ക്ഷേമ പെൻഷനിലെ നായിക മറിയക്കുട്ടി സംഘപരിവാർ വേദിയിൽ

0

സാമൂഹിക ക്ഷേമ പെൻഷൻ വിവാദത്തിലൂടെ ശ്രദ്ധേയയായ മറിയക്കുട്ടി സംഘപരിവാർ വേദിയിൽ. കുമ്മനം രാജശേഖരനിൽ നിന്നും മധുരം വാങ്ങിക്കൊണ്ട് അവർ പരിപാടി ഉദ്ഘാനം ചെയ്തു.

ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് തെരുവില്‍ ഭിക്ഷയെടുത്ത് പ്രതിഷേധിക്കയും കോടതിയിൽ എത്തുകയും ചെയ്ത അടിമാലി സ്വദേശി മറിയക്കുട്ടി പിണറായി സർക്കാരിനെ നിശിതമായി വിമർശിച്ചാണ് വേദിയിൽ നിറഞ്ഞത്.

ന്യൂനപക്ഷ മോര്‍ച്ച തൃശൂര്‍ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ക്രിസ്തുമസ് സായാഹ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മറിയക്കുട്ടി. പരിപാടിയില്‍ പങ്കെടുത്ത ബിജെപിയുടെ മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍ മറിയക്കുട്ടിക്ക് മധുരം നല്‍കി. പ്രതിഷേധം നടത്തിയവരെ തല്ലിയ പൊലീസുകാര്‍ക്ക് ജനങ്ങള്‍ മാര്‍ക്കിട്ടിട്ടുണ്ടെന്നും മറിയക്കുട്ടി ഓർമ്മപ്പെടുത്തി. തൃശൂർ കോർപറേഷൻ ഓഫീസിന് മുൻവശത്ത് ചൊവ്വാഴ്ച വൈകിട്ട് ആറുമണിക്കായിരുന്നു ക്രിസ്മസ് സായാഹ്നം. 

ബി ജെ പി ഇനിയും വരും, വിരോധം സി പി എമ്മിനോട്

കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ ഇത്തവണയും അധികാരത്തിലെത്തുമെന്ന് പ്രവചിച്ച മറിയക്കുട്ടി സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമർശിച്ചു. ക്രിസ്മസിന് ജനങ്ങൾക്ക് അഞ്ചു പൈസ കൊടുത്തിട്ടില്ല. അരിയും സാധനവും കിട്ടിയിട്ടില്ല. ആൾക്കാർ പട്ടിണിയിലാണ്. ഇതൊക്കെ എന്ന് കൊടുക്കുമെന്ന് ഇതുവരെ പറഞ്ഞിട്ടില്ലെന്നും മറിയക്കുട്ടി പറഞ്ഞു.

പ്രധാനമന്ത്രി കൊടുത്ത 1000 കോടി പോലും സംസ്ഥാന സർക്കാർ നൽകിയിട്ടില്ല. അതെങ്കിലും കൊടുക്കേണ്ടേ. ഇത്രയും നാളും പറഞ്ഞത് കേന്ദ്രത്തിൽനിന്ന് കിട്ടിയില്ല എന്നാണ്. ഇപ്പോൾ കേന്ദ്രത്തിൻ്റെ കിട്ടിയല്ലോയെന്നും മറിയക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

കൊവിഡ് കാലത്ത് പ്രധാനമന്ത്രി തന്ന അരിയും സാധനവും കൊണ്ട് സുഖമായി ജീവിച്ചു. പിണറായിയുടെ ഒരു സാധനവും ഞങ്ങൾക്ക് കിട്ടുന്നില്ല. പിണറായിയെ താഴെയിറക്കും വരെ പ്രതിഷേധം തുടരും. കാരണം ഭരണം മതിയായി. പിണറായിയെ താഴെയിറക്കാനായി എല്ലാ രാഷ്ട്രീയക്കാരും ഒന്നിക്കണമെന്നും മറിയക്കുട്ടി പറഞ്ഞു.

സുരേഷ് ഗോപി ജയിച്ചാൽ നാട് നന്നാകും

സിപിഎം ഒഴിച്ച് ഏതു പാർട്ടിയുടെയും പരിപാടികൾക്ക് വിളിച്ചാൽ താൻ പോകും. അതിന് പിണറായിയുടെ സർട്ടിഫിക്കറ്റ് വേണ്ട. ആർഎസ്എസോ ബിജെപിയോ മുസ്ലീം ലീഗോ കോൺഗ്രസോ വിളിച്ചാൽ താൻ പോകും. പിണറായി ഭരണത്തിൽ നാട് മുഴുവൻ കുട്ടിച്ചോറായി. ശബരിമലയിൽ പോയി കുളം കലക്കിയില്ലേ. സിപിഎമ്മിൻ്റെ ഗുണ്ടകൾക്ക് മാത്രമാണ് ഇവിടെ ജോലി. പ്രതിഷേധിച്ചവരെ തല്ലിയ പോലീസുകാരെ മാർക്ക് ചെയ്തിട്ടുണ്ട്. പിണറായി സർക്കാർ പോകുമെന്ന് പോലീസുകാർ ഓർക്കണം. തൃശൂരിൽ സുരേഷ് ഗോപി ജയിച്ചാൽ നാട് നന്നാകുമെന്നും മറിയക്കുട്ടി പറഞ്ഞു.

ഭാരത് ന്യായ് യാത്ര; രാഹുൽ ഗാന്ധിയുടെ രണ്ടാം ഇന്ത്യൻ യാത്ര ജനുവരി 14 ന് മണിപ്പൂരിൽ തുടങ്ങും

 രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള രണ്ടാം ഭാരത് ജോഡോ യാത്ര ഭാരത് ന്യായ് യാത്ര ജനുവരി 14ന് മണിപ്പൂരിൽ തുടങ്ങും. മുംബൈയില്‍ മാര്‍ച്ച് 20ന് അവസാനിക്കും. ഭാരത് ജോഡോ യാത്രയെക്കാൾ ദൈർഘ്യമേറിയ യാത്രയാണ്.

മണിപ്പുര്‍,നാഗാലാന്‍ഡ് അസം, മേഘാലയ, പശ്ചിമ ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഢ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഭാരത് ന്യായ് യാത്ര കടന്നുപോകുന്നത്. 14 സംസ്ഥാനങ്ങളിലൂടെ 65 ദിവസമെടുത്ത് 6200 കിലോമീറ്റര്‍ ദൂരത്തിലുള്ള യാത്ര 85 ജില്ലകളിലൂടെയും കടന്നുപോകുമെന്ന് കോൺഗ്രസ് വ്യക്തമാക്കി.

150 ദിവസങ്ങള്‍ കൊണ്ട് 4500 കിലോമീറ്ററാണ് ഒന്നാം ഭാരത് ജോഡോ യാത്രയില്‍ രാഹുലും സംഘവും പിന്നിട്ടത്. 2022 സെപ്തംബര്‍ ആറിന് കന്യാകുമാരിയില്‍ നിന്നാരംഭിച്ച യാത്ര ജനുവരി 30ന് ജമ്മു കശ്മിരിലാണ് അവസാനിച്ചത്.

ഭാരത് ന്യായ് യാത്ര ബസിലായിരിക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അറിയിച്ചു. ഇടയിൽ പദയാത്രയായും മാറും.

കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയായിരുന്നു ഭാരത് ജോഡോ യാത്ര. കര്‍ണാടകത്തിലേയും തെലങ്കാനയിലേയും കോണ്‍ഗ്രസ് വിജയത്തില്‍ നിര്‍ണായക പങ്ക് ഭാരത് ജോഡോയ്ക്കുണ്ടെന്ന വിലയിരുത്തലിന് പിന്നാലെയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഘട്ടത്തില്‍ കിഴക്ക്-പടിഞ്ഞാറൻ യാത്ര വരുന്നത്.

വൈഗ കൊലക്കേസ്, മകളെ കഴുത്ത് ഞെരിച്ച് പുഴയിലെറിഞ്ഞ പിതാവ് കുറ്റക്കാരൻ എന്നു കണ്ടെത്തി

0

വൈഗ കൊലക്കേസില്‍ പിതാവ് സനുമോഹന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. 2021 മാര്‍ച്ച് 21-ന് മകള്‍ വൈഗയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം മുട്ടാര്‍പുഴയില്‍ മൃതദേഹം ഉപേക്ഷിച്ചെന്ന കേസിലാണ് സനുമോഹനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ബാധ്യത ഒഴിവാക്കാൻ മകളെ കൊന്ന് പുഴയിൽ തള്ളി എന്നാണ് കേസ്

പ്രതിക്കെതിരേ ചുമത്തിയ എല്ലാകുറ്റങ്ങളും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, തടഞ്ഞുവെയ്ക്കല്‍, ലഹരിക്കടിമയാക്കല്‍, ബാലനീതി വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ തുടങ്ങിയവയാണ് പ്രതിക്കെതിരേ ചുമത്തിയിരുന്നത്.

അപൂര്‍വ്വത്തിൽ അപൂര്‍വ്വമായ കുറ്റകൃത്യമാണെന്നും വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ശിക്ഷ ഉച്ചക്ക് 2.30ന് പ്രഖ്യാപിക്കും.

2021 മാര്‍ച്ച് 22-നാണ് മുട്ടാര്‍പ്പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ വൈഗ(10)യുടെ മൃതദേഹം കണ്ടെത്തുന്നത്. സനു മോഹന്‍ ഭാര്യ രമ്യയെ ആലപ്പുഴയിലുള്ള ബന്ധുവീട്ടില്‍ കൊണ്ടാക്കിയ ശേഷം മറ്റൊരു വീട്ടില്‍ പോകുകയാണെന്നു പറഞ്ഞാണ് മകളെയും ഒപ്പം കൂട്ടി പോവുകയായിരുന്നു.

രാത്രിയായിട്ടും തിരിച്ചെത്താഞ്ഞതോടെ സംശയം തോന്നി വിളിച്ചുനോക്കിയെങ്കിലും ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പിറ്റേദിവസം പെണ്‍കുട്ടിയുടെ മൃതദേഹം മുട്ടാര്‍പ്പുഴയില്‍ കണ്ടെത്തുകയായിരുന്നു.

മനസ് മരവിപ്പിക്കുന്ന ക്രൂരത

വഴിയില്‍നിന്ന് വാങ്ങിയ കൊക്കക്കോളയില്‍ മദ്യംകലര്‍ത്തി വൈഗയെ കുടിപ്പിച്ച ശേഷമായിരുന്നു യാത്ര. മദ്യലഹരിയിലായ പത്ത് വയസുകാരിയെ ഫ്ലാറ്റിലെ വിസിറ്റിംഗ് മുറിയില്‍ ഇരുത്തി മുണ്ട് കൊണ്ട് കഴുത്ത് മുറുക്കി ശരീരത്തോട് ചേര്‍ത്തുപിടിച്ച് ശ്വാസം മുട്ടിച്ചു. മൂക്കിൽ നിന്നും വന്ന രക്തം തുടച്ചു. ശരീരത്തിന്റെ ചലനം നഷ്ടമായതോടെ മരിച്ചെന്ന് കരുതി.  ബോധരഹിതയായ കുട്ടിയെ ബെഡ് ഷീറ്റില്‍ ചുറ്റിയെടുത്ത് കാറിന്‍റെ പിന്‍സീറ്റിലിട്ട് മുട്ടാര്‍ പുഴയിൽ എറിയാൻ കൊണ്ടുപോയി. രാത്രി 10.30 തോടെ കുഞ്ഞിനെ പുഴയിലേക്ക് എറിഞ്ഞു. ഈ സമയത്താണ് കുഞ്ഞ് മരിച്ചത്. കഴുത്ത് ഞെരിച്ചുകൊന്നുവെന്നായിരുന്നു സനു മോഹൻ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ പോസ്റ്റ്മോ‍ര്‍ട്ടം റിപ്പോര്‍ട്ടിലാണ് കുഞ്ഞിന്റേത് മുങ്ങിമരണമാണെന്ന് സ്ഥിരീകരിച്ചത്. 

തീർത്ഥാടന കേന്ദ്രങ്ങളിൽ ഒളിവ് ജീവിതം

പിതാവ് മകളെ കൊലപ്പെടുത്തി സംസ്ഥാനം വിട്ടതാണെന്ന് സൂചന ലഭിക്കുകയും, വാളയാര്‍ ചെക്‌പോസ്റ്റിലൂടെ സനുവിന്റെ കാര്‍ കടന്നുപേയതിന്റെ സി.സി. ടി.വി. ദൃശ്യങ്ങളില്‍ നിന്ന് മനസ്സിലായി. ഒരു മാസത്തോളം ഒളിവില്‍ കഴിഞ്ഞ പ്രതിയെ 2021 ഏപ്രില്‍ 18-ന് കര്‍ണാടകയിലെ കാര്‍വാറില്‍നിന്നാണ് പിടികൂടിയത്.

വലിയ സാമ്പത്തിക ബാധ്യതകളുണ്ടായിരുന്ന സനുമോഹന്‍, മകള്‍ ജീവിച്ചിരുന്നാല്‍ ബാധ്യതയാകുമെന്ന് കരുതിയാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് കുറ്റപത്രം. ആലപ്പുഴയില്‍നിന്ന് മകളെയും കൂട്ടി കൊച്ചി കങ്ങരപ്പടിയിലെ ഫ്‌ളാറ്റിലെത്തിയ സനുമോഹന്‍ ഇവിടെവെച്ചാണ് വൈഗയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. പിന്നാലെ മുട്ടാര്‍പുഴയില്‍ പാലത്തിലെത്തി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.

സംസ്ഥാനം വിട്ടപ്രതി വാഹനം വിറ്റശേഷം കോയമ്പത്തൂര്‍, ഗോവ, മൂകാംബിക എന്നിവിടങ്ങളിലായാണ് ഒളിവില്‍കഴിഞ്ഞത്. പ്രതി വിറ്റ കാറും മകളുടെ ആഭരണങ്ങളും പോലീസ് സംഘം തമിഴ്‌നാട്ടില്‍നിന്ന് കണ്ടെടുത്തിരുന്നു. വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ കര്‍ണാടകയില്‍നിന്നും കണ്ടെടുത്തു.

സനുമോഹന്റെ ഭാര്യ, സുഹൃത്തുക്കള്‍, ബന്ധുക്കള്‍, അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാര്‍ എന്നിവരടക്കം 300-ഓളം സാക്ഷികള്‍ കേസിലുണ്ടായിരുന്നു. 2017-ല്‍ മഹാരാഷ്ട പോലീസ് രജിസ്റ്റര്‍ ചെയ്ത ഏഴുകോടി രൂപയുടെ തട്ടിപ്പ് കേസിലെ പ്രതി കൂടിയാണ് സനു. ഈ കേസില്‍ പിന്നീട് മഹാരാഷ്ട്ര പോലീസും പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു.

കോഴിക്കോട് നഗരത്തിൽ ഓടുന്ന കാറിന് തീപിച്ചു

0

കോഴിക്കോട് നഗരത്തിൽ സി.എച്ച് മേല്‍പ്പാലത്തിനടുത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിന്റെ മുന്‍വശത്ത് നിന്നും പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ ഇറങ്ങി ഓടുകയായിരുന്നു.

ഒരു കുട്ടിയടക്കം അഞ്ചുപേർ കാറിനകത്ത് നിന്നും ഇറങ്ങി ഓടി രക്ഷപെട്ടു. കുറ്റിച്ചിറ സ്വദേശികളായ ഇവര്‍ മാങ്കാവില്‍ നിന്നും സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു. മേൽപ്പാലത്തിൽ വെച്ചാണ് അപകടം.

തീപിടിച്ച ഉടനെ പോലീസിനും ഫയര്‍ ഫോഴ്‌സിനും വിവരം അറിയിച്ചു. ബീച്ച് സ്‌റ്റേഷനില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. കാരണം വ്യക്തമായിട്ടില്ല. 2011 മോഡല്‍ ഡീസല്‍ കാറിനാണ് തീപിടിച്ചത്.

മദ്യലഹരിയിൽ റോഡിൽ പരാക്രമം, യുവതി അറസ്റ്റിൽ, തിരികെ ആക്രമിച്ചവർക്ക് എതിരെ കേസില്ല

മദ്യലഹരിയില്‍ റോഡില്‍ പരാക്രമം കാട്ടിയ വനിതയെ നാട്ടുകാർ പൊലീസിൽ ഏല്പിച്ചു. വൈദ്യ പരിശോധനക്കായി കൊണ്ടു പോകുന്ന വഴി വനിതാ എസ്.ഐ.യെ ആക്രമിച്ചതിന് പൊലീസ് കേസ് എടുത്തു. കൂളി ബസാര്‍ സ്വദേശി റസീന(30) തലശ്ശേരി എസ്.ഐ. ദീപ്തിയെയാണ് ആക്രമിച്ചത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം.

മദ്യലഹരിയില്‍ റസീന ഓടിച്ച വാഹനം മറ്റുവാഹനങ്ങളില്‍ തട്ടിയതാണ് സംഭവങ്ങളുടെ തുടക്കം. ഇതുനാട്ടുകാര്‍ ചോദ്യംചെയ്തതോടെ യുവതി നാട്ടുകാരുമായി ഉടക്കി. ചോദ്യം ചെയ്ത് സംസാരിച്ചയാളെ പൊലീസ് എത്തിയിട്ടും റസീന ചവിട്ടി. തുടർന്ന് ഇയാളും യുവതിരെ തിരികെ ആക്രമിച്ചു. റസീനയെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എന്നാൽ യുവതിയെ കായികമായി ആക്രമിച്ചവർക്ക് എതിരെ പൊലീസ് നടപടി ഒന്നും ഉണ്ടായിട്ടില്ല. പരസ്പരം ആക്രമിക്കുന്നത് പൊലീസിൻ്റെ കൈവശമുള്ള വീഡിയോ ദൃശ്യത്തിൽ തന്നെ വ്യക്തമാണ്.

നേരത്തെയും റസീന പോലീസിന്റെ പിടിയിലായിട്ടുണ്ട്. മാഹി പന്തക്കലില്‍വെച്ച് റസീന ഓടിച്ച കാറിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു. മദ്യലഹരിയില്‍ വാഹനമോടിച്ച റസീനയെ നാട്ടുകാര്‍ ചോദ്യംചെയ്തതോടെ യുവതി നാട്ടുകാരെ കൈയേറ്റംചെയ്യുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസിന് നേരേയും കൈയേറ്റശ്രമമുണ്ടായി. തുടര്‍ന്ന് മാഹി പന്തക്കല്‍ പോലീസ് ബലംപ്രയോഗിച്ചാണ് റസീനയെ അന്ന് കസ്റ്റഡിയിലെടുത്തത്.

നവകേരള സദസിൽ 6, 21, 167 പരാതികൾ, തീർപ്പാക്കാൻ സ്പെഷ്യൽ ഓഫീസർമാരെ നിയമിക്കാൻ തീരുമാനം

0

നവകേരള സദസിൽ കിട്ടിയത് 6,21,167 പരാതികൾ. എത്രയെണ്ണം തീർപ്പാക്കി എന്ന വിവരം ഔദ്യോഗികമായി സർക്കാർ പ്രസിദ്ധീകരിച്ചിട്ടില്ല. പരാതികൾ തീർക്കാൻ ജില്ലകളിൽ സ്പെഷ്യൽ ഓഫീസർമാരെ നിയമിക്കുന്നത് സർക്കാർ പരിഗണനയിലുണ്ട്.

മന്ത്രിസഭ കേരളത്തിലുടനീളം സഞ്ചരിച്ച 36 ദിവസത്തിനുള്ളില്‍ സർക്കാരിന് മുന്നിലേക്കെത്തിയത് പരാതികളുടെ കൂമ്പാരമാണ്. അധികം പരാതികള്‍ മലപ്പുറം ജില്ലയില്‍ നിന്നാണ്. 81354 പരാതികള്‍ മലപ്പുറം ജില്ലയില്‍ നിന്ന് ലഭിച്ചത്. പാലക്കാട് നിന്ന് 61234, കൊല്ലത്ത് നിന്ന് 50938, പത്തനംതിട്ടയില്‍ നിന്ന് 23610, ആലപ്പുഴയില്‍ നിന്ന് 53044,  തൃശൂരില്‍ നിന്ന് 54260, കോട്ടയത്ത് നിന്ന് 42656, ഇടുക്കിയില്‍ നിന്ന് 42234, കോഴിക്കോട് നിന്ന് 45897, കണ്ണൂരില്‍ നിന്ന് 28803, കാസർഗോഡ് നിന്ന് 14704 , വയനാട് നിന്ന് 20388 എന്നിങ്ങനെയാണ് സർക്കാരിന് മുന്നിലെത്തിയ പരാതികളുടെ കണക്ക്.

ചില പരാതികൾ പലതരത്തിലുള്ള നിയമക്കുരുക്കിൽപ്പെട്ടതിനാൽ തീർപ്പാക്കാൻ സമയമെടുക്കുമെന്നാണ് സർക്കാർ വിശദീകരണം.

ഇസ്രയേൽ പലസ്തീൻ യുദ്ധം ഇന്ത്യയുടെ സമുദ്രാതിർത്തിയിലേക്കും, ആക്രമിക്കപ്പെട്ട കപ്പൽ തീരത്ത് എത്തിച്ചു, അറബിക്കടലിൽ ജാഗ്രത

അറബിക്കടലില്‍ വെച്ച് അക്രമിക്കപ്പെട്ട ചരക്കുകപ്പല്‍ കോസ്റ്റ് ഗാർഡ് അകമ്പടിയോടെ മുംബൈ തീരത്ത് എത്തിച്ചു. ഇന്ത്യന്‍ തീരത്ത് 400 കിലോമീറ്റര്‍ അകലെ വെച്ച് ഡ്രോണ്‍ ആക്രമണം നേരിട്ട എം.വി. ചെം പ്ലൂട്ടോ എന്ന കപ്പൽ മുംബൈയില്‍ നങ്കുരമിട്ടിരിക്കയാണ്.

കപ്പലില്‍ നാവികസേനയുടെ എക്‌സ്‌പ്ലോസീവ് ഓര്‍ഡന്‍സ് ഡിസ്‌പോസല്‍ സംഘം വിശദമായ പരിശോധന നടത്തി. കപ്പലിന് നേരെ നടന്നത് ഡ്രോണ്‍ ആക്രമണമാണെന്ന് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനായി ഫോറന്‍സിക്, സാങ്കേതിക പരിശോധനകള്‍ വേണ്ടിവരുമെന്ന് നാവികസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കപ്പലിന്റെ പിന്‍ഭാഗത്താണ് ഡ്രോണ്‍ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ തകര്‍ന്ന ഭാഗങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലായ വിക്രത്തിന്റെ അകമ്പടിയോടെയാണ് ആക്രമണം നടന്ന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ചെം പ്ലൂട്ടോ മുംബൈയിലെത്തിയത്.

സൌദി അറേബ്യൻ തുറമുഖത്ത് നിന്നും മംഗലാപുരത്തേക്ക് പുറപ്പെട്ട കപ്പലാണ്. ക്രൂഡോയിലുമായി വന്ന കപ്പലാണ് എന്നത് ആശങ്ക വർധിപ്പിച്ചു. വെരാവലിന് തെക്ക് പടിഞ്ഞാറ് 200 കിലോ മീറ്റർ അകലത്തിലാണ് ആക്രമണം ഉണ്ടായത്. തീ കെടുത്താൻ കഴിഞ്ഞത് ദുരന്തം ഒഴിവാക്കി.

യുദ്ധ കപ്പലുകൾ വിന്യസിച്ചു, അറബിക്കടലിൽ ജാഗ്രത

ആക്രമണം നടന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ നാവികസേന അറബിക്കടലില്‍ മൂന്ന് യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു. നേവിയുടെ പി-8ഐ ലോങ്-റേഞ്ച് പട്രോളിങ് എയര്‍ക്രാഫ്റ്റും അറബിക്കടലിന് മുകളില്‍ നിരീക്ഷണം ശക്തമാക്കി. ഐ.എന്‍.എസ്. മുര്‍ഗാവ്, ഐ.എന്‍.എസ്. കൊച്ചി, ഐ.എന്‍.എസ്. കൊല്‍ക്കത്ത എന്നീ യുദ്ധക്കപ്പലുകളാണ് അറബിക്കടലില്‍ ഇറങ്ങിയിട്ടുള്ളത്.

ചെങ്കടലിലെത്തുന്ന കപ്പലുകള്‍ക്കുനേരെ യെമനിലെ ഹൂതികള്‍ ആക്രമണം നടത്തുന്നത് വാർത്തയായിരുന്നു. ഇസ്രയേല്‍ ബന്ധമുള്ളതോ ഇസ്രയേലിലേക്ക് പോകുന്നതോ ഇസ്രയേലില്‍ നിന്ന് വരുന്നതോ ആയ കപ്പലുകളാണ് ഹൂതികള്‍ ആക്രമിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ സമുദ്രാതിർത്തികളിലേക്കും ആക്രമണം എത്തിയതായി ആശങ്കപ്പെടുന്നത്. ഡ്രോൺ ഉപയോഗിച്ച് മിസൈൽ മാതൃകയിലുള്ള ആക്രമണമാണ് നടക്കുന്നത്.

ആദിത്യ എൽ വൺ വിജയ ലക്ഷ്യത്തിലേക്ക്, സൂര്യൻ്റെ സാധ്യമായ ഏറ്റവും അടുത്ത ഭ്രമണ മേഖല ലക്ഷ്യം

0

ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍ വണ്‍ സൂര്യനോട് ഏറ്റവും അടുത്തായി കണക്കാക്കപ്പെടുന്ന ലഗ്രാഞ്ച് പോയിന്റിനു ചുറ്റുമുള്ള ഭ്രമണപഥത്തിലേക്ക്. സൂര്യനിൽ നിന്നും സാധ്യമായ ഈ അകലത്തിലേക്ക് കടക്കാനുള്ള ഹാലോ ഓര്‍ബിറ്റ് ഇന്‍സെര്‍ഷന് മുമ്പായുള്ള കൗണ്ട് ഡൗണ്‍ ആരംഭിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു.

ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചാണ് പേടകം സൂര്യനോട് ഏറ്റവും അടുത്തെന്നു കണക്കാക്കപ്പെടുന്ന ലഗ്രാഞ്ച് പോയിന്റിനു ചുറ്റുമുള്ള ഭ്രമണപഥത്തിനു സമീപം എത്തിയിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ സാധ്യമായ അടുപ്പമാണത്. പേടകത്തെ ഭ്രമണപഥത്തിലേക്ക് കൃത്യമായി പ്രവേശിപ്പിക്കുകയെന്നത് വളരെ ശ്രമകരമായ കാര്യമാണ്. അതിന് പേടകത്തിന്റെ വേഗത നിയന്ത്രിക്കുകയെന്നതാണ് പ്രധാന വെല്ലുവിളി. അതിനുള്ള ശ്രമത്തിലാണ് ശാസ്ത്രഞ്ജര്‍ എന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

നേരത്തെ നിശ്ചയിച്ച പാതയില്‍ത്തന്നെയാണ് പേടകമെന്നതിനാല്‍ ഇന്‍സെര്‍ഷന്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും ഇസ്രോ പ്രത്യാശ പ്രകടപ്പിച്ചു.ഇന്‍സെര്‍ഷനിടെ സൂര്യനില്‍ നിന്നും പുറത്തേക്കു വരുന്ന തീവ്രതയേറിയ രശ്മികളില്‍ നിന്നും പേടകത്തിലെ പ്രധാനപ്പെട്ട ഉപകരണങ്ങളായ വിസിബിള്‍ എമിഷന്‍ ലൈന്‍ കോറോണഗ്രാഫും (വിഇഎല്‍സി) സോളാര്‍ അള്‍ട്രാവയലെറ്റ് ഇമേജിങ് ടെലെസ്‌കോപ്പും (എസ് യു ഐ ടി) സംരക്ഷിക്കുക എന്നത് ശ്രമകരമായ ദൗത്യമാണ്.

ഈ വര്‍ഷം സെപ്റ്റംബര്‍ 2നാണ് ശ്രീഹൈക്കോട്ടയില്‍ നിന്നും ആദിത്യ എല്‍ വണ്‍ വിക്ഷേപിച്ചത്. സൂര്യന്റെ പ്രതലത്തെ കുറിച്ചും അന്തരീക്ഷത്തെ കുറിച്ചും പഠിക്കുക, സൂര്യന്റെ കാന്തിക വലയത്തെ മനസിലാക്കുക, അതിനു ഭൂമിയുടെ മേലുള്ള സ്വാധീനം തിരിച്ചറിയുക എന്നതൊക്കെയാണ് ആദിത്യ എല്‍ വണ്ണിന്റെ പ്രധാന ലക്ഷ്യങ്ങള്‍.

2024 ജനുവരി 6 ന് ദൗത്യം ലക്ഷ്യം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിചാരധാര വായിക്കൂ… പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാരോട് ബിനോയ് വിശ്വം

പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ ക്രിസ്മസ് വിരുന്നില്‍ ക്രൈസ്തവ മതപുരോഹിതരുടെ മത്സല നിര. എങ്കിൽ നിങ്ങൾ വിചാരധാരവായിക്കൂ എന്ന് സി.പി.ഐ. സംസ്ഥാന ആക്ടിങ് സെക്രട്ടറി ബിനോയ് വിശ്വം ഓർമ്മപ്പെടുത്തി. എം.എസ്. ഗോള്‍വാള്‍ക്കറുടെ വിചാരധാരയിലെ ‘ആഭ്യന്തര ഭീഷണികള്‍’ എന്ന ഭാഗം വായിക്കാൻ നിർദ്ദേശിച്ചാണ് ബിഷപ്പുമാരെ ബിനോയ് വിശ്വം കമൻ്റ് ചെയ്തത്.

‘പ്രധാനമന്ത്രിയുടെ വിരുന്നിന് ശേഷം ബിഷപ്പുമാര്‍ ഗോള്‍വാള്‍ക്കറിന്റെ വിചാരധാര വായിക്കട്ടെ. ആഭ്യന്തര ഭീഷണികള്‍ എന്ന ശീര്‍ഷകത്തിന് താഴെയായി ക്രൈസ്തവരെക്കുറിച്ചുള്ള ഭാഗം വായിക്കുക. ഇത് പ്രധാനമന്ത്രിയുടെ വിരുന്നിന് പിന്നിലെ രാഷ്ട്രീയ അജന്‍ഡ മനസിലാക്കാന്‍ സഹായിക്കും. മണിപ്പുരില്‍ എന്തുകൊണ്ടാണ് മൗനമെന്ന് അദ്ദേഹത്തോട് ചോദിക്കുക’, ബിനോയ് വിശ്വം എക്‌സില്‍ കുറിച്ചു.

ഔദ്യോഗിക വസതിയിലായിരുന്നു പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്ന്. കര്‍ദിനാള്‍ ഓസ്വോള്‍ഡ് ഗ്രേഷ്യസ്, ബിഷപ് അനില്‍ കുട്ടോ, ബിഷപ് കുര്യാകോസ് ഭരണികുളങ്ങര, ബിഷപ് പോള്‍ സ്വരൂപ്, ബിഷപ് മാര്‍ അന്റോണിയോസ് ഉള്‍പ്പെടെയുള്ള മതമേലധ്യക്ഷന്മാരും കായികതാരവും ബി.ജെ.പി. നേതാവുമായ അഞ്ജു ബോബി ജോര്‍ജുമടക്കം വിരുന്നില്‍ പങ്കെടുത്തു.

സഭാ പ്രമുഖരേയും വ്യവസായ പ്രമുഖരേയും ഉള്‍പ്പെടെയാണ് പ്രധാനമന്ത്രി ക്രിസ്മസ് വിരുന്നിലേക്ക് ക്ഷണിച്ചിരുന്നത്. മണിപ്പൂര്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ വിഷയങ്ങള്‍ പ്രധാനമന്ത്രി പരാമര്‍ശിച്ചില്ലെന്ന് വിരുന്നിനുശേഷം ബിഷപ്പുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു ബിനോയ് വിശ്വത്തിന്റെ വിമര്‍ശനം. ഇതാദ്യമായാണ് ലോക് കല്യാണ്‍ മാര്‍ഗിലെ മോദിയുടെ വസതിയില്‍ ക്രിസ്മസ് വിരുന്നൊരുക്കുന്നത്. കേരളം, ഡല്‍ഹി, ഗോവ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സഭാധ്യക്ഷന്മാര്‍ക്കായിരുന്നു ക്ഷണം. ക്രൈസ്തവര്‍ രാജ്യത്തിന് നല്കിയത് നിസ്തുല സേവനമാണെന്നും വികസനത്തിന്റെ ഗുണം എല്ലാവര്‍ക്കും കിട്ടാനാണ് ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങില്‍ അവകാശപ്പെട്ടു.

പിതാവ് ഉറക്കമുണർന്നില്ല മകൻ അറസ്റ്റിൽ, കൊലപാതകം എന്ന് കണ്ടെത്തി പൊലീസ്

0

 പൊന്നിയാകുറുശ്ശി കാരയില്‍ ഉണ്ണിക്കൃഷ്ണന്റെ (53) മരണം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി. മകന്‍ വിനോദിനെ (27) പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റുചെയ്തു.

കഴിഞ്ഞ 18-ന് ഉണ്ണിക്കൃഷ്ണന്‍ ഉറക്കമുണരാത്തതിനെത്തുടര്‍ന്ന് ഭാര്യയും മറ്റൊരു മകനായ പ്രദീപും ചേര്‍ന്ന് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെത്തിച്ചിരുന്നു. ഡോക്ടറുടെ പരിശോധനയില്‍ ആള്‍ മരിച്ചതായി സ്ഥിരീകരിച്ചു. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ചെയ്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.

തലേദിവസം ഉണ്ണിക്കൃഷ്ണനും വിനോദും തമ്മില്‍ അടിപിടി നടന്നതായും അതിനിടയില്‍ സംഭവിച്ച പരിക്കാണ് മരണത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു.

പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി. സന്തോഷ് കുമാര്‍, ഇന്‍സ്‌പെക്ടര്‍ പ്രേംജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.