പ്രധാനമന്ത്രി പ്രസംഗിച്ച വേദിയിൽ ചാണകം തളിച്ച് ശുദ്ധീകരണം, കോൺഗ്രസ് ബി ജെ പി സംഘർഷം

പ്രധാനമന്ത്രി പ്രസംഗിച്ച സ്റ്റേജിൽ ചാണകം തളിയ്ക്കാൻ എത്തിയ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ ബി.ജെ.പി പ്രവർത്തകർ തടഞ്ഞു. തുടർന്ന് തൃശൂർ തേക്കിൻ കാട് മൈതാനിയിൽ ഇരുവിഭാ​ഗവും തമ്മിൽ വാക്കേറ്റവും സംഘർഷവും.

പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് മരം മുറിച്ചതിനെ ചൊല്ലി തൃശൂരിൽ നേരത്തെ തന്നെ സംഘർഷം ഉണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ വേദിക്കരികിൽ നിന്ന ആൽമരത്തിൻറെ കൊമ്പുകൾ മുറിച്ചതിനെതിരെ യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകർ നടത്തിയ പ്രതിഷേധം ബിജെപി തടഞ്ഞിരുന്നു.

തുടർന്ന് പ്രധാനമന്ത്രി എത്തിയ സ്ഥലത്ത് ചാണക വെള്ളം തളിക്കാനാണ് കെ എസ് യു പ്രവർത്തകർ എത്തിയത്.

പ്രധാനമന്ത്രി എത്തിയ തൃശൂർ തേക്കിൻ കാട് മൈതാനത്തിലെ നായ്ക്കനാലിൽ രാവിലെ പത്ത് മണിയോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. മരം മുറിച്ചതിന് എതിരെ യൂത്ത് കോൺഗ്രസ് മാനിഷാദ എന്ന പേരിലാണ് സമരം പ്രഖ്യാപിച്ചത്.

മണിപ്പൂർ അടക്കമുള്ള വിഷയങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി എത്തിയ സ്ഥലത്ത് ചാണക വെള്ളം തളിക്കുമെന്ന് കെ എസ് യുവും പ്രഖ്യാപിച്ചിരുന്നു. കെ എസ് യുവിനെ പ്രതിരോധിക്കാൻ ബിജെപി നേതാക്കളും എത്തി. ഇതോടെ ഇരു കൂട്ടരും തമ്മിൽ സംഘർഷമായി.

പ്രധാനമന്ത്രി എത്തിയ സ്ഥലത്ത് ചാണക വെള്ളം തളിക്കാനെത്തിയവരെയാണ് ആദ്യം അറസ്റ്റ് ചെയ്യേണ്ടതെന്ന് ബി ജെ പി പറഞ്ഞു .പ്രധാനമന്ത്രിയുടെ വരവിൽ അസ്വസ്ഥനായ ടി എൻ പ്രതാപൻ എംപിയാണ് ഈ സമര നാടകത്തിനു പിന്നിലെന്നും ബി ജെ പി ആരോപിച്ചു. 
ഒരു മണിക്കൂറിനു ശേഷം പാടുപെട്ടാണ് പൊലീസ് ഇരു കൂട്ടരേയും സ്ഥലത്തു നിന്നും മാറ്റിയത്.

വിശ്വാസികൾ വിളക്കുവെയ്ക്കുന്ന ആൽ മരത്തിൻറെ കൊമ്പുകൾ മുറിച്ച ബി ജെ പിയുടെ നടപടി അവരുടെ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്ന് കോൺഗ്രസ് പറഞ്ഞു.

സംസ്ഥാന സ്കൂൾ കലോത്സവം തുടങ്ങി, ഏഷ്യയിലെ ഏറ്റവും വലിയ കലാ സംഗമ വേദി

സംസ്ഥാന സ്‌കൂള്‍ കലോത്സവം മുഖ്യന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. നടിയും നർത്തകിയുമായ ആശാ ശരത്തും സംഘവും അവതരിപ്പിച്ച സ്വാഗത ഗാന നൃത്ത ശില്പത്തോടെയായിരുന്നു തുടക്കം.

കാസർകോട് നിന്നുള്ള ഭിന്നശേഷി കുട്ടികളുടെ ചെണ്ടമേള കലാവിരുന്നും കലോത്സവ ചരിത്രത്തിൽ ആദ്യമായി ഗോത്ര കല ഉൾക്കൊള്ളിച്ചു മംഗലം കളിയും ഉദ്ഘാടന ചടങ്ങിൻ്റെ ആകർഷണമായി.

പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ജ് സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, കെ.രാജൻ, കെ.ബി.ഗണേഷ്‌കുമാർ, ജെ.ചിഞ്ചുറാണി എന്നിവരും എൻ കെ പ്രേമചന്ദ്രൻ എംപി, മുകേഷ്, എംഎൽഎ എന്നിവരും പങ്കെടുത്തു.

 24 വേദികളിലാണ് മത്സരങ്ങൾ അരങ്ങേറുക. കൊല്ലം നഗരഹൃദയത്തിൽ ആശ്രാമം മൈതാനത്ത്​​ ഒരുക്കിയ വിശാലമായ വേദിയാണ്​ ഒന്നാം വേദിയാകുന്ന ഒ.എൻ.വി സ്മൃതി.

എച്ച്​.എസ്​, എച്ച്​.എസ്​.എസ്​ ജനറൽ, എച്ച്​.എസ്​ സംസ്കൃതം, അറബിക്​ വിഭാഗങ്ങളിൽ ആകെ 239 ഇനങ്ങളിലാണ്​ മത്സരങ്ങൾ നടക്കുന്നത്​. 14 ജില്ല കലോത്സവങ്ങളിൽനിന്ന്​ 10000ത്തോളം വിദ്യാർഥികൾ ഒന്നാം സ്ഥാനം നേടിയെത്തുമ്പോൾ 4000ത്തോളം പേർ അപ്പീലിലൂടെ എത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

59 ഇനങ്ങളിലാണ് ആദ്യ ദിവസത്തെ മത്സരങ്ങൾ. മോഹിനിയാട്ടമാണ് ആദ്യത്തെ മത്സരയിനം. പതിനാലായിരത്തോളം മത്സരാർഥികൾ അഞ്ചുദിവസങ്ങളിലായി വിവിധ വേദികളിൽ കലയുടെ ഉത്സവത്തിൽ പങ്കാളികളാവും.

റെയിൽവേ സ്റ്റേഷനിൽ ഉൾപ്പെടെ ഹെൽപ് ഡസ്ക്

മത്സരാർഥികൾക്ക് കൊല്ലം നഗരത്തിലെ 23 സ്‌കൂളുകളിലാണ് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. കുട്ടികളെ വേദികളിലും ഭക്ഷണശാലകളിലും എത്തിക്കാൻ 30 സ്‌കൂൾ ബസുകൾ കലോത്സവ വാഹനങ്ങളായി ഓടുന്നു. വേദികൾക്കു സമീപം ഓരോ ജില്ലയിൽനിന്നും എത്തുന്ന വാഹനങ്ങളിൽ പ്രത്യേക സ്റ്റിക്കർ പതിപ്പിച്ചാണ് പാർക്കിങ് സ്ഥലം നിശ്ചയിച്ച് നൽകുന്നത്. തീവണ്ടിമാർഗം എത്തുന്ന വിദ്യാർഥികൾക്ക് വേദികൾ, താമസസൗകര്യം എന്നിവ സംബന്ധിച്ച വിവരങ്ങൾ നൽകാൻ റെയിൽവേ സ്റ്റേഷനിൽ ഹെൽപ്പ് ഡെസ്‌കും പ്രവർത്തിക്കും. കൊല്ലം ക്രേവൻ സ്‌കൂളിലാണ് ഭക്ഷണസൗകര്യം ഒരുക്കിയിട്ടുള്ളത്.

”മത്സരം കുട്ടികൾ തമ്മിലാണ് രക്ഷിതാക്കൾ തമ്മിലല്ല” ഓർമ്മപ്പെടുത്തി മുഖ്യമന്ത്രി

കലോത്സവം കുട്ടികളുടേതാണെന്നും രക്ഷിതാക്കള്‍ തമ്മില്‍ മത്സരിക്കരുതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

‘മത്സരങ്ങളില്‍ ഇന്ന് പിന്നിലാകുന്നവരാകും നാളെ മുന്നിലാകുന്നത്. അതുകൊണ്ട് പരാജയങ്ങളില്‍ തളരാതെ നിരന്തരമായി പ്രവര്‍ത്തിച്ചു മുന്നോട്ട് പോകണം. കല പോയിന്റ് നേടാനുള്ളൊരു ഉപാധിയല്ല. ആ രീതി ഉപേക്ഷിക്കണം. കലാവാസനയുള്ള കുട്ടികള്‍ക്ക് സാംസ്‌കാരിക പരിസ്ഥിതി സൃഷ്ടിക്കണം. കലപ്രവര്‍ത്തനം തുടരാന്‍ സാമ്പത്തികമായി പിന്നോട്ടു നില്‍ക്കുന്നവരെ മുന്നോട്ട് വരാനായി പ്രോത്സാഹിപ്പിക്കണം. ലഹരികളില്‍ കുഞ്ഞുങ്ങള്‍ അകപ്പെടുന്നതില്‍ നിന്ന് സംരക്ഷിക്കണം. അതിനോടൊപ്പം തന്നെ അത്തരത്തില്‍ അകപ്പെട്ട് പോയ കുട്ടികളെ പുറത്തുകൊണ്ട് വരണം. മയക്കമരുന്നിനെതിരായ കലാരൂപങ്ങളുണ്ടാക്കാനും അവതരിപ്പിക്കാനും ശ്രദ്ധിക്കാം. പല കലാരൂപങ്ങളും ഇന്ന് സജീവമായി നിലനില്‍ക്കുന്നതില്‍ സ്‌കൂള്‍ കലോത്സവങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഗോത്രകലകള്‍ അരങ്ങേറുന്നു എന്ന സവിശേഷത കൂടി ഇത്തവണത്തെ കലോത്സവത്തിനുണ്ട്. ഇതിനൊരു തുടക്കമായാണ് ഉദ്ഘാടന ചടങ്ങില്‍ തന്നെ മംഗലക്കളി അവതരിപ്പിച്ചത്. അടുത്ത വര്‍ഷം മുതല്‍ ഗോത്രകല ഉള്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കും’, മുഖ്യമന്ത്രി പറഞ്ഞു.

സുരേഷ് ഗോപിയുടെ പേര് ഒരിക്കൽ പോലും പരാമർശിക്കാതെ റോഡ് ഷോയിലും വേദിയിലും

തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തെ പ്രസം​ഗത്തിൽ സുരേഷ് ​ഗോപിയുടെ പേര് ഒരിക്കൽ പോലും പരാമർശിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോഡി. 41 മിനിറ്റ് നീണ്ട പ്രസം​ഗത്തിൽ സുരേഷ് ​ഗോപിയെ പരാമർശിച്ചില്ല.

റോഡ് ഷോയിലും വേദിയിലും സുരേഷ്​ഗോപിയുടെ സാന്നിധ്യമുണ്ടായിരുന്നെങ്കിലും തൃശൂരിലെ സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ടുള്ള പരാമർശങ്ങളൊന്നും നടത്തിയില്ലെന്നതാണ് ശ്രദ്ധേയം. തൃശൂർ ലോക്സഭാ മണ്ഡലം ലക്ഷ്യം വെച്ചുള്ള സുരേഷ് ​ഗോപിയുടെ നീക്കങ്ങൾ സജീവമാണ്. ബിജെപിയുടെ നേതൃത്വത്തിലുള്ള കരുവന്നൂർ പദയാത്രയിലുൾപ്പെടെ സുരേഷ് ​ഗോപി തൃശൂരിൽ സജീവമായിരുന്നു.

‘സ്ത്രീ ശക്തി മോദിക്കൊപ്പം’ പരിപാടിക്കായി പ്രധാനമന്ത്രി തൃശ്ശൂരില്‍ എത്താനിരിക്കെ സുരേഷ് ഗോപിയ്ക്കായി ചുവരെഴുത്തുകളും പ്രത്യക്ഷപ്പെട്ടിരുന്നു. പ്രസം​ഗത്തിന് ശേഷം പ്രധാനമന്ത്രി സാമുദായിക നേതാക്കന്മാരുമായി കൂടിക്കാഴ്ച നടത്തി. ധീവരസഭ, എൻഎൻഎസ് നേതാക്കളുമായാണ് കൂടിക്കാഴ്ച നടന്നത്.

അഭിമാനകരമായ ഒരുപാട് പുത്രിമാർക്ക് ജന്മം നൽകിയ മണ്ണാണ് കേരളമെന്ന് മോഡി പറഞ്ഞു. എവി. കുട്ടിമാളുവമ്മ, അക്കമ്മ ചെറിയാൻ, റോസമ്മ പുന്നൂസ് എന്നിവർ സ്വാതന്ത്ര്യ സമരത്തിൽ നൽകിയ ഊർജ്ജം ചെറുതല്ല. കാർത്യായനിയമ്മ, ഭാഗീരഥിയമ്മയും വിദ്യാഭ്യാസത്തിന് പ്രായം തടസ്സമല്ല എന്ന് കാണിച്ചു തന്നു. ആദിവാസി കലാകാരി നാഞ്ചിയമ്മ ദേശീയ പുരസ്കാര ജേതാവായി. പിടി ഉഷ, അഞ്ജു ബോബി ജോർജ് എന്നിവർ കേരളത്തിന്‍റെ സംഭാവനയാണ്. മോഡിയുടെ ഉറപ്പാണ് നാട്ടിലെങ്ങും ചർച്ച. അദ്ദേഹം അവകാശപ്പെട്ടു. സ്ത്രീകളുടെ ശക്തിയാണ് നാടിനെ വികസിതമാക്കുന്നത് സ്വാതന്ത്ര്യാനന്തരം വന്ന കോൺഗ്രസ്, ഇടതു സർക്കാർ സ്ത്രീ ശക്തിയെ പരിഗണിച്ചില്ല. സ്ത്രീ സംവരണ ബില്‍ ബിജെപി നിയമമാക്കി. മുത്തലാക്കിൽ ബുദ്ധിമുട്ടിയ സ്ത്രീകളെ മോഡി സർക്കാർ മോചിപ്പിച്ചു.

എന്‍ഡിഎ സർക്കാരിന് നാല് ജാതികളാണ് പ്രധാനം. ദരിദ്രർ, യുവാക്കൾ, കർഷകർ, സ്തീകൾ എന്നിങ്ങനെയുള്ള നാലു വിഭാഗങ്ങള്‍ക്കും സർക്കാർ സഹായം ലഭ്യമാക്കാൻ പരിശ്രമിക്കുകയാണ്. ഇടത്, കോൺഗ്രസ് കാലത്ത് ഇവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിരുന്നില്ലെന്നും പറഞ്ഞു.

സുരേഷ് ഗോപി ഉറപ്പിച്ചു

നരേന്ദ്രമോഡിയുടെ വരവ് ഒരു തരത്തില്‍ സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഔപചാരികമായ തുടക്കം കുറിക്കല്‍ കൂടിയായി മാറുമെന്നാണ് പ്രചരിപ്പിക്കപ്പെട്ടത്. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പ് മുതല്‍ തന്നെ തൃശ്ശൂരില്‍ സുരേഷ് ഗോപി സജീവമാണ്. യു ഡി എഫില്‍ നിന്നും ഇത്തവണ ടി എന്‍ പ്രതാപന്‍ വീണ്ടും മത്സരത്തിന് ഇറങ്ങുമ്പോള്‍ മുന്‍ മന്ത്രിയും ജനകീയ മുഖവുമായ വി എസ് സുനില്‍ കുമാറായിരിക്കും എല്‍ ഡി എഫ് സ്ഥാനാർത്ഥി.

2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിലും ബി ജെ പിക്ക് വേണ്ടി സുരേഷ് ഗോപിയായിരുന്നു തൃശൂരില്‍ മത്സരിച്ചത്. മണ്ഡലത്തില്‍ ബി ജെ പിയുടെ വോട്ട് നില 2014 ലേതിനേക്കാള്‍ മൂന്നിരട്ടിയോളം വർധിപ്പിച്ച് ശ്രദ്ധേയമായ പോരാട്ടം കാഴ്ചവെക്കാനും അദ്ദേഹത്തിന് സാധിച്ചു. 17.5 ശതമാനം വർധനവോടെ 293822 വോട്ടായിരുന്നു മണ്ഡലത്തില്‍ സുരേഷ് ഗോപിക്ക് ലഭിച്ചത്. 415089 വോട്ടുകള്‍ നേടിയ ടിഎന്‍ പ്രതാപന്‍ വിജയിച്ചപ്പോള്‍ 321456 വോട്ടുമായി എല്‍ ഡി എഫിന് വേണ്ടി മത്സരിച്ച സി പി ഐയിലെ രാജാജി മാത്യൂ തോമസ് രണ്ടാമത് എത്തി. ലോക്സഭ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനം 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിലും തൃശ്ശൂരില്‍ സുരേഷ് ഗോപിക്ക് സീറ്റ് ഉറപ്പിച്ച് നല്‍കി.

തിരഞ്ഞെടുപ്പിന് മുമ്പ് നടന്ന ചില സർവ്വേകളില്‍ തൃശ്ശൂരില്‍ ബി ജെ പി വിജയിക്കുമെന്ന് പ്രവചിക്കുകയും ചെയ്തിരുന്നു. ശക്തമായ മത്സരം മണ്ഡലത്തില്‍ നടന്നെങ്കിലും കുറഞ്ഞ വോട്ടുകള്‍ക്ക് സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയാണ് ഉണ്ടായത്. 40457 വോട്ടായിരുന്നു സുരേഷ് ഗോപിക്ക് ലഭിച്ചത്. സി പി ഐയിലെ ബാലചന്ദ്രന്‍ 44263 വോട്ടുകള്‍ നേടി വിജയിച്ചപ്പോള്‍, 43317 വോട്ടുകളുമായി പത്മജ വേണുഗോപാല്‍ രണ്ടാമതും എത്തി.

കേരളത്തിൽ ഒരുപക്ഷേ തിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമാക്കി പ്രവർത്തിച്ച, അത് തുറന്നു പറഞ്ഞ, തനിക്ക് മത്സരിക്കണം എന്നാവർത്തിച്ചാവശ്യപ്പെട്ട രാഷ്ട്രീയക്കാരനാണ് സുരേഷ് ഗോപി. കഴിഞ്ഞതവണ തൃശൂരിൽ സുരേഷ് ഗോപി ഉണ്ടാക്കിയ ഓളം കാരണവും, എവിടെ ചെന്നാലും നാലാള് കൂടുമെന്നുറപ്പുള്ള സിനിമാ നടൻ കൂടിയായതുകൊണ്ടും, താൻ വേണമെന്ന് പറഞ്ഞാൽ തിരഞ്ഞെടുപ്പിൽ സീറ്റ് തരാതിരിക്കാൻ ബിജെപിക്ക് സാധിക്കില്ലെന്ന് സുരേഷ് ഗോപിക്ക് നന്നായി അറിയാം. അതുകൊണ്ടുതന്നെ തന്റെ സ്ഥാനാർഥിത്വം സ്വയം പ്രഖ്യാപിക്കുന്ന കേരളത്തിലെ ആദ്യത്തെ സ്ഥാനാർഥികൂടിയാണ് സുരേഷ്‌ഗോപി.

എൽ ഡി ക്ലാർക്ക് അപേക്ഷാ തീയതി നീട്ടി

0

എൽ ഡി ക്ലർക്ക് അടക്കമുള്ള തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി നീട്ടിയതായി പി എസ് സി അറിയിച്ചു. അവസാന തിയതി ഇന്ന് അവസാനിക്കാനിരിക്കെയാണ് രണ്ട് ദിവസത്തേക്ക് കൂടി തിയതി നീട്ടിയതായി പി എസ് സി അറിയിച്ചത്.  ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം എൽ ഡി ക്ലർക്ക് അടക്കമുള്ള തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി അഞ്ചാം തിയതിയാകും. അഞ്ചാം തിയതി രാത്രി 12 മണി വരെ അപേക്ഷ സമർപ്പിക്കാമെന്നാണ് പി എസ് സി അറിയിച്ചിരിക്കുന്നത്.

2024 ലെ എല്‍ ഡി ക്ലര്‍ക്ക് (എല്‍ ഡി സി) പരീക്ഷയ്ക്കുള്ള വിജ്ഞാപനം ഡിസംബർ മാസം ഒന്നാം തിയതിയാണ് പി എസ്‍ സി പുറത്തിറക്കിയത്. എസ് എസ് എല്‍ സിയോ തത്തുല്യ പരീക്ഷയോ പാസ്സായവര്‍ക്ക് അപേക്ഷിക്കാം. ഇത്തവണ പ്രിലിമിനറി പരീക്ഷയില്ല. ഒറ്റ പരീക്ഷ നടത്തിയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. 26,500 – 60,700 ആണ് ശമ്പള നിരക്ക്.

18 വയസ്സാണ് അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായ പരിധി. 36 വയസ്സ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്. പട്ടികജാതി, പട്ടിക വര്‍ഗ്ഗ വിഭാഗത്തിന് അഞ്ച് വര്‍ഷവും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് മൂന്ന് വര്‍ഷവുമാണ് ഇളവ്. ജില്ലാടിസ്ഥാനത്തിലായിരിക്കും നിയമനം. എത്ര ഒഴിവുകളുണ്ടെന്ന് ഇപ്പോള്‍ വ്യക്തമല്ല. പിഎസ്‍സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി വേണം അപേക്ഷ സമര്‍പ്പിക്കാന്‍. പരീക്ഷാ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. 2024 പകുതിയോടെയാകും പരീക്ഷകള്‍ നടക്കുക. നിലവിലെ എല്‍ ഡി ക്ലര്‍ക്ക് റാങ്ക് ലിസ്റ്റ് കാലാവധി 2025 ജൂലൈയിലാണ് അവസാനിക്കുക. അതിനു ശേഷമാകും പുതിയ റാങ്ക് ലിസ്റ്റ് പ്രാബല്യത്തില്‍ വരിക. 17 ലക്ഷത്തിലധികം പേര്‍ കഴിഞ്ഞ തവണ അപേക്ഷിച്ചിരുന്നു. ഇത്തവണ അപേക്ഷകരുടെ എണ്ണം അതിലും കൂടാനിടയുണ്ട്.

“തൃശൂർ കണ്ട് ആരും പനിക്കേണ്ട, മിഠായി തെരുവിൽ ഹൽവ കൊടുത്ത പോലാവും” മന്ത്രി കെ രാജൻ

തൃശ്ശൂര്‍ കണ്ട് ആരും പനിക്കേണ്ടെന്ന് മന്ത്രി കെ രാജന്‍. മത്സരിച്ചാല്‍ കോഴിക്കോട് മിഠായി തെരുവില്‍ ഹല്‍വ കൊടുത്തത് പോലെയാകുമെന്നും മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോഡി തൃശ്ശൂരില്‍ നടത്തിയ രാഷ്ട്രീയ പ്രയോഗങ്ങൾക്ക് പിന്നാലെയാണ് പ്രതികരണം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രതീക്ഷയുള്ള മണ്ഡലങ്ങളിലൊന്നാണ് തൃശ്ശൂര്‍.

തൃശ്ശൂര്‍ പൂരത്തില്‍ രാഷ്ട്രീംകലര്‍ത്തുന്നത് പ്രധാനമന്ത്രിയുടെ പാര്‍ട്ടി തന്നെയാകുമെന്നും കെ.രാജന്‍ കൂട്ടിച്ചേര്‍ത്തു. തൃശ്ശൂര്‍ പൂരത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് പ്രധാനമന്ത്രി മോഡിയുടെ പരാമർശം ലക്ഷ്യം വെച്ചാണ് മറുപടി.

‘ഞങ്ങളാരും തൃശ്ശൂര്‍ പൂരത്തില്‍ രാഷ്ട്രീയംകലര്‍ത്തുന്നില്ല. അദ്ദേഹത്തിന്റെ പാര്‍ട്ടി നടത്തുന്നുണ്ടാകും. തൃശ്ശൂര്‍പൂരം ലോകത്തിന്റെ ഉത്സവമാണ്. എല്ലാ മലയാളികളുടേയും അഭിമാനമായ പൂരമാണത്. അതില്‍ മത-ജാതി-രാഷട്രീയഭേദങ്ങളില്ല. അതില്‍ രാഷ്ട്രീയംകലര്‍ത്താന്‍ ശ്രമിച്ചാല്‍ പ്രയാസകരമായിരിക്കും’, മന്ത്രി രാജന്‍ പറഞ്ഞു.

സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വത്തെയും പരിഹസിച്ചു. ‘ചില പാര്‍ട്ടികള്‍ മര്യാദയനുസരിച്ച് കമ്മിറ്റി കൂടി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. ചിലര്‍ ഒറ്റയ്ക്ക് പ്രഖ്യാപിക്കും. അത് അവരവരുടെ താത്പര്യം. എന്തായാലും തൃശ്ശൂര്‍ കണ്ട് ആരും പ്രത്യേകമായി ഒന്നും കരുതേണ്ട. മിഠായിത്തെരുവില്‍ ഹലുവ കൊടുത്തപോലെയാകും. മത്സരിച്ചാല്‍ വിവരം അറിയും’, മന്ത്രി വ്യക്തമാക്കി.

കേരളത്തിൽ പ്രചാരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ റോഡ് ഷോ

ലോക് സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ റോഡ് ഷോ. തൃശൂർ നഗരത്തിൽ ഒരു കിലോ മീറ്റർ റോഡ് ഷോ നടത്തിയാണ് മോഡിയുടെ തുടക്കം. തേക്കിൻ കാട് മൈതാനിയിൽ ആഘോഷ പൂർവ്വം വനിതാ സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.

‘സ്ത്രീ ശക്തി മോദിക്കൊപ്പം’ പരിപാടിയുടെ വേദിയിലെത്തിയ നടി ശോഭനയുടെ നരേന്ദ്ര മോഡിയെ കുറിച്ചുള്ള പുകഴ്ത്തുകളോടെയായിരുന്നു തുടക്കം. പി ടി ഉഷ, മിന്നു മണി തുടങ്ങിയവർ വേദിയിലുണ്ടായിരുന്നു.

റോഡ് ഷോയിൽ സുരേഷ് ഗോപി, ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ സി നിവേദിത എന്നിവരും വാഹനത്തിലുണ്ടായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി നെടുമ്പാശ്ശേരിയിൽ എത്തിയത്. ഹെലികോപ്റ്റർ മാർ​ഗം കുട്ടനെല്ലൂർ ഹെലിപാഡിലിറങ്ങി. ജില്ലാ ആശുപത്രി ജം​ഗ്ഷൻ വരെ റോഡ് മാർ​ഗം സഞ്ചരിച്ചു. ഇതിന് ശേഷമാണ് സ്വരാജ് റൗണ്ട് മുതൽ നായ്ക്കനാൽ വരെ ഒന്നരക്കിലോമീറ്റർ റോഡ് ഷോ.

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് തൃശൂരിൽ ഏർപ്പെടുത്തിയിരിക്കുന്നത്. പൂരനഗരി സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റേയും കേന്ദ്ര സേനയുടെയും നീരീക്ഷണത്തില്ലാണ്. നഗര സുരക്ഷ എസ് പി ജി ഏറ്റെടുത്തിട്ടുണ്ട്. പരിപാടി റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇടവിട്ട് ബോംബ് സ്‌ക്വാഡിന്റെ പരിശോധനയുണ്ട്. നായക്കനാലില്‍നിന്നും തേക്കിന്‍കാട് മൈതാനിയിലേക്കുള്ള കവാടം പൂര്‍ണമായും എസ് പി ജിയുടെയും മറ്റു പൊലീസ് സേനയുടെയും നിയന്ത്രണത്തിലാണ്. കനത്ത പരിശോധനയ്ക്കുശേഷമാണ് ബന്ധപ്പെട്ടവരെപ്പോലും പ്രധാനകടത്തിവിടുന്നത്. മോദി പ്രസംഗിക്കുന്ന വേദിക്കു ചുറ്റുവട്ടത്തുള്ള ലോഡ്ജുകളിലും മറ്റും താമസിക്കുന്നവരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു.

പൗരത്വ നിയമ വിവാദം പൊടിതട്ടി കേന്ദ്ര സർക്കാർ, തെരഞ്ഞെടുപ്പിന് തീ പകരാൻ ചട്ടങ്ങൾ റെഡിയാവുന്നു

2019 ഡിസംബറിൽ പാർലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി ആക്ട് (സിഎഎ) ബില്ലിലെ നിയമങ്ങൾ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് വിജ്ഞാപനം ചെയ്യുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ ചൊവ്വാഴ്ച അറിയിച്ചു. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ മതപരമായ പീഡനങ്ങൾ കാരണം, ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ (മുസ്ലിങ്ങൾ ഒഴികെ) മതക്കാർക്ക് ഇന്ത്യൻ പൗരത്വം അതിവേഗം ലഭിക്കാൻ സഹായിക്കുന്ന ബിൽ 2019 ഡിസംബർ 9ന് ലോക്സഭയും, രണ്ട് ദിവസത്തിന് ശേഷം രാജ്യസഭയും പാസാക്കിയിരുന്നു. പിന്നീട് 2019 ഡിസംബർ 12ന് ബില്ലിൽ രാഷ്ട്രപതിയും ഒപ്പിട്ടു.

മുസ്ലീങ്ങൾക്ക് അവസരമില്ല

പൗരത്വത്തിന് അപേക്ഷിക്കാൻ ഓണ്‍ലൈന്‍ പോർട്ടൽ നിലവിൽ വരും. ഓണ്‍ലൈന്‍ പോർട്ടല്‍ വഴി 2014 ഡിസംബര്‍ മുപ്പത്തിയൊന്നിനോ അതിന് മുന്‍പോ അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, ക്രിസത്യന്‍ സിഖ്, പാഴ്സി, ജയിന്‍, ബുദ്ധിസ്റ്റ് വിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷിക്കാം. രേഖകള്‍ കേന്ദ്രം നിയോഗിക്കുന്ന സമിതി തന്നെ പരിശോധിച്ച് പൗരത്വം നല്‍കുന്നതില്‍ തീരുമാനമെടുക്കും. കേരളം, പശ്ചിമബംഗാള്‍, പഞ്ചാബ്, രാജസ്ഥാന്‍, ഛത്തീസ് ഘട്ട് , ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ പൗരത്വ നിയമഭേദഗതിയില്‍ നേരത്തെ തന്നെ എതിര്‍പ്പറിയിച്ചിരുന്നു. 

2019 ഡിസംബർ 11നാണ് പൗരത്വ നിയമ ഭേദഗതി പാർലമെന്‍റ് പാസാക്കിയത്. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31 നോ അതിന് മുമ്പോ ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജെയ്ൻ, പാഴ്സി, ക്രിസ്ത്യൻ മത വിഭാഗങ്ങളിൽ പെട്ടവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതാണ് പുതിയ പൗരത്വ നിയമ ഭേദഗതി. മുസ്ലിങ്ങളെ പരിഗണിക്കില്ല. 2020 ജനുവരി 10 ന് നിയമം നടപ്പാക്കിക്കൊണ്ടുള്ള വിജ്ഞാപനവും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു.

മുസ്ലീം വിഭാഗത്തെ ഒഴിവാക്കിയതിലെ പ്രക്ഷോഭം രാജ്യവ്യാപകമായി കടുത്തതോടെ നടപടികളില്‍ നിന്ന് തല്‍ക്കാലത്തേക്ക് കേന്ദ്രസര്‍ക്കാര്‍ പിന്മാറിയിരുന്നു. ബില്‍ പാസാക്കിയെങ്കിലും ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യുന്ന നടപടികള്‍ പൂര്‍ത്തിയായിരുന്നില്ല. 

പ്രത്യേക അന്വേഷണ ആവശ്യം തള്ളി, അദാനിയുടെ നിയമ ലംഘനം കേന്ദ്ര സർക്കാരിന് പരിശോധിക്കാം

അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിൻ്റെ പശ്ചാത്തലത്തിൽ പ്രത്യേക അന്വേഷണം വേണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡാണ് വിധി പറഞ്ഞത്. വിദഗ്ധ സമിതി അംഗങ്ങൾക്ക് അദാനിയുമായി ബന്ധമില്ലെന്ന് കോടതി വ്യക്തമാക്കി. നിയമലംഘനം ഉണ്ടോ എന്ന് കേന്ദ്ര സർക്കാർ പരിശോധിക്കണം. നിയമം അനുസരിച്ച് നടപടി എടുക്കണം.

സെബിയുടെ അധികാര പരിധിയില്‍ ഇടപെടുന്നതില്‍ പരിധിയുണ്ടെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. അദാനി ഗ്രൂപ്പിനെതിരെ യുഎസ് ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബെര്‍ഗിൻ്റെ വെളിപ്പെടുത്തൽ വിവാദമായിരുന്നു. റിപ്പോര്‍ട്ടിലെ അതീവ ഗുരുതരമായ വിവരങ്ങളിൽ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്. 

അന്വേഷണം മാറ്റി നൽകുക എന്നത് അസാധാരണ സാഹചര്യത്തിലാണ് കോടതി തീരുമാനിക്കുക.ഈ സാഹചര്യത്തിൽ ആ നടപടി എടുക്കുന്നില്ല. ഓഹരി വിപണിയിലെ സുതാര്യതയ്ക്ക് വിദഗ്ധ സമിതി നല്കിയ ശുപാർശകൾ നടപ്പാക്കണം. അന്വേഷണാത്മക പത്ര പ്രവർത്തനം വഴി വരുന്ന ഇത്തരം റിപ്പോർട്ടുകൾ സെബി പരിഗണിക്കണം. ഇത് തെളിവായി കണക്കാക്കാൻ ആവില്ലെന്ന് കോടതി വ്യക്തമാക്കി. ഹിൻഡൻബർഗ് റിപ്പോർട്ട് ഓഹരി വിപണിയെ സ്വാധീനിച്ചോ എന്ന ആരോപണവും പരിശോധിക്കണം.

ഓഹരി വിപണിയില്‍ അദാനിയുടെ എല്ലാ കമ്പനികളും ഇപ്പോള്‍ നേട്ടത്തിലായിരിക്കുകയാണ്. പ്രത്യേക അന്വേഷണം വേണ്ടെന്ന കോടതി വിധി കേന്ദ്രത്തിനും അദാനി ഗ്രൂപ്പിനും ആശ്വാസമാണ്. വിധി ദിവസം രാവിലെ മുതൽ തന്നെ അദാനി ഓഹരികളുടെ വില നേട്ടത്തിലേക്ക് ഉയർന്നിരുന്നു.

നാലു പേരെ വെടിവെച്ച് കൊന്നതിന് പിന്നാലെ മണിപ്പൂരിൽ റോക്കറ്റ് ലോഞ്ചറും യുദ്ധോപകരണങ്ങളുമായി തീവ്രവാദ സംഘടനയുടെ പകൽ പരേഡ്

മണിപ്പൂരിലെ തൌബൽ ജില്ലയിൽ നാലുപേരെ വെടിവെച്ച് കെന്നതിന് പിന്നാലെ തീവ്രവാദ സംഘടനയുടെ പ്രവർത്തകർ മാരാകായുധങ്ങളുമായി മണിപ്പൂരില്‍ പരേഡ് നടത്തി. റോക്കറ്റ് ലോഞ്ചറുകളും മെഷീന്‍ ഗണ്ണുകളുമായി ഒരു സംഘം തുറന്നവാഹനത്തില്‍ പട്ടാപകല്‍ യാത്രചെയ്യുന്നതിൻ്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിച്ചു. ഇതോടെ സർക്കാർ പ്രതിരോധത്തിലായി.

ഇംഫാല്‍ താഴ്‌വരയില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. മെയ്തികൾക്ക് ഇടയിൽ മതതീവ്രവാദ പ്രവർത്തനങ്ങൾക്കായി നിലകൊള്ളുന്ന അരംഭായ് തെങ്കോലിലെ അംഗങ്ങളാണ് പരേഡ് നടത്തിയത്.

തിങ്കളാഴ്ച തൌബാലിലെ ലിലോങ്ങിൽ നാല് മെയ്തേ പങ്കൽ വിഭാഗത്തിൽ നിന്നള്ളവരെയാണ് ഇവർ കൊലപ്പെടുത്തിയത്. Makakmayum (55) S/o Rihajuddin, Makakmayum Fahad (18) S/o Asharaf Ali and Makakmayum Apikpa (35) S/o Nurjaman എന്നവർ സംഭവ സ്ഥലത്തും ഒരാൾ ആശുപത്രിയിലേക്കുള്ള വഴിയിലും മരിച്ചു. മെയ്തേ കുക്കി പ്രശ്നങ്ങൾക്കിടെ മെയ്തേ പങ്കലുകൾ ആക്രമണങ്ങളിൽ നിന്നും മാറി നിന്നിരുന്നു. ഇരുവിഭാഗത്തിന് ഇടയിൽ സഹകരണത്തിനുള്ള പാലമാവുകയും ചെയ്തു. എന്നാൽ ഇവർക്ക് നേരെയാണ് തിങ്കളാഴ്ച വെടിവെപ്പ് ഉണ്ടായത്.

റോക്കറ്റ് ലോഞ്ചറുകൾ പോലുള്ള ആയുധങ്ങള്‍ ഇവരുടെ കൈവശം എങ്ങനെ എത്തിയെന്ന കാര്യത്തില്‍ വിശദീകരണം ഇല്ല. പോലീസിന്റെയും പട്ടാളത്തിന്റെയും കൈയ്യില്‍ മാത്രം കാണുന്ന ആയുധങ്ങളാണ്. പ്രശ്നം കൈവിട്ടു എന്ന് അറിഞ്ഞതോടെ മുഖ്യമന്ത്രി എൻ ബിരേൻ സിങ് വെടിവെപ്പിനെ അപലപിച്ച് രംഗത്ത് എത്തിയിരുന്നു. ഇതിന് ഇടയിലാണ് മാരാക യുദ്ധോപകരണങ്ങളുമായുള്ള സംഘത്തിൻ്റെ റോന്ത് ചുറ്റൽ വീഡിയോ പുറത്തായത്. മെയ്തേ ലിപൂൺ എന്ന വനിതാ സംഘവും ആക്രമണത്തെ തള്ളി പറഞ്ഞ് രംഗത്ത് എത്തേണ്ടി വന്നു. നാർക്കോ ടെററിസത്തിന് എതിരായി പോരാടുന്ന മെയ്തേ സംഘടനകളെ ദുർബലപ്പെടുത്തുന്നതാണ് ആക്രമണമെന്ന് അവർ വിശേഷിപ്പിച്ചു.

വെടിവെപ്പിൽ ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ഉള്ളവർ

Makakmayum Najir (23) Male Musharuf (13) Male Amir Hussain (15) Male ALAU(45) Male AMUTHI (35) Male Kashim Ali(30) Male Arif Hussain (15) Male Firoz Khan (21) Male Abdur Rajaque (38) Male Sarfaz (20) അരംഭായ് ഭീകരർ എത്തി ഗ്രാമവാസികളോട് പണം ആവശ്യപ്പെട്ടു. ഇതോടെ പണം നൽകാൻ കഴിയാത്ത സാഹചര്യത്തിൽ ആക്രമണം അഴിച്ചു വിടുകയായിരുന്നു എന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കേക്കും വീഞ്ഞും പിൻവലിച്ചു, ആക്രമണങ്ങളുടെ കണക്ക് നിരത്തി പുരോഹിതരുടെ വിരുന്ന് വീണ്ടും കലക്കി മന്ത്രി സജി ചെറിയാൻ

 ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് എതിരെയുള്ള ആക്രമണങ്ങൾ വർധിച്ചു കൊണ്ടിരിക്കെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാർക്കെതിരേയുള്ള വിമർശനത്തിലെ കേക്കും വീഞ്ഞും പരാമർശം പിൻവലിച്ച് മന്ത്രി സജി ചെറിയാൻ.

പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാർക്കെതിരേ മന്ത്രി നടത്തിയ പരാമർശത്തിൽ മതമേലധ്യക്ഷൻമാർ ഉൾപ്പെടെ രംഗത്ത് വന്നതോടെയാണ് മന്ത്രിയുടെ വിശദീകരണം. അതേസമയം മണിപ്പൂർ വിഷയത്തിൽ ഉന്നയിക്കേണ്ട കാര്യങ്ങൾ ശക്തമായിത്തന്നെ ഉന്നയിക്കുമെന്നും ഉറച്ചു നിൽക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ആക്രമണങ്ങൾ അക്കമിട്ട് നിരത്തി മത നേതാക്കളെ പൊളിച്ച് മന്ത്രിയുടെ നീക്കം

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രിസ്ത്യാനികൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളുടെ കണക്കുകൾ അക്കമിട്ടായിരുന്നു മന്ത്രിയുടെ വാർത്താ സമ്മേളനം. 2014-ന് ശേഷം ക്രിസ്ത്യാനികൾക്ക് നേരെ ആക്രമണങ്ങൾ വർധിച്ചുവരുന്ന ചിത്രം അവതരിപ്പിച്ചു. മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയോ പാർലമെന്റിൽ പ്രസ്താവന നടത്തുകയോ ചെയ്തിട്ടില്ലെന്ന് ഓർമ്മപ്പെടുത്തി.

‘ന്യൂനപക്ഷങ്ങള്‍ക്കെതിരെ തീവ്രമായ ആക്രമണങ്ങളും പ്രചാരണങ്ങളും അഴിച്ചുവിട്ട് ഹിന്ദുത്വ വർഗീയാധിപത്യത്തെ വളർത്താനുള്ള ശ്രമമാണ് നടക്കുന്നത്. ക്രിസ്ത്യൻ സംഘടനയായ യുണൈറ്റഡ് ക്രിസ്റ്റ്യൻ ഫോറത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ വർഷം 700 ഓളം വർഗീയ ആക്രമണങ്ങളാണ് രാജ്യത്താകാമാനം ക്രൈസ്തവർക്ക് നേരെ ഉണ്ടായത്.

ഏതാണ്ട് ഒരു ദിവസം രണ്ടിടത്ത് ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരെ ആക്രമണം നടക്കുന്നതായിട്ടാണ് റിപ്പോർട്ട്. ഇതിൽ 287 എണ്ണം ഉത്തർപ്രദേശിൽ, 148 എണ്ണം ഛത്തീസ്ഗഢിൽ, 49 എണ്ണം ഝാർഖണ്ഡിൽ, 47 എണ്ണം ഹരിയാനയിലുമാണ്. ഇവയെല്ലാം ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. 2014-ൽ രാജ്യത്ത് ആകെ 140 അക്രമ സംഭവങ്ങൾ ക്രിസ്ത്യാനികൾക്ക് നേരെ ഉണ്ടായിരുന്ന സ്ഥാനത്ത് നിന്ന് ബി.ജെ.പി. ഭരിച്ച ഒമ്പത് വർഷം കൊണ്ട് ആക്രമണത്തിന്റെ കണക്ക് കുത്തനെ കൂടി. അന്താരാഷ്ട്രതലത്തിൽ വന്നിട്ടുള്ള റിപ്പോർട്ട് പ്രകാരം ക്രൈസ്തവ വിഭാഗത്തിനെതിരേയുള്ള കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ഇന്ത്യ ഇന്ന് പതിനൊന്നാം സ്ഥാനത്താണ്.

കഴിഞ്ഞ വർഷം ഇന്ത്യയെ ആകമാനം പിടിച്ചുകുലുക്കിയത് മണിപ്പൂരിലെ വംശീയ സംഘർഷമായിരുന്നു. സംഘർഷം തടയുന്നതിന് മണിപ്പൂരിലേയും കേന്ദ്രത്തിലേയും ബി.ജെ.പി. സർക്കാരുകൾ പൂർണമായി പരാജയപ്പെട്ടു. മണിപ്പൂരിൽ ഇരുനൂറിലേറെ ആളുകൾ കൊല്ലപ്പെടുകയും 60,000-ത്തോളം ആളുകൾക്ക് വീടുകൾ നഷ്ടപ്പെടുകയും നൂറുകണക്കിന് ആരാധനാലയങ്ങൾ ആക്രമിക്കപ്പെടുകയും പതിനായിരങ്ങൾ പാലായനങ്ങൾ ചെയ്ത സംഭവം സമൂഹത്തിൽ വൻതോതിൽ ചർച്ച ചെയ്ത വിഷയമാണ്.

സംഘർഷം ഒഴിവാക്കുന്നതിന് വേണ്ടി ഒരു കാര്യമായ നടപടിയും കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഇപ്പോഴും അവിടെ സംഘർഷം തുടരുന്നുണ്ട്. കലാപം ആരംഭിച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടും പ്രധാനമന്ത്രി കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയോ പാർലമെന്റിൽ ഇതിനെക്കുറിച്ച് പ്രസ്താവന നടത്താനോ തയ്യാറായിട്ടില്ല. കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധമനോഭാവത്തിന്റെ ഭാഗമായിട്ടാണ് ഇത് കാണുന്നത്- മന്ത്രി പറഞ്ഞു.

മതനേതാക്കളെ വിയർപ്പിച്ച മന്ത്രി, പാർട്ടി ഇടപെട്ട് കേക്ക് വീഞ്ഞും മാറ്റി

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒരുക്കിയ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത് കേക്കും മുന്തിരി വാറ്റിയതും കഴിച്ച് രോമാഞ്ചംകൊണ്ട് പോന്ന ബിഷപ്പുമാര്‍ പ്രധാനമന്ത്രിയോട് മണിപ്പൂര്‍ വിഷയം പറയാന്‍ മറന്നുപോയെന്നാണ് സജി ചെറിയാന്‍ തുറന്നടിച്ചത്.

മണിപ്പൂര്‍ വിഷയം ലോകമാകെ ആളിക്കത്തിയിട്ടും ഇന്ത്യയിലെ ക്രൈസ്തവ സഭാ നേതൃത്വം ഇതിനെതിരെ ശക്തമായ പ്രതിഷേധത്തിന് മുതിരാത്തതില്‍ വിശ്വാസികള്‍ക്കിടയിലും അതൃപ്തി ഉണ്ടായിരുന്നു.

അതിനിടയിലാണ് പ്രധാനമന്ത്രി വിളിച്ച വിരുന്നില്‍ രാജ്യത്തെ പ്രധാന ബിഷപ്പുമാര്‍ ഉള്‍പ്പെടെ 60 ഓളം ക്രൈസ്തവ സഭാ മേധാവികള്‍ പങ്കെടുത്തത്. 

പ്രധാനമന്ത്രിയുടെ വിരുന്ന് നടക്കുമ്പോഴും അതിനു ശേഷവും മണിപ്പൂരില്‍ അക്രമസംഭവങ്ങള്‍ ആവര്‍ത്തിച്ചു. റോക്കറ്റ് ലോഞ്ചറുകൾ വരെ ഉപയോഗിച്ചാണ് ആക്രമണം. പള്ളികള്‍ തകര്‍ന്ന അവസ്ഥയില്‍ തന്നെ കിടക്കുന്നു.

ആ സാഹചര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ലഭിച്ച അവസരം ബിഷപ്പുമാര്‍ എന്തുകൊണ്ട് വിനിയോഗിച്ചില്ല എന്ന ചോദ്യം വിശ്വാസികള്‍ക്കിടയില്‍ ശക്തമാണ്. ആ വികാരമാണ് മന്ത്രി സജി ചെറിയാനിലൂടെ പുറത്തുവന്നത്. കാലങ്ങളായി ക്രിസ്ത്യന്‍ ബിഷപ്പുമാര്‍ക്കിടയില്‍ വളര്‍ന്നു വരുന്ന ബിജെപി അനുകൂല സമീപനങ്ങള്‍ക്കുള്ള സിപിഎമ്മിന്‍റെ ഭാഗത്തുനിന്നുള്ള അടികൂടിയായിരുന്നു മന്ത്രിയുടെ സമർത്ഥമായ പ്രയോഗം. പക്ഷെ അതിലെ കേക്കും വീഞ്ഞും പുരോഹിതർക്ക് പഴുത് നൽകി.