ഷിക്കാനും സാധിക്കും.